ദുബായിൽ വെച്ച് ഇന്ത്യൻ കുടുംബത്തിന് അബദ്ധത്തിൽ നഷ്ടപ്പെട്ട 13 ലക്ഷം രൂപയുടെ സ്വർണം പോലീസ് മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തി നൽകി. മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണം, പരാതി പോലും രജിസ്റ്റർ ചെയ്യാതെയാണ് പോലീസ് അന്വേഷിച്ച് യഥാർത്ഥ ഉടമകളെ കണ്ടെത്തിയത്.

സുരക്ഷയുടെയും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കുന്നതിലും ദുബായ് പോലീസ് കാണിക്കുന്ന കാര്യക്ഷമത ലോക പ്രശസ്തമാണ്. ആ സത്യസന്ധയുടെ ഉദാഹരണത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. ഇത്തവണ ഒരു ഇന്ത്യൻ കുടുംബത്തിന്‍റെ നഷ്ടപ്പെട്ട് പോയ 13 ലക്ഷം രൂപ വരുന്ന സ്വർണം വെറും മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തിയതായിരുന്നു സംഭവം.

13 ലക്ഷത്തിൻറെ സ്വർണം

23 വർഷം യുഎഇയിൽ താമസിച്ച ശേഷം 2021 -ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കാമിനി കണ്ണൻ, എന്ന മുന്‍ പ്രവാസി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോയതായിരുന്നു. അവിടെ വച്ച് കാമിനി തന്‍റെ സ്വർണ്ണ മടങ്ങിയ ബാഗ് കീറിയതിനാൽ പുതിയൊരു ബാഗ് വാങ്ങാൻ തീരുമാനിച്ചു. 8 ഗ്രാം വീതമുള്ള നാല് 22 കാരറ്റ് സ്വർണ്ണ നാണയങ്ങളും 50 ഗ്രാം 24 കാരറ്റ് സ്വർണ്ണ ബാറും ഉൾപ്പെടെയുള്ളവ പുതിയ ബാഗിലേക്ക് മാറ്റുന്നതിന് മുമ്പായി ഒരു താൽക്കാലിക സഞ്ചിയിലാക്കി ഡൈനിംഗ് ടേബിളിൽ വച്ചു.

സ്വ‍ർണം ചവറ്റ് കുൂട്ടയിലേക്ക്

വീട് വൃത്തിയാക്കുന്നതിനിടയിൽ, മകൻ അഭിമന്യു സ്വർണമടങ്ങിയ സഞ്ചി തിരിച്ചറിയാതെ അതെടുത്ത് മാലിന്യമാണെന്ന് കരുതി ചവറ്റ് കൊട്ടയിലേക്ക് ഇട്ടു. തന്‍റെ സ്വർ‍ണമടങ്ങിയ സഞ്ചി നഷ്ടപ്പെട്ടത് പിറ്റേന്ന് രാവിലെയാണ് കാമിനി അറിയുന്നത്. ഈ സമയമാണ് അത് താന്‍ ചവറ്റ് കൊട്ടയിൽ കളഞ്ഞെന്ന് മകൻ, അമ്മയെ അറിയിച്ചതും. പിന്നാലെ കെട്ടിടം ഉടമയെ ഇവർ വിവരം അറിയിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സ്വർണ്ണത്തിന് ഏകദേശം 50,000 ദിർഹം (ഏകദേശം 13 ലക്ഷം രൂപ) വിലവരും. നഷ്ടപ്പെട്ടത് തിരിച്ച് കിട്ടാൻ ഇടയില്ലെന്ന് കരുതി അവർ ദുബായി പോലീസിൽ പരാതി നൽകിയില്ല.

മൂന്നാം ദിവസം അന്വേഷണവുമായി പോലീസ്

മൂന്നാം ദിവസം അഭിമന്യുവിന് ഒരു അപ്രതീക്ഷിത ഫോണ്‍ കോളെത്തി. എന്തെങ്കിലും നഷ്ടപ്പെട്ടോയെന്നായിരുന്നു മറുതലയ്ക്കൽ നിന്നും ചോദിച്ചത്. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, വിളിച്ചത് ഒരു ദുബായ് പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ അയാൾ സത്യം പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പരാതി പോലും കൊടുക്കാതെ സ്വർണം തിരിച്ച് കിട്ടിയ വഴി അഭിമന്യു അറിഞ്ഞത്.

പോലീസിന്‍റെ കാര്യക്ഷമത

മാലിന്യ ശേഖരണ തൊഴിലാളി മാലിന്യം കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്വർ‍ണം അടങ്ങിയ സഞ്ചി കണ്ടെത്തിയത്. അതിൽ സ്വർണ്ണമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ കളഞ്ഞ് കിട്ടിയ സ്വർണ്ണ വസ്തുക്കൾ കൈമാറുന്നതിനുള്ള ദുബായിലെ ഔപചാരിക സംവിധാനമായ ഗോൾഡ് സൂക്കിൽ എത്തിച്ചു. പിന്നാലെ, പോലീസ് ഉദ്യോഗസ്ഥ‍ർ വിവരം അറിഞ്ഞെത്തി തൊഴിലാളിയെ ചോദ്യം ചെയ്തു. മാലിന്യത്തിൽ നിന്നും സ്വർണം കണ്ടെത്തിയെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. പിന്നാലെ മാലിന്യ ശേഖരണ രേഖകൾ ഉപയോഗിച്ച്, സ്വർണം അടങ്ങിയ സഞ്ചി കണ്ടെത്തിയ കെട്ടിടം തിരിച്ചറിഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ കാമറകൾ വഴി പോലീസ് അഭിമന്യുവിന്‍റെ ഫ്ലാറ്റ് കണ്ടെത്തുകയും സ്വർണം കൈമാറുകയുമായിരുന്നു.

നഷ്ടപ്പെട്ട സ്വർണത്തിന്‍റെ പേരിൽ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ തന്നെ മൂന്നാം ദിവസം സ്വർണം യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ദുബായ് പോലീസിന്‍റെ സത്യസന്ധത സമൂഹ മാധ്യമങ്ങളിലും ഏറെ പ്രശംസിക്കപ്പെട്ടു. ദുബായിൽ നിയമം എത്രത്തോളം കർശനമായി പാലിക്കപ്പെടുന്നുവെന്നും സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും ഈ സംഭവം തെളിയിച്ചു.