ഇത്രയേറെ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചിട്ടും ഈ മനുഷ്യര്‍ എന്തുകൊണ്ടാണ് ഇങ്ങനെ?

By നിഷ മഞ്ചേഷ്First Published Aug 14, 2017, 11:57 AM IST
Highlights

ഓരോ ശിശുരോദനങ്ങളും ഒരു കോടി ഈശ്വര വിലാപം ആയിരുന്നെങ്കില്‍, തീര്‍ച്ചയായും ഇപ്പോള്‍ ഉത്തര്‍ പ്രദേശ് അലറിക്കരച്ചിലുകളടെയും തേങ്ങലുകളുടെയും പ്രതിഷേധങ്ങളുടെയും പ്രകമ്പനം കൊണ്ട് പ്രപഞ്ചത്തെ തന്നെ വിറപ്പിച്ചേനെ.

എന്നാല്‍ 70 ഓളം കുഞ്ഞുങ്ങളുടെ ഒച്ചവറ്റിയ രോദനങ്ങള്‍ക്കും നിതാന്ത നിശ്ശബ്ദതയ്ക്കും ശേഷവും ഈ നാട് നിശ്ശബ്ദമാണ്, ശാന്തമാണ്, നിസ്സംഗമാണ്. വിലാപങ്ങള്‍ പോവട്ടെ, ഒരിറ്റു കണ്ണീര്‍ പൊടിയുന്നില്ല. ശ്വാസം നിലയ്ക്കുന്ന അവസാന നിമിഷം ആ കുഞ്ഞുടലുകള്‍ അനുഭവിച്ച മരണപ്പിടച്ചിലുകള്‍ അകലങ്ങളിലുള്ള മനുഷ്യരെപോലും വിറകൊള്ളിക്കുമ്പോഴും തൊട്ടരികെയുള്ളവര്‍ക്ക് അെതാരു ഉറുമ്പു കടിച്ച അനക്കം പോലുമാവുന്നില്ല. സ്വന്തം കുഞ്ഞുങ്ങള്‍ മരിച്ചതിനുശേഷം കരച്ചിലുകളിലേക്ക് മുറിഞ്ഞുവീണ അമ്മമാരുടെ തീപോലുള്ള വേദനയുടെ തൊട്ടരികെ നില്‍ക്കുമ്പോഴും, ഞാനടക്കം താമസിക്കുന്ന ഈ മണ്ണിലെ മനുഷ്യര്‍ ക്രൂരമായ നിസ്സംഗതയിലേക്ക് സ്വയം ചെന്നു നില്‍ക്കുകയാണ്. 

ഈ നാട് നിശ്ശബ്ദമാണ്, ശാന്തമാണ്, നിസ്സംഗമാണ്.

എന്തു കൊണ്ടായിരിക്കും യു.പി ഇങ്ങനെ?  

മുമ്പും കണ്ടിട്ടുണ്ട് ഇങ്ങനെ. ദുരന്തങ്ങളും കലാപങ്ങളും ഉണ്ടാവുമ്പോഴും ഭീകരമായ നിശ്ശബ്ദതയിലേക്ക് ഈ നാട് ഇറങ്ങിനില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

അടുത്ത തെരുവുകളില്‍ ജാതീയതയും മത ഭ്രാന്തും കലാപം വിതയ്ക്കുമ്പോള്‍, അവിടുത്തെ ചോരമണം അങ്ങിനെ തന്നെ കാറ്റ് കൊണ്ട് വരുന്നത്ര അടുത്ത് ജീവിക്കുന്നവര്‍ പോലും അതിനെക്കുറിച്ച് ഒരു വാക്ക് പറയില്ല. 

തൊട്ടടുത്ത വീട്ടില്‍ ഒരു മരണം നടന്നാല്‍, വീട്ടില്‍ നിന്ന് ശവമഞ്ചം പുറത്തേയ്ക്ക് വരുമ്പോള്‍ മാത്രം സ്വന്തമിടത്ത് നിന്ന് എത്തി നോക്കുന്നവര്‍ ആണ് ഇവിടുള്ളവരില്‍ നല്ലൊരു ഭാഗവും .

ഈ നിസ്സംഗത കാന്‍പൂരില്‍ എത്തിയ കാലത്ത് ചെറുതായൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുള്ളത്. ജീവനില്ലാത്ത ഒന്ന് എന്ന് പലപ്പോഴും തോന്നിപ്പിച്ചു ഈ നാട് . പതിയെ പതിയെ മനസ്സ് അതിനോട് പൊരുത്തപ്പെടും പോലെ അഭിനയിച്ചു തുടങ്ങി.

നോട്ട് നിരോധിച്ച കാലത്ത് ഒരു പക്ഷേ അത് ഏറ്റവും അധികം ബാധിച്ച ഒരു ജനതയായിരുന്നു ഉത്തര്‍പ്രദേശിലേത്. അവര്‍ കോച്ചിവലിക്കുന്ന തണുപ്പിലും വെളുക്കും മുമ്പേ  തന്നെ ബാങ്കുകള്‍ക്ക് മുന്‍പില്‍ വരി നിന്നു. വെളുപ്പിന് മൂന്ന് മണിക്കും നാലുമണിക്കും മറ്റും എ ടി എം കൌണ്ടറുകള്‍ തേടി ഉറക്കം വിട്ട് ഓടി നടന്നു. അടിമകളെ പോലെ അവര്‍ അനുസരണ ഉള്ളവര്‍ ആയിരുന്നു അപ്പോഴും. എല്ലാം രാജ്യപുരോഗതിയ്ക്ക് വേണ്ടിയല്ലേ എന്ന് മന്ത്രം പോലെ പതിയെ ചുണ്ടനക്കി സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരുന്നു അവര്‍ .

ഇലക്ഷന്‍ വന്നപ്പോള്‍ വായ തുറന്ന് ഒന്നും പറയാതെ ഇവര്‍ ഇതേ മൗനത്തെ കൂട്ടിരുത്തി. ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ പറ്റാത്ത വിധം അവര്‍ ആളുകളെ പല തരത്തില്‍ തെറ്റിദ്ധരിപ്പിച്ചു.മഹാ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും അത് തന്നെ തുടര്‍ന്നു. ആഹ്ലാദമോ അഭിപ്രായമോ അവര്‍ തുറന്നു കാണിച്ചില്ല. 

മാട്ടിറച്ചി നിരോധനം ഭക്ഷണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ആയത് കൊണ്ട് ആരെങ്കിലുമൊക്കെ ചോദ്യം ചെയ്യുമെന്ന് കരുതിയെങ്കിലും ഇവര്‍ ശബ്ദിച്ചില്ല.

ചോദിച്ചപ്പോഴൊക്കെ, എന്ത് ചെയ്യാനാ ,പോത്തിറച്ചി ഉണ്ടെങ്കില്‍ ആണ് നല്ല കബാബ് ഉണ്ടാക്കാന്‍ പറ്റുന്നത്, ഇനിയിപ്പോ പറഞ്ഞിട്ടെന്താ എന്ന് പറഞ്ഞു കൊണ്ട് അവര്‍ നിരോധനങ്ങളെ ചുരുക്കെഴുത്തില്‍ ഒതുക്കി ഭീകരമാം വിധം അനുസരണ ഉള്ളവര്‍ ആയി.

ഉത്തര്‍പ്രദേശുകാര്‍ ഇപ്പോഴും നിസ്സംഗര്‍ ആണ്.

ഇപ്പോള്‍ ഇതാ കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നു. അവരുടെ അനക്കമില്ലാത്ത ദേഹവും വാരിപ്പിടിച്ച് മാതാപിതാക്കള്‍ കണ്ണുനീരും കരച്ചിലും മരവിപ്പുമായി വീട്ടിലേയ്ക്കുള്ള വഴി തേടുന്നു.

ഉത്തര്‍പ്രദേശുകാര്‍ ഇപ്പോഴും നിസ്സംഗര്‍ ആണ്.

രോഗം മൂലം മരിച്ച കുഞ്ഞുങ്ങള്‍ എന്ന് ഇവിടുത്തെ ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വത്തോടെ വാര്‍ത്തകള്‍ (?) പുറത്തു വിടുമ്പോള്‍ കണ്ണുമടച്ച് ഇവര്‍ അത് ഏറ്റ് പാടുന്നു. ആശുപത്രിയിലെ ഓക്‌സിജന്‍ തീര്‍ന്നതിന് സര്‍ക്കാര്‍ എന്ത് പിഴച്ചു എന്ന് തര്‍ക്കിക്കുന്നു. 

ഈ ജനത ഈ രാജ്യത്തിന്റെ കൂടി  പ്രതീകം ആണ്. എന്തും ശീലിക്കാന്‍ തയ്യാറുള്ള, അടിമത്തബോധം രക്തത്തില്‍ ഉറഞ്ഞു കൂടിയ, എന്റെ പിഞ്ഞാണവും, എന്റെ ആടകളും, എന്റെ കുടിയുമാണ് എന്റെ ജീവിതം എന്ന് വിശ്വസിക്കുന്ന ജനത. ഇവരാണിപ്പോള്‍ ദേശീയതയുടെ വിളംബരങ്ങള്‍ നടത്തുന്നത്. ഇതൊരു മാരക വിഷം പോലെ നാടാകെ പരക്കുകയാണ്. 

ചോദ്യം ചെയ്യാനുള്ള ശീലത്തെ, തെറ്റ് തിരിച്ചറിയാനുള്ള കഴിവിനെ, ചിന്തിക്കാന്‍ ശീലമുള്ള തലച്ചോറിനെ ഇവരേത് മരക്കൊമ്പിലാണ് മറന്നുവെച്ചത്? 

ഏതോ ഹോളിവുഡ് സിനിമയിലേത് എന്ന് തോന്നിപ്പിക്കുമാറ് ഇവരിപ്പോള്‍ നമുക്ക് തീരെ പരിചിതമല്ലാത്ത ഭാഷയും ചിന്തകളും വിനിമയം ചെയ്തു കൊണ്ടിരിക്കുന്നു.
തീര്‍ച്ചയായും ഒരു പരിണാമം ഈ ജനങ്ങള്‍ക്ക് ഉണ്ടാവാതിരിക്കില്ല. അത് പ്രകൃതിനിയമമാണ്. അതൊരിക്കലും ഒരു പൊട്ടിത്തെറിയിലൂടെ ആവരുതെ എന്ന് മാത്രം ആഗ്രഹിക്കുന്നു

click me!