ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

Published : Jul 29, 2019, 04:07 PM ISTUpdated : Jul 29, 2019, 04:08 PM IST
ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

Synopsis

എന്റെ പുസ്തകം ഫിറോസ് തിരുവത്ര എഴുതുന്നു സി.' എസ്. മീനാക്ഷിയുടെ 'ഭൗമ ചാപം'   

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.


എതു ഭാഷയിലും  ആദ്യത്തെ ഡിക്ഷണറി ഉണ്ടാക്കാനാണ്  പ്രയാസം. ഉണ്ടായി കഴിഞ്ഞ ഒന്നിനെ വിപുലപ്പെടുത്താനോ മെച്ചപ്പെടുത്താനോ ആദ്യമുണ്ടാക്കിയ ആളനുഭവിച്ച യാതനയും സംഘര്‍ഷവും അനുഭവിക്കേണ്ടതില്ല. ഭാഷയിലെ നിഘണ്ടു മാനസികമായ അധ്വാനമെങ്കില്‍ ഒരു രാജ്യത്തിന്റെ  ഭൂപട നിര്‍മ്മാണം വ്യാപ്തികൊണ്ടും അതാവശ്യപ്പെടുന്ന സൂക്ഷ്മത കൊണ്ടും മാനസികവും ശാരീരികവുമായ അധ്വാനത്തിന്റെ ചരിത്രമാണ്  ഇന്ത്യന്‍ ഭൂപട നിര്‍മ്മാണത്തിന്റെ  വിസ്മയഭരിതമായ ചരിത്രവഴികള്‍.

സി എസ് മീനാക്ഷിയെഴുതിയ 'ഭൗമചാപം' എന്ന പുസ്തകം  അവരുടെ  തന്നെ ഭാഷയില്‍ ഇരുന്നൂറ് വര്‍ഷം മുന്‍പ് യാത്രക്ക് ആനയും കാളവണ്ടിയും മാത്രമായിരുന്ന കാലത്ത് വൈദ്യുതിയും റേഡിയോയും അപരിചിതമായ ഒരു രാജ്യത്ത് കണക്ക് കൂട്ടാന്‍ ഒരു കാല്‍ക്കുലേറ്റര്‍ പോലുമില്ലാതെ ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍  നടത്തിയ സര്‍വ്വേകളുടെ ചരിത്രമെഴുത്താണ്

കടലിന്റെ ആഴം മുതല്‍ പര്‍വ്വതങ്ങളുടെ ഉയരവും മണലായും കാടായും കിടന്ന ഒരു ഭൂഭാഗത്തെ ഗ്രേറ്റ് ട്രിഗണോമെട്രിക്കല്‍ സര്‍വ്വേ എന്ന പേരില്‍ അടയാളപ്പെടുത്തിയ സമാനതകളില്ലാത്ത സംഭവം അധിനിവേശ ശക്തികളുടെ വിട്ടുവീഴ്ചയില്ലാത്ത  ഇഛാശക്തിയുടെയുംപ്രകൃതി  വിഭവങ്ങളുടെ മേലേയുള്ള അവസാനമില്ലാത്ത അധിനിവേശ വ്യാമോഹത്തിന്റെയും നാള്‍വഴി കുറിപ്പ് കുടിയാണ് .ഇന്ത്യയിലാദ്യമായി ടോപ്പോ ഗ്രഫിക്കല്‍ ഷീറ്റുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അതിന്റെ സാങ്കേതികതയും കണക്കും പറഞ്ഞവാസാനിപ്പിക്കാമായിരുന്ന ഏറ്റവും  ബോറായി തീരാന്‍ സാധ്യതയുള്ള പ്രതിപാദ്യ വിഷയത്തെ ഫിക്ഷനെ വെല്ലുന്ന കഥാകഥന രീതിയില്‍, വായനയില്‍ വരാവുന്ന മുഷിപ്പിനെ  എഴുത്തുകാരി മുന്‍കൂട്ടി മറികടക്കുന്നു.

ഫിക്ഷനെ വെല്ലുന്ന കഥാകഥന രീതിയില്‍, വായനയില്‍ വരാവുന്ന മുഷിപ്പിനെ  എഴുത്തുകാരി മുന്‍കൂട്ടി മറികടക്കുന്നു

 

അധിനിവേശ ശക്തികള്‍: കണ്ടെത്തുന്ന  പുതിയ ഭൂഭാഗങ്ങള്‍ തങ്ങള്‍ക്ക് വഴങ്ങും വിധം അവയെ മാറ്റി തീര്‍ക്കാനുള്ള ബ്രിട്ടിഷ് ശ്രമങ്ങളളുടെ കഥയാണിത്. തങ്ങളുടെ നാവിന്റെ ഉച്ചാരണത്തിന്  യോജ്യമാകും വിധം സ്ഥലനാമങ്ങളെയും മനുഷ്യനാമങ്ങളെയും മാറ്റിയെഴുതിയപ്പോളാണ് തിരുവനന്തപുരം ട്രിവാന്‍ഡ്രവും മംഗലാപുരം മാംഗ്ലൂരും ദില്ലി ഡല്‍ഹിയുമായത്. ബ്രിട്ടന്റെ സര്‍വ്വേയും ഇന്ത്യയിലെ മനുഷ്യരുമെന്ന അദ്ധ്യായത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ മനുഷ്യരുടെ ബൗദ്ധിക സംഭാവനകളെ കുറിച്ചും പലപ്പോഴും ബ്രിട്ടിഷുകാര്‍ കാണിച്ച മനുഷ്യത്യവിരുദ്ധതയെ കുറിച്ചും പറയുന്നു. കുടെ പണിയെടുക്കുന്ന  മനുഷ്യ ആത്മാഭിമാനത്തെ പോലും ചുരുക്കി കെട്ടുംവിധം അവരുടെ പേരിനെയും സംഭാവനകളെയും തമസ്‌കരിക്കുകയും പകരം അവനെ ഇംഗ്ലീഷ് ഭാഷയിലെ അക്ഷരമാലയിലെ  നിന്ന്  തങ്ങള്‍ക്ക്  സൗകര്യമുള്ള ഒരക്ഷരംചേര്‍ത്ത് വിളിക്കുകയായിരുന്നു.  

അന്ന് നിലനിന്നിരുന്ന പല സാമൂഹിക സാഹചര്യങ്ങളിലേക്കും ഈ ചരിത്ര പുസ്തകം നമ്മെ കൊണ്ട് പോകുന്നതിന്റെ രസകരമായ ഉദാഹരണം പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം. 

'ബ്രിട്ടിഷ് സര്‍വ്വേ ഉദ്യോഗസ്ഥനും കെ ഫിഫ്റ്റീന്‍ എന്ന ലോകത്തെ എറ്റവും വലിയ കൊടുമുടിയുടെ  പേര് തന്നെ പിന്നീട് സ്വന്തമാക്കിയ എവറസ്റ്റ് സായിപ്പിന്റെ  ഡയറി കുറിപ്പില്‍ ഭാരതീയ വിശ്വാസങ്ങളെ കുറിച്ചുള്ള അഭിപ്രായം ഇങ്ങനെ: 'സര്‍വ്വേ ഉപകരണങ്ങള്‍ക്കും സ്‌റ്റേഷനുകള്‍ക്കുമെല്ലാം പ്രകൃതൃതീതമായ അല്‍ഭുത ശക്തിയുണ്ടെന്ന് അന്ധവിശ്വാസം വെച്ച് പുലര്‍ത്തുന്നു, ഇന്ത്യയിലെ ഗ്രാമീണര്‍. മരണമോ പ്രകൃതി ദുരന്തമോ വരുമ്പോള്‍ അവര്‍ സര്‍വ്വേ സൈറ്റുകള്‍ക്ക് മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്നു. ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ ചുറ്റികയും മറ്റായുധങ്ങളുമായി വന്ന് സര്‍വ്വേയുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ മുച്ചുടും നശിപ്പിക്കുന്നു. കിണറുകളില്‍ വെള്ളം വറ്റാനുള്ള കാരണവും സര്‍വ്വേകളാണെന്നും ഗ്രാമീണര്‍ കരുതിയിരുന്നു'. ഇത്തരത്തിലുള്ള പല അന്ധവിശ്വാസങ്ങളും അനാചരങ്ങളും നമ്മളീ കാലത്തും തുടരുന്നത്  ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയും മാനുഷിക പുരോഗതിയും രണ്ട് വഴിക്കാണെന്നതിന്റെ പ്രത്യക്ഷ തെളിവാണ്

സര്‍വ്വേ  ഉപകരണങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ച ആനകളുടെ പാപ്പാനായും കാളവണ്ടിക്കാരനായും പല്ലക്ക് മുതല്‍ യൂറോപ്യന്‍ ക്ലോസറ്റ് വരെ ചുമടെടുക്കുന്ന വെറും കുലികളുമായാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ കണ്ടിരുന്നത് . പക്ഷേ അഭിമാനിക്കത്തക്കതായ നിരവധി വിവരങ്ങളും ഇതോടൊപ്പമുണ്ട്. ഇന്ത്യക്കാരെ ചിലപ്പോഴൊക്കെ പ്രശംസിക്കാതിരിക്കാനും അവര്‍ക്കു സാധിച്ചില്ല എന്ന വിവരവും ഈ പുസ്തകം നമ്മോടു പങ്കു വെക്കുന്നു.  തങ്ങള്‍ക്കു വഴങ്ങാത്ത ഭാഷയും സംസ്‌ക്കാരവുമുള്ള ലോക ഭൂപടത്തിന്റെ തന്നെ മിനിയേച്ചര്‍ സ്വാഭാവങ്ങള്‍ കാണിക്കുന്ന ഒരു രാജ്യത്തിലെ ബഹുതല വിവരങ്ങളടങ്ങുന്ന സര്‍വേയ്ക്ക് സ്വാദേശികളുടെ ബൗദ്ധിക പങ്കാളിത്തം കുടാതെ മുന്നോട്ടു പോകാന്‍ സാധ്യമായിരുന്നില്ല.അനേകമായിരം ഇന്ത്യക്കാരില്‍ നിന്നും ചില മനുഷ്യരുടെ പേരുകള്‍ ഡയറി കുറിപ്പുകളിലും സര്‍വ്വേ റിപ്പോര്‍ട്ടിലും പരാമര്‍ശിക്കപ്പെടുന്നുണ്ട് .അതിലെ പ്രഥമ ഗണനീയരായ ഇന്ത്യക്കാര്‍ രാധാനാഥ്  സിക് ദര്‍, സായിദ് മൊഹ്സീന്‍ ഹുസൈന്‍ , നയന്‍ സിങ് എന്നിവരായിരുന്നു. ബ്രിട്ടീഷുകാര്‍ കെ ഫിഫ്റ്റീന്‍ എന്ന് വിളിച്ചു പോരുകയും പിന്നീട് എവറസ്റ്റ് കൊടുമുടി എന്ന് നാമകരണം നടത്തുകയും ചെയ്ത കൊടുമുടിയുടെ ഉയരം ഗണിത ക്രിയകളിലൂടെ കണ്ടെത്തിയത് രാധാനാഥ്  സിക് ദര്‍ ആയിരുന്നു. രാധാനാഥ് സിക് ദ റി നെ പോലുള്ള പ്രയത്‌നശാലികളായ  യുറോപ്യന്‍  ബൗദ്ധികതയെ പോലും വെല്ലുന്ന ഇന്ത്യന്‍ മനുഷ്യരെ കുറിച്ചും എവറസ്റ്റ് ഡയറിയില്‍ എഴുതിയിട്ടുണ്ട്

ബ്രിട്ടിഷ് ആധിപത്യത്തിന്  മുമ്പേ വാനനിരീക്ഷണത്തില്‍ ഇന്ത്യക്കുണ്ടായിരുന്ന സൗകര്യങ്ങള്‍ പുസ്തകം പറയുന്നു. ജയ്പൂര്‍ രാജാവായിരുന്ന ജയ് സിംഗ്. സ്ഥാപിച്ച വാന നിരിക്ഷണ കേന്ദ്രങ്ങള്‍, അവധിലെ സുല്‍ത്താനായിരുന്ന നാസര്‍ ഉദ്ധീന്‍ ഹൈദര്‍ സ്ഥാപിച്ചതടക്കമുള്ള വാന നിരിക്ഷണ കേന്ദ്രങ്ങള്‍. ഇവയിലെല്ലാം ബ്രിട്ടിഷുകാര്‍ പിന്നിട്ട് പല ഉപകരണങ്ങളും കുട്ടി ചേര്‍ത്തു. 

നവദേശഭക്തര്‍  പ്രചരിപ്പിക്കുന്ന പോലെയുള്ള മിത്തുകളിലെ കേവല ഭാവനകളായിരുന്നില്ല ഇന്ത്യയിലെ ശാസ്ത്രവും ശാസ്ത്രകാരന്മാരും. അവാസ്തവമായ വ്യാജ  ശാസ്ത്ര പ്രചരണങ്ങള്‍ കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സംഭാവനകളെ പോലും ആഗോള ശാസ്ത്ര ലോകം സംശയത്തോടെയും പരിഹാസത്തോടെയും  നോക്കുന്ന സാഹചര്യത്തിലേക്ക് നമ്മെ തള്ളിയിടുന്നത് അറിവില്ലായ്മ കൊണ്ടു മാത്രമല്ല. രാഷ്ട്രീയമായ കാരണങ്ങളും അതിനുണ്ട്. 

'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തിനു  സമാനമായ വായനാനുഭവമാണ് എനിക്ക് ഭൗമ ചാപം

ഡോമിനിക്ക് ലാപിയറും ലാരി കോളിന്‍സും എഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തിനു  സമാനമായ വായനാനുഭവമാണ് എനിക്ക് ഭൗമ ചാപം എന്ന പുസ്തകം. ബ്രിട്ടീഷ് സര്‍വ്വേയ്ക്കിടയില്‍ കാനന വിജനതകളിലും ഏകാന്തമായ പര്‍വത നിരകളിലും പട്ടിണി കിടന്നും മലമ്പനി ബാധിച്ചും പുലി പിടിച്ചും പാമ്പു കടിയേറ്റും അക്രമണങ്ങള്‍ക്കിരയായും ജീവന്‍ വെടിഞ്ഞ ആയിരക്കണക്കിന് അറിയപ്പെടാത്ത ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് എഴുത്തുകാരി ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. സാറ്റലൈറ്റ് സര്‍വ്വേയുടെയും ഡിജിറ്റല്‍ മാപ്പിങിന്റെയും ഇ - കാലത്തും നിങ്ങളുടെ കയ്യിലിരിക്കുന്ന ഒരു ഇന്ത്യന്‍  മാപ്പിന്  കേവലം കടലാസിന്റെ ഭാരമല്ല. അനേകായിരം മനുഷ്യരുടെ ഒരു മാപിനികൊണ്ടും അളന്നു തിട്ടപ്പെടുത്താനാവാത്ത മഹാ യത്‌നത്തിന്റെ അദൃശ്യ ഭാരമാണ്. ഭൂപടങ്ങളുടെ യഥാര്‍ത്ഥ കനം. 

മനുഷ്യന്റെ അടങ്ങാത്ത  ആര്‍ത്തികളുടെ ആഘോഷമാണ്  അധിനിവേശമെങ്കില്‍ അറിയാനുള്ള അടങ്ങാത്ത വിജ്ഞാന ത്വരയുടെയും, അണയാത്ത ജിജ്ഞാസയുടെയും മഹാസമാഹാരമായി  ഞാനീ പുസ്തകത്തെ ചേര്‍ത്തുവെയ്ക്കുന്നു.സാങ്കേതികതയുടെ ഗഹനതകള്‍ നില നിറുത്തികൊണ്ടു തന്നെ ഇത്ര ലളിതമായി, ഒരു ചരിത്ര നോവലിന് സമാനമായി  സാമാന്യ ജനത്തിന് ഉള്‍ക്കൊള്ളാനാവും വിധം ഉയര്‍ന്ന ജനാധിപത്യ ബോധത്തോട് ചേര്‍ന്നുള്ള ഈ എഴുത്ത് പരോക്ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാകുന്നു 

കോളനിയാനാന്തര ഇന്ത്യക്കാര്‍ മൊത്തത്തിലും അധിനിവേശ  യൂറോപ്യന്‍കാരുടെ  പിന്‍  തലമുറകളും വായിച്ചിരിക്കേണ്ട പുസ്തകം ഇംഗ്ലീഷ് ഭാഷയിലായിരുന്നു ആദ്യം വരേണ്ടിയിരുന്നത് . മീനാക്ഷി മലയാളിയായത് കൊണ്ടും പുസ്തകം മലയാളത്തിലായത് കൊണ്ട് ഈ പുസ്തകം വായിക്കാതെ മാറ്റി വെക്കപ്പെടരുത്. ലോകം മുഴുവനുമുള്ള കൗതുകമുള്ള മനുഷ്യരെ വായിപ്പിക്കാനുള്ളയത്രയും മാനുഷികവും മൗലികവുമായ ഭാഷയും ത്രാണിയും ഈ പുസ്തകത്തില്‍ ഭൂമിയില്‍ ധാതുവെന്ന പോലെ ആവോളം കിടപ്പുണ്ട്. 

(ഫിറോസ് തിരുവത്ര. കഥാകൃത്ത്, കവി. ബഹറൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു)
.......................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ