
പ്രതിഷേധിച്ചവരും പ്രതിഷേധിക്കാത്തവരും ഇപ്പോള്‍ ഭരണകൂടത്തിന്റെ കണ്ണിലെ വിമതരാണ്. അവര്‍ കൊല്ലപ്പെടേണ്ടവരാണ് സര്‍ക്കാറിന്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍ വെച്ചാണ് ചെസ്റ്റര്‍ ചവാരിയ എന്ന പത്തൊന്‍പതുകാരനെ പോലീസ് വെടിവെച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ചെസ്റ്റര്‍ മരിച്ചിരുന്നു. ചെസ്റ്റര്‍ ഒരു പ്രതീകം മാത്രമാണ്. ലോകത്ത് നിശ്ശബ്ദമാക്കപ്പെട്ട ശബ്ദങ്ങളുടെ പ്രതീകത്തുടര്‍ച്ച.
നിക്കരാഗ്വയിലെ യുനാന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ വലിയൊരു സായുധ പോരാട്ടത്തിലാണ്. അവര്‍ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയത് നിലനില്‍പ്പിനുള്ള പോരാട്ടത്തിനായി മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ മുഖം ഇല്ലാതാക്കിയ ഒരു സര്‍ക്കാറിനെ തൂത്തെറിയാന്‍ കൂടിയാണ്.
ദിവസങ്ങള്‍ നീളുന്ന പോരാട്ടം. പുസ്തകങ്ങള്‍ക്ക് പകരം ഓരോ വിദ്യാര്‍ത്ഥിയും കയ്യിലേന്തിയത് ആയുധങ്ങള്‍. മുഖംമൂടി ധരിച്ച് ബാരിക്കേഡുകളും സര്‍ക്കാര്‍ വക പോസ്റ്ററുകളും തട്ടിയെറിഞ്ഞ് ഓരോ വിദ്യാര്‍ത്ഥിയും രാജ്യത്തിനായി തെരുവിലിറങ്ങിയിരിക്കുകയാണ്.
ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ലോകത്തിലെ ഓരോ വിദ്യാര്‍ത്ഥി സമരങ്ങളും കാലം ആവശ്യപ്പെട്ടതായിരുന്നു. നിക്കരാഗ്വയിലെ വിദ്യാര്‍ത്ഥി സമരവും അതുപോലെ തന്നെ. പ്രസിഡന്റ് ഭരണം നിക്കരാഗ്വയെ അത്രയധികം കീഴ്പ്പെടുത്തിക്കഴിഞ്ഞു. ഫാസിസമെന്തെന്ന് അറിയാതിരുന്ന നിക്കരാഗ്വ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഡാനിയല്‍ ഓര്‍ട്ടേഗ എന്ന ഏകാധിപതിയുടെ കീഴിലാണ്. നിക്ക്വരാഗ എന്ന രാജ്യത്തിന്റെ പകുതിയിലധികം ജനസംഖ്യയും ഇന്ന് തെരുവില്‍ പ്രതിഷേധത്തിലാണ്. അതിന്റെ ഭാഗമായാണ വിദ്യാര്‍ത്ഥികളും തോക്കെടുത്ത് തെരുവിലിറങ്ങിയത്.
കരീബിയന്‍ കടലുകള്‍ക്ക് സമീപം, മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ നിക്കരാഗ്വയുടെ ഇപ്പോഴത്തെ മുഖം ചുവന്നതാണ്. ആയുധമേന്തിയ പോലീസ് സേന ഭരണകൂട വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയ ഓരോരുത്തരെയും ആക്രമിക്കുന്നു. പ്രായമോ ലിംഗമോ കണക്കിലെടുക്കാതെ 'കലാപകാരികള്‍' ക്കെതിരെ വെടിയുതിര്‍ക്കുന്നു.
ഭരണകൂടത്തിനെതിരെ പ്രതിഷേധമുയരുന്നത് നിക്കരാഗ്വയിലെ ആദ്യ സംഭവമല്ല. ഡാനിയല്‍ ഓര്‍ട്ടേഗയുടെ ഭരണത്തില്‍ നിരവധി തവണ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഓരോ തവണയും സര്‍ക്കാര്‍ പല രീതിയില്‍ പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. ഇത്തവണ സര്‍ക്കാര്‍ സ്വീകരിച്ച വഴി പ്രതിഷേധത്തെ ഉന്‍മൂലനം ചെയ്യുക എന്നതാണ്. രാജ്യം മറ്റൊരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കാണ് നീങ്ങുന്നത്.
പ്രതിഷേധിച്ചവരും പ്രതിഷേധിക്കാത്തവരും ഇപ്പോള്‍ ഭരണകൂടത്തിന്റെ കണ്ണിലെ വിമതരാണ്. അവര്‍ കൊല്ലപ്പെടേണ്ടവരാണ് സര്‍ക്കാറിന്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍ വെച്ചാണ് ചെസ്റ്റര്‍ ചവാരിയ എന്ന പത്തൊന്‍പതുകാരനെ പോലീസ് വെടിവെച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ചെസ്റ്റര്‍ മരിച്ചിരുന്നു. ചെസ്റ്റര്‍ ഒരു പ്രതീകം മാത്രമാണ്. ലോകത്ത് നിശ്ശബ്ദമാക്കപ്പെട്ട ശബ്ദങ്ങളുടെ പ്രതീകത്തുടര്‍ച്ച.
72 കാരനായ പ്രസിഡന്റും വൈസ് പ്രസിഡന്റായ ഭാര്യയും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് അധികാരമൊഴിയണം. അല്ലാത്തപക്ഷം മറ്റൊരു ആഭ്യന്തര യുദ്ധം രാജ്യത്തുണ്ടാകും. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ആഭ്യന്തര യുദ്ധം'-നിക്കരാഗ്വോന്‍ പൗരനും കത്തോലിക്കാ ചര്‍ച്ചിലെ അംഗവുമായ റൊളാന്‍േറാ അല്‍വരീസ് രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
വിദ്യാര്‍ത്ഥികള്‍ സര്‍ക്കാറിനെതിരെ തെരുവിലിറങ്ങുന്നത് ഇതാദ്യമല്ല. ലോകത്തെ മാറ്റിമറിച്ച വിപ്ലവങ്ങളിലും മുന്നേറ്റങ്ങളിലുമെല്ലാം നട്ടെല്ലായത് വിദ്യാര്‍ത്ഥികളുടെ രോഷമായിരുന്നു. ചൈനയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധമാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുഖ്യ വിദ്യാര്‍ത്ഥി സമരങ്ങളിലൊന്ന്. 1989ല്‍ ചൈനീസ് ഭരണാധികാരി ലീ പെംഗ് 'മാര്‍ഷ്യല്‍ നിയമം' കൊണ്ടുവന്നതിനെതിരെയായിരുന്നു ചൈനയില്‍ വിദ്യാര്‍ത്ഥി സമരം നടന്നത്. വെനിസുല, ബംഗ്ലാദേശ്, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇവയെല്ലാം ഭരണകൂടത്തെ വെല്ലുവിളിച്ചു നടന്നതായിരുന്നു. നിലനില്‍ക്കുന്ന സമഗ്ര അധികാര വ്യവസഥിതികള്‍ക്കെതിരായ ചെറുത്തു നില്‍പ്പുകളില്‍ കാമ്പസിനു മാത്രമായി മാറിനില്‍ക്കാനാവില്ല എന്നതാണ് വാസ്തവം.
ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ അതുണ്ട്. അടിയന്തിരാവസ്ഥ അടക്കമുള്ള ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ കാമ്പസുകള്‍ ശക്മായ ചെറുത്തുനില്‍പ്പുകള്‍ നടത്തിയ ചരിത്രം നമുക്കുണ്ട്.
സമീപകാലത്ത് കേന്ദ്ര സര്‍ക്കാറിനെതിരെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉയര്‍ന്ന മുദ്രാവാക്യവും സമാനമായ പശ്ചാത്തലത്തിലുള്ളതായിരുന്നു. ജെഎന്‍യുവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ കരുത്താണ് കാണിച്ചത്. രോഹിത് വെമുലയും നജീബും ആ സമരചരിത്രത്തിലെ ഐതിഹാസികമായ ബിംബങ്ങളായി ഇന്നും നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നുണ്ട്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.