എഴുപത്തിയെട്ടാമത്തെ വയസാകുമ്പോഴേക്കും മണല്‍ക്കാട്ടില്‍ നട്ടുവളര്‍ത്തിയത് 50,000 മരങ്ങള്‍

By Web TeamFirst Published Dec 11, 2018, 6:05 PM IST
Highlights

മരങ്ങളും മൃഗങ്ങളുമെല്ലാം മനുഷ്യരേക്കാള്‍ മുമ്പ് ഈ ലോകത്ത് ഉണ്ട്. അതിനാല്‍ തന്നെ മനുഷ്യരേക്കാള്‍ അവകാശവും അവയ്ക്ക് ഇവിടെയുണ്ട്. അവയെ പരിപാലിക്കുന്നില്ലെങ്കിലും നശിപ്പിക്കാതെ ഇരിക്കുകയെങ്കിലും വേണം എന്നും  റാണാറാം പറയുന്നു.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് 25 വയസുള്ള ഒരു ആണ്‍കുട്ടി ജോധ്പുരിലെ ഒരു ഗ്രാമത്തില്‍ നിന്ന് 100 കിലോമീറ്ററുകള്‍ അപ്പുറത്തുള്ള ബിക്കാനീറില്‍ നടക്കുന്ന  കമ്മ്യൂണിറ്റി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയത്. എന്നെങ്കിലും ഒരുദിവസം എന്തെങ്കിലും ചെയ്യാന്‍ ഈ യാത്ര തന്നെ പ്രചോദിപ്പിക്കുമെന്ന് അവന് അറിയാമായിരുന്നു. ഫെസ്റ്റിവലില്‍ ഒരു സെക്ഷന്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് കൊണ്ട് ഭാവിയിലെന്തൊക്കെ നേട്ടങ്ങളുണ്ടാകും എന്നതിനെ കുറിച്ചായിരുന്നു. കേട്ടത് പ്രാവര്‍ത്തികമാക്കാന്‍ തന്നെ റാണാറാം എന്ന ഈ ഇരുപത്തിയഞ്ചുകാരന്‍ തീരുമാനിച്ചു. തന്‍റെ ജീവിതത്തിന് പുതിയ ലക്ഷ്യം കണ്ടെത്തുകയായിരുന്നു അപ്പോള്‍ ആ ചെറുപ്പക്കാരന്‍. കുറച്ച് മരത്തൈകള്‍ വാങ്ങി മരുഭൂമിയിലും വീട്ടിലേക്കുള്ള വഴിയിലുമായി നടാന്‍ അദ്ദേഹം തീരുമാനിച്ചു. 

ഇപ്പോള്‍, 2018 ല്‍ അദ്ദേഹത്തിന്‍റെ 78 -ാമത്തെ വയസ് ആകുമ്പോഴേക്കും 50,000 മരങ്ങള്‍ അദ്ദേഹം നട്ടുപിടിപ്പിച്ചു കഴിഞ്ഞു. തന്‍റെ അധ്വാനം കൊണ്ടുമാത്രം മണല്‍ക്കാടുകളില്‍ പച്ചപ്പ് വിരിയിച്ചു. 

'മരങ്ങള്‍ തനിക്ക് ദൈവത്തെ പോലെയാണ്. അതിനെ പരിപാലിക്കുന്നത് എന്നെ സംതൃപ്തനാക്കുന്നു, ആശ്വാസമുള്ളവനാക്കുന്നു' ട്രീമാന്‍ എന്നറിയപ്പെടുന്ന റാണാറാം പറയുന്നു. മനുഷ്യരേക്കാളും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം മറ്റ് ജീവജാലങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

മരങ്ങളും മൃഗങ്ങളുമെല്ലാം മനുഷ്യരേക്കാള്‍ മുമ്പ് ഈ ലോകത്ത് ഉണ്ട്. അതിനാല്‍ തന്നെ മനുഷ്യരേക്കാള്‍ അവകാശവും അവയ്ക്ക് ഇവിടെയുണ്ട്. അവയെ പരിപാലിക്കുന്നില്ലെങ്കിലും നശിപ്പിക്കാതെ ഇരിക്കുകയെങ്കിലും വേണം എന്നും  റാണാറാം പറയുന്നു.

കഴിഞ്ഞ 50 വര്‍ഷങ്ങളായി അയാള്‍ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കല്ലിലും മണ്ണിലും ചവിട്ടി മണല്‍ക്കൂനകളിലെത്തുകയും മരം നടുകയും നട്ട മരങ്ങള്‍ക്ക് വെള്ളമൊഴിക്കുകയും ചെയ്യുന്നു. മൂന്ന് കിലോമീറ്ററോളം നടന്നാലാണ് അവിടെയെത്തുക. ഈ പ്രായത്തിലും സുഹൃത്തിന്‍റെ കിണറില്‍ നിന്നും വെള്ളം കോരി അവയും തൂക്കിപ്പിടിച്ചാണ് അദ്ദേഹം നടക്കുന്നത്. കരിവേലം, വേപ്പ്, വന്നി, ബോഗണ്‍വില്ല തുടങ്ങിയ വിവിധ ഇനം ചെടികളാണ് നടുന്നത്. 

ഇവയെ വെയിലില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും റാണാറാം നടത്തുന്നു. റാണാറാമിന്‍റെ മകനായ വിഷേക് അച്ഛനെ പിന്തുണക്കുന്നു. അഞ്ചാമത്തെ വയസില്‍ അവനെയും കൊണ്ടാണ് റാണാറാം മണലില്‍ മരങ്ങള്‍ നടാനും വെള്ളമൊഴിക്കാനും പോയത്. അവനും അന്ന് മരത്തൈകള്‍ നട്ടു. അന്നു മുതല്‍ ഇന്ന് വരെ അച്ഛന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവനുമുണ്ട്. ആ ഗ്രാമത്തിലെ ജനങ്ങളെയും അവന്‍ ബോധവല്‍ക്കരിക്കുന്നു. 

'അച്ഛന്‍ അദ്ദേഹത്തിന്‍റെ ജീവിതം മുഴുവന്‍ നമ്മുടെ ഗ്രാമത്തില്‍ മരങ്ങള്‍ നടുന്നതിനായി ചെലവഴിച്ചു. അതൊരു കടമയായിട്ടല്ല അദ്ദേഹം കാണുന്നത് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് അത്. ശ്വസിക്കുന്നത് നമുക്ക് പ്രധാനമാണ് എന്നത് പോലെയാണ് അദ്ദേഹത്തിന് മരം നടുന്നതും അത് പരിചരിക്കുന്നതും. അച്ഛനില്‍ നിന്ന് ഞാന്‍ പഠിച്ചത്, നമ്മള്‍ പ്രകൃതിയോട് എന്താണോ ചെയ്യുന്നത് അതാണ് പ്രകൃതി നമുക്കും തിരികെ നല്‍കുക' എന്നാണ്. റാണാറാമിന്‍റെ മകന്‍ പറയുന്നു. 

ഗ്രാമത്തിലെ പലരും ഇപ്പോള്‍ റാണാറാമിനെ പിന്തുണക്കുന്നു. സാമ്പത്തികമായും, വെള്ളം നല്‍കിയും, മരത്തൈകള്‍ നല്‍കിയുമെല്ലാം റാണാറാം മുന്നോട്ട് വെച്ച പദ്ധതിക്കൊപ്പം അവരും ചേരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും മരം നടുന്നതിലേക്ക് ആകര്‍ഷിക്കുന്നതിനായി പെണ്‍കുഞ്ഞുങ്ങള്‍ക്ക് റാണാറാം അവര്‍ നടുന്ന ഓരോ മരത്തിനും രണ്ട് രൂപ വെച്ച് നല്‍കുന്നു. 

റാണാറാം ഉള്‍പ്പെടുന്ന ബിഷ്നോയി സമുദായം പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹത്താല്‍ പേരുകേട്ടതാണ്. 

click me!