
പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്. കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം നടന്ന ദിവസങ്ങള്‍. മുഖ്യപ്രതി മണിച്ചനെ തെളിവെടുപ്പിനായി ചിറയിന്‍കീഴ് ഗോഡൗണിലേക്കെത്തിക്കുമ്പോള്‍ ഞാനും ക്യാമറാമാന്‍ അയ്യപ്പനും സഹായി ഗോപനും സാരഥി രാജേഷും മാത്രമെ മാധ്യമസംഘമായുള്ളൂ. പ്രത്യേക അന്വേഷണസംഘത്തിലെ പ്രധാനി കെകെ ജോഷ്വ ഒരു ചെറു ചുറ്റികയെടുത്ത് ഗോഡൗണിന്റെ മുറ്റത്തെ സ്‌ളാബില്‍ മുട്ടുന്നു.
അക്ഷോഭ്യനായി മണിച്ചന്‍ ജീപ്പില്‍. അടുത്ത് ചെന്ന് മുഖം പകര്‍ത്തുമ്പോള്‍ ഇടതുകയ്യില്‍ പൊതിഞ്ഞ തോര്‍ത്തുകൊണ്ട് മുഖം പൊത്തി മുരണ്ടു. വകവെക്കാതെ അയ്യപ്പന്‍ അളന്ന് പകര്‍ത്തി ആ മുഖം. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ലാബില്‍ ചുറ്റിക കൊണ്ട് മുട്ടി മുട്ടി എത്തിയത് പതിനായിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിക്കാന്‍ മണിച്ചന്റെ തന്നെ ബുദ്ധിയിലും എഞ്ചിനീയറിങ് വൈഭവത്തിലും തീര്‍ത്ത ഭൂഗര്‍ഭ അറയിലേക്കാണ്. ദിവസത്തോളം നീണ്ട പരിശോധനയും തുരക്കലും പൂര്‍ത്തിയാക്കി ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പണ്ടകശാലക്കടവിന് സമീപം എതിരേറ്റത് നല്ല കൂര്‍ത്ത കല്ലുകളാണ്.
സ്ത്രീകളടക്കം ഒരുസംഘം ആളുകള്‍ ആക്രോശിച്ച് മാധ്യമസംഘത്തിന് നേരെ പാഞ്ഞടുത്തു. ഏറ് കൊള്ളാതെ കഷ്ടിച്ച് കഴിച്ചിലായി.
കള്ള് ഷാപ്പിലെ ഒഴിപ്പുകാരനില്‍ നിന്ന് തെക്കന്‍ കേരളത്തിലെ പ്രബല മദ്യരാജാവായി വളര്‍ന്ന ചന്ദ്രദാസെന്ന മണിച്ചന്‍ അന്നാട്ടിലെ കുറച്ച് പേര്‍ക്ക് ദൈവമായിരുന്നു. കാരണം വിഷം വിറ്റ് വീതം വെക്കുന്ന പണത്തിലൊരുപങ്ക് നാട്ടുകാര്‍ക്കും നീട്ടിയിരുന്നു അയാള്‍. അത് മാത്രമല്ല മണിച്ചനെ ന്യായീകരിക്കുന്നവരുടെ ആക്രോശത്തിന് അവരുടേതായ ചില യുക്തികളുമുണ്ടായിരുന്നു
1. ചന്ദ്രദാസ് മുതലാളി ദീനദയാലു, പരോപകാരി.
2. വിഷമദ്യം വിളമ്പിയത് കല്ലുവാതുക്കല്‍ താത്തയുടേയും പള്ളിപ്പുറത്തും പട്ടാഴിയിലുമെല്ലാമുള്ള സമാന്തര ഒഴിപ്പ് കേന്ദ്രങ്ങളില്‍.
3. സ്വന്തം ശൃംഖലയില്‍ വിഷസ്പിരിറ്റ് വിതരണം ചെയ്യില്ല, ഇത് അബ്കാരി കുടിപ്പക.
സ്ത്രീകളടക്കം ഒരുസംഘം ആളുകള്‍ ആക്രോശിച്ച് മാധ്യമസംഘത്തിന് നേരെ പാഞ്ഞടുത്തു.
പക്ഷേ അന്വേഷണം സിബി മാത്യൂസ് മുന്നോട്ട് കൊണ്ടുപോയി. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ സമാന്തര വ്യാജമദ്യ ശൃംഖലയാകാനുള്ള ചുവടുകള്‍ പിഴച്ച് മണിച്ചന്‍ അകത്താകുമ്പോഴും അദ്ദേഹത്തിന്റെ 'ആരാധകര്‍' മാധ്യമങ്ങള്‍ക്കും പോലീസിനും നേരെ മുറുമുറുപ്പ് തുടര്‍ന്നു. സൈബര്‍ ക്വട്ടേഷനുകളൊന്നും ഇല്ലാതെ തന്നെ.
ചുരുക്കത്തില്‍ അന്ന് മണിച്ചനും അദ്ദേഹത്തിന്റെ കുഞ്ഞാടുകളും നിരത്തിയ ന്യായങ്ങള്‍ ഇങ്ങനെ:
ചിറയിന്‍കീഴ് റേഞ്ചിലെ 27 കള്ള്ഷാപ്പുകളും പിടിച്ച മണിച്ചന്റെ ഒറ്റ ഷാപ്പിലും വിഷം കലര്‍ന്നില്ല. അബ്കാരി കുടിപ്പകയില്‍ വിഷം കലര്‍ത്തി ചതിച്ചു. പക്ഷേ അന്വേഷണ സംഘം അറ തുറന്ന് കയറിയതോടെ സര്‍വ്വതും പൊളിഞ്ഞു. നൂറ് കണക്കിന് ആളുകളുടെ കണ്ണീരൊപ്പാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ മുതലാളിയെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന.
പക്ഷേ ഒന്നും ഫലിച്ചില്ല. സുനില്‍ എന്ന ഗോഡൗണ്‍ തൊഴിലാളി മാപ്പുസാക്ഷിയായതോടെ സമാന്തര മദ്യസാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള മണിച്ചന്റെ ശ്രമങ്ങളുടെ വേരാണ് സിബി മാത്യൂസ് എന്ന സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍ അറുത്തത്.
അവിടെയും തീര്‍ന്നില്ല. ജീവപര്യന്തം തടവിന് വിധിച്ചതോടെ സിബി മാത്യൂസിനെ വകവരുത്താന്‍ ജയിലില്‍ ഗൂഢാലോചന നടത്തി. അച്ഛനെകൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന സുന്ദരനെ നിയോഗിക്കാനുള്ള ശ്രമം പുറത്തായി. മൂന്ന് തടവുകാരുടെ മൊഴിയില്‍ മണിച്ചന് ഗൂഢാലോചനക്കേസില്‍ നാല് വര്‍ഷം തടവ്.
പതിനേഴ് വര്‍ഷം മുമ്പ് നടന്ന ഈ കഥ ചികഞ്ഞെടുത്ത് പറയേണ്ടിവന്നത് ഗോപാലകൃഷ്ണചരിതം ആട്ടക്കഥയിലെ സൈബര്‍ ക്വട്ടേഷന്‍ ഗുണ്ടകളുടെ ന്യായീകരണ കുഴലൂത്ത് സഹികെട്ടപ്പോഴാണ്. മേല്‍ വിവരിച്ച കേസ് സസൂക്ഷ്മം വായിച്ചെങ്കില്‍ ഇത് കൂടി ഓര്‍ക്കുക.
41 പേര്‍ മരിച്ച വിഷമദ്യദുരന്തത്തില്‍ ആരും മണിച്ചന്റെ ലൈസന്‍സ്ഡ് ഷാപ്പില്‍ നിന്ന് കുടിച്ചവരല്ല.
കുടിച്ചവരോ മരിച്ചവരുടെ ബന്ധുക്കളോ, ഒഴിച്ച ഹയറുന്നീസയോ മണിച്ചനെതിരെ മൊഴി കൊടുത്തിരുന്നില്ല.
ഒഴിപ്പുകാരനില്‍ നിന്ന് മദ്യമുതലാളിയായി വളര്‍ന്ന 'കഠിനാധ്വാനം' അതിനുശേഷമുള്ള ദാനധര്‍മ്മിഷ്ഠത.
ഇമ്മാതിരി പല ന്യായങ്ങളും പേറിയാണ് മാധ്യമങ്ങള്‍ക്കും പോലീസിനും നേരെ ആയുധമെടുത്ത് പോരാടിയത്.
പക്ഷേ സുനില്‍ കുമാറെന്ന തൊഴിലാളിയുടെ ഏറ്റുപറച്ചിലും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി അറകീറി മുന്നേറിയ അന്വേഷണസംഘം തകര്‍ത്തത് കേരളത്തെ ഒന്നാകെ വിഴുങ്ങുമായിരുന്ന മദ്യരാജാവിന്റെ സമാന്തര സാമ്രാജ്യമാണ്. മണിച്ചനും കൊച്ചനിയും വിനോദുമടക്കം കൂടോടെ നിലം പൊത്തി.
അതുകൊണ്ട്, കുരച്ചിട്ട് കാര്യമില്ല മക്കളേ. കേസിന്റെ വിധി നിര്‍ണ്ണയിക്കുക തെളിവുകളാണ്. അത് ശാസ്ത്രീയമായി സമര്‍ത്ഥിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശേഷിയും ആര്‍ജ്ജവവുമാണ്. അതിനെല്ലാമൊപ്പം ജനമനസാക്ഷിയുടെ നേര്‍ചിത്രമായി, തുറന്ന കണ്ണുകളുമായി മാധ്യമങ്ങളുമുണ്ടാകും. കൂട്ടം തെറ്റിച്ച് ഒറ്റതിരിച്ച് വേട്ടയാടാന്‍ നോക്കേണ്ട. കിട്ടില്ല.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.