പ്രിയപ്പെട്ട അപരാ നീയെവിടെയാണ്; നിന്നെ ഞാനെങ്ങനെ കണ്ടെത്തും?

By കെ.പി റഷീദ്First Published May 8, 2017, 4:47 PM IST
Highlights

തിരുവനന്തപുരം: ആരായിരിക്കും അയാള്‍? അവിചാരിതമായി മുന്നിലെത്തിയ, തന്നെപ്പോലിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ നോക്കി മലപ്പുറം വെളിമുക്കിലെ റഈസ് ഹിദായ എന്ന ചെറുപ്പക്കാരന്‍ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിയുന്നു. തന്നെപ്പോലിരിക്കുന്ന ആ മനുഷ്യനെ കണ്ടെത്തണം. അതിനായി, തന്റെ കൂടി ഇടമായ ഫേസ്ബുക്കിലൂടെ ശ്രമങ്ങള്‍ തുടരുകയാണ് റഈസ്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് റഈസിന്റെ ശ്രമം. 'മാധ്യമ'ത്തില്‍ കെ.എ സൈഫുദ്ദീന്‍ എഴുതിയ കുറിപ്പിലൂടെയാണ് ഈ ചോദ്യം ശ്രദ്ധയില്‍പ്പെട്ടത്. റഈസിനെ വിളിച്ചു സംസാരിച്ചപ്പോള്‍ മനസ്സിലായി, എത്ര തീവ്രമാണ് ആ അപരനെ
കണ്ടെത്താനുള്ള റഈസിന്റെ ആഗ്രഹമെന്ന്. 'എന്തിനാണ് ഞാനായാളെ കണ്ടെത്താന്‍ നടക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. എന്നെപ്പോലെ ഒരാള്‍. ലോകത്തിന്റെ ഏതോ ഭാഗത്ത്. അയാളെ കണ്ടെത്തുന്നത് എത്ര സന്തോഷമുള്ള കാര്യമായിരിക്കും. അത്രയേ ഉള്ളൂ എന്റെ മനസ്സില്‍'-റഈസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

റഈസ് ഹിദായ

'എന്തിനാണ് ഞാനായാളെ കണ്ടെത്താന്‍ നടക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്.

ആരാണ് റഈസ്?

ആരായിരിക്കും ആ അപരനെന്ന് പറയുന്നതിന് മുമ്പ്, ആരാണ് റഈസെന്ന് പറയണം. മുപ്പതുവയസ്സുകാരനായ റഈസ് 13 വര്‍ഷമായി കിടപ്പിലാണ്.  17 വയസ്സില്‍ ഉണ്ടായ ഒരപകടമാണ് റഈസിനെ കിടപ്പിലാക്കിയത്. കഴുത്തിന് താഴേക്ക് തളര്‍ന്നുപോയ റഈസ് എന്നാല്‍, തളരാതെ അവിടെയിരുന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ഇടപെടലുകള്‍ നടത്തുകയാണ്. ഗ്രീന്‍ പാലിയേറ്റീവ് എന്ന പരിസ്ഥിതി മനുഷ്യാവകാശ സംഘടനയ്ക്കു വേണ്ടി വീട്ടിലെ കിടക്കയില്‍ കിടന്നുകൊണ്ട് ഇടപെടലുകള്‍ നടത്തുന്നു, റഈസ്. റഈസ് ഹിദായ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍, അയ്യായിരം സുഹൃത്തുക്കളും 4,235 ഫോളോവേഴ്‌സുമുണ്ട്.

സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി, ശരീരം തളര്‍ന്നുപോയവര്‍ക്കായി റഈസ് ഫേസ്ബുക്കിലൂടെ നടത്തുന്ന അഭ്യര്‍ത്ഥനകള്‍ നടത്തിക്കൊടുക്കാനും സഹായം നല്‍കാനും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ സദാ തയ്യാറാണ്. ഈ കൂട്ടായ്മയ്ക്കു മുന്നിലാണ് തന്റെ ജീവിതത്തില്‍ ഉണ്ടായ അസാധാരണ അനുഭവം ആദ്യം റഈസ് പങ്കുവെച്ചത്. ഒരു വര്‍ഷമായിട്ടും തന്റെ അന്വേഷണത്തില്‍, പുരോഗതി ഇല്ലാതായപ്പോഴാണ്, സുഹൃദ് വലയത്തിനു പുറത്തുള്ള സോഷ്യല്‍ മീഡിയാ സാദ്ധ്യതകള്‍ റഈസ് ആരായാന്‍ തുടങ്ങിയത്. 

ഇതാണ് ആ അപരന്‍. ഈ ചിത്രങ്ങളാണ് റഈസിന്റെ കൈയിലുള്ളത്.
 

ആ യുവാവിന് റഈസിന്റെ മുഖമായിരുന്നു. റഈസിനെ മുറിച്ചുവെച്ചതുപോലെ ഒരു ചെറുപ്പക്കാരന്‍

ആരെയാണ് റഈസ് അന്വേഷിക്കുന്നത്?

ആരെയാണ് റഈസ് അന്വേഷിക്കുന്നത്? എന്തിനു വേണ്ടിയാണ് ആ അന്വേഷണം? അതറിയാന്‍ ഒരു വര്‍ഷം പിന്നോട്ടു പോവണം. കഴിഞ്ഞ സമ്മര്‍ ഒളിമ്പിക്‌സിന്റെ നാളുകളിലേക്ക്. അന്നാണ്, കുവൈത്തില്‍നിന്ന് രാജേഷ് ബാബു എന്ന സുഹൃത്ത് ഒരു ഫോട്ടോ  റഈസിനയച്ചു കൊടുത്തത്. ഇതു നീയാണോ എന്ന ചോദ്യത്തോടെ. അതൊരു യുവാവിന്റെയും യുവതിയുടെയും ഫോട്ടോയായിരുന്നു. ആ യുവാവിന് റഈസിന്റെ മുഖമായിരുന്നു. റഈസിനെ മുറിച്ചുവെച്ചതുപോലെ ഒരു ചെറുപ്പക്കാരന്‍. ഒരു ഇന്ത്യക്കാരന്‍ ആയിരുന്നില്ല അയാള്‍. ഒരു ബ്രിട്ടീഷുകാരന്‍. രാജേഷിന്റെ ഓര്‍മ്മയിലുള്ള ഒരേയൊരു വിവരം. 

ഇതോടെയാണ്, ലോകത്തിന്റെ ഏതോ ഭാഗത്തുള്ള തന്റെ അപരനെ തേടിയുള്ള റഈസിന്റെ അന്വേഷണമാരംഭിച്ചത്. ഈ മനുഷ്യനെ കണ്ടുപിടിക്കാമോ? റഈസ് ഫേസ്ബുക്കിലൂടെ ചോദിച്ചു. 'അതു നിങ്ങള്‍ തന്നെയല്ലേ, ആ മറ്റേ പെണ്ണുമ്പിള്ള ഏതാണ് അളിയാ', എന്ന മട്ടിലായിരുന്നു ആദ്യ പ്രതികരണങ്ങള്‍. എന്നാല്‍, തമാശയയായിരുന്നില്ല റഈസിന് ഇക്കാര്യം. തന്റെ അപരനെ കണ്ടെത്തണം. അവനെ ഒന്നു കെട്ടിപ്പിടിച്ച് ചോദിക്കണം, അളിയാ, നീയെങ്ങനെ എന്നെപ്പോലെയായി?  കളിയല്ല, കാര്യമാണ് റഈസിന് ഇതെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചു. എന്നാല്‍, പുരോഗതി ഉണ്ടായില്ല.

നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റ ഒരു ഫേസ്ബുക്ക് വീഡിയോ ലൈക്ക് ചെയ്ത ഒരു പേരിനോടുള്ള കൗതുകത്തില്‍നിന്നാണ് രാജേഷ് ബാബു ആ പ്രൊഫൈല്‍ ക്ലിക്ക് ചെയ്തത്. അതു തുറന്നതും അയാള്‍ ഞെട്ടി. സുഹൃത്ത് റഈസ് ഒരു മദാമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന പടങ്ങള്‍. അയാളുടെ ഒന്നു മൂന്ന് പടങ്ങള്‍ സേവ് ചെയ്ത് റഈസിന് അയച്ചു കൊടുത്തു. നീ കൊള്ളാമല്ലോ, ആരാണീ പെണ്ണെന്ന തമാശ ചോദ്യം. രാജേഷ് ബാബുവിന്റെ കൗതുകം അവിടെ തീര്‍ന്നു. അതാരെന്നോ, അയാളുടെ പേര് എന്തെന്നോ ഒന്നും അയാള്‍ സ്വാഭാവികമായി ശ്രദ്ധിച്ചില്ല. ഈ യാദൃശ്ചിക കണ്ടെത്തല്‍ റഈസ് കാര്യമായി എടുക്കുമെന്നും അയാള്‍ ഓര്‍ത്തില്ല. എന്നാല്‍, റഈസിന് ഇതു വെറും തമാശയല്ലായിരുന്നു. തന്നെ പോലിരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടെത്താന്‍ അവന്റെ ഉള്ളില്‍ വല്ലാത്ത ആഗ്രഹമുണര്‍ന്നു. കൂടുതല്‍ വിവരങ്ങളൊന്നും അറിയാത്ത ഒരു ശൂന്യതയില്‍നിന്നാണ്, വെറുമൊരു ഫോട്ടോഗ്രാഫ് വെച്ച് റഈസ് അന്വേഷണം തുടരുന്നത്. 

അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ റഈസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വരികള്‍:

നമുക്കും ശ്രമിക്കാം,

കാണുന്നവര്‍ക്കൊക്കെ തമാശയായിരുന്നു ആദ്യമൊക്കെ റഈസിന്റെ അന്വേഷണം. എന്നാല്‍, റഈസിന്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞതോടെ അവര്‍ നയം മാറ്റി അവനൊപ്പം ചേര്‍ന്നു. എങ്കിലും ചിലരൊക്കെ ഇക്കാര്യം പറഞ്ഞ് കളിയാക്കാറുണ്ട്. അതൊന്നും തന്റെ അന്വേഷണ ത്വര കെടുത്തുന്നില്ലെന്ന് റഈസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു. 

എന്താണ് ഇനി റഈസിന്റെ പ്രതീക്ഷ? ഇക്കാര്യം ചോദിച്ചപ്പോള്‍ റഈസ് പറയുന്നത് ഇതാണ്: ലോകത്തിന്‍െ ഏതെങ്കിലും ഭാഗത്ത് ആരെങ്കിലുമുണ്ടാവും, ആ മനുഷ്യനെ അറിയുന്ന ഒരാള്‍. അയാളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ വിചാരിച്ചാല്‍ കഴിയും. കഴിയുന്നത്ര ആളുകള്‍ ഇതൊന്ന് ഷെയര്‍ ചെയ്താല്‍ അതു നടക്കും. ആ മനുഷ്യനെ കണ്ടെത്താനാവും. എത്ര വൈകിയാലും അതു നടക്കും. 

നമുക്കും ശ്രമിക്കാം, റഈസിനെ ആ ചെറുപ്പക്കാരനിലേക്ക് എത്തിക്കാനുള്ള വഴിയാവാം. 

റഈസ് ഹിദായ

click me!