'മാക്സി ഇട്ട അമ്മമ്മ ഒക്കെ ണ്ടാവോ അമ്മമ്മേ?'

By My beloved SongFirst Published Jan 12, 2019, 5:43 PM IST
Highlights

'എന്‍റെ ഓർമ്മയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ' എന്ന വരികൾ കേൾക്കുമ്പോൾ ഞങ്ങൾ ഒന്നിച്ച് നട്ടുവളർത്തിയ മുറ്റത്തെ മന്ദാരത്തിന്‍റെ തണലിൽ നിന്നൊരു ഇളം തെന്നൽ എന്നെ തൊട്ടുപോകുന്നു. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

പാട്ടുകൾക്ക് കാലങ്ങളെ തോൽപ്പിക്കാനാവും... ദിവസങ്ങളെ മാസങ്ങളെ. വർഷങ്ങളെ. കാലം നമ്മളിൽ നിന്ന് അടർത്തി മാറ്റിയ കാഴ്ച്ചകളും രുചികളും ഒരു നിമിഷം നമുക്ക് മുന്നിൽ വരച്ചു കാട്ടി നമ്മളെ പറ്റിക്കാനും വിരുതനാണ് അവൻ.

അമ്മമ്മക്കൂട്ട് മാത്രം ഉണ്ടായിരുന്ന ബാല്യത്തിന്‍റെ ഓർമ്മക്ക് പവിഴമല്ലിയുടെ മണമാണ്

അതുകൊണ്ടു തന്നെയാണ് 84 -കളിലെ തലമുറയുടെ താളമായിരുന്ന ഒരു പാട്ട് ഈ ഹൈടെക് കാലത്തെ ഒരു പെണ്‍കുട്ടിയെ ഇത്രമേൽ ആകർഷിക്കുന്നത്. അത് അവളുടെ ജീവിത പരിസരവുമായി യാതൊരു വിധേനെയും ബന്ധപ്പെടാതിരുന്നിട്ടും.

'ആയിരം കണ്ണുമായി കാത്തിരുന്ന' നാദിയ മൊയ്തുവിന്റെ അമ്മമ്മയെ കണ്ട് അമ്പരന്നിട്ടുണ്ടവൾ.  'മാക്സി ഇട്ട അമ്മമ്മ ഒക്കെ ണ്ടാവോ അമ്മമ്മേ...'എന്ന് വേഷ്ടിയുടെ കൊന്തല കൊണ്ട് വിളക്കു തൊടയ്ക്കുന്ന അമ്മമ്മയുടെ അടുത്തു പോയി അത്ഭുതം കൂറിയിട്ടുണ്ടവൾ. അമ്മമ്മ മടിയിൽ ഒരു ബാല്യം മുഴുവൻ നെയ്തെടുത്ത അവൾക്ക്, ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും, പുതിയ കാഴ്ചയും, ഉൾക്കാഴ്‌ച്ചയും എല്ലാം അമ്മമ്മയാണ്. രാവിലെ ഉണർന്നെഴുന്നേറ്റ് രാത്രി ഭസ്‌മം മണക്കുന്ന മടിയിൽ കഥകൾ കേട്ട് മയങ്ങുവോളം കഴിക്കാനും കളിക്കാനും അമ്മമ്മക്കൂട്ട് മാത്രം ഉണ്ടായിരുന്ന ബാല്യത്തിന്‍റെ ഓർമ്മക്ക് പവിഴമല്ലിയുടെ മണമാണ്.

'എന്‍റെ ഓർമ്മയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ' എന്ന വരികൾ കേൾക്കുമ്പോൾ ഞങ്ങൾ ഒന്നിച്ച് നട്ടുവളർത്തിയ മുറ്റത്തെ മന്ദാരത്തിന്‍റെ തണലിൽ നിന്നൊരു ഇളം തെന്നൽ എന്നെ തൊട്ടുപോകുന്നു. ആ മന്ദാര തണലിൽ ഇന്നും തിരിനീട്ടി നിൽക്കുന്ന കണ്ണുകളാണ് വിദൂരങ്ങളിൽ നിൽക്കുമ്പോഴും എന്‍റെ ജീവനിൽ തിരി തെളിയിക്കുന്നത്.

നാളുകൾ എണ്ണി കാത്തിരിക്കുന്നത് അമ്മമ്മ മാത്രമല്ല

"മഞ്ഞു വീണതറിഞ്ഞില്ല,
വെയിൽ വന്നു പോയതറിഞ്ഞില്ല,
ഓമലേ നി വരും നാളും എണ്ണിയിരുന്നു ഞാൻ..."

നാളുകൾ എണ്ണി കാത്തിരിക്കുന്നത് അമ്മമ്മ മാത്രമല്ല. ആ മടിച്ചൂടിലേക്ക് ഓടി എത്താൻ വെമ്പുന്ന കൊച്ചുമോളും ആണ്. കാലം തെറ്റി വന്ന ജനുവരി മഞ്ഞ് പെയ്യുന്ന രാത്രികളിൽ ഒറ്റക്കിരുന്ന് ബിച്ചു തിരുമലയുടെ ഈ വരികൾ കേൾക്കുമ്പോൾ ഉള്ളിൽ അമ്മമ്മയോടൊത്ത് തീകാഞ്ഞ പുലരിയുടെ സുഖം ഉള്ളിൽ നിറയുന്നു. അമ്മമ്മയോളം എന്നിൽ വേരോടിക്കാൻ ആ അമ്മമ്മ പാട്ടിനും കഴിയുന്നു.

click me!