എത്ര രാമായണങ്ങള്‍?

കന്നി എം |  
Published : Jul 12, 2018, 02:19 PM ISTUpdated : Oct 04, 2018, 03:00 PM IST
എത്ര രാമായണങ്ങള്‍?

Synopsis

പലതരം രാമായണമുണ്ട്, പലതരം വായനകളും സാധ്യമാണ് കന്നി എം എഴുതുന്നു

രാമായണവുമായി ബന്ധപ്പെട്ട ചര്‍ച്ച കണ്ടപ്പോഴാണ് എ.കെ രാമാനുജന്റെ 'Three hundred ramayanas: Five examples and Three thoughts on translation' എന്ന ലേഖനം ഓര്‍മ വന്നത്. (അതിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ വീണ്ടുമെടുത്തുവായിച്ചു നോക്കാന്‍ തോന്നി. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമുള്ള നാടോടി ആഖ്യാനങ്ങളുടെ (Folk narratives) പിന്‍ബലത്തോടെയാണ് രാമാനുജന്‍ മൂന്നുറ് രാമായണങ്ങളെപ്പറ്റി പറയുന്നത്. നാടോടി ആഖ്യാനങ്ങളുടെ പ്രത്യേകത, അത് വാമൊഴിയായി (Orally transmitted) സഞ്ചരിക്കും എന്നതാണ്. അതിന് ഒട്ടേറെ പാഠഭേദങ്ങളും (Versions) സ്വാഭാവികമാണ്. രാമായണത്തിന്റെ അനേക ആഖ്യാനങ്ങളിലൂടെ രാമാനുജന്‍ കടന്നുപോവുന്നുണ്ട്. രസകരമായി തോന്നിയ ചിലത് കുറിച്ചുവെച്ചാലോ എന്നാലോചിച്ച് എഴുതിയതാണ്.

ഭക്തിപ്രധാനമായ ഒരു കൃതിയായി മാത്രം രാമായണത്തെ കാണുന്നവരെയാണ് അധികവും ഞാന്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ പാഠം ( text) എന്ന് പറയത്തക്കവിധം ഒരു പാഠം ഇല്ലെന്നും അവയെല്ലാം പാഠഭേദങ്ങളാണെന്നും അറിയുന്നത് വലിയ കൗതുകം തന്നെയാണ്.

'ഏതെങ്കിലും രാമായണത്തില്‍ സീത രാമനൊപ്പം കാട്ടില്‍ പോകാത്തതായി കേട്ടിട്ടുണ്ടോ എന്ന് ക്ഷുഭിതയായി ചോദിക്കുന്ന സീതയെ അദ്ധ്യാത്മരാമായണത്തില്‍ കാണാ'മെന്ന് രാമാനുജന്‍ പറയുന്നു. അനേകം രാമായണമുണ്ടെന്ന് രാമായണം തന്നെ പറയുന്നുവെന്നതാണ് അതിലെ അതിശയകരമായ കാര്യം.

രാമായണങ്ങള്‍ പലവും കവിവര- 
രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍. 
ജാനകിയോടുകൂടാതെ രഘുവരന്‍ 
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ? 
(അയോദ്ധ്യാകാണ്ഡം, അദ്ധ്യാത്മരാമായണം) 
(ഞാനീ ഭാഗമെല്ലാം മുമ്പ് വായിച്ചിട്ടുണ്ടെങ്കിലും ഈ വരികളിലെ സാധ്യത തിരിച്ചറിഞ്ഞത് ഇപ്പോഴാണ്)

ജൈനരാമായണത്തിലെ പരാമര്‍ശങ്ങള്‍ കുറേക്കൂടി അത്ഭുതപ്പെടുത്തുന്നതാണെന്ന് രാമാനുജന്‍ പറയുന്നു. വിമലസൂരിയുടെ ഗ്രന്ഥമായ 'പൗമചര്യ' തുടങ്ങുന്നത് തന്നെ രാവണനെപ്പറ്റിയുള്ള വിവരണത്തിലാണ്. ജൈനപാരമ്പര്യത്തിലെ അറുപത്തി മൂന്ന് ശ്രേഷ്ഠരില്‍ ഒരാളാണ് രാവണനെന്ന് ജൈനരാമായണം പറയുന്നു. ജൈന രാമായണത്തിലും പാഠഭേദങ്ങളുണ്ടെന്ന് കാണാം. സീത രാവണന്റെ മകളാണെന്ന കഥ പറയുന്ന പാഠഭേദവുമുണ്ട്. അതില്‍ ഈഡിപല്‍ കോംപ്ലക്‌സിന് കാരണമാകുന്ന സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതായും രാമാനുജന്‍ പറയുന്നുണ്ട്. ഹിന്ദു രാമായണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജൈനരാമായണത്തില്‍, രാമന്‍ രാവണനെ കൊല്ലുന്നുപോലുമില്ല. ക്രൂരനായ രാവണന്‍ എന്ന സങ്കല്‍പ്പമെല്ലാം പിന്നീടുണ്ടായ ഏകശിലാത്മകമായ വായനയിലൂടെ പ്രചരിപ്പിക്കപ്പെട്ടതാകാനാണ് സാധ്യതയെന്ന് ഈ ലേഖനം മനസിലാക്കി തരും. പത്തുതല എന്ന അതിശയോക്തിയെപോലും യുക്തിയോടെ കൈകാര്യം ചെയ്യുന്നത് കാണാമെന്നതാണ് മറ്റൊരു സംഗതി.

കമ്പരാമായണത്തില്‍ രാമന് ഒരു തമിഴ് വീരസങ്കല്‍പ്പമാണ് നല്‍കിയിട്ടുള്ളത്. കന്നഡ പാഠത്തില്‍ കുഞ്ഞുങ്ങളില്ലാതിരുന്ന രാവണനും മണ്ഡോദരിക്കും ഒരു പ്രത്യേക സാഹചര്യത്തില്‍ ശിവന്റെ ശാപത്താല്‍ ജനിക്കുന്ന കുഞ്ഞാണ് സീത എന്നാണ് കഥ. വാല്‍മീകിയുടെ രാമായണത്തില്‍ കേള്‍ക്കാത്ത അനേക രാമായണങ്ങളാണ് വാമൊഴി പാരമ്പര്യങ്ങള്‍ പറയുന്നതെന്ന് രാമാനുജന്‍ ഉറപ്പിക്കുന്നു. ടിബറ്റ്, തായ്‌ലന്റ്, ബര്‍മ, ലാവോസ്, കംബോഡിയ, മലേഷ്യ, ജാവ, ഇന്തോനേഷ്യ തുടങ്ങി വിവിധ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ രാമായണത്തിന്റെ വാമൊഴി പാരമ്പര്യങ്ങളുണ്ട്.

രസകരമായാണ് രാമാനുജന്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നതെന്ന് കാണാം. ഒരു ഗ്രാമത്തില്‍ രാമായണ കഥ കേള്‍ക്കാന്‍ ഭാര്യയും ഭര്‍ത്താവും പോകുന്നു. കഥയില്‍ മുഴുകിപോയ ഭര്‍ത്താവ് കടലില്‍ ചാടി രാമന്റെ മോതിരമെടുത്തുകൊണ്ടുവന്ന് ഹനുമാന് കൊടുക്കുന്നു. രാമന്റേയും ഹനുമാന്റേയും അനുഗ്രഹം സിദ്ധിച്ചയാളാണ് അയാളെന്ന് പിന്നീട് നാട്ടുകാര്‍ വിശ്വസിച്ചുപോന്നുവെന്നാണ് കഥ. രാമായണകഥയില്‍ മുഴുകി പോകുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് വിവരിക്കുന്ന ഈ നാടോടി കഥ പറഞ്ഞാണ് രാമാനുജന്‍ ലേഖനം അവസാനിപ്പിക്കുന്നത്.

പാഠഭേദങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഡോ. അസീസ് തരുവണയുടെ 'വയനാടന്‍ രാമായണം' ഓര്‍മ വരും. അതില്‍ അടിയരാമായണം, ചെട്ടിരാമായണം തുടങ്ങി രാമായണത്തിന്റെ രണ്ട് പാഠങ്ങളുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇവയിലെ പുല്‍പ്പള്ളിക്കാരായ സീതയും രാമനും എന്തൊരാശ്ചര്യമാണല്ലേ! (ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല). മാപ്പിള രാമായണം മറ്റൊന്ന്. ഇങ്ങനെയെത്ര രാമായണങ്ങള്‍!

ആഹാ! എന്തെല്ലാം തരം. ഏതെല്ലാം കാലം.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്