
22 വര്‍ഷം തന്നെ അമ്മ ഉപദ്രവിച്ചത് വെളിപ്പെടുത്തി യുവതി. പുറംലോകത്ത് വളരെ സാധാരണയായി ഇടപെടുന്ന അമ്മ തന്നോട് പെരുമാറുന്ന ക്രൂരമായ രീതിയെ കുറിച്ചാണ് ഇരുപത്തിയേഴുകാരിയായ യുവതി ഒലീവിയ റെയ്നെ എന്ന തൂലികാ നാമത്തിലെഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവളുടെ ഫ്രഞ്ചുകാരിയായ അമ്മ ജോസഫൈനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ചാണ് ഒലീവിയ തുറന്ന് പറഞ്ഞിരിക്കുന്നത്. മൂന്നാമത്തെ വയസ്സ് മുതല്‍ എല്ലാ ദിവസവും ഒലീവിയയെ രാത്രി കുളിമുറിയില്‍ അടച്ചിടുമായിരുന്നു ജോസഫൈന്‍. രാവിലെ കരഞ്ഞുകൊണ്ട് എഴുന്നേല്‍ക്കുന്നതിനുള്ള ശിക്ഷയാണ് എന്നാണ് ഇതിനെ കുറിച്ച് ജോസഫൈന്‍ ഒലീവിയയോട് പറഞ്ഞത്.
ചിലപ്പോഴൊക്കെ സ്നേഹത്തോടെ പെരുമാറും. പക്ഷെ, എപ്പോഴാണ് സ്വഭാവം മാറുന്നതെന്നറിയില്ല. അപ്പോള്‍, അവര്‍ ഒലീവിയയെ അടിക്കും, മുടി പിടിച്ച് വലിക്കുകയും കഴുത്തു ഞെരിക്കുകയും അവളുടെ അമ്മയായിരിക്കുന്നതില്‍ നാണക്കേടാണെന്ന് പറയുകയും ചെയ്യും. ഇപ്പോള്‍ ഞാന്‍ ബെറ്ററാണ്. പക്ഷെ, ആ ഉപദ്രവങ്ങളെന്നിലുണ്ടാക്കിയ മുറിവുകള്‍ കരിയില്ല. അത് അവിടെത്തന്നെയുണ്ട് എന്ന് ഒലീവിയ എഴുതുന്നു.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഒലീവിയയെ അമ്മ അവഗണിക്കുമായിരുന്നു. പിന്നീട്, മാനസികവും ശാരീരികവുമായി അവളെ ഒറ്റപ്പെടുത്തി. വളരെ കുറച്ച് പേരോട് മാത്രം ഇടപഴകിയിരുന്ന ഒലീവിയ അവളുടെ പാവകളോടും ഡയറിയോടും മാത്രം അവളുടെ വേദനകള്‍ പങ്കുവെച്ചു.
ചെറിയ ചെറിയ കാരണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ജോസഫൈന്‍ പലപ്പോഴും അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നത്. ആദ്യമാദ്യം അവള്‍ കരയുകയും വല്ലാതെ വിറക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, അത് കാണാനാണ് അമ്മ ആഗ്രഹിക്കുന്നതെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ അത് നിര്‍ത്തി. അതിനുശേഷമാണ് വളരെ ക്രൂരവും ഭ്രാന്തവുമായ അക്രമങ്ങള്‍ അവള്‍ക്കു നേരെ ഉണ്ടായിത്തുടങ്ങിയത്.
ഒലീവിയയെ വളരെ ക്രൂരമായി അമ്മ അടിച്ചിരുന്നു. പലപ്പോഴും കയ്യിലോ കാലിലോ ആണ് അടിച്ചിരുന്നത്. എല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ ഇനി ആവര്‍ത്തിക്കില്ല എന്ന് വാക്ക് നല്‍കുമെങ്കിലും വീണ്ടും ഉപദ്രവിക്കും.
ഒലീവിയയുടെ എട്ടാം പിറന്നാള്‍ ദിവസം... അത് ആഘോഷിക്കാന്‍ അമ്മ തീരുമാനിക്കുകയും ഒരുപാട് അതിഥികളെ ക്ഷണിക്കുകയും ചെയ്തു. വീടാകെ അലങ്കരിച്ചു. ഒലീവിയയ്ക്ക് അമ്മ സമ്മാനം നല്‍കിയത് ഒരു വെള്ളി നെക്ലേസ് ആയിരുന്നു. എന്നാല്‍, അവസാനത്തെ അതിഥിയും പോയതോടെ ജോസഫൈനിന്‍റെ മട്ടും ഭാവവും മാറി. അവളെ മുകള്‍ നിലയിലേക്ക് വലിച്ചിഴക്കുകയും അവളുടെ അമ്മയായിരിക്കുന്നതില്‍ അപമാനമാണ് എന്നും പറഞ്ഞ് അവളുടെ നെക്ലേസ് വലിച്ചൂരുകയും ചെയ്തു.
പിന്നീടൊരു മനോഹരമായ പ്രഭാതത്തില്‍ അമ്മയും മകളും കൂടി സ്ട്രോബെറി ശേഖരിക്കാന്‍ പോയി. പക്ഷെ, തിരികെ വീട്ടിലെത്തിയതും ഒലീവിയയെ ജോസഫൈന്‍ നിലത്ത് വലിച്ചിഴക്കുകയും നിലത്തിടുകയും ചെയ്തു. സ്ട്രോബെറി ശേഖരിക്കുമ്പോള്‍ ആ പഴത്തോട് വേണ്ടത്ര ബഹുമാനം കാണിച്ചില്ല എന്നായിരുന്നു ഉപദ്രവിക്കാനുള്ള കാരണം പറഞ്ഞത്. ഒലീവിയയ്ക്ക് 12 വയസായപ്പോഴാണ് ജോസഫൈന് ലുക്കീമിയ ബാധിക്കുന്നത്. പക്ഷെ, അപ്പോഴും ഉപദ്രവം തുടര്‍ന്നു.
ഒരിക്കല്‍ ഒലീവിയയുടെ വായില്‍ സോപ്പ് തിരുകുകയും അവളുടെ തലമുടി വലിച്ചുപിടിച്ച് കഴുത്തില്‍ വിരലുകൊണ്ട് അമര്‍ത്തുകയും ചെയ്തു. വായില്‍ നിന്നും ചോര വന്നു തുടങ്ങിയപ്പോഴാണ് അവര്‍ ഈ ഉപദ്രവം അവസാനിപ്പിച്ചത്. ഭയന്ന് പലപ്പോഴും ഒലീവിയ ഓടുകയായിരുന്നു. പക്ഷെ, വീണ്ടും തിരികെ വരും. ഓടിപ്പോയതിന് അമ്മയോട് ക്ഷമ പറയുകയും ചെയ്യും.
പക്ഷെ, പതിനാറാമത്തെ വയസ്സില്‍ അവള്‍ കാനഡയില്‍ ഒരു സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനായി ചെന്നു. അപ്പോള്‍, ഉപദ്രവം ഈമെയിലിലും മെസ്സേജിലുമായി. ഒലീവിയയ്ക്ക് കുടുംബ സ്നേഹമില്ലെന്നും അതുകൊണ്ടാണ് കാനഡയിലേക്ക് പോയതെന്നും നിരന്തരം സന്ദേശമയക്കുകയും അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രവുമല്ല, ക്യാമ്പ് ലീഡര്‍ക്കും അവള്‍ ഉപദ്രവകാരിയാണെന്നും മറ്റ് കുട്ടികളുടെ കൂടെ വിടരുതെന്നും സന്ദേശമയച്ചു. പക്ഷെ, ക്യാമ്പ് ലീഡര്‍ അത് വിശ്വസിച്ചില്ല.
വരും വര്‍ഷങ്ങളില്‍ അവള്‍ സീന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. പക്ഷെ, വളരെ പെട്ടെന്ന് തന്നെ ജോസഫൈന്‍ സീനുമായി സൗഹൃദമുണ്ടാക്കി. ഒലീവിയയെ ഉപദ്രവിക്കാന്‍ സീനിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അതേത്തുടര്‍ന്ന് സീന്‍ മയക്കുമരുന്നും മറ്റും ഉപയോഗിച്ച് വന്ന ശേഷം ഒലീവിയയെ ഉപദ്രവിച്ചു തുടങ്ങി. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ അയാള്‍ ഒലീവിയയെ പലതും പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്യുകയും അവന്‍റെ ബില്ലുകളും കടങ്ങളും വീട്ടിത്തീര്‍ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതറിഞ്ഞ ഒരു സുഹൃത്താണ് ഒലീവിയയോട് സീന്‍ ഒരു 'സൈക്കോപാത്ത്' ആയിരിക്കും എന്ന് പറയുന്നത്. അവള്‍ ആ വാക്കിനെ കുറിച്ച് പഠിക്കാന്‍ തുടങ്ങി. അതിനെക്കുറിച്ച് മനസിലാക്കിയതും ഒരു വിറ അവളെ കടന്നുപോയി. കാരണം, അതിന്‍റെ പല ലക്ഷണങ്ങളും അവള്‍ക്ക് സുപരിചിതമായിരുന്നു.
തന്‍റെ അമ്മ സൈക്കോപാത്ത് ആണെന്ന് അവള്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ രണ്ട് വര്‍ഷമാകുന്നു ഒലീവിയ അവളുടെ അമ്മയെ കണ്ടിട്ട്. ഇപ്പോള്‍ ഒലീവിയ സമാധാനത്തിലാണ്. ഇനിയൊരിക്കലും ഉപദ്രവത്തിന് സമ്മതിക്കില്ല എന്നും അവള്‍ പറയുന്നു.
എന്നാല്‍, പിതാവിനെ കുറിച്ചോ അമ്മയുടെ ഈ അവസ്ഥയുടെ പിന്നിലെ കാരണങ്ങളെ കുറിച്ചോ ഒന്നും തന്നെ ഒലീവിയ വ്യക്തമാക്കുന്നില്ല.