ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ അമ്മയായി

Web Desk |  
Published : Jun 21, 2018, 04:23 PM ISTUpdated : Jun 29, 2018, 04:12 PM IST
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ അമ്മയായി

Synopsis

അധികാരത്തിലിരിക്കെ അമ്മയാവുന്ന രണ്ടാമത്തെ പ്രധാനമന്ത്രി 

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ അമ്മയായി. വ്യാഴാഴ്ചയാണ് ജസിന്‍ഡ ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ജസിന്‍ഡ തന്നെയാണ് വാര്‍ത്ത ലോകത്തെയറിയിച്ചത്. പ്രാദേശികസമയം 4.45നാണ് ജസിന്‍ഡ കുഞ്ഞിന് ജന്മം നല്‍കിയത്. 

'നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി. ഞങ്ങള്‍ നന്നായിരിക്കുന്നു. ഓക്ക് ലാന്‍ഡ് സിറ്റി ആശുപത്രിയിലെ അംഗങ്ങള്‍ക്കും നന്ദി'യെന്നും ജസിന്‍ഡ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

 

പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വിശേഷം പുറത്തെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരും മറ്റും നേരത്തെ തന്നെ ആശുപത്രിയിലെത്തിച്ചേര്‍ന്നിരുന്നുവെങ്കിലും വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. 'കുഞ്ഞ് ഇനിയും വന്നിട്ടില്ല. അപ്പോഴും അവര്‍ മീഡിയയ്ക്ക് ആവശ്യമുള്ള ഭക്ഷണം എത്തിക്കുന്നുണ്ട്' എന്ന് ന്യൂസിലാന്‍ഡ് റേഡിയോ റിപ്പോര്‍ട്ടര്‍ ജെസ്സി ചിയാങ് രാവിലെ ആറ് മണിക്ക് ട്വീറ്റ് ചെയ്തിരുന്നു.

കുഞ്ഞിനെന്തു പേരിടുമെന്നടക്കം നിരവധി അഭിപ്രായ പ്രകടനങ്ങള്‍ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വന്നു കഴിഞ്ഞു. 21 ന് ജനിച്ചതുകൊണ്ട് വില്ല്യം രാജകുമാരനുമായും മുന്‍ പാക് പ്രധാനമന്ത്രി ബെനസീര്‍ ഭൂട്ടോയുമായും പിറന്നാള്‍ പങ്കു വയ്ക്കുന്നുവെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.  പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് ബേനസീര്‍ ഭൂട്ടോ. ഭൂട്ടോയുടെ മകള്‍ ഭക്താവര്‍ ഭൂട്ടോ ട്വിറ്ററിലൂടെ ആര്‍ഡണ് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

 ജനുവരിയില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ജസിന്‍ഡ അറിയിച്ചത്. '2017 ഒരു വിശേഷപ്പെട്ട വര്‍ഷമാണ്. പങ്കാളി ക്ലാര്‍ക്കും ഞാനും വലിയ ആവേശത്തിലാണ്. ജൂണില്‍ ഞങ്ങളുടെ ടീം രണ്ടില്‍ നിന്നും മൂന്നായി മാറുകയാണ്. ഞാന്‍ പ്രധാനമന്ത്രിയായിരിക്കും അമ്മയും. ക്ലാര്‍ക്ക് വീട്ടച്ഛനും. എനിക്കറിയാം നിങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ടെന്ന് അതിനെല്ലാം ഉത്തരം കിട്ടു'മെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

'ഒരേ സമയം ഒന്നിലധികം ജോലി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സ്ത്രീയൊന്നുമല്ല ഞാന്‍. കുഞ്ഞുള്ളപ്പോള്‍ ജോലി ചെയ്യുന്ന ആദ്യസ്ത്രീയുമല്ല. ഇത് ഒരു പ്രത്യേക സാഹചര്യമാണെന്ന് എനിക്കറിയാം. പക്ഷെ, എന്നേക്കാള്‍ നിരവധി സ്ത്രീകള്‍ വളരെ മനോഹരമായി ഈ സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ടെ'ന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജസിന്‍ഡ പറഞ്ഞിരുന്നു. 

ഒന്നരമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ്  ഒക്ടോബറില്‍ ലേബര്‍ പാര്‍ട്ടി നേതാവായ ജസിന്‍ഡ, ഫസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. ന്യൂസിലാന്‍ഡില്‍ അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 37കാരിയായ ജസിന്‍ഡ. ഇപ്പോള്‍, അധികാരത്തിലിരിക്കവെ കുഞ്ഞിന് ജന്മം നല്‍കിയ ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയും.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ