കണ്ണുനിറയാതൊരിക്കലും ഈ പാട്ട് കേട്ടിട്ടില്ല

By My beloved SongFirst Published Dec 12, 2018, 5:02 PM IST
Highlights

നങ്കൂരമില്ലാത്ത, പങ്കായമില്ലാത്ത നാവികനായി മാത്രമായിരിക്കാം അച്ഛനെ ചുറ്റുമുള്ളവര്‍ കണ്ടിരുന്നത്. പക്ഷേ അച്ഛന്‍ എനിക്കെന്നും നായകന്‍ മാത്രമായിരുന്നു. പച്ചയായ ജീവിത സിനിമയില്‍ ഞാന്‍ കണ്ട പകരം വയ്ക്കാനില്ലാത്ത നായകന്‍.
                 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

'ആരാരോ ആരിരാരോ ആരാരോ ആരിരാരോ....'

ചിലപ്പോള്‍ രാവേറെ വൈകിയിരിക്കാം, ഓടുമേഞ്ഞ നീണ്ട വീടിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരേ ഉലാത്തിക്കൊണ്ട് തോളില്‍ കമിഴ്ന്നു കിടക്കുന്ന കുഞ്ഞിനെയുറക്കാനായി അച്ഛന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടുന്നുണ്ട്.

'ജീവിതമിന്നൊരു തൂക്കുപാലം 
ജീവികള്‍ നാമെല്ലാം സഞ്ചാരികള്‍
അക്കരെയ്‌ക്കെത്താന്‍ 
ഞാന്‍ ബുദ്ധിമുട്ടുമ്പോള്‍ 
ഇക്കരെ നീയും 
വന്നതെന്തിന്നാരോമല്‍ കുഞ്ഞേ...'

പാട്ടുകേട്ട് അനങ്ങാതെ കിടക്കുന്നുണ്ട് ഉറങ്ങാന്‍ മടിച്ച ഒരു മൂന്നു വയസ്സുകാരി. ഈ പാട്ടു കേട്ടാല്‍ മോളുറങ്ങുമെന്ന് അച്ഛനുറപ്പായിരുന്നു. പക്ഷേ അച്ഛനറിയാത്ത ഒരു കാര്യമുണ്ടായിരുന്നു മേളുറങ്ങുന്നതല്ലായിരുന്നു പാട്ടുകേട്ടനങ്ങാതെ കിടക്കുമ്പോള്‍ ആ മൂന്നു വയസ്സുകാരിക്ക് അത് താരാട്ടു മാത്രമായിരുന്നില്ല അച്ഛന്റെ ആരുമറിയാത്ത സങ്കടങ്ങളുടെ പങ്കുവയ്ക്കലുകളുമായിരുന്നു.

അന്നേ മനസ്സില്‍ പതിഞ്ഞു പോയതാണ് ജീവിതമെന്നത് ഒരു നീണ്ട യാത്രയാണെന്നും നമ്മളെല്ലാം സഞ്ചാരികള്‍ മാത്രമാണെന്നും. എങ്കിലും വെറുതെയെന്തിനായിരുന്നു അച്ഛനെ ബുദ്ധിമുട്ടിക്കാനായി ഞാന്‍ പിറന്നു പോയതെന്ന് ഇടയ്‌ക്കെപ്പോഴോ ജീവിതത്തോണിതുഴഞ്ഞ് ഞാനും ചിന്തിച്ചു പോയിട്ടുണ്ട്.

ഗായകനാകണമെന്ന സ്വപ്നം മനസ്സില്‍ പേറിയുള്ള അച്ഛന്റെ ജീവിതത്തില്‍ പാട്ടിനും, ദാസേട്ടനും ജീവവായുവിന്റെ സ്ഥാനം തന്നെയായിരുന്നു ഉള്ളത് അതുകൊണ്ടാവാം ജീവിതമെന്ന തൂക്കുപാലയാത്ര അവസാനിപ്പിച്ച് അച്ഛന്‍ അക്കരെയ്ക്കു മടങ്ങിയതിനു ശേഷവും എന്റെ ജീവിതത്തില്‍ ഓര്‍മ്മകളായും, സ്‌നേഹമായും, സ്വരമായും, സംഗീതമായും അഛ്ഛനെ നിറയ്ക്കാന്‍ ഈ പാട്ടിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

ആ മൂന്നു വയസ്സുകാരിക്ക് അത് താരാട്ടു മാത്രമായിരുന്നില്ല

അതിലെ ഓരോ വരിയിലും ഞാനെന്റെ അച്ഛനെ കണ്ടു. ഞാനെന്ന മകളെ കണ്ടു. ആടിയുലയുന്ന തോണി പോലെ ഞങ്ങളുടെ ജീവിതം കണ്ടു. 

നങ്കൂരമില്ലാത്ത, പങ്കായമില്ലാത്ത നാവികനായി മാത്രമായിരിക്കാം അച്ഛനെ ചുറ്റുമുള്ളവര്‍ കണ്ടിരുന്നത്. പക്ഷേ അച്ഛന്‍ എനിക്കെന്നും നായകന്‍ മാത്രമായിരുന്നു. പച്ചയായ ജീവിത സിനിമയില്‍ ഞാന്‍ കണ്ട പകരം വയ്ക്കാനില്ലാത്ത നായകന്‍.

എന്റെ അച്ഛന്റെയും, ഞാനെന്ന മകളുടേയും സ്ഥാനത്ത് ആ പാട്ടില്‍ മറ്റാരെയെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും തയ്യാറല്ലാത്ത മൂന്നുവയസ്സുകാരി മനസ്സില്‍ ഇന്നും ഉറങ്ങാതെ കിടക്കുന്നതുകൊണ്ട് ഇതുവരെയീ പാട്ടിന്റെ വിഷ്വല്‍സ് കണ്ടിട്ടില്ല.

ഈ പാട്ടിലെ ഓരോ വരികളും അച്ഛനോര്‍മ്മകളുമായി അത്രമേല്‍ കൊരുത്തിട്ടിരിക്കുന്നതിനാലാവാം കണ്ണുകള്‍ നിറയാതെയോരിക്കലും എനിക്കീ പാട്ടു കേട്ടിരിക്കാന്‍ കഴിയാതെ പോകുന്നത്.

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!