
"ഏറ്റവും മികച്ച ഒന്നിലേക്ക് എഴുത്തുകാരൻ വീണ്ടും ഉയിർത്തെഴുന്നേൽക്കട്ടെ. എഴുതുക.."
ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയും 2016 ജൂലൈ 5ന് ഉച്ചയ്ക്കു നടത്തിയ ചരിത്രപ്രസിദ്ധമായ ആ വിധിയെഴുത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. വിധിയിലെ ഈ വാക്കുകള്‍ ചെന്നു വീണത് ഒരുവര്‍ഷം മുമ്പ് മരിച്ചു പോയ ഒരെഴുത്തുകാരന്‍റെ ശവക്കുഴിയുടെ മീതെ. അതിന്‍റെ കരുത്തിലാവണം അടുത്തനിമിഷം ആ ശവക്കൂനയ്ക്ക് ജീവന്‍ വച്ചു. പൗരോഹത്യത്തിന്‍റെയും ഫാസിസത്തിന്‍റെയും കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് അതില്‍ നിന്നും എഴുത്തുകാരന്‍ പുറത്തുവന്നു; ജൂലൈ 6ന് അയാള്‍ എഴുതി: " കോടതി വിധി തന്ന സന്തോഷം പറയുക വയ്യ. വിഷാദത്താൽ ചുരുങ്ങിപ്പോയ ഒരു ഹൃദയത്തെയാണ് വിധി സാന്ത്വനിപ്പിച്ചത്. വിധിപ്രസ്താവത്തിലെ അവസാനവരികൾ തരുന്ന വെളിച്ചത്തിലേക്കു ഞാൻ ഉണർന്നെണീക്കുന്നു. ഞാൻ തിരിച്ചുവരും. സന്തോഷത്തിന്‍റെ ഈ നിമിഷത്തിൽ കൂടെ നിന്നവർക്കും എതിർത്തവർക്കും നന്ദി.." എഴുത്തുകാരന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കണ്ട് രാജ്യവും ഒപ്പം നിവര്‍ന്നു നിന്നു; ആത്മവിശ്വാസത്തോടെ. ചരിത്രത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റ ആ എഴുത്തുകാരന്‍റെ പേര് പെരുമാൾ മുരുഗന്‍. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു.
പൊന്നയുടെ വിധി; മുരുഗന്‍റെയും
ഉയിര്‍ത്തെഴുന്നേറ്റവന്‍റെ കഥയറിയണമെങ്കില്‍ മധോരുഭാഗന്‍ എന്ന പുസ്തകത്തിന്‍റെ കഥ അറിയണം. പെരുമാൾ മുരുഗന്‍. കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനും. രണ്ട് പതിറ്റാണ്ടായി തമിഴകത്തെ കോളേജധ്യാപകന്‍. 2015 ജനുവരി ആദ്യവാരം ഇതുപോലൊരു നട്ടുച്ചയ്ക്കായിരുന്നു അയാളിലെ എഴുത്തുകാരന്‍ കൊലചെയ്യപ്പെടുന്നത്. മരണത്തിലേക്കു നടക്കുന്നതിനു തൊട്ടു മുമ്പ് അയാളുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നുമാണ് രാജ്യം ഞെട്ടലോടെ ആ കഥ അറിയുന്നത്. അന്നയാള്‍ എഴുതി: "പെരുമാള്‍ മുരുഗന്‍ മരിച്ചു; മുരുഗന്‍ ദൈവമല്ല, അതുകൊണ്ടുതന്നെ ഉയിര്‍ത്തെഴുന്നേക്കില്ല. വെറുമൊരു സാധാരണ അധ്യാപകന്‍ പി മുരുകനായി ഇനി ജീവിക്കും"- തന്റെ കൃതി വാങ്ങി വായിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധനാണെന്നും തന്റെ എല്ലാ കൃതികളും കൂട്ടിയിട്ട് കത്തിച്ചുകളയാവുന്നതാണെന്നും വില്‍ക്കാത്ത കോപ്പികള്‍ ബുക്ക്സ്റ്റാളുകളില്‍നിന്ന് തിരികെ എടുത്തുകൊള്ളാമെന്നും കൂടി മരണക്കുറിപ്പില്‍ മുരുഗന്‍ എഴുതിവച്ചിരുന്നു. അഞ്ചു നോവലുകളും നിരവധി ചെറുകഥകളും എഴുതിയ പെരുമാള്‍ മുരുഗന്‍റെ ജീവിതം മാറ്റിമറിച്ചത് മധോരുഭാഗന്‍ എന്ന ആറാമത്തെ നോവല്‍. മാതോരുഭാഗൻ അഥവാ അർദ്ധനാരീശ്വരൻ. നാമക്കലിലെ തിരുച്ചെങ്കോടുള്ള അർദ്ധനാരീശ്വരക്ഷേത്രത്തിന്‍റെ പശ്ചാത്തലം. തിരുച്ചങ്ങോട് (തൃച്ചങ്ങോട്) അമ്പലം ദൈവമക്കളായ സന്യാസിമാര്‍ വിഹരിക്കുന്ന ഇടമാണെന്ന് ഐതിഹ്യം. വര്‍ഷത്തിലൊരിക്കല്‍ മക്കളില്ലാത്ത സ്ത്രീകള്‍ ഇവിടെ എത്തും. ഒരു ദൈവപുത്രനെ ഇണയായി തെരഞ്ഞെടുക്കും. ഇരുളിന്‍റെ മറവില്‍ ഇണചേരും. കുടുംബവും ഭര്‍ത്താവും എതിര്‍ക്കില്ല. ഇത് ആചാരം. പഴയ ദേവദാസിക്കഥകള്‍ക്കു സമാനം. ഈ ഐതിഹ്യത്തില്‍ നിന്നാണ് മുരുഗന്‍ മാധൊരുഭാഗന്‍റെ കഥമെനയുന്നത്. സ്വന്തം കുടുംബം നിര്‍ബന്ധിച്ച് ഈ ആചാരത്തിന് പറഞ്ഞയയ്ക്കുന്ന പൊന്ന എന്ന സ്ത്രീയുടെ അന്തര്‍സംഘര്‍ഷങ്ങളാണ് നോവലിന്‍റെ പ്രമേയം. മക്കളില്ലാതെ വിഷമിക്കുന്ന അച്ഛനമ്മമാര്‍. ക്ഷേത്രവും രഥോത്സവവുമൊക്കെ ഉള്‍പ്പെട്ട പുരാവൃത്തം മുന്‍നിര്‍ത്തി ചുരുള്‍ നിവരുന്ന കഥ. ആണായോ പെണ്ണായോ, ആണും പെണ്ണും ചേര്‍ന്നോ ജനിക്കാന്‍ വിധിക്കപ്പെട്ട ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരം. നൂറുവര്‍ഷംമുമ്പ് നിലനിന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസാചരങ്ങളുമൊക്കെ ഇണചേരുന്ന, ദ്രാവിഡത്വം തുളുമ്പുന്ന കഥാപരിസരം.
എഴുത്തോ നിന്‍റെ കഴുത്തോ?
2010ല്‍ പ്രസിദ്ധീകരിച്ച പുസ്തകം എഴുത്തുകാരന്‍റെ കഴുത്തിനു നേരെ ഫാസിസ്റ്റുകള്‍ എടുത്ത് വീശിയത് 2014ല്‍. പെന്‍ഗ്വിന്‍ പുറത്തിറക്കിയ വണ്‍ പാര്‍ട്ട് വുമന്‍ എന്ന ഇംഗ്ലീഷ് പരിഭാഷ വായിച്ച ഹൈന്ദവബുദ്ധിജീവകള്‍ പുസ്തകം ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്നു കണ്ടെത്തി. ദേവനെയും നാടിനെയും അപകീര്‍ത്തിപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് തിരുച്ചെങ്കോട്ടെ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍. പ്രതിഷേധം കടുത്തു. പുസ്തകങ്ങള്‍ തെരുവില്‍ കത്തി. എഴുത്തുകാരന് ഊരുവിലക്ക്. വഴിതടയല്‍, പീഡനം. തുടര്‍ന്ന് നാമക്കൽ ജില്ലാ റവന്യൂ ഓഫീസറുടെ അദ്ധ്യക്ഷതയിൽ സമവായയോഗം. 'എഴുത്തോ നിന്‍റെ കഴുത്തോ' എന്ന് എ അയ്യപ്പപ്പണിക്കരുടെ സരസമായ ചോദ്യം, ഹിന്ദു വര്‍ഗ്ഗീയവാദികള്‍ യോഗത്തില്‍ മുരുഗന്‍റെ മുഖത്തു നോക്കി മുരണ്ടു. നോവൽ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും മുരുഗൻ നിരുപാധികം മാപ്പു പറയണമെന്നും ഒത്തുതീർപ്പിലെ ഉപാധികൾ. ഒടുവില്‍ കഴുത്തു കാക്കാന്‍ വേണ്ടി എഴുത്തുകാരന്‍ വഴങ്ങി. മരണം വരിച്ച് പിന്മടക്കം. എഴുത്ത് നിര്‍ത്തുന്നുവെന്ന് പ്രഖ്യാപനം.
വിധി പകര്‍ന്ന വെളിച്ചം
തമിഴ്നാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിലെ അംഗങ്ങൾ റവന്യൂ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ ഉപാധികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഒരു വർഷം നീണ്ട വാദത്തിനൊടുവിലാണ്, പുസ്തകം നിരോധിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചത്. പെരുമാൾ മുരുഗനെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന ഹിന്ദു സംഘടനകളുടെ ഹർജിയും ഹൈക്കോടതി തള്ളി. പുസ്തകം നിരോധിയ്ക്കുന്നതും എഴുത്തുകാരുടെ മേൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധി ഒരുമുന്നറിയിപ്പാണ്; പ്രതീക്ഷയാണ്. മുരുഗന്‍റെ തന്നെ പുതിയ വാക്കുകള്‍ കടമെടുത്താല്‍ രാജ്യം അതിന്‍റെ വെളിച്ചത്തിലേക്ക് പതിയെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ഫാസിസം കുഴിച്ചു മൂടിയ പ്രതിരോധാക്ഷരങ്ങളുടെ ശവക്കൂനകള്‍ക്കൊക്കെയും അനക്കം വച്ച് തുടങ്ങിയിരിക്കുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം