
നമ്മൾ പട്ടിയെയും പൂച്ചയെയുമൊക്കെ വീട്ടിനകത്ത് വളർത്തുന്നത് കണ്ടിട്ടുണ്ടാകും. എന്നാൽ, ഐവിബ്രിഡ്ജിലെ കോൺവുഡിൽ താമസിക്കുന്ന നോർത്ത്മോർ കുടുംബത്തിൽ ചെന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വളർത്തുമൃഗത്തെ കാണാം. അവിടെ വീടിനകത്ത് നിങ്ങളെ സ്വീകരിക്കാൻ വീട്ടുകാർക്കോടൊപ്പം ഹണി എന്ന പശുവുമുണ്ടാകും. കഴിഞ്ഞ ശൈത്യകാലത്ത് രക്ഷപ്പെടുത്തി കൊണ്ടുവന്ന ആ പശുക്കുട്ടിയെ തൊഴുത്തിൽ അല്ല, മറിച്ച് വീട്ടുകാർക്കൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. അതിന് കൂട്ടായി നായ്ക്കളായ ആർച്ചി, ഐവി, അഡാ, ട്രാക്കിൾ എന്നിവരും ഉണ്ട്. കുഞ്ഞുഹണിയ്ക്ക് തന്റെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനാണ് ഏറ്റവും ഇഷ്ടം.
അവൾക്ക് സ്വന്തമായി കിടക്കയും, ഭക്ഷണം കഴിക്കാൻ പാത്രവുമുണ്ട്. അവൾ സിസേറിയൻ വഴിയാണ് ജനിച്ചത്. ജനിക്കുന്ന സമയത്ത് അവൾ തീരെ അവശയായിരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ തീർത്തും ദുർബലയായിരുന്ന അവളെ നോർത്ത്മോർ കുടുംബം വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. തണുത്ത് വിറച്ച് നിന്ന പത്തുമാസം പ്രായമുള്ള അവളെ 18 -കാരിയായ മോളി നോർത്ത്മോറാണ് വീടിനകത്ത് പാർപ്പിച്ചത്. "അവൾ സ്വയം ഒരു നായ്ക്കുട്ടിയാണ് എന്നാണ് വിചാരിക്കുന്നത്. നായ്ക്കൾക്കൊപ്പമാണ് അവൾ വളർന്നത്. താൻ ആരാണെന്ന് അവൾക്ക് അറിയാമോ എന്നറിയില്ല, പ്രത്യേകിച്ച് താൻ ഒരു പശുവാണെന്ന് ഒട്ടും അറിയില്ലെന്ന് തോന്നുന്നു. അവൾ പശുത്തൊഴുത്തിന്റെ അരികിലൂടെ പോകുമ്പോൾ മറ്റ് പശുക്കൾ അവളെ നോക്കി അമറും. എന്നാൽ, അവൾ തിരിച്ച് പ്രതികരിക്കില്ല" കുടുംബത്തിലെ കരോലിൻ പറയുന്നു.
കഴിഞ്ഞ മാർച്ചിലെ തണുപ്പുള്ള ഒരു രാത്രിയിലാണ് ഹണിയെ ആദ്യമായി വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. ആദ്യത്തെ രണ്ടാഴ്ച എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്തവിധം ദുർബലമായിരുന്നു അവൾ എന്ന് കുടുംബം പറഞ്ഞു. "ആദ്യം കാണുമ്പോൾ അവൾ ഒരു ചെറിയ ലാബ്രഡോറിന്റെ അത്രേ ഉണ്ടായിരുന്നുള്ളൂ. അവളെ ഏത് വിധേനയും രക്ഷപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു" കരോലിൻ പറഞ്ഞു. സ്വീകരണമുറിയിൽ തീയുടെ അടുത്തുള്ള ഒരു പച്ചക്കറിപ്പെട്ടിയിലാണ് ഹണിയെ ആദ്യം കിടത്തിയിരുന്നത്. ജനിച്ച് ദിവസങ്ങൾ മാത്രമുള്ള ആർച്ചിയും അവൾക്ക് കൂട്ടായിട്ടുണ്ടായിരുന്നു. ഏത് സമയവും അവൾ ആ പച്ചക്കറി പെട്ടിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഓരോ മണിക്കൂറിലും ഹണിക്ക് ഭക്ഷണം നൽകുമായിരുന്നു. ഇടക്കിടെ അവളെ തിരിച്ച് കിടത്തുമായിരുന്നു. കാരണം സ്വയം തിരഞ്ഞ് കിടക്കാനുള്ള ആരോഗ്യം അവൾക്കില്ലായിരുന്നു. കൂടാതെ ഒരു ട്യൂബ് വഴിയാണ് ആഹാരം നൽകിയിരുന്നത്. ഡോക്ടർ നൽകിയ മരുന്നുകളും അവൾക്ക് നൽകി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് നിൽക്കാനും നടക്കാനും തുടങ്ങി. ഇപ്പോൾ അവൾ വീടിനകത്ത് ഓടി നടക്കും. പുറത്ത് പോകാൻ ഒട്ടും ഇഷ്ടമില്ലാത്ത അവൾക്ക് സോഫയിൽ കയറി ഇരുന്ന് ടി വി യിൽ ക്വിസ് മത്സരവും, കുതിരയോട്ടവും കാണാനാണ് താല്പര്യം.