ഡി‌എസ്‌പി ദേവീന്ദർ സിംഗിനെ കുടുക്കിയത് ശ്രീനഗർ പോലീസ് ചോർത്തിയ ഈ ഫോൺ കോൾ

By Web TeamFirst Published Feb 4, 2020, 1:36 PM IST
Highlights

ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരും മുമ്പ് നാവീദ് ഒരു ജമ്മുകശ്മീർ പൊലീസിലെ സ്‌പെഷ്യൽ പൊലീസ് ഓഫീസർ ആയിരുന്നതുകൊണ്ട്, ഫോൺ സംഭാഷണത്തിൽ പറഞ്ഞ ആ പൊലീസുകാരനും ഏറിവന്നാൽ വല്ല കോൺസ്റ്റബിളോ സബ് ഇൻസ്പെക്ടറോ ഒക്കെ ആയിരിക്കും എന്നേ പൊലീസ് കരുതിയുള്ളൂ.  

ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറായ നാവീദ് ബാബുവിന്റെ സഹോദരൻ നടത്തിയ ഒരു ഫോൺ കോളാണ് ഇന്ത്യയെ ആകെ പിടിച്ചുലച്ച ഒരു വലിയ അറസ്റ്റിലേക്ക് നയിച്ചത്. ശ്രീനഗർ എയർപോർട്ട് പോലീസ് സ്റ്റേഷൻ ഡിഎസ്പി ആയിരുന്ന ദേവീന്ദർ സിംഗിന്റെ അറസ്റ്റിലേക്ക്. ആ ഫോൺ കോളിൽ അയാൾ ജമ്മുവിലേക്ക് ഒരു പൊലീസുകാരനൊപ്പം യാത്രപോകുന്നതിനെപ്പറ്റി പറഞ്ഞതാണ്, അവർക്കായി വലവിരിക്കാൻ സൗത്ത് കശ്മീർ ഡിഐജി അതുൽ ഗോയലിനെ പ്രേരിപ്പിച്ചത്.

ഷോപ്പിയാനിലെ പോലീസ് സൂപ്രണ്ടാണ് ഗോയലിനോട് ഈ ഒരു ഫോൺ ചോർത്തലിനെപ്പറ്റി പറയുന്നത്. ഒന്ന് വലവീശിയാൽ ചിലപ്പോൾ നല്ല മീൻ വല്ലതും കിട്ടും എന്ന് എസ്‍പി ഡിഐജിയോട് പറഞ്ഞു.അവർ വല വിരിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ, അവരുടെ പ്രതീക്ഷകൾക്ക് ഒക്കെ അപ്പുറത്തായിരുന്നു കോര്. ആ വലയിൽ വന്നു കുടുങ്ങിയത് കൊമ്പൻ സ്രാവുകളായിരുന്നു. നാവീദ് ബാബു, ആസിഫ് റാഥേർ, ഇർഫാൻ അഹമ്മദ് മീർ എന്ന അഭിഭാഷകൻ, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ ഡിഎസ്പി ദേവീന്ദർ സിങ്ങും. അറസ്റ്റിനുശേഷം ദേവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു എകെ 47 യന്ത്രത്തോക്കും, രണ്ട് പിസ്റ്റലുകളും പൊലീസ് കണ്ടെടുത്തിരുന്നു. നവീദിന്റെ വെളിപ്പെടുത്തലിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു എകെ 47 യന്ത്രത്തോക്കും, ഒരു പിസ്റ്റലും, ഗ്രനേഡുകളും വേറെയും കണ്ടെടുക്കുകയുണ്ടായി. അവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.ഡിഎസ്പി ദേവീന്ദർ സിങ് അവരെ സുരക്ഷിതമായി ജമ്മുവിൽ എത്തിക്കാനുള്ള 'കാരിയർ' ആയിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിഎസ്‍പി ഇരിക്കുന്ന കാർ ആരും പരിശോധിക്കാൻ ധൈര്യപ്പെടില്ലല്ലോ.

ഏറ്റവും വലിയ കൊമ്പൻ സ്രാവ് ഇർഫാൻ അഹമ്മദ് മീർ എന്ന അഭിഭാഷകൻ 

സത്യത്തിൽ ഡിഎസ്‍പി ദേവീന്ദർ സിങ്ങോ അല്ലെങ്കിൽ നാവീദ് ബാബുവോ അല്ലായിരുന്നു പൊലീസിനെ സംബന്ധിച്ചിടത്തോളം വലയിൽ കുടുങ്ങിയതിൽ വെച്ച് ഏറ്റവും വലിയ മത്സ്യം. അത്  ഇർഫാൻ അഹമ്മദ് മീർ എന്ന അഭിഭാഷകനായിരുന്നു. മീറിന് താഴ്വരയിലെ റോ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയ പല ഇന്റലിജൻസ് ഏജൻസികളുമായി രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. അതുവഴി പല രഹസ്യ വിവരങ്ങളും ചോർത്തുകയും ചെയ്തിരുന്നു. മീറിന്റെ അച്ഛൻ മുഹമ്മദ് ഷാഫി മീർ, തൊണ്ണൂറുകളിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ സഹയാത്രികനായിരുന്നു. സുരക്ഷാ സേനയുമായുള്ള പോരാട്ടത്തിൽ അക്കാലത്തുതന്നെ മുഹമ്മദ് ഷാഫി മീർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുൻകാല തീവ്രവാദിയായിരുന്ന അച്ഛനായിരുന്നു ഇർഫാൻ മീറിന്റെ തീവ്രവാദ കണക്ഷൻ.  കൃത്യമായി പക്ഷം വെളിപ്പെടാതെ ഒരേസമയം തീവ്രവാദികൾക്കും, സുരക്ഷാ സേനയ്ക്കും തങ്ങളുടെ ഭാഗത്താണ് എന്ന തോന്നൽ ഉണ്ടാക്കിക്കൊണ്ടായിരുന്നു ഇർഫാൻ മീറിന്റെ പ്രവർത്തനങ്ങൾ. താഴ്വരയിലെ പൊലീസുമായും അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്ന ഇർഫാൻ മീർ തന്നെയാണ് ദേവീന്ദർ സിങ്ങിനെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്നതും. 

നാവീദിനൊപ്പം ഏതോ ഒരു പോലീസുകാരൻ ഉണ്ടെന്നേ അവർക്ക് അറിയാമായിരുന്നുള്ളൂ. ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരും മുമ്പ് നാവീദ് ഒരു ജമ്മുകശ്മീർ പൊലീസിലെ സ്‌പെഷ്യൽ പൊലീസ് ഓഫീസർ (SPO)  ആയിരുന്നതുകൊണ്ട്, ഫോൺ സംഭാഷണത്തിൽ പറഞ്ഞ ആ പൊലീസുകാരനും ഏറിവന്നാൽ വല്ല കോൺസ്റ്റബിളോ സബ് ഇൻസ്പെക്ടറോ ഒക്കെ ആയിരിക്കും എന്നേ അവർ കരുതിയുള്ളൂ.  
"ഇതൊരു ഗെയിം ആണ്. നിങ്ങൾ ഗെയിം നശിപ്പിക്കരുത്. ഞാൻ ഒരു ഡിഎസ്പി ആണ്" എന്നായിരുന്നു അറസ്റ്റു ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് ദേവീന്ദർ സിംഗിന്റെ ആദ്യ പ്രതികരണം.  മുഖമടച്ചുള്ള ഒരു അടിയായിരുന്നു അതിനുള്ള ഡിഐജി അതുൽ ഗോയലിന്റെ മറുപടി. നാലു പേരെയും തൂക്കിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ഡിഐജി പൊലീസിനോട് ആജ്ഞാപിച്ചു. 

സ്റ്റേഷനിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിനിടെ പലവട്ടം ഡിഎസ്പി ദേവീന്ദർ സിങ് തന്റെ 'കണക്ഷൻസ്' വിശദീകരിക്കാൻ ശ്രമിച്ചു. ആ ഭീകരവാദികൾക്കൊപ്പം നടത്തിയ നീക്കം ഏതോ രഹസ്യ  ഇന്റലിജൻസ് ഓപ്പറേഷൻ ആണെന്നൊക്കെ സമർത്ഥിക്കാനും ശ്രമിച്ചു അയാൾ. എന്നാൽ, ഇന്റലിജൻസ് കേന്ദ്രങ്ങൾ ദേവീന്ദറിന്റെ അവകാശവാദങ്ങൾ നിഷേധിച്ചതോടെ അയാൾക്ക് പിടിച്ചു നിൽക്കാനായില്ല. പിന്നീട് നാവീദ് ബാബുവിനെയും ദേവീന്ദറിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോൾ അതുവരെ പറഞ്ഞുകൂട്ടിയ കള്ളങ്ങളൊക്കെയും പൊളിയുകയായിരുന്നു. പിന്നീട് തീവ്രവാദികളിൽ നിന്ന് പണം കൈപ്പറ്റിക്കൊണ്ടാണ് താൻ അവർക്ക് സഹായങ്ങൾ ചെയ്തിരുന്നത് എന്ന് ദേവീന്ദർ കുറ്റസമ്മതം നടത്തുകയുണ്ടായി. കശ്മീർ താഴ്‌വരയിൽ പൊലീസ് ഏറെക്കാലമായി നിരന്തരം നടത്തിക്കൊണ്ടിരുന്ന 'ഫോൺ സർവൈലൻസി'ന്റെ ഫലം ഒന്നുകൊണ്ടുമാത്രമാണ് ഈ അറസ്റ്റുകൾ നടന്നത്. 

click me!