
വന്നു, കണ്ടു, കീഴടക്കി. ആരും പ്രേമിച്ചുപോവുന്നത്ര ആകർഷകമായിരുന്നു അവന്റെ പ്രകൃതം. എന്റെ ചെക്ക് ലിസ്റ്റിലുള്ള എല്ലാം അവനുണ്ടായിരുന്നു. തവിടിന്റെ നിറം. വീതിയുള്ള ചുമൽ, നീളമുള്ള കൈവിരലുകൾ. നെഞ്ചത്ത് രോമം, ഒടുക്കത്തെ ഹ്യൂമർസെൻസ്... എന്തിനധികം പറയുന്നു, വീണുപോയി. അത്ര തന്നെ. അധികം അങ്ങോട്ടും ഇങ്ങോട്ടും വെളിപ്പെടുത്തി വെറുതെ അലമ്പാക്കണ്ട എന്ന് കരുതി എന്റെ ഹിസ്റ്ററിയെപ്പറ്റി അധികം പറയാൻ നിന്നില്ല. അവന്റെ ലോകവീക്ഷണത്തെപ്പറ്റി അത്രയ്ക്കങ്ങോട്ട് വ്യാകുലപ്പെടാനും. തെറ്റായിപ്പോയി എന്നിപ്പോൾ തോന്നുന്നു. എന്തുകൊണ്ടെന്നോ..? പ്രൊപ്പോസ് ചെയ്ത്, കാമുകീകാമുകരായി അത്യാവശ്യം ചുറ്റിനടന്ന ശേഷമാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്... അവനൊരു മോദീഭക്തനാണ്! അതിനെന്താ എന്നാവും. ഇടതുപക്ഷത്തെ ഇടനെഞ്ചിൽ കൊണ്ടുനടക്കുന്ന എന്നോടോ ബാലാ... വല്ലാത്തൊരു പറ്റലായിപ്പോയി. ഇതെവിടെച്ചെന്നവസാനിക്കും. പറിച്ചെറിഞ്ഞതു കളഞ്ഞു പോവാൻ അവന് വേറൊരു ദൂഷ്യവുമില്ല. പഞ്ചപാവം!
ഒരു കാലിച്ചായ തന്ന ഊർജ്ജത്തിന്റെ പുറത്ത്, മോദിയുടെ ഏറ്റവും പുതിയ പബ്ലിസിറ്റി സ്റ്റണ്ടിനെപ്പറ്റി പറഞ്ഞു പൊലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഞാൻ എന്തെങ്കിലും കാര്യമായി പറഞ്ഞോണ്ട് വരുന്നേരം ഇടക്ക് കേറി എന്നെ വെട്ടുക ആരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല. അവനായതുകൊണ്ട് ഞാനങ്ങു ക്ഷമിച്ചു. ആ ഒരു സെക്കന്റ് നീണ്ട മൗനത്തിന്റെ അപ്പുറമാണ് അവൻ എന്റെ മുന്നിൽ അവന്റെ രാഷ്ട്രീയ ആഭിമുഖ്യം എന്ന ആറ്റംബോംബ് പൊട്ടിച്ചത്. തിളയ്ക്കുന്ന കട്ടൻ ചായ നെഞ്ചത്തൂടെ താഴോട്ടിറങ്ങിച്ചെന്ന ഒരു വികാരമായിരുന്നു അപ്പോഴെനിക്ക്. ചമ്മൽ അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ഉടനെ എന്റെ സ്ഥിരം 'ഷിഫ്റ്റിങ്ങ് ടോപ്പിക്ക്' എടുത്തിട്ടു, റോജർ ഫെഡററിന്റെ ഗ്ളാമർ!
തല്ക്കാലം രക്ഷപ്പെട്ടെങ്കിലും എനിക്കവന്റെ "മോദി അത്ര മോശം പ്രധാനമന്ത്രി ഒന്നുമല്ല" എന്നുള്ള ഈർഷ്യ കലർന്ന അഭിപ്രായം പറച്ചിൽ അങ്ങോട്ട് മറക്കാൻ കഴിഞ്ഞില്ല. രാത്രി കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. 'ഇടത് ലിബറൽ' എന്ന് സ്വയം കണ്ണാടിയിൽ നോക്കി വിളിക്കുന്ന ഞാൻ, പ്രാണനുതുല്യം ഇപ്പോൾ സ്നേഹിച്ചുകൊണ്ടിരിക്കുന്നവൻ ഒരു മോദിഭക്തനാണെന്ന്. ഞാനിതെങ്ങനെ സഹിക്കുമെന്റെ ദൈവമേ! ( ശ്ശൊ.. ദൈവത്തെയും വിളിച്ചൂടല്ലോ...).
നാലുമാസം മുമ്പ് ഒരു ഡേറ്റിങ്ങ് ആപ്പിൽ വെച്ചാണ്, ആയുസ്സെത്താതെ ഒടുങ്ങിയ ഒരുപിടി കുഞ്ഞുകുഞ്ഞ് പരിചയങ്ങൾക്കുശേഷം, അവനെ പരിചയപ്പെടുന്നത്. എന്റെ ഇതുവരെയുള്ള ബോയ്ഫ്രണ്ട്സിനെപ്പോലെയോ അല്ലെങ്കിൽ എന്റെ കൂട്ടുകാരികളുടെ ഭർത്താക്കന്മാരെപോലെയോ ഒന്നും ആയിരുന്നില്ലവൻ. ചങ്കുപറിച്ചുതന്ന് എന്നെ പ്രേമിച്ചു കളയും എന്നൊന്നും അവൻ അവകാശപ്പെട്ടില്ല. അവന്റെ കാലുകൾ എന്നും നിലത്തുതന്നെ ഉണ്ടായിരുന്നു. കുഞ്ഞുകുരുക്കൾ ചോപ്പിച്ച എന്റെ മുഖം അവന് ഇഷ്ടമായിരുന്നു കൂടുതൽ അടുത്തുപരിചയപ്പെട്ടപ്പോൾ, തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഞങ്ങൾ സമാനഹൃദയരാണ് എന്നെനിക്കു തോന്നി. എന്റെയുള്ളിലെ തീയ്ക്കുള്ള വെള്ളമാണ് അവനെന്ന്, എന്റെ വെറിപിടിച്ച പ്രകൃതത്തെ തണുപ്പിക്കാൻ പോന്ന ശാന്തസ്വരൂപനാണ് അവനെന്ന്, എനിക്ക് തോന്നിപ്പോയി...
എന്റെയച്ഛൻ കോൺഗ്രസ്സുകാരനായിട്ടും കോളേജിൽ ഞാൻ എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. ഞങ്ങളുടെ മണ്ഡലത്തിൽ ഇന്നുവരെ ഒരു ബിജെപിക്കാരൻ നിലം തൊട്ടിട്ടില്ല. എന്റെ ഇടതുലിബറൽ രാഷ്ട്രീയ വ്യക്തിത്വം എന്റെ അസ്തിത്വത്തിന്റെ കൂടി ഭാഗമാണ്. നിത്യജീവിതത്തിലെ എന്റെ തീരുമാനങ്ങളെയൊക്കെ സ്വാധീനിക്കുന്ന ഒരു നിർണായക ഘടകം. ഗുജറാത്തിൽ മോദിയുടെ കാർമ്മികത്വത്തിൽ 2002 -ൽ നടന്ന വംശഹത്യയ്ക്കു ശേഷം, എന്റെ കാമുകസങ്കല്പങ്ങളിൽ ഞാൻ ഒന്നു കൂടി കൂട്ടിച്ചേർത്തു. വലതുപക്ഷ രാഷ്ട്രീയത്തെ അപലപിക്കുന്നവനായിരിക്കണം എന്ന്. അതിൽക്കുറഞ്ഞൊന്നും തന്നെ എനിക്ക് സ്വീകാര്യമായിരുന്നില്ല. ഇതിനു തൊട്ടുമുമ്പ് ഞാൻ പ്രേമിച്ചവൻ, അക്കാര്യത്തിൽ മാതൃകയായിരുന്നു. ഞങ്ങളൊന്നിച്ചൊരൊറ്റക്കെട്ടായി കണ്ട മോദിഭക്തരോടൊക്കെ ഇടഞ്ഞു, വലിച്ചുകീറി പോസ്റ്ററാക്കി അവരെ ചുവരിൽ ഒട്ടിച്ചു. ബിജെപി അനുകൂലികളെ ഞാൻ എന്നും മന്ദബുദ്ധികളെന്നും, മനുഷ്യപ്പറ്റും ദീനാനുകമ്പയുമില്ലാത്തവരെന്നും വിവരം തൊട്ടുതെറിച്ചിട്ടില്ലാത്തവരും എന്നെക്കാൾ താഴേക്കിടയിലുള്ളവരെന്നുമൊക്കെയാണ് കരുതിപ്പോന്നിരുന്നത്. പക്ഷേ, രണ്ടുമൂന്നുമാസമായി ഞാൻ മിണ്ടിയും പറഞ്ഞും പ്രേമിച്ചും കൂടെനടക്കുന്നവൻ പക്ഷേ അങ്ങനൊന്നും അല്ല!
അന്നത്തെ ആ അഭിപ്രായപ്രകടനത്തിനുശേഷം ഞങ്ങൾ രണ്ടുപേരും അവരവരുടെ രാഷ്ട്രീയ ആഭിമുഖ്യങ്ങളെപ്പറ്റി വിശദമായിത്തന്നെ ചർച്ച ചെയ്തു. ചെറിയ വാക്കു തർക്കങ്ങൾ മുതൽ മുട്ടൻ വഴക്കുകൾ വരെ ആ പേരിൽ കഴിഞ്ഞു. അവനെ മോദിഭക്തനാക്കി മാറ്റിയ കാര്യങ്ങൾ അവന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടതാണ്. അവൻ ഒരു 'ഇൻവെസ്റ്റ്മെൻറ് ബാങ്കർ' ആണ്. ഈ രാജ്യത്തെ വലതുപക്ഷ കോക്കസുകൾ നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ ആദ്യകാല ഗുണഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ച വർഗ്ഗം. മോദി ഭരണത്തിലേറിയ അന്നുമുതൽ സ്റ്റോക്ക് മാർക്കറ്റ് 'ബുള്ളിഷ്' ആണ്. വല്ലാത്തൊരു പ്രസരിപ്പ് മോദിയുടെ ആരംഭശൂരത്വം സ്റ്റോക്ക് മാർക്കറ്റിന് തുടക്കത്തിൽ നൽകിയിരുന്നു. അത് മറ്റുപലരെയും പോലെ അവനെയും ഒരു മോദി ഫാൻ ആക്കിയിരുന്നു. കുറ്റം പറയാനൊക്കില്ല..!
എനിക്ക് മനസ്സിലെ കന്മഷമൊഴുക്കിക്കളയാൻ അവന്റെ ഈ ഒരു വിശദീകരണം ധാരാളമായിരുന്നു. ഞാൻ ഭയന്നപോലെ ഒരു അസ്ഥിക്കുപിടിച്ച മോദി ഫാനല്ല അവൻ. ഗുജറാത്തിലെ വംശഹത്യകളെ എന്നെപ്പോലെ അവനും അപലപിക്കുന്നുണ്ട്. നോട്ടുനിരോധനം നാടിനെ കുട്ടിച്ചോറാക്കിയതിനെപ്പറ്റിയും GST കച്ചവടങ്ങൾ തുളച്ചതിനെപ്പറ്റിയുമൊക്കെ ഞാനെന്റെ പത്രം വായിച്ചുള്ള അല്പജ്ഞാനം വെച്ച് അവന്റെ മുന്നിൽ ഉപന്യസിക്കാൻ ചെല്ലുമ്പോൾ, അവൻ മാക്രോ എക്കണോമിക്‌സിലുള്ള തന്റെ അഗാധജ്ഞാനം പുറത്തെടുത്ത് വളരെ ശാന്തനായി എനിക്ക് പലതും പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രമിച്ചിരുന്നു. എനിക്കൊരു പുല്ലും പിടികിട്ടിയിരുന്നില്ലെങ്കിലും. എന്റെ ഓരോ തർക്കങ്ങളിലും പരശ്ശതം സ്റ്റാറ്റിസ്റ്റിക്സ് നിരത്തി അവൻ എന്റെ വായടച്ചിരുന്നു. 'സ്വച്ഛ് ഭാരത് അഭിയാനെ'പ്പറ്റി വേണമെങ്കിൽ അവൻ ഒരു പകൽ മുഴുവനും ഇരുന്ന് ഗിരിപ്രഭാഷണം നടത്തും.
പക്ഷേ, ഇന്ന് ഈ 2018ൽ ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്.. 'The whole is greater than sum of the parts ' - കോൺഗ്രസ്സുകാരായ എന്റെ അച്ഛനെയും അമ്മയെയും എനിക്ക് സഹിക്കാനാവുമെങ്കിൽ, ഒരു മൃദു മോദിഭക്തനായ ഈ നല്ല ചെറുക്കനെയും സഹിക്കാൻ എനിക്ക് പറ്റേണ്ടതാണ്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളെപ്പറ്റി ഒരാൾക്കും വിട്ടുകൊടുക്കാതെ ലോകാവസാനം വരേയ്ക്കും വാദിച്ചുകൊണ്ടിരിക്കുന്ന ഒരു എരണം കെട്ടവളാണ് ഞാനെന്ന് അവനറിയാം. എന്നെ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവനൊരിക്കലും തടയില്ലെന്നും. ഞാൻ പറയുന്നത് അവൻ സമ്മതിച്ചു തരാത്തതിൽ എനിക്കവനോട് അമർഷം തോന്നാറുണ്ടെങ്കിലും, എന്നോട് അവനിന്നുവരെ മുഖം മുറിച്ചൊന്നും പറഞ്ഞിട്ടില്ല അതിന്റെ പേരിൽ. അവന്റെ രാഷ്ട്രീയ ആഭിമുഖ്യം കാരണം അവന്റെ വ്യക്തിത്വത്തെ ഞാൻ ജഡ്ജ് ചെയ്യാൻ പാടില്ലല്ലോ.. എന്നാലും എന്റെ സ്വാർത്ഥതകൊണ്ട് ഞാനവനോട് ഒരു കൊച്ചു ത്യാഗം ചെയ്യാൻ അപേക്ഷിച്ചിട്ടുണ്ട്.. ഇടതു പക്ഷത്തെ ഹൃദയപക്ഷത്തു കൊണ്ടുനടക്കുന്ന എന്റെ സ്നേഹിതർക്കുമുന്നിൽ അവന്റെ മോദിഭക്തി പുറത്തെടുക്കരുതേ എന്ന്.. എന്റെ ഇരട്ടത്താപ്പോർക്കുമ്പോൾ എനിക്ക് നല്ല ചമ്മലുണ്ട്.. കാരണം.. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഒരിക്കലും ഞാനങ്ങനൊന്ന് സമ്മതിച്ചു തരില്ലായിരുന്നു.
അവന്റെ രാഷ്ട്രീയവിശ്വാസങ്ങളെ മുഖവിലയ്‌ക്കെടുക്കാൻ ഞാൻ ശ്രമിക്കണം. മോദിയെ മനസ്സിലെങ്കിലും സ്നേഹിക്കാൻ ഞാനവനെ അനുവദിക്കണം. ഇല്ലെങ്കിൽ ഞാനും ഒരു അസഹിഷ്ണുവാകും. അത് എനിക്കും ഒരു ബിജെപി അനുഭാവിക്കും പൊതുവിലുള്ള ഒരു ഘടകമാവും. അതുമാത്രം, എനിക്ക് സഹിക്കാനാവില്ല..!!
Courtesy: The Politics of Love: How I Date a Modi Supporter as a Good Little Liberal by Parita Patel, arre.co.in
Translation: Babu Ramachandran