ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

By Nazeer HussainFirst Published Feb 6, 2017, 12:46 PM IST
Highlights

കോടിക്കണക്കിന് റെഡ് ഇന്ത്യക്കാരെ കൊന്നും ആഫ്രിക്കക്കാരെ അടിമകള്‍ ആക്കിയും കെട്ടിപൊക്കിയ ഒരു നാട്, വേറെ ആരും ഇവിടെ വരരുത് എന്ന് പറയുന്നതിന്റെ മണ്ടത്തരം ചരിത്രം അറിയാവുന്നവര്‍ക്ക് മനസിലാവും. പക്ഷെ ചരിത്രത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ അറിവില്ലായ്മ ആണല്ലോ ഇപ്പോഴുള്ള ഭരണാധികാരികളുടെ അടിസ്ഥാന യോഗ്യത.

ഞങ്ങളുടെ പുതിയ പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ അധികാരത്തിന്റെ ആദ്യത്തെ ആഴ്ച ചെയ്ത ഒരു കാര്യം, സിറിയ ഉള്‍പ്പെടയുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള  അഭയാര്‍ത്ഥികളെ അമേരിക്കയില്‍ വരുന്നതില്‍ നിന്നും തടയുക എന്ന  ഉത്തരവില്‍ ഒപ്പു വച്ചതാണ്. ഇതിന്റെ ഒന്നാമത്തെ പ്രശ്‌നം കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്ക മറ്റു കുടിയേറ്റക്കാരെ തടയുക എന്ന വിരോധാഭാസം ആണെങ്കിലും ഒറ്റ നോട്ടത്തില്‍ ഇത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കാനാണ് എന്ന് ചിലര്‍ക്ക് തോന്നിയേക്കാം. പ്രത്യകിച്ചും സിറിയ പോലെ ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന അഭയാര്‍ത്ഥികള്‍ ഇവിടെ എന്ത് ചെയ്യാനാണ്? ഒരു കഥ പറഞ്ഞു തുടങ്ങാം.

ആ കുട്ടിയാണ്  സ്റ്റീവ് ജോബ്‌സ്. ഒരു സിറിയന്‍ അഭയാര്‍ത്ഥിയുടെ മകന്‍.

സ്റ്റീവ് ജോബ്‌സും മോനാ സിംപ്‌സണും
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്നില്‍ സിറിയയില്‍ ജനിച്ച അബ്ദുല്‍ ഫത്താ ജന്‍ഡാലി ലെബനനിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ നടന്ന രാഷ്ട്രീയ വിപ്ലവത്തെ തുടര്‍ന്നു കൊളംബിയ, വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥിയായി അമേരിക്കയിലേക്ക് കുടിയേറി. വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കവേ അദ്ദേഹം ജോആന്‍ കാരള്‍ എന്ന കത്തോലിക്കാ യുവതിയുമായി പ്രണയത്തിലാവുകയും, ഒരു കുട്ടി ജനിക്കുകയും ചെയ്തു. 

സ്റ്റീവ് ജോബ്‌സ്

ഒരു മുസ്‌ലിമിന് തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന ഉറച്ച നിലപാടെടുത്ത ജോആന്റെപിതാവിന്റെ കടും പിടുത്തം, ആ കുട്ടിയെ മനസ്സില്ലാ മനസ്സോടെ ദത്ത് കൊടുക്കാന്‍ ഈ ദമ്പതികളെ നിര്‍ബന്ധിതരാക്കി. ജോബ്‌സ് കുടുംബം ആ കുട്ടിയെ ദത്തെടുത്തു. ആ കുട്ടിയാണ് പിന്നീട് ആധുനിക കമ്പ്യൂട്ടര്‍ ഫോണ്‍ തുടങ്ങിയവയെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയ ആപ്പിള്‍ കംപ്യൂട്ടേഴ്‌സിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്. ഒരു സിറിയന്‍ അഭയാര്‍ത്ഥിയുടെ മകന്‍. ലോകത്തിലെ ഏറ്റവും വലിയ പത്തു കമ്പനികളില്‍ ഒന്നായ ആപ്പിള്‍ അറുപത്തി ആറായിരത്തോളം അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ ജോലി നല്‍കുന്നുണ്ട്.

സ്റ്റീവിനെ ദത്ത് കൊടുത്തതിനു ഒരു വര്‍ഷത്തിന് ശേഷം ജന്‍ഡാലി ജോആനെ തന്നെ വിവാഹം കഴിച്ചു. അതില്‍ ഉണ്ടായ കുട്ടി ആണ് അമേരിക്കയിലെ പ്രശസ്ത നോവലിസ്റ്റ് ആയ മോനാ സിംപ്‌സണ്‍. മോനയാണ് വളരെ നാളുകള്‍ക്കു ശേഷം സ്റ്റീവ് ആണ് ആണ് ജന്‍ഡാലി ദത്തു കൊടുത്ത കുട്ടി എന്ന് കണ്ടു പിടിക്കുന്നത്. സ്റ്റീവ് മരിച്ചപ്പോള്‍ മോനാ ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതിയിട്ടുണ്ട് 

ഈ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആളാണ്. 

ഗ്രഹാം ബെല്ലിന്റെ കഥ
ഈ കഥ ഓഫീസില്‍ പറഞ്ഞു കൊണ്ടിരിക്കുന്നപ്പോഴാണ് ട്രംപിനെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ കഥ പറഞ്ഞത്. നാല്‍പതു വര്‍ഷം ആയി AT&T  എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് റിട്ടയര്‍ ചെയ്യാന്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രം ശേഷിക്കെ പുള്ളി ജോലി ചെയ്തു കൊണ്ടിരുന്ന ഡാറ്റാ സെന്റര്‍ മാനേജ് ചെയ്യുന്ന കോണ്‍ട്രാക്ട് ഇന്ത്യയിലെ ഒരു കമ്പനിക്ക് കൊടുത്തു. മൂന്ന് മാസം സമയത്തിനുള്ളില്‍, പുതിയ കമ്പനിയില്‍ നിന്ന് വന്നവര്‍ക്ക് ജോലി പഠിപ്പിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശം കിട്ടി, അത് കഴിഞ്ഞാല്‍ പിരിച്ചു വിടും. അറിവ് പറഞ്ഞു കൊടുത്തില്ലെങ്കില്‍  (knowledge transfer ) പിരിച്ചു വിടുമ്പോള്‍ ഉള്ള ചില ആനുകൂല്യങ്ങള്‍ കിട്ടില്ല. 

സംഭവം ശരിയാണ്. ഇങ്ങിനെ കുറെ നടക്കുന്നുണ്ട്. പക്ഷെ എന്റെ സഹപ്രവര്‍ത്തകന്‍ മറന്നു പോയ ഒരു കാര്യം ഉണ്ട്, AT&T  എന്ന അമേരിക്കന്‍ സ്ഥാപനം ആരംഭിച്ചത് ടെലിഫോണ്‍ കണ്ടു പിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ആണ്.  AT&T ബെല്‍ ലാബ്‌സ് എന്നായിരുന്നു പേര്. ഈ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആളാണ്. 

ഈ വരുന്നവര്‍ നിങ്ങളുടെ നാടും സ്ഥലവും കയ്യടക്കാന്‍ വരുന്നവര്‍ ആണ്, ഇവരെ സൂക്ഷിക്കുക എന്നാണ് നിങ്ങള്‍ ഇപ്പോള്‍ ചൊല്ലിയ വാക്കുകളുടെ അര്‍ഥം' 

ആ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
മറ്റൊരു കഥ പറഞ്ഞു അവസാനിപ്പിക്കാം. ചന്ദ്രനില്‍ പോകാന്‍ ഉള്ള ഒരുക്കങ്ങള്‍ നടത്തുന്ന നീല്‍ ആംസ്‌ട്രോങും ബസ് ആല്‍ഡ്രിനും ആരിസോണയിലെ ഒരു മരുഭൂമിയില്‍ ബഹിരാകാശ വസ്ത്രം എല്ലാം ധരിച്ചു പ്രാക്ടീസ് ചെയ്യായായിരുന്നു. അതിനിടെ അവര്‍ ഒരു നേറ്റീവ് അമേരിക്കക്കാരനെ  ( വെള്ളക്കാര്‍ വന്നു അമേരിക്ക കീഴടക്കുന്നതിനു മുന്‍പ് അമേരിക്കയില്‍ ജീവിച്ചിരുന്ന തദ്ദേശ വാസികള്‍, റെഡ് ഇന്ത്യന്‍സ് എന്ന് കൊളംബസ് തെറ്റായി വിളിച്ച ആളുകള്‍) കണ്ടു മുട്ടി. വിചിത്രമായ വസ്ത്രങ്ങള്‍ ധരിച്ച ഇവരെ കണ്ടു അമ്പരന്ന റെഡ് ഇന്ത്യക്കാരനോട് തങ്ങള്‍ ചന്ദ്രനില്‍ പോകാന്‍ ഉള്ള പരിശീലനം നടത്തുക ആണെന്ന് ആംസ്‌ട്രോങ് പറഞ്ഞു. 

അപ്പോള്‍ അയാള്‍ പറഞ്ഞു: 'ചന്ദ്രന്‍ ഞങ്ങള്‍ റെഡ് ഇന്ത്യക്കാര്‍ക്ക് പരിപാവനം ആയ സ്ഥലം ആണ്, അവിടെ ഞങ്ങളുടെ ഒരു ദൈവം വസിക്കുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങള്‍ ചന്ദ്രനില്‍ പോവുക ആണെങ്കില്‍ ഞാന്‍ ഒരു പ്രാര്‍ത്ഥന പറഞ്ഞു തരാം, അത് അവിടെ പോയി ഉറക്കെ ചൊല്ലാന്‍ പറ്റുമോ'.

'അതിനെന്താണ്, ഇംഗ്ലീഷില്‍ പറഞ്ഞു തന്നാല്‍ ഞങ്ങള്‍ അവിടെ പോയി പറയാം ' ആംസ്‌ട്രോങ് മറുപടി പറഞ്ഞു 

'ഈ പ്രാര്‍ത്ഥന ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അതിന്റെ ഫലം പോകും, ഞങ്ങളുടെ ഭാഷയില്‍ തന്നെ പറയണം , ചെറിയ ഒരു പ്രാര്‍ത്ഥന ആണ്, ഞാന്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയില്‍ ഇത് ചൊല്ലാന്‍ പഠിപ്പിച്ചു തരാം' 

അങ്ങിനെ ആംസ്‌ട്രോങിനെയും ബസ് ആല്‍ഡ്രിനെയും ഒരു പ്രാര്‍ത്ഥന തദ്ദേശീയ ഇന്ത്യന്‍ ഭാഷയില്‍ പഠിപ്പിച്ചു കൊടുത്തു. തിരിച്ചു നാസയുടെ കേന്ദ്രത്തില്‍ എത്തിയ ആംസ്‌ട്രോങ് അവിടെ ഈ കഥ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരാള്‍ക്ക് നേറ്റീവ് അമേരിക്കക്കാരുടെ ഭാഷ അറിയാമായിരുന്നു. എന്താണ് പ്രാര്‍ത്ഥന എന്ന് ആംസ്‌ട്രോങ് ഉറക്കെ ചൊല്ലി കേള്‍പ്പിച്ചപ്പോള്‍, അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്നിട്ടു പറഞ്ഞു 

'ഇത് പ്രാര്‍ത്ഥന ഒന്നുമല്ല, ഈ വരുന്നവര്‍ നിങ്ങളുടെ നാടും സ്ഥലവും കയ്യടക്കാന്‍ വരുന്നവര്‍ ആണ്, ഇവരെ സൂക്ഷിക്കുക എന്നാണ് നിങ്ങള്‍ ഇപ്പോള്‍ ചൊല്ലിയ വാക്കുകളുടെ അര്‍ഥം' 

കുടിയേറ്റക്കാര്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനികള്‍ ഏതൊക്കെയാണ്? ടെസ്‌ല , ഗൂഗിള്‍, ആമസോണ്‍, യാഹൂ, ആപ്പിള്‍.....

കോടിക്കണക്കിന് റെഡ് ഇന്ത്യക്കാരെ കൊന്നും ആഫ്രിക്കക്കാരെ അടിമകള്‍ ആക്കിയും കെട്ടിപൊക്കിയ ഒരു നാട്, വേറെ ആരും ഇവിടെ വരരുത് എന്ന് പറയുന്നതിന്റെ മണ്ടത്തരം ചരിത്രം അറിയാവുന്നവര്‍ക്ക് മനസിലാവും. പക്ഷെ ചരിത്രത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ അറിവില്ലായ്മ ആണല്ലോ ഇപ്പോഴുള്ള ഭരണാധികാരികളുടെ അടിസ്ഥാന യോഗ്യത.

കുടിയേറ്റക്കാര്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനികള്‍ ഏതൊക്കെയാണ്? ടെസ്‌ല , ഗൂഗിള്‍, ആമസോണ്‍, യാഹൂ, ആപ്പിള്‍.....

അതിരുകള്‍ ഇല്ലാത്ത മുതലാളിത്ത കമ്പോളവും അതിരുകള്‍ കൊണ്ട് ജീവിക്കുന്ന ദേശീയതയും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ്, ബ്രിട്ടനിലും, അമേരിക്കയിലും നാം കാണുന്നത്. ആര് ജയിക്കും എന്ന് കണ്ടറിയാം..

click me!