ജയയുടെ മരണം: ശശികല മറുപടി പറയേണ്ട ചോദ്യങ്ങള്‍

By പി ജി സുരേഷ് കുമാര്‍First Published Feb 7, 2017, 7:39 AM IST
Highlights

ചിലത് അറിയേണ്ട സമയത്ത് അറിയില്ല. വൈകിയേ അറിയൂ. വൈകിയേ അറിയിക്കൂ. വൈകിയാലും അറിഞ്ഞാല്‍ മതി. നാടിനെ നെഞ്ചിലേറ്റുന്ന തമിഴ് ജനതയുടെ സാധാരണ യുക്തിയെ പലതലങ്ങളില്‍ പരീക്ഷിക്കുന്ന ആ വാര്‍ത്താസമ്മേളനം കണ്ടാണ് ഈ കുറിപ്പ്.

ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഇന്നലെ ഒരു നീളന്‍ വാര്‍ത്താ സമ്മേളനം നടത്തി. ഒന്നരമണിക്കൂര്‍. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി. മലയാളം തമിഴ്, അംഗ്രേസി എന്തിനും ഏതിനും ക്ഷമയോടെ മറുപടി.

ജയലളിത മരിച്ച് രണ്ട് മാസം തികയുമ്പോള്‍ എന്തിനാണ് ഇത്രയും വലിയ ഒരു വിശദീകരണം? ഡിസംബര്‍ ആറുമുതല്‍ ദേശീയമാധ്യമങ്ങളിലടക്കം ദുരൂഹതയുടെ തിരകള്‍ ഉയര്‍ന്നിട്ടും പരാതികള്‍ കോടതി വരെ എത്തിയിട്ടും മൗനം പാലിച്ചവര്‍ക്ക് ഇപ്പോഴെന്താണ് സംഭവിച്ചത്? എന്തിന് ഇത്രവൈകി ഇങ്ങനെയൊരു വിശദീകരണം?

ജയലളിത മരിച്ച് രണ്ട് മാസം തികയുമ്പോള്‍ എന്തിനാണ് ഇത്രയും വലിയ ഒരു വിശദീകരണം?

വാര്‍ത്താ സമ്മേളനം അപ്പോളോ ആശുപത്രിയല്ല സംഘടിപ്പിച്ചത്. ഇതാണ് ആദ്യ ഉത്തരം. ചിന്നമ്മ കിരീടമണിയുകയാണ്. അതിനുമുമ്പ് ദുരൂഹതയുടെ വേരുകള്‍ പിഴുതെറിയണം. അതിനാണ് വിശ്വസ്തരായ ഡോക്ടര്‍മാരെ നിരത്തി സുദീര്‍ഘമായ ഈ വിശദീകരണം. 

ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാം ഡോക്ടര്‍മാര്‍ വിശദീകരിച്ചുകഴിഞ്ഞു, മറ്റ് പ്രശ്‌നങ്ങള്‍ കോടതിയിലാണ്. ഇങ്ങനെ പറഞ്ഞ് അമ്മയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിന്നമ്മയ്ക്ക് ഒറ്റവാക്കില്‍ ഒതുക്കാം. അപ്പോളോയിലെ ഡോക്ടര്‍മാരുടെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ വീറോടെ ചോദ്യങ്ങള്‍ എറിയുന്നുണ്ടായിരുന്നു. പക്ഷേ പലതും ആശുപത്രി അധികൃതര്‍ പറയേണ്ട മറുപടി അല്ല എന്ന് മാത്രം. 

പച്ച സാരിയും വട്ടപ്പൊട്ടും കൂപ്പുകയ്യുമായി അമ്മയുടെ രൂപം ആവാഹിച്ച് ചിന്നമ്മ കിരീടമണിയുമ്പോള്‍ അവര്‍ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. ഒരിക്കലും ചോദ്യങ്ങളേല്‍ക്കാന്‍ വരില്ലെന്നറിയാമെങ്കിലും വന്നാല്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍.

ജയലളിത മരിച്ചശേഷം പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ശശികലയും സംഘവും എങ്ങനെ തുടര്‍ന്നു?

1.ജയലളിത മരിച്ചശേഷം പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ശശികലയും സംഘവും എങ്ങനെ തുടര്‍ന്നു? ജയലളിത വില്‍പത്രം എഴുതിയിട്ടില്ല. ധനകാര്യ സ്ഥാപനത്തിലെ ഏഴ് ലക്ഷം രൂപക്ക് നോമിനിയാക്കിയതല്ലാതെ ഒരിടത്തും ഒരു നാമനിര്‍ദ്ദേശവും ശശികലക്ക് ജയയുടേതായിട്ടില്ല.

2.2011 ഡിസംബറില്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ജയ പടിയടച്ച് പുറത്താക്കിയ ശശികല തിരിമ്പിയെത്തിയത് ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ചാണ്. പക്ഷേ സെപ്തംബര്‍ 22 ന് ജയ ആശുപത്രിയിലായശേഷം നടരാജന്‍ സര്‍വ്വ പ്രതാപിയായി വേദനിലയത്തിലെത്തിയത് എങ്ങനെ? അപ്പോള്‍ ജയയെ വഞ്ചിക്കുകയായിരുന്നില്ലേ?

3. 35 വര്‍ഷം അമ്മയുടെ എല്ലാ തീരുമാനങ്ങളുടെയും കരുത്തും കടിഞ്ഞാണും താനായിരുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്നതിനൊപ്പം ഒരു ഭരണഘടനാ അതീത അദൃശ്യ ശക്തിയായി അധികാരം നിയന്ത്രിച്ച നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പാരമ്പര്യം കൂടിയല്ലേ ശശികല അവകാശപ്പടുന്നത്? 

4. ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയെ കാണാന്‍ ഗവര്‍ണ്ണര്‍ക്ക് പോലും അനുവാദം കൊടുക്കാതിരുന്നത് എന്തിന്? ആശുപത്രി കിടക്കയില്‍ മന്ത്രിമാരുമായി നദീതര്‍ക്കം ചര്‍ച്ച ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് വായിക്കുകയും ചെയ്‌തെങ്കില്‍ ആ മുഖ്യമന്ത്രിയുടെ ഒരു ചിത്രം പോലും എന്ത് കൊണ്ട് പുറത്ത് വന്നില്ല?

5.മരണത്തിന് മണിക്കൂറുകള്‍ മുമ്പ് എല്ലാ എംഎല്‍എ മാരെയും ഔദ്യോഗികമായി വിളിച്ചുവരുത്തി പാര്‍ട്ടി ഓഫീസിലേക്ക് ആട്ടിത്തെളിച്ചത് എന്ത് അധികാരത്തിന്റെ പുറത്തായിരുന്നു?

6. ജയലളിതയുടെ വിശ്വസ്തരായ ഷീലാ ബാലകൃഷ്ണന്‍ അടക്കമുള്ളവരെ പിടിച്ചു പുറത്ത് എറിയുന്നത് എന്ത് ഭയന്ന്?

7. ജയ അകറ്റി നിര്‍ത്തിയിരുന്ന സൈദി ദുരൈസ്വാമി, ശെങ്കോട്ടിയല്‍ എന്നിവരെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരാക്കിയത് നല്‍കുന്ന സന്ദേശം എന്താണ്?

ഫെറാ കേസടക്കം ചോദ്യങ്ങള്‍ പലതുമുണ്ട് ഇനിയും. ഒപ്പം, അത്ഭുതം തോന്നുന്ന ചില സംഗതികളും. 

ജല്ലിക്കെട്ടിനായി മുറവിളികൂട്ടിയ യുവത കണ്ണടക്കുകയാണോ?

സ്വത്വവാദമുയര്‍ത്തി ജല്ലിക്കെട്ടിനായി മുറവിളികൂട്ടിയ യുവത ഒരു മുഖ്യമന്ത്രിയുടെ ദുരൂഹ മരണത്തിനും അതിലേറെ ദുരൂഹമായ അധികാരം പിടിക്കലിനോടും കണ്ണടക്കുകയാണോ? അതോ അവര്‍ അവസരത്തിനായി കണക്ക് കൂട്ടി കരുതിയിരിക്കുമോ? 

അമ്മ ഒഴുക്കിയതിലുമധികം പാലും തേനും ചിന്നമ്മ ഒഴുക്കിയേക്കാം. അധികാരം അഴിമതിക്കേസുകളിലെ വിചാരണയുടെ മൂര്‍ഛ കുറച്ചേക്കാം. പക്ഷേ എത്ര നാള്‍? വറ ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ചാടാനല്ല വിധിയെന്ന് തമിഴകം തീരുമാനിക്കുമായിരിക്കാം. പനീര്‍ശെല്‍വത്തിലൂടെ  ദ്രാവിഡരാഷ്ട്രീയവും അധികാരവും വിരല്‍തുമ്പിലെത്തിക്കാനുള്ള ബിജെപിയുടെ മോഹം താല്‍ക്കാലികമായെങ്കിലും പൊളിഞ്ഞത് മാത്രമാണ് ഒരു നല്ല സൂചന. പക്ഷേ അഴിമതിക്കേസില്‍ 11 മാസം അകത്ത് കിടന്ന ചിന്നമ്മയുടെ പട്ടാഭിഷേകത്തില്‍ ദേശീയ കക്ഷികള്‍ക്കൊന്നും ചേതമില്ല. നടരാജന്റെ വാമൊഴികള്‍ക്ക് പോലും വില നല്‍കി കോണ്‍ഗ്രസ്സ്. അമ്മയില്‍ നിന്ന് ചിന്നമ്മയെ മുറിക്കാതെ കൈകൂപ്പി ഇടത്പക്ഷം. മരവിച്ച ബിജെപി. കാളപ്പോരിന് കാഹളം മുഴക്കിയ സ്‌റ്റൈല്‍ മന്നന്‍മാരും ഹാപ്പി. 

അങ്ങനെ, ഇനി ചിന്നമ്മരാജ്!

click me!