പുനത്തില്‍: അറിയാത്ത കഥകള്‍

By Web DeskFirst Published Oct 27, 2017, 3:58 PM IST
Highlights

മൂന്ന് വര്‍ഷം മുമ്പാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്ര പരിപാടിക്കു വേണ്ടി മാങ്ങാട് രത്‌നാകരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കഥകളുടെ ഉറവിടങ്ങളിലേക്ക് യാത്ര പോയത്. വളര്‍ന്ന, ജീവിച്ച, ജീവിക്കുന്ന ഇടങ്ങള്‍. അതിനിടയില്‍, പുനത്തില്‍ പറഞ്ഞത് അസാധാരണമായ കഥകളാണ്. ജീവിത വഴികളെല്ലാം പുനത്തില്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയിട്ടുണ്ടെങ്കിലും ഇവയില്‍ പലതും എഴുതപ്പെടാത്ത കഥകളാണ്. 

 വൈലോപ്പിള്ളിയും പുനത്തിലും 
കാക്കയും 

ഏഷ്യാനെറ്റ് ന്യൂസ് സംഘം ചെല്ലുമ്പോള്‍ കഥകളുടെ ലോകത്തായിരുന്നില്ല പുനത്തില്‍. കവിതകളായിരുന്നു അന്ന് കൂട്ട്. കോഴിക്കോട്ടെ കാസബ്ലാന്‍ക അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുകയായിരുന്നു അന്ന്. ഭാവനയുടെ വിശാല ലോകത്തില്‍, കവിതകള്‍ക്കൊപ്പം വാസം. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അന്ന് പുനത്തില്‍ വൈലോപ്പിള്ളി കവിത ചൊല്ലി. വൈലോപ്പിള്ളിയെ സ്മരിച്ചു. വീട്ടുമുറ്റത്ത് കാക്കകള്‍ക്ക് വേണ്ടി കാത്തിരുന്ന വൈലോപ്പിള്ളിയെ പോലെ ഫ്‌ലാറ്റിനു മുന്നിലെ മരച്ചില്ലയില്‍ വന്നുചേരുന്ന കാക്കയ്ക്കു വേണ്ടി കാത്തിരിപ്പായിരുന്നു അന്ന് പുനത്തില്‍. എന്നും വരുന്ന കുയിലിനെ കാണാത്തതിലുള്ള സങ്കടം പങ്കുവെച്ചു, അന്ന് പുനത്തില്‍. 

ബാള്‍റൂം ഡാന്‍സുണ്ടായിരുന്ന 
കോഴിക്കോട്ടെ വീട് 

കുറച്ചകലെ വടകരയ്ക്കടുത്ത് കാരക്കാട്ടായിരുന്നു വീടും താമസവുമെങ്കിലും കോഴിക്കോട് നഗരവുമായി പണ്ടേയുണ്ടായിരുന്നു പുനത്തിലിന് ചാര്‍ച്ച. പത്തമ്പതു കുടുംബ വീടുകളുണ്ട് അവിടെ. അമ്മയുടെ അമ്മാവന്‍ പുനത്തില്‍ അബൂബക്കര്‍ നാട്ടുപ്രമാണി. വെള്ളിമാടുകുന്നില്‍ ഇന്ന് ജെ.ഡിടി സ്്കൂള്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ബംഗ്ലാവ്. അവധിക്കാലങ്ങളില്‍ അവിടെയത്താറുണ്ടെന്ന് പുനത്തില്‍. തനി ബ്രിട്ടീഷ് മട്ടിലുള്ള ജീവിതമായിരുന്നു അവിടെ. ബ്രിട്ടീഷ് ഉദ്യോഗസ്ഥരൊക്ക വന്നുചേരുന്നിടം. രാത്രിയില്‍ ബോള്‍ റൂം ഡാന്‍സൊക്കെയുണ്ടായിരുന്നെന്ന് പുനത്തില്‍. സമ്പന്നമായ ജീവിതമായിരുന്നു. ദാനം ചെയ്തുചെയ്താണ് അമ്മാവന്‍ അവസാന കാലത്ത് ആത്മഹത്യയുടെ വക്കിലെത്തിയതെന്ന് പുനത്തില്‍ പറയുന്നു. 

അമ്മയുടെ അനിയത്തിയുടെ വീട് കോഴിക്കോടായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്്ത്യന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് അവിടെയായിരുന്നു താമസം. 

എംടി എന്ന 'തത്തമ്മ' 
വായിച്ചു വായിച്ചാണ് പുനത്തില്‍ എഴുത്തുകാരനായത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടാന്‍ കാത്തിരുന്ന കുട്ടിക്കാലം. പിന്നെ കുഞ്ഞു കഥകള്‍ എഴുതിത്തുടങ്ങി. അതിന്റെ ആനന്ദം അറിഞ്ഞു തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററര്‍ ആയിരുന്ന എം.ടി വാസുദേവന്‍ നായരാണ് കുഞ്ഞബ്ദുല്ലയെന്ന എഴുത്തുകാരനെ കണ്ടെത്തിയത്. എഴുത്തുകാരെ കണ്ടെത്തുക മാത്രമല്ല വളര്‍ത്തുകയും ചെയ്തിരുന്ന എഡിറ്റര്‍ ആയിരുന്നു എം ടിയെന്ന് കുഞ്ഞബ്ദുല്ലയുടെ സാക്ഷ്യം. ഒരെഴുത്തുകാരോടും പ്രത്യേക താല്‍പ്പര്യമില്ലാത്ത, പ്രത്യേക മമത കാണിക്കാത്ത എഡിറ്റര്‍ എന്നും പുനത്തില്‍ എംടിയെ കുറിച്ച് പറയുന്നു. 

ആദ്യമായി പ്രതിഫലം അയച്ചു തന്നതും എം.ടിയാണ്. പത്തുരൂപ. മണിയോര്‍ഡര്‍ ആയി അത് കൊടുത്തശേഷം അരതില്‍നിന്ന് അഞ്ചു രൂപ പോസ്റ്റുമാന്‍ വായ്പ വാങ്ങിയെന്ന് പുനത്തില്‍. 'ഇതുവരെ അതു തിരിച്ചുകിട്ടിയിട്ടില്ല'-അദ്ദേഹം ചിരിയോടെ ഓര്‍ക്കുന്നു. 

ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു കഥ ആഴ്ചപ്പതിപ്പിലേക്ക് അയച്ചു. ഒന്നര വര്‍ഷമായിട്ടും കഥ വന്നില്ല. അതിനെ കുറിച്ച് വിവരവുമില്ല. എം.ടിയെ കാണാന്‍ പരിഭ്രമത്തോടെ, വിറയലോടെ ചെന്നു. അയച്ചു കിട്ടിയ കഥകളുടെ കൂമ്പാരത്തിനു തൊട്ടരികെ ഇരിപ്പാണ് എം.ടി. 

'ഒരു കഥ അയച്ചിരുന്നു'-മുന്നില്‍ ചെന്നുനിന്ന് പുനത്തില്‍ പറഞ്ഞു. 

'എപ്പോഴാ അയച്ചത്' എന്ന് എം.ടി. 

ഒന്നര വര്‍ഷം മുമ്പെന്ന് പറഞ്ഞപ്പോള്‍ തത്തമ്മ ശാസ്ത്രക്കാരന്റെ തത്ത കാര്‍ഡ് എടുക്കുന്നത് പോലെ, ആ കൂമ്പാരത്തില്‍നിന്നും എംടി ആ കഥ കൊത്തിയെടുത്തു! മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ കഥ അടിച്ചുവന്നു. 

പുനത്തിലുമൊത്തുള്ള യാത്ര ഇവിടെ കാണാം 

 


 

click me!