കാനഡയിലെ ടൊറന്റോയിൽ പൊതുസ്ഥലങ്ങളിൽ ആളുകളെ പിന്തുടർന്ന് അനുവാദമില്ലാതെ വീഡിയോ പകർത്തി ശല്യം ചെയ്ത 45-കാരന്‍ അറസ്റ്റില്‍. മുഹമ്മദ് അസ്കർ മുഹമ്മദ് റാസിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിലെ ടൊറന്റോയിൽ പൊതുസ്ഥലങ്ങളിൽ വെച്ച് ആളുകളെ നിരന്തരം പിന്തുടരുകയും അനുവാദമില്ലാതെ വീഡിയോ പകർത്തി ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ മുഹമ്മദ് അസ്കർ മുഹമ്മദ് റാസിക് (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഡിസംബർ 10-നാണ് ടൊറന്റോ പൊലീസ് നടപടിയെടുത്തത്. ആളുകളെ അസ്വസ്ഥരാക്കുന്ന രീതിയിൽ അവരുടെ മുഖത്തിനടുത്തേക്ക് ഫോൺ കൊണ്ടുപോയി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതാണ് ഇയാളുടെ രീതി.
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം പ്രധാന സംഭവങ്ങൾ ഇവയാണ്: ജൂൺ 8, 2025 -ന് ഡുണ്ടാസ് സ്ട്രീറ്റ് വെസ്റ്റിന് സമീപം നടന്ന ഒരു പരിപാടിക്കിടെ യുവതിയെ പിന്തുടർന്ന് വീഡിയോ പകർത്തി. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ തട്ടിക്കയറുകയും വീഡിയോ പകർത്തുന്നത് തുടരുകയും ചെയ്തു. ഓഗസ്റ്റ് 21, 2025 -ന് യൂണിയൻ സ്റ്റേഷനിൽ വെച്ച് ഒരു ടി.ടി.സി ജീവനക്കാരന്റെ മുഖത്തിനടുത്ത് ഫോൺ വെച്ച് വീഡിയോ പകർത്തി. ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.
സെപ്റ്റംബർ 27, 2025 -ന് ഡേവിഡ് പെകോട്ട് സ്ക്വയറിൽ വരി നിൽക്കുകയായിരുന്ന വ്യക്തിയെ ശല്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തു. നിർത്താൻ ആവശ്യപ്പെട്ടിട്ടും വീഡിയോ പകർത്തുന്നത് തുടർന്നു. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയും ഇയാളുടെ അതിക്രമമുണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ രണ്ടുതവണ പിന്തുടരുകയും അവരുടെ ശരീരപ്രകൃതിയെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തി വീഡിയോ പകർത്തുകയും ചെയ്തു.
ക്രിമിനൽ ഹരാസ്മെന്റ് ഉൾപ്പടെയുള്ള നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ചിത്രം പുറത്തുവിട്ട ടൊറന്റോ പൊലീസ്, സമാന രീതിയിലുള്ള ദുരനുഭവങ്ങൾ ഉണ്ടായ മറ്റ് ഇരകളുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നതും വംശീയ അധിക്ഷേപങ്ങൾ നടത്തുന്നതുമായ ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ടൊറന്റോ അധികൃതരുടെ തീരുമാനം.
