'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

By Nazeer HussainFirst Published Mar 13, 2017, 11:32 AM IST
Highlights

ഇന്ത്യയില്‍ ഇപ്പോഴുള്ള ചില കുട്ടികളുടെ പ്രണയം കാണുമ്പോള്‍ ആണ് നമ്മള്‍ എത്ര സമര്‍ത്ഥമായാണ് കളിക്കുന്നത് എന്ന് മനസിലാകുന്നത്. സ്വന്തം ഭാഷ, മതം, ജാതി , സാമ്പത്തിക നില എല്ലാം നോക്കിയാണ് പലരും പ്രണയിക്കുന്നത്. തെറ്റ് പറയുന്നില്ല, പക്ഷെ നമ്മുടെ സുരക്ഷിത വലയത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഉണ്ടാവുന്ന, ചില അനുഭവങ്ങള്‍, മനസിന്റെ വിശാലതകള്‍ അങ്ങിനെ ഉള്ളവര്‍ക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും.ഓരോ കളങ്ങളില്‍ ഒതുങ്ങി കഴിക്കുന്നതിനേക്കാള്‍ എത്രയോ രസമാണ് പല കളങ്ങളില്‍ നിറഞ്ഞു കളിക്കുന്നത്.


'നീ ഇന്ത്യന്‍ ആണോ അമേരിക്കന്‍ ആണോ?'

 എന്റെ മകന്‍ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവര്‍ ഈയടുത്തു തമിഴ് നാട്ടില്‍ നിന്ന് അമേരിക്ക സന്ദര്‍ശിക്കാന്‍ വന്നതാണ്.

'അമേരിക്കയില്‍ ജനിച്ച ഇന്ത്യക്കാരന്‍ ആണ്'

'നിന്റെ പേരെന്താണ്?'

'നിതിന്‍'

'ഹിന്ദു?'

'അതെ'

'തമിഴനാണോ?'

'അതെ'

'മുഴുവന്‍ പേരെന്താണ്?'

'നിതിന്‍ നസീര്‍'

'നസീര്‍ തമിഴ് പേരല്ലല്ലോ'

'എന്റെ ബാപ്പ മലയാളിയാണ്'

'അപ്പൊ നീ മലയാളിയല്ലേ?'

'അതെ'

'മുസ്ലിമും?'

'അതെ'

'പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?'

'ഞാന്‍ അതുമാണ്. എന്റെ അമ്മ തമിഴ് ഹിന്ദുവും ബാപ്പ മലയാളിയായ മുസ്ലിമും ആണ്'

'അതെങ്ങിനെ ശരിയാവും, നീ ശരിക്കും എന്താണ്?'

'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍ ആണ്..'

'അതെങ്ങിനെ, എല്ലാം കൂടി ആവും, നിനക്ക് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണ്ടേ? നിങ്ങള്‍ അമ്പലത്തില്‍ പോകുമോ, അതോ മോസ്‌കില്‍ പോകുമോ? റംസാന്‍ ആഘോഷിക്കുമോ അതോ പൊങ്കല്‍ ആഘോഷിക്കുമോ?'

'ഞങ്ങള്‍ അന്പലത്തിലും പള്ളിയിലും പോകും, റംസാനും, പൊങ്കലും ഓണവും താങ്ക്‌സ് ഗിവിങ്ങും എല്ലാം ആഘോഷിക്കും..'

മുത്തശ്ശി അത്ര ബോധ്യം വരാതെ ചോദ്യങ്ങള്‍ നിര്‍ത്തി എന്നാണ് അവന്‍ വീട്ടില്‍ വന്നു പറഞ്ഞത്.

നമ്മുടെ എല്ലാം ഒരു പ്രശ്‌നം അതാണ്. ആരെ കണ്ടാലും ചില കള്ളികളില്‍ കൊണ്ട് വന്നു നിര്‍ത്തിയില്ലെങ്കില്‍ ഭയങ്കര വിമ്മിഷ്ടം ആണ്. നാരായണ ഗുരു പറഞ്ഞ പോലെ ആണും പെണ്ണും ജാതി ആയാല്‍ മാത്രം പോരാ നമുക്കു, ഇന്ത്യന്‍, അമേരിക്കന്‍, ഹിന്ദു, മുസ്ലിം, മദ്രാസി, നോര്‍ത്ത് ഇന്ത്യന്‍, വെളുമ്പന്‍, കറുമ്പന്‍ എന്നിങ്ങനെ എണ്ണമറ്റ കളങ്ങളില്‍ നിര്‍ത്തി കഴിഞ്ഞാലേ നമുക്ക് കൂട്ട് കൂടാന്‍ പറ്റുമോ എന്ന് നിശ്ചയിക്കാന്‍ പറ്റൂ.

ഈ കളങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നത് രസമുള്ള കാര്യമാണ്. ന്യൂ ജേര്‍സിയിലെ അന്പലങ്ങളിലും, ട്രമ്പ് പങ്കെടുത്ത റാലിയിലും എന്റെ പേര് പറഞ്ഞു പരിചയപ്പെടുമ്പോള്‍ മറ്റുള്ളവരുടെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് ഇതേ അമ്പരപ്പ് തന്നെ ആണ്.

ദക്ഷിണ ആഫ്രിക്കയിലെ ഒരു കൊമേഡിയന്‍ ആയ ട്രെവര്‍ നോവയുടെ കഥ രസകരം ആണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാളില്‍ ആണ് ട്രെവര്‍ ജനിച്ചത്. ട്രെവറുടെ 'അമ്മ ദക്ഷിണ ആഫ്രിക്കക്കാരിയായ ഒരു കറുത്ത വര്‍ഗക്കാരിയും, അച്ഛന്‍ ഒരു സ്വിസ്സ് വംശജന്‍ ആയ വെള്ളക്കാരനും ആയിരുന്നു. ഒരു പ്രശ്‌നം വര്‍ണ വിവേചനം നിലനിന്നിരുന്ന ദക്ഷിണ ആഫ്രിക്കയില്‍ വെള്ളക്കാരും കറുത്ത വര്‍ഗക്കാരും തമ്മില്‍ ഉള്ള വിവാഹം നിയമ വിരുദ്ധം ആയിരുന്നു. 'I was born a crime' എന്നാണ് ട്രെവര്‍ ഇതിനെ കുറിച്ച് പറയുന്നത്. 

അച്ഛനും അമ്മയും ഒരുമിച്ചു പുറത്തു പോവുന്ന വേളകളില്‍ എതിരെ പോലീസുകാര്‍ വന്നാല്‍ അച്ഛനും അമ്മയും തന്റെ കൈ വിട്ടു ഈ കുട്ടി ഞങ്ങളുടേതല്ല എന്ന മട്ടില്‍ നടക്കും എന്ന് നമ്മുടെ ഹൃദയം തകര്‍ക്കുന്ന വിധത്തില്‍ ട്രെവര്‍ വിവരിക്കുന്നുണ്ട്. ട്രെവര്‍ ജനിച്ചു പിറ്റേ വര്‍ഷം ഇങ്ങിനെ ഉള്ള ബന്ധങ്ങള്‍ നിയമവിധേയമാക്കപ്പെട്ടു. പത്തു വര്ഷങ്ങള്‍ക്കു ശേഷം വര്‍ണ വിവേചനം അവസാനിക്കുകയും, നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ കറുത്ത വര്‍ഗക്കാരുടെ ഗവണ്മെന്റ് അധികാരത്തില്‍ വരികയും ചെയ്തു. വെള്ളക്കാരെ കൂടി ഉള്‍പ്പെടുത്തി ഒരു വിധ വിവേചനവും ഇല്ലാത്ത ഒരു രാജ്യം ആണ് മണ്ടേല വിഭാവനം ചെയ്തു നടപ്പിലാക്കിയത്. ഇന്‍വിക്ടസ് എന്ന മനോഹരമായ ചിത്രം കണ്ടവര്‍ക്ക് ഇത് അറിയാമായിരിക്കും. 

ഇന്ത്യയില്‍ ഇപ്പോഴുള്ള ചില കുട്ടികളുടെ പ്രണയം കാണുമ്പോള്‍ ആണ് നമ്മള്‍ എത്ര സമര്‍ത്ഥമായാണ് കളിക്കുന്നത് എന്ന് മനസിലാകുന്നത്. സ്വന്തം ഭാഷ, മതം, ജാതി , സാമ്പത്തിക നില എല്ലാം നോക്കിയാണ് പലരും പ്രണയിക്കുന്നത്. തെറ്റ് പറയുന്നില്ല, പക്ഷെ നമ്മുടെ സുരക്ഷിത വലയത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഉണ്ടാവുന്ന, ചില അനുഭവങ്ങള്‍, മനസിന്റെ വിശാലതകള്‍ അങ്ങിനെ ഉള്ളവര്‍ക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും.ഓരോ കളങ്ങളില്‍ ഒതുങ്ങി കഴിക്കുന്നതിനേക്കാള്‍ എത്രയോ രസമാണ് പല കളങ്ങളില്‍ നിറഞ്ഞു കളിക്കുന്നത്.

ട്രെവര്‍ തന്റെ കുട്ടിക്കാലത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ :

 

click me!