മനുഷ്യരുടെ ഇടപെടലില്ല, മലിനീകരണമില്ല, കടൽത്തീരത്ത് മുട്ടയിടാനെത്തിയത് ആയിരക്കണക്കിന് കടലാമകൾ

By Web TeamFirst Published Apr 11, 2020, 9:49 AM IST
Highlights

കഴിഞ്ഞ വർഷം ഉണ്ടായ ചുഴലിക്കാറ്റിൽ ഇവയ്ക്ക് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു. കൊടുങ്കാറ്റ് കഴിഞ്ഞപ്പോൾ, അവശിഷ്ടങ്ങൾ വൃത്തിയാക്കാനും കടലാമകൾക്കായി തീരം സജ്ജമാക്കാനും പക്ഷേ അധികൃതർക്ക് കഴിഞ്ഞു. 

കൊവിഡ് 19 കാരണം രാജ്യത്തെ ജനങ്ങൾ വീടുകളിൽ ഒതുങ്ങികൂടുമ്പോൾ, മൃഗങ്ങളെയും, പക്ഷികളെയും പ്രകൃതിയി രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. മനുഷ്യരെ ഭയക്കാതെ അവയ്ക്കിപ്പൊ ഇറങ്ങിനടക്കാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റോഡിൽ മയിലുകളെ കണ്ടത് വാർത്തയായിരുന്നു. മനുഷ്യരുടെ ചൂഷണത്തിൽനിന്ന് രക്ഷപ്പെട്ട് അവ ഇപ്പോൾ സ്വൈര്യവിഹാരം നടത്തുകയാണ്. കാലങ്ങളായി കാണാതിരുന്ന പല അപൂർവങ്ങളായ പക്ഷികളെയും , മൃഗങ്ങളെയും നമ്മൾ വീണ്ടും കാണാൻ തുടങ്ങിരിക്കുന്നു. പ്രകൃതിയ്ക്ക് ഇത് അതിജീവനത്തിന്റെ സമയമാണ്. 

ഇന്ത്യയിൽ ഒഡീഷയിലെ കടലോരങ്ങൾ അത്യപൂർവമായ കാഴ്ചയ്ക്ക് വേദിയാവുകയാണ് ഈ ക്വാറന്റൈൻ കാലം. ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കടൽതീരത്ത് മുട്ടയിടുന്ന അപൂർവ കാഴ്ചയാണ് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയത്. ഏറ്റവുമധികം ഒലിവ് റിഡ്ലി കടലാമകൾ കാണപ്പെടുന്ന ബീച്ചുകളിലൊന്നാണ് ഒഡീഷയിലെ ​ഗഹിർമാതാ ബീച്ച്. മനുഷ്യരുടെ ഇടപെടലും, മലിനീകരണവും കുറഞ്ഞപ്പോൾ ആമകൾ ധൈര്യത്തോടെ പുറത്ത് വരാൻ തുടങ്ങി. എല്ലാ വർഷവും ഈ സമയത്ത് ആമകളിങ്ങനെയെത്തി മുട്ടയിടാറുണ്ടെങ്കിലും, ഇപ്രാവശ്യം അവയുടെ എണ്ണത്തിൽ വൻവർധനവ് വന്നിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സംഭവം സാധാരണയായി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു വലിയ കാര്യമാണെങ്കിലും, 21 ദിവസത്തെ ലോക്ക് ഡൗണിൽ ആണല്ലോ രാജ്യം. അതുകൊണ്ട് തന്നെ മനുഷ്യർക്ക് ഇപ്രാവശ്യം അവയെ ശല്യപ്പെടുത്താനായില്ല. ഒഡീഷയിൽ  407, 194 ഒലിവ് റിഡ്‌ലി കടലാമകളുണ്ട്. മാർച്ച് 14 മുതൽ 21 വരെയുള്ള സമയത്താണ് അവ മുട്ടയിടുന്നത്. 45 കിലോ ഭാരമുള്ള ഏകദേശം രണ്ട് അടി മാത്രം ഉയരവുമുള്ള കടലാമകളാണ് റിഡ്‌ലികൾ. അവയെക്കാളും ചെറിയ തലയും ചെറിയ ഷെല്ലുമുള്ളതാണ് ഒലിവ് റിഡ്‌ലികൾ.  

കഴിഞ്ഞ വർഷം ഉണ്ടായ ചുഴലിക്കാറ്റിൽ ഇവയ്ക്ക് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു. കൊടുങ്കാറ്റ് കഴിഞ്ഞപ്പോൾ, അവശിഷ്ടങ്ങൾ വൃത്തിയാക്കാനും കടലാമകൾക്കായി തീരം സജ്ജമാക്കാനും പക്ഷേ അധികൃതർക്ക് കഴിഞ്ഞു. മത്സ്യത്തൊഴിലാളിയുടെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ആ മുട്ടകളെ നായ്ക്കളെയും മറ്റ് ഇരകളും തിന്നാതെ വനം വകുപ്പ് നോക്കുന്നു. കടലാമകൾ മുട്ടയിൽനിന്ന് വിരിഞ്ഞ് പുറത്ത് വന്നുകഴിഞ്ഞാൽ സമുദ്രത്തിലേക്ക് പോകുന്നത് വരെ പക്ഷികളും മറ്റ് സമുദ്രജീവികളും അവയെ ഭക്ഷിക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ വലകളും അവയുടെ നിലനിൽപ്പിന് ഒരു വലിയ ഭീഷണിയാണ്. വാണിജ്യ മത്സ്യത്തൊഴിലാളികളെ അകറ്റി നിർത്താൻ ഈ വർഷം ഇന്ത്യൻ സർക്കാർ സ്വന്തം ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. ഒഡീഷ വൈൽഡ്‌ലൈഫ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഒലിവ് റിഡ്‌ലി പകുതിയും ഇന്ത്യൻ തീരത്താണ് ഉള്ളത്.   

സമുദ്ര ആമകളിൽ ഏറ്റവും കൂടുതൽ ഒലിവ് റിഡ്‌ലി ആമകളാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അടുത്തകാലത്തായി അവയുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് പടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിൽ അതിന്റെ എണ്ണം അതിവേഗം കുറയുന്നു.  

click me!