പശു ഒരു രാഷ്ട്രീയ മൃഗമായത് എങ്ങനെ?

By നന്ദകുമാര്‍ എസ്.ആര്‍First Published May 26, 2017, 11:16 PM IST
Highlights

മധ്യേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ആര്യന്മാര്‍ കടന്നു വരുന്നതോടെയാണ് പശുവിന് ഇന്ത്യാചരിത്രത്തില്‍ പ്രാധാന്യം കിട്ടുന്നത്. മധ്യേഷ്യയിലും സ്‌റ്റെപ്പി പ്രദേശങ്ങളിലും ആടുമാടുകളെ മേയ്ച്ചു നടന്നിരുന്ന ആര്യന്മാര്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പല വിഭാഗങ്ങളായി പല നാടുകളിലേക്ക് കുടിയേറി. ഇടയജീവിതം നയിച്ചിരുന്ന നാടോടികളായ ആര്യന്മാര്‍ക്ക് കൃഷിപ്പണി വശമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്ഥിരവാസവുമില്ല. ഇവര്‍ കുതിരയെ ഇണക്കി വളര്‍ത്തിയിരുന്നു. പ്രോട്ടോ ഇന്തോ യൂറോപ്യന്‍ ഭാഷയാണ് ഇവര്‍ സംസാരിച്ചിരുന്നത്. ഇവരില്‍ ഒരു കൂട്ടര്‍ കിഴക്കോട്ട് നീങ്ങുകയും ഇറാനിലേക്ക് കുടിയേറുകയും ചെയ്തു. ഇവരാണ് ഇന്തോ ഇറാനിയന്‍സ്. ഇവരിലെ തന്നെ മറ്റൊരു കൂട്ടര്‍ അവിടെ നിന്ന് പിന്നെയും കിഴക്കോട്ട് സഞ്ചരിച്ച് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു. ഇവരെ ഇന്തോ ആര്യന്‍സ് എന്ന് വിളിക്കുന്നു. നമ്മള്‍ ആര്യന്മാര്‍ എന്ന് വിളിക്കുന്നത് ഈ ഇന്തോ ആര്യന്മാരെയാണ്.

ആര്യന്മാര്‍ ഇന്ത്യയിലേക്ക് കടന്നു വരുമ്പോള്‍ (BC 1500) ഇവിടെ ഹാരപ്പന്‍ നാഗരികത അഥവാ സിന്ധുനദീതട സംസ്‌കാരം തകര്‍ന്നുകഴിഞ്ഞിരുന്നു. ഇക്കാലം പില്‍ക്കാല ഹാരപ്പന്‍ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. നാഗരികത തകരുകയും നഗരങ്ങള്‍ നശിക്കുകയും ചെയ്തപ്പോഴും ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ അധിവസിച്ചിരുന്നു. മുമ്പ് ഹാരപ്പന്‍ സംസ്‌കാരം വളര്‍ന്നു പുഷ്പിച്ചു നിന്ന കിഴക്കന്‍ പാകിസ്ഥാന്‍ പ്രദേശങ്ങള്‍ (സപ്ത സിന്ധു പ്രദേശം എന്നും അറിയപ്പെടുന്നു) തന്നെയാണ് ആര്യന്മാര്‍ തങ്ങളുടെ ആദ്യകാല അധിവാസകേന്ദ്രമായി തിരഞ്ഞെടുത്തത്. ഇവിടെ കാലുകുത്തിയ ശേഷം ഇവര്‍ തങ്ങളുടെ നാടോടി ജീവിതം അവസാനിപ്പിക്കുകയും സ്ഥിരവാസം ആരംഭിക്കുകയും ചെയ്തു. വിഭവങ്ങള്‍ക്കും ഭൂമിക്കും വേണ്ടി പ്രദേശവാസികളായ തദ്ദേശീയരുമായി ലേശം കയ്യാങ്കളികള്‍ വേണ്ടി വന്നു. തദ്ദേശീയരെ ഇവര്‍ ദസ്യുക്കള്‍ ഏന് വിളിച്ചു. കാലക്രമേണ ഇവര്‍ പരസ്പരം ഇടകലര്‍ന്നു.

ഇടയകാര്‍ഷിക ജീവിതരീതിയാണ് അവരുടെ ഇടയില്‍ നിലനിന്നത്

പക്ഷെ സ്ഥിരവാസവും കൃഷിപ്പണിയും ആരംഭിച്ചപ്പോഴും തങ്ങളുടെ ഇടയജീവിതം അവര്‍ അവസാനിപ്പിച്ചില്ല. അവരുടെ ഇടയില്‍, ഇടയ സമ്പദ് വ്യവസ്ഥ ഇളക്കം തട്ടാതെ നിന്നു. കാരണം, വന്‍തോതിലുള്ള കൃഷിയില്‍ ഏര്‍പ്പെടാനും കാട് വെട്ടിത്തെളിക്കാനും അവരുടെ പ്രാകൃതമായ ഉപകരണങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇരുമ്പ് ഇതുവരെയും കണ്ടുപിടിച്ചിരുന്നില്ല എന്നതുതന്നെ കാരണം. ഇടയകാര്‍ഷിക ജീവിതരീതിയാണ് അവരുടെ ഇടയില്‍ നിലനിന്നത്. അതുകൊണ്ട് തന്നെ കന്നുകാലി സമ്പത്ത് വളരെ പ്രധാനപ്പെട്ടതായി.

അക്കാലത്ത് ഒരു മനുഷ്യന്റെ സാമൂഹിക നില അളന്നിരുന്നത് അയാള്‍ക്ക് എത്ര കന്നുകാലികള്‍ ഉണ്ട് എന്ന് നോക്കിയിട്ടായിരുന്നു. ഗോത്രനേതാവിന്റെ പേര് ഗോപാലന്‍ എന്നാണ്; പശുക്കളെ പാലിക്കുന്നവനാണ് നേതാവ്, അല്ലാതെ മനുഷ്യനെ പാലിക്കുന്നവനായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ദൂതര്‍ എന്നാണ് പേര്; പശുവിനെ കറന്ന് പാല്‍ എടുക്കുന്നവള്‍ എന്ന അര്‍ഥത്തില്‍. ഗവിഷ്ടി എന്നാല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത പശുക്കളെ തിരിച്ച് പിടിക്കാന്‍ നടത്തുന്ന പോരാട്ടമായിരുന്നു. പിന്നീട് യുദ്ധത്തിന് ഗവിഷ്ടി എന്ന് പേര് നല്‍കപ്പെട്ടു. അവരുടെ ജീവിതം കന്നുകാലികളുമായി, പ്രത്യേകിച്ചും പശുവുമായി അത്രയേറെ ബന്ധപ്പെട്ടു കിടന്നിരുന്നു.

ഇരുമ്പ് കണ്ടുപിടിക്കപ്പെട്ടതോടെ ഗംഗയുടെ തീരത്തെ നിബിഡ വനങ്ങള്‍ വെട്ടിത്തെളിച്ച് അങ്ങോട്ടേക്ക് വ്യാപിക്കാന്‍ ഈ സമൂഹത്തിനു കഴിഞ്ഞു. കാര്‍ഷികമിച്ചം ഉണ്ടായതോടെ സമൂഹം വികസിച്ചു. ഈ കാലത്ത് ഒട്ടേറെ ചെറുകിട നാട്ടുരാജ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഇവയെ മഹാജനപദങ്ങള്‍ എന്നാണ് വിളിക്കുക. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇന്നത്തെ ആസാം വരെ ഇവ നീണ്ടു നിന്നു. ഇവിടങ്ങളില്‍ മിക്കവയിലും രാജാധികാര ഭരണമായിരുന്നു നില നിന്നിരുന്നത്. (അങ്ങനെ അല്ലാത്തവ, ജനങ്ങള്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന നാടുകളും ഉണ്ടായിരുന്നു. ഗണരാഷ്ട്രങ്ങള്‍ എന്നാണ് അവയുടെ പേര്. അതിലൊന്നായ ശാക്യ കുലത്തിലാണ് ബുദ്ധന്‍ ജനിച്ചത്).

ഇക്കാലത്താണ് വര്‍ണവ്യവസ്ഥ രൂപപ്പെടുന്നത്. ബ്രാഹ്മണര്‍ ഏറ്റവും ഉയര്‍ന്നവരും ശുദ്ധിയുള്ളവരുമായി സ്വയം പ്രഖ്യാപിച്ചു.

ഇക്കാലത്താണ് വര്‍ണവ്യവസ്ഥ രൂപപ്പെടുന്നത്. ബ്രാഹ്മണര്‍ ഏറ്റവും ഉയര്‍ന്നവരും ശുദ്ധിയുള്ളവരുമായി സ്വയം പ്രഖ്യാപിച്ചു. ഇതിനായി ഋഗ്വേദത്തിലെ പത്താം മണ്ഡലത്തില്‍ പുരുഷസൂക്തം എഴുതിച്ചേര്‍ത്തു. ബ്രാഹ്മണര്‍ പ്രജാപതിയുടെ ശിരസില്‍ നിന്ന് ജനിച്ചവരും ക്ഷത്രിയര്‍ കൈകളില്‍ നിന്ന് ജനിച്ചവരും വൈശ്യര്‍ തുടകളില്‍ നിന്ന് ജനിച്ചവരും ശൂദ്രന്‍ കാലുകളില്‍ നിന്ന് ജനിച്ചവരും  എന്നിങ്ങനെ ഹൈറാര്‍ക്കി നിര്‍മ്മിക്കുന്നത് ഈ സൂക്തത്തിലാണ്. രാജാക്കന്മാര്‍ ഈ അവകാശവാദത്തെ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഇരുകൂട്ടരും പല നിലകളിലും ഏറ്റുമുട്ടി. ഒടുവില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തി. ഇവിടെയാണ് പ്രാചീനയാഗങ്ങളുടെ പ്രസക്തി.

ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള ഒതുതീര്‍പ്പു വ്യവസ്ഥയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് യാഗങ്ങളാണ്. അതായത്, രാജാവിനു വേണ്ടി ദൈവപ്രീതിക്കെന്നോണം ബ്രാഹ്മണര്‍ യാഗങ്ങള്‍ നടത്തിക്കൊടുക്കും. അതിലൂടെ രാജാവിന്റെ സ്ഥാനവും അധികാരവും ദൈവദത്തമാകും. അങ്ങനെ തങ്ങളുടെ ഭരണത്തിന് നീതീകരണം ഉണ്ടാക്കുകയും ജനങ്ങള്‍ക്കിടയില്‍ അധികാരം ഊട്ടിയുറപ്പിക്കുകയും ചെയാം. പകരം ഓരോ യാഗത്തിനും ബ്രാഹ്മണര്‍ക്ക് അളവറ്റ സമ്പത്ത് ദാനം ചെയ്യണം, ബ്രാഹ്മണന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയും വേണം. അങ്ങനെ ബ്രാഹ്മണ -ക്ഷത്രിയ പരസ്പര സഹായസഹകരണം നടപ്പില്‍ വന്നു. രണ്ടു കൂട്ടര്‍ക്കും നേട്ടം: രാജാവിന് ശക്തമായ രാജപദവി, ബ്രാഹ്മണന് ഭൂമിയും സമ്പത്തും ആദരവും!

രാജസൂയം, വാജപേയം, ആശ്വമേധം എന്നിവയാണ് യജുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന യാഗങ്ങള്‍. ഇതില്‍ രാജസൂയമാണ് ഏറ്റവും വലുത്. രാജാവിനെ സാമ്രാട്ട് പദവിയിലേക്ക് ഉയര്‍ത്തുന്നത് ഈ യാഗമാണ്.

രാജാവിന് ശക്തമായ രാജപദവി, ബ്രാഹ്മണന് ഭൂമിയും സമ്പത്തും ആദരവും!

പക്ഷെ ഓരോ യാഗം നടക്കുമ്പോഴും വന്‍തോതില്‍ കന്നുകാലി സമ്പത്ത് നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഒരു രാജസൂയ യാഗത്തില്‍ ഇരുപതിനായിരം പശുക്കളെ ആണ് ബലി നല്‍കിയിരുന്നത്! അങ്ങനെ എത്ര രാജാക്കന്മാര്‍, എത്രയെത്ര യാഗങ്ങള്‍! ഇപ്പോഴും ഇടയ സമ്പദ് വ്യവസ്ഥ ഇടിവ് തട്ടാതെ നില്‍ക്കുന്ന കാലമാണ് എന്നോര്‍ക്കണം. വന്‍തോതില്‍ കന്നുകാലി സമ്പത്ത് യാഗങ്ങള്‍ കാരണം ഇല്ലാതായപ്പോള്‍ വലിയ സാമ്പത്തികപ്രതിസന്ധിയും ഉണ്ടായി. സാധാരണക്കാരാണ് ഈ ദുരതം ഏറ്റവും സഹിക്കേണ്ടി വന്നത്.

പശുക്കള്‍ അത്രയും പ്രധാനപ്പെട്ടവയാണെങ്കില്‍ എന്തുകൊണ്ടാണ് അവയെ തന്നെ ബലി നല്‍കുന്നത്?

കാരണം, ഏതു മൃഗത്തെയാണോ മനുഷ്യര്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതുന്നത്, അതിനെ തന്നെയാണ് ദൈവത്തിനു ബലി കൊടുക്കേണ്ടത്. കാരണം,  ജീവിതത്തില്‍ എറ്റവും പ്രിയപ്പെടുന്നതിനേക്കാള്‍ മുകളിലാണ് ദൈവത്തോടുള്ള സ്‌നേഹം എന്ന് തെളിയിക്കാനുള്ള ബാധ്യത വിശ്വാസിക്കുണ്ട്. അതുകൊണ്ടാണ് യഹോവയായ ദൈവം അബ്രഹാമിനോട് സ്വന്തം പുത്രനെ ബലി കൊടുക്കാന്‍ ആവശ്യപ്പെടുന്നത്. എനിക്ക് മുകളില്‍ സ്വന്തം അപ്പനെയും അമ്മയെയും പ്രിയപ്പെടുന്നവന്‍ എനിക്ക് യോഗ്യനല്ല എന്ന് ക്രിസ്തു പ്രഖ്യാപിച്ചതും ഇതുകൊണ്ടാണ്.

ഗുപ്തകാലത്താണ് ജാതിവ്യവസ്ഥ ദൃഢീകരിക്കപ്പെട്ടത്.

ഇടയകേന്ദ്രീകൃതതമായ സമ്പദ് വ്യവസ്ഥ ഇരുമ്പ് ഉപകരണങ്ങളുടെയും അതുവഴി കാര്‍ഷികവൃത്തിയുടെയും വ്യാപനത്തോടെ തകര്‍ന്നെങ്കിലും അപ്പോഴും കന്നുകാലി സമ്പത്ത് പ്രധാനപ്പെട്ടതായി തുടര്‍ന്നു. യാഗങ്ങളുടെ പേരില്‍ വന്‍തോതില്‍ പശുസമ്പത്ത് നശിപ്പിക്കപ്പെട്ടപ്പോള്‍, ജനം ബ്രാഹ്മണര്‍ക്കും രാജാക്കന്മാര്‍ക്കും എതിരായി. ഇക്കാലത്താണ് ബുദ്ധമതവും ജൈനമതവും ഇന്ത്യയില്‍ ശക്തിപ്പെടുന്നത്. അഹിംസ ആഹ്വാനം ചെയ്യുന്ന രണ്ടു മതങ്ങളും ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ദൈവപ്രീതിയുടെ പേരില്‍ ബ്രാഹ്മണര്‍ നടത്തുന്ന കൊള്ളരുതായ്മയുടെ പശ്ചാത്തലത്തില്‍, കൂടുതല്‍ ജനങ്ങള്‍ ഈ രണ്ടു മതങ്ങളിലും ആകൃഷ്ടരായി. ജൈനമതം അഹിംസ പരമമായ ധര്‍മ്മമായി കണക്കാക്കി അതില്‍ ഉറച്ചു നിന്നപ്പോള്‍ ബുദ്ധമതം അല്‍പ്പസ്വല്‍പ്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. കൃഷി ചെയ്താല്‍ മണ്ണിര മരിക്കും എന്നതിനാല്‍ ജൈനര്‍ കൃഷി നിര്‍ത്തി കച്ചവടത്തിലേക്ക് തിരിഞ്ഞു. ബുദ്ധമതത്തില്‍ ഇത്തരം ശാഠ്യങ്ങള്‍ ഇല്ലാതിരുന്നതില്‍ അത് കൂടുതല്‍ പേരെ ആകര്‍ഷിച്ചു.

ക്ലാസിക്കല്‍ കാലം എന്നും ഇന്ത്യയുടെ സുവര്‍ണകാലഘട്ടം എന്നും പ്രകീര്‍ത്തിക്കപ്പെടുന്ന ഗുപ്തകാലത്താണ് ജാതിവ്യവസ്ഥ ദൃഢീകരിക്കപ്പെട്ടത്. ഇക്കാലം പിന്നിട്ടപ്പോഴേയ്ക്കും ബ്രാഹ്മണരും ബുദ്ധമതവും തമ്മിലുള്ള തര്‍ക്കം ഉച്ചസ്ഥായിയിലെത്തി. തങ്ങളുടെ നഷ്ടമായിക്കൊണ്ടിരികുന്ന അധികാരം തിരിച്ചുപിടിക്കാനും ജനങ്ങളെ തങ്ങളിലേക്ക് തിരിച്ച് കൊണ്ടുവരാനും ബ്രാഹ്മണര്‍ ചരിത്രത്തിലെ ഏറ്റവും വലിയ യു ടേണ്‍ നടത്തി - ബ്രാഹ്മണര്‍ വെജിറ്റേറിയന്‍ ആയി! പശു മാതാവാകുകയും ചെയ്തു! പ്ലേറ്റ് തിരിച്ചുവെച്ചതോടെ ബുദ്ധമതക്കാരുടെ മോറല്‍ ഹൈ ഗ്രൗണ്ട് നഷ്ടമായി. അങ്ങനെയാണ് നല്ല ഒന്നാന്തരം മാംസഭുക്കുകളായിരുന്ന ബ്രാഹ്മണര്‍ ബുദ്ധമതത്തെ തറപറ്റിച്ചത്! ഇന്ത്യയില്‍ ആദ്യമായി ഭക്ഷണശീലത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചത് ഇങ്ങനെയാണ്.

പശു പ്രധാനസമ്പത്തായിരുന്ന പ്രാചീന കാലത്തെ രേഖകളില്‍ നിന്നും പാതി സത്യം മാത്രമായി ചുരണ്ടിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ബാക്കിയുള്ളവ സ്ഥിരം വ്യാഖ്യാനഫാക്ടറികളില്‍ കയറ്റി നല്ലതുപോലെ വ്യാഖ്യാനിച്ച് ആവശ്യമായ ന്യായീകരണങ്ങളും ചമച്ചു.

അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയമൃഗമായി പശു മാറുന്നത്.

click me!