ഇനി മുതൽ ഓക്സ്ഫോർഡ് നിഘണ്ടുവില്‍ സ്ത്രീയെന്നാൽ പഴയ അര്‍ത്ഥമല്ല, പരിഷ്‍കരിച്ച് നിഘണ്ടു

By Web TeamFirst Published Nov 10, 2020, 12:46 PM IST
Highlights

സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്‍തതിന് ശേഷമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു.

ഒടുവിൽ ഓക്സ്ഫോർഡ് നിഘണ്ടു സ്ത്രീയുടെ നിർവചനം തിരുത്തുന്നു. നിഘണ്ടുവിൽ 'സ്ത്രീ' എന്ന വാക്കിന് നൽകിയിരുന്ന നിർവചനം ഒരുപാട് കാലമായി കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതും, തരംതാഴ്ത്തുന്നതുമാണ് അതെന്ന് പരക്കെ പരാതികൾ ഉയർന്നിരുന്നു. ലിംഗവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ പദങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം 30, 000 -ത്തിലധികം പേർ ഒപ്പിട്ട ഒരു ഹർജിയും സമർപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് ഇപ്പോൾ ആ വിവേചനപരമായ നിർവചനം തിരുത്താൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് തീരുമാനിക്കുന്നത്.      

മുൻപ് നിഘണ്ടുവിൽ സ്ത്രീ എന്ന് തിരഞ്ഞാൽ കാണുന്നത് ബിച്ച് (Bitch ), ബിന്‍റ് ( Bint ), വെഞ്ച് ( Wench ) തുടങ്ങിയ അപമാനകരമായ വാക്കുകളായിരുന്നു. പുതിയ നിർവചനം അനുസരിച്ച് 'ഒരു വ്യക്തിയുടെ ഭാര്യ, കാമുകി അല്ലെങ്കിൽ സ്നേഹിത' എന്നിവയാണ് സ്ത്രീയുടെ പര്യായങ്ങൾ. ഒരു പുരുഷന്റെ ഉടമസ്ഥതയിലാണ് സ്ത്രീയെന്ന അർത്ഥം വരാതിരിക്കാനാണ് പുതിയ നിർവചനത്തിൽ പുരുഷന് പകരം വ്യക്തി എന്ന് കൊടുത്തിരിക്കുന്നത് എന്നാണ് പ്രസ് പറയുന്നത്. സ്ത്രീക്കൊപ്പം പുരുഷന്റെ നിർവചനത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. കൂടാതെ ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റ് പല വാക്കുകളും പരിഷ്‍കരിച്ചിട്ടുണ്ട്.  

സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്‍തതിന് ശേഷമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു. ദി ഗാർഡിയൻ പറയുന്നതനുസരിച്ച്, മാറ്റങ്ങൾ വേണമെന്ന് അഭ്യർത്ഥിച്ചവർ, പുരുഷന് നിഘണ്ടുവിൽ കുറച്ച് കൂടി വിശാലമായ അർത്ഥമാണ് നല്‍കിയിരിക്കുന്നതെന്നും, അതേസമയം സ്ത്രീയെ താഴ്ത്തിക്കെട്ടുന്ന, പ്രകോപനപരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പറയുന്നു. പുരുഷന്മാർ സ്ത്രീകളുടെ ഉടമകളാണ് എന്ന് തോന്നിപ്പിക്കും വിധവും, ലിംഗവിവേചനത്തെ എടുത്ത് കാണിക്കുന്നതോ, സംരക്ഷിക്കുന്നതോ ആയ രീതിയിലുമാണ് സ്ത്രീയുടെ പര്യായങ്ങൾ ഡിക്ഷ്‍ണറിയിൽ നൽകിയിട്ടുള്ളത് എന്നും ഹർജിയിൽ പറയുന്നു. കൂടാതെ ട്രാൻസ്‌ജെൻഡർ വനിതകള്‍, ലെസ്ബിയൻ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ പദങ്ങളും ഇതിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി.  

click me!