ചരസും ഹെറോയിനുമൊന്നും കത്തിച്ചുകളയണ്ട, ഇങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Feb 4, 2020, 3:37 PM IST
Highlights

അങ്ങനെ പലവിധ പ്രയോജനങ്ങൾ ഉള്ള മയക്കുമരുന്ന് വെറുതെ കത്തിച്ചു കളയാതെ മനുഷ്യർക്ക് ഉപകാരപ്രദമാക്കി മാറ്റം പരിശ്രമിക്കുകയാണ് പാകിസ്ഥാൻ. 

പല രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. പലയിടത്തും ഒരു വേദനാസംഹാരിയായി അത് ഉപയോഗിക്കുന്നുമുണ്ട്. അത്തരമൊരു പുതിയ ആശയവുമായി വരികയാണോ പാകിസ്ഥാനും? മയക്കുമരുന്നായ ഹാഷിഷ് പാകിസ്ഥാനിൽ നിയമവിരുദ്ധമാണ്. എന്നിരുന്നാലും പാകിസ്ഥാനിൽ പലയിടത്തും അത് 'ചരസ്' എന്ന പേരിൽ നിയമവിരുദ്ധമായി വിൽക്കപ്പെടുന്നുണ്ട്. 

പാകിസ്ഥാൻ കസ്റ്റംസ് വകുപ്പ് എല്ലാ വർഷവും വലിയ അളവിലാണ് ഹാഷിഷ് പിടിച്ചെടുക്കുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഹാഷിഷ് കത്തിച്ചുകളയുകയാണ് പതിവ്. എന്നാൽ, പിടിച്ചെടുത്ത ഹാഷിഷും, മറ്റ് മയക്കുമരുന്നുകളും ഇങ്ങനെ ചുമ്മാ കത്തിച്ച്‌ കളയാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു താല്പര്യമില്ല. പകരം അവയിൽനിന്ന് മരുന്നുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു ഫാക്ടറി സ്ഥാപിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നാണ് മയക്കുമരുന്ന് നിയന്ത്രണ സഹമന്ത്രി ഷെഹ്‍രാർ അഫ്രീദി തിങ്കളാഴ്ച പറഞ്ഞത്. 

ഇൻറർനെറ്റിലൂടെ ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വീഡിയോയിലാണ് പ്രധാനമന്ത്രിയുടെ ഉത്തരവനുസരിച്ച് ഒരു ഫാക്ടറി സ്ഥാപിക്കാൻ തന്റെ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് അഫ്രീദി വെളിപ്പെടുത്തിയത്. ഫാക്ടറിയിൽ മരുന്നുകൾ നിർമ്മിക്കാൻ പിടിച്ചെടുത്ത മയക്കു മരുന്നുകൾ മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് കിലോഗ്രാം മയക്കുമരുന്നാണ് പ്രതിവർഷം ANF ഇങ്ങനെ ആർക്കും  പ്രയോജനമില്ലാത്ത കത്തിച്ചു കളയുന്നത്.  

“ഞങ്ങൾ ഒരു ഫാക്ടറി സ്ഥാപിക്കുകയാണ്… ഞങ്ങൾ ഓരോ വർഷവും ഹെറോയിൻ, ഹാഷിഷ്, ഓപിയം തുടങ്ങിയ മയക്കുമരുന്നുകൾ കത്തിക്കുന്നു. പക്ഷേ, മറ്റ് രാജ്യങ്ങൾ അവ മരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുകയാണ്. ഇപ്പോൾ, പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരം, താഴ്വരയിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി പ്രദേശവാസികളുടെ ജീവിതവും മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കുന്ന അല്ലെങ്കിൽ അപകടകരമായ ഒരു സംഭവത്തിലൂടെ കടന്നുപോകേണ്ടിവന്ന ആളുകളിൽ ഉണ്ടാകുന്ന ഒരു മനോരോഗമാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി ടി എസ് ഡി). നിരവധി വിശ്വസനീയമായ സ്രോതസ്സുകൾ വർഷങ്ങളായി നടത്തിയ ഗവേഷണമനുസരിച്ച്, കഞ്ചാവ്, മരിജുവാന അല്ലെങ്കിൽ ഹാഷിഷ് എന്നിവയ്ക്ക് പിടിഎസ്ഡിയുടെ ആഘാതം കുറയ്ക്കാനും, ഓക്കാനം നിയന്ത്രിക്കാനും സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. കൂടാതെ ഗ്ലോക്കോമ, ക്രോൺസ് രോഗം എന്നിവയുടെ ചില ലക്ഷണങ്ങള്‍ കുറയ്ക്കാൻ ഇതിന് കഴിയുമെന്നും പറയുന്നു. 

അതുപോലെ, ഹാനോവർ മെഡിക്കൽ സ്കൂളിലെ ഒരു പഠനത്തിൽ, സാധാരണയായി വികോഡിൻ, പെർകോസെറ്റ്, ഓക്സികോണ്ടിൻ, അല്ലെങ്കിൽ ഡെമെറോൾ തുടങ്ങിയ വേദനസംഹാരികൾ അമിതമായി കഴിക്കുന്ന ആളുകൾക്ക്, ചെറിയ അളവിൽ ഹെറോയിൻ കഴിച്ചാൽ  അവരുടെ വേദനസംഹാരികളോടുള്ള ആസക്തിയെ അവർക്ക് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെ പലവിധ പ്രയോജനങ്ങൾ ഉള്ള മയക്കുമരുന്ന് വെറുതെ കത്തിച്ചു കളയാതെ മനുഷ്യർക്ക് ഉപകാരപ്രദമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണോ പാകിസ്ഥാൻ. 

 

click me!