പ്രളയക്കെടുതി: കൈത്താങ്ങായി 'നാട്ടുകലാകാരക്കൂട്ട'ത്തിന്‍റെ പുസ്തകവണ്ടി വരുന്നു

By Sumam ThomasFirst Published Sep 8, 2018, 5:39 PM IST
Highlights

സെപ്റ്റംബർ ഏഴിന് തൃശൂരിൽ നിന്നാണ് ഈ വണ്ടി പുറപ്പെട്ടത്. ഒമ്പതിന് ചെങ്ങന്നൂരിൽ‌ അവസാനിപ്പിക്കാനാണ് തീരുമാനം. ഇന്നലെ വിദ്യാഭ്യാസ മന്ത്രി പ്രൊ. രവീന്ദ്രനാഥാണ് പുസ്തകവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. നാട്ടുകലാകാരക്കൂട്ടത്തിന്‍റെ സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പുസ്തകവണ്ടി യാത്ര ആരംഭിച്ചത്.

തിരുവനന്തപുരം: കേരളത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ മഹാപ്രളയം ഒഴുക്കിക്കൊണ്ടു പോയത് ഒരു കൂട്ടം കലാകാരൻമാരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. ഓണനാളുകളിലാണ് നാടൻപാട്ട് കലാകാരൻമാർക്ക് ഏറ്റവും കൂടുതൽ വേദികൾ ലഭിക്കുന്നത്. എന്നാൽ പ്രളയക്കെടുതിയിൽ ഇവർക്ക് ഈ സീസണിലെ വേദികൾ ലഭിച്ചില്ല. വേദികളെല്ലാം മഴ കൊണ്ടുപോയെങ്കിലും മഴയ്ക്ക് പെയ്യാൻ പറ്റാത്തിടങ്ങളിൽ നിന്നും അവർക്കായി സഹായഹസ്തങ്ങൾ നീളുന്നുണ്ട്. 

അങ്ങനെ സഹായഹസ്തവുമായി എത്തുകയാണ് കേരളത്തിലെ നാടൻപാട്ട് കലാകാരൻമാരുടെ കൂട്ടായ്മയായ 'നാട്ടുകലാകാരക്കൂട്ടം'. കലാകാരൻമാരുടെ മക്കൾക്ക് പിന്തുണ നൽകുകയാണ് നാട്ടുകലാകാരക്കൂട്ടത്തിന്‍റെ 'പുസ്തകവണ്ടി'. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നാടൻപാട്ട് കലാകാരൻമാരുടെ കുട്ടികളെ സഹായിക്കുക എന്നതാണ് പുസ്തകവണ്ടിയുടെ ലക്ഷ്യം.

സെപ്റ്റംബർ ഏഴിന് തൃശൂരിൽ നിന്നാണ് ഈ വണ്ടി പുറപ്പെട്ടത്. ഒമ്പതിന് ചെങ്ങന്നൂരിൽ‌ അവസാനിപ്പിക്കാനാണ് തീരുമാനം. ഇന്നലെ വിദ്യാഭ്യാസ മന്ത്രി പ്രൊ. രവീന്ദ്രനാഥാണ് പുസ്തകവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. നാട്ടുകലാകാരക്കൂട്ടത്തിന്‍റെ സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പുസ്തകവണ്ടി യാത്ര ആരംഭിച്ചത്.

പുസ്തകവണ്ടിയിൽ നിറയെ കലാകാരൻമാരുടെ മക്കൾക്ക് വേണ്ടിയുള്ള നോട്ടുബുക്കുകളാണ്. രണ്ടരലക്ഷം രൂപയുടെ നോട്ടുബുക്കുകളാണ് കുട്ടികൾക്കായി കരുതിയിരിക്കുന്നത്. പത്ത് ജില്ലകളിലായി സഞ്ചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നാടൻ പാട്ട് കലാകാരനും പിന്നണിഗായകനുമായ മത്തായി സുനിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓരോ ജില്ലയിലും ഇരുപതിനായിരം നോട്ടുബുക്കുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. മറ്റ് കുട്ടികൾക്കും നോട്ട്ബുക്കുകൾ നൽകും.

കലാകാരൻമാരുടെ വരുമാനത്തിൽ നിന്ന് ശേഖരിച്ച തുകയും സുമനസുകൾ സൗജന്യമായി നൽകിയ നോട്ടുബുക്കുകളുമാണ് കുട്ടികൾക്കായി നൽകുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് നാടൻപാട്ട് കലാകാരൻമാരുടെ സംഘത്തിന് സംഭവിച്ചിരിക്കുന്നത്. ക്ലബ്ബുകൾ, വായനശാലകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പരിപാടികൾ പെട്ടെന്ന് റദ്ദായത് മൂലം ഇവരുടെ കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്. എന്നാൽ അതിജീവനത്തിന്‍റെ പാട്ടുമായി പുസ്തകവണ്ടിയും അതിലെ ഒരുകൂട്ടം കലാകാരൻമാരും ഇവര്‍ക്ക് താങ്ങാവുന്നു. 
 

click me!