
ഇല്ലായ്മയില്‍ നിന്ന് നക്ഷത്ര തിളക്കം, അഭിമാനമായി റഫ്‌സീന, ഇങ്ങനെയൊക്കെയായിരുന്നു ആ തലക്കെട്ടുകള്‍.
ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം വന്നതിന്റെ പിറ്റേ ദിവസം കണ്ണൂര്‍ ജില്ലയിലെ പത്രങ്ങളുടെ പ്രാദേശിക കോളങ്ങളില്‍ വന്ന പ്രധാന വാര്‍ത്ത മട്ടന്നൂര്‍ ശിവപുരത്തിനടുത്ത് മാലൂരിലെ റഫ്‌സീന എന്ന 17 വയസ്സുകാരിയെ കുറിച്ചായിരുന്നു.
എന്തുകൊണ്ട് റഫ്‌സീന വാര്‍ത്തയായെന്നല്ലേ..?
അവളുടെ വിജയം അമ്പരപ്പിക്കുന്നതായിരുന്നു.
96 ശതമാനം മാര്‍ക്ക് നേടിയായിരുന്നു റഫ്‌സീനയുടെ ജയം, ശതമാനം പറയുന്നതിനേക്കാള്‍ മാര്‍ക്ക് പറയുമ്പോള്‍ പ്രദേശിക കോളങ്ങളിലെ തലക്കെട്ടായ തിളക്കമല്ല തിളക്കത്തേക്കാള്‍ തിളക്കമുള്ളതാണ് അവളുടെ ജയമെന്ന് മനസ്സിലാകും.
1200 ല്‍ 1189 മാര്‍ക്ക് നേടിയാണ് റഫ്‌സീന ജയിച്ചത്. അതായത് 11 മാര്‍ക്ക് കൂടി നേടിയെങ്കില്‍ മുഴുവന്‍ മാര്‍ക്കും കിട്ടുമായിരുന്നു റഫ്‌സീനയ്ക്ക്. വലിയ വീട്ടില്‍, വില കൂടിയ വെളിച്ചത്തിന് കീഴെ, സുഖമുള്ള കസേരയിലിരുന്ന് പഠിച്ചല്ല റഫ്‌സീന തിളക്കമുള്ള വിജയം നേടിയത്.
മാലൂര്‍ നിട്ടാപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഒറ്റമുറിയുള്ളതാണ് അവളുടെ വീട്.വീട്ടില്‍ വെളിച്ചം വന്നിട്ട് അധികമായില്ല. ഇങ്ങനെ സര്‍വ്വ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇത്ര വലിയ ജയം റഫ്‌സീന നേടിയത്.
മാലൂരിലെ മാത്രമല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്. അവള്‍ പഠിച്ചിരുന്ന ശിവപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് റഫ്‌സീനയ്ക്കായിരുന്നു.സ്‌കൂളിനെ നേട്ടത്തിന്റെ കൊടുമുടിയിലെത്തിച്ച അവളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് പറയാന്‍ നൂറ് വാക്കുണ്ട്. സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജിതിന്‍ അയ്യല്ലൂര്‍ പറയുന്നു, 'അത്ഭുതമായിരുന്നു റഫ്‌സീന!'
അതെ, അവള്‍ അത്ഭുതം തന്നെയായിരുന്നു, നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും, വാര്‍ത്തയിലൂടെ അവളെ അറിഞ്ഞവര്‍ക്കും.
ഡോക്ടറാവുക എന്നതായിരുന്നു ആഗ്രഹം.
എന്നിട്ടോ?
വാര്‍ത്തകള്‍ അവിടെ തീര്‍ന്നില്ല. വീണ്ടുമവള്‍ വാര്‍ത്തയായി. അതുപക്ഷേ, അങ്ങേയറ്റം കരയിക്കുന്ന വാര്‍ത്തയാണ്. ഇത്തവണ പ്രാദേശിക കോളത്തിലല്ല. സ്‌റ്റേറ്റ് പേജില്‍.
തലക്കെട്ട് ഇങ്ങനെ, തിളക്കമുള്ള ജയം ബാക്കി,റഫ്‌സീന ആത്മഹത്യ ചെയ്തു!
വാര്‍ത്തകളിലെല്ലാം ജീവനൊടുക്കുംമുമ്പ് അവളെഴുതിയ ആത്മഹത്യ കുറിപ്പിലെ വാചകങ്ങളുമുണ്ടായിരുന്നു.
'എന്റെ ജീവിതം എനിയ്ക്കുള്ളതാണ്. മറ്റാരും അതില്‍ ഇടപെടുന്നത് എനിക്കിഷ്ടമല്ല'
ഈ രണ്ടു വാര്‍ത്തകള്‍ക്കുമിടയില്‍, ആ പെണ്‍കുട്ടി ജീവിച്ച ജീവിതത്തിന്റെ ആകത്തുകയാണ് ഈ വാചകങ്ങള്‍. പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനും ശേഷം അവളുടെ ജീവിതത്തെ കീറിമുറിച്ച എന്തോ കടുത്ത വിഷാദത്തിന്റെ കണ്ണാടി കൂടിയാണ് ഈ വാചകങ്ങള്‍. ഉന്നത പഠന രംഗം പൂര്‍ണ്ണമായും പണമുള്ളവര്‍ക്ക് മാത്രമായി മാറ്റിവെക്കപ്പെട്ട കാലത്താണ്, മിടുക്കിയായ ഈ പെണ്‍കുട്ടി ജീവിതത്തില്‍നിന്നും തിരിഞ്ഞു നടന്നത്.്
പണമുള്ളവര്‍ക്ക് മാത്രം എത്തിപ്പിടിക്കാവുന്ന ഒരു വഴിയിലേക്കാണ് താന്‍ നടന്നു കയറുന്നതെന്ന അമ്പരപ്പായിരിക്കുാേമ ആ കുഞ്ഞുവെളിച്ചം ഈതിക്കെടുത്തിയിട്ടുണ്ടാവുക? അറിയില്ല.
അഭിമാനിയായിരുന്നു റഫ്‌സീനയെന്ന് അവളുടെ അധ്യാപകര്‍ പറയുന്നു. തന്റെ ദാരിദ്ര്യം ഒരിക്കലും അവള്‍ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാറില്ല. അതവള്‍ക്ക് സഹിക്കാനാവില്ലായിരുന്നു. പിതാവ് ഉപേക്ഷിച്ചു പോയ ചെറുകുടുംബം അനുഭവിക്കുന്ന ദാരിദ്ര്യത്തെ സ്വന്തം ഇച്ഛാശക്തിയാല്‍ മറി കടക്കാനാവുമെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. ആരെങ്കിലും സഹായം നല്‍കിയാലും അവളത് സ്വീകരിക്കില്ലെന്നും അവളെ അറിയുന്ന അധ്യാപകരിലൊരാള്‍ പറയുന്നു.
പരീക്ഷാ വിജയത്തിനുശേഷം അവളെ നാടറിഞ്ഞു. അതിലെല്ലാം അവള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ കൂടി വിശേഷണങ്ങളുണ്ടായിരുന്നു. ഇത്രയും ദരിദ്രമായ അവസ്ഥയില്‍നിന്നും ഇത്ര വലിയ വിജയം നേടി എന്ന ആംഗിള്‍. അങ്ങനെയൊരു പ്രശസ്തിയിലും അവളുടെ ദാരിദ്ര്യം നാടറിഞ്ഞല്ലോ എന്ന സങ്കടമായിരിക്കുമോ ആ കുഞ്ഞു മനസ്സിനെ മുറിവേല്‍പ്പിച്ചിരിക്കുക? അതും അറിയില്ല.
എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരമെഴുതിയ റഫ്‌സീന കുറച്ചു ചോദ്യങ്ങള്‍ അങ്ങനെ തന്നെ ബാക്കി നിര്‍ത്തിയാണ് മരണത്തിലേക്ക് നടന്നുപോയത്.
വിദ്യാഭ്യാസത്തോട്, സമൂഹത്തോട്, സര്‍ക്കാരിനോട്, നമ്മളോടുള്ള ചോദ്യങ്ങള്‍. അവള്‍ക്ക് വേണ്ടി, അവളെപ്പോലുള്ള മറ്റു കുട്ടികള്‍ക്കു വേണ്ടി നമുക്കെന്ത് ചെയ്യാന്‍ കഴിഞ്ഞുവെന്ന നിസ്സാഹയമായ ചോദ്യങ്ങള്‍.
ആദരാജ്ഞലികള്‍ അര്‍പ്പിച്ച്, ഔപചാരികത ചൊല്ലി നമുക്ക് റഫ്‌സീനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാം.
അവള്‍ ഉറങ്ങട്ടെ!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.