അന്യഗ്രഹ ജീവിയല്ല സര്‍, ഫെമിനിസ്റ്റ്!

Published : Dec 26, 2017, 01:20 PM ISTUpdated : Oct 04, 2018, 06:44 PM IST
അന്യഗ്രഹ ജീവിയല്ല സര്‍, ഫെമിനിസ്റ്റ്!

Synopsis

അതേ, അണ്ണന്‍മാരേ, കസേരപ്പുറത്തു കാലിന്മേല്‍ കാലും കയറ്റിവച്ചു ഭര്‍ത്താവിനെ ക്ഷ, ണ്ണ വരപ്പിച്ചു പൊമറേനിയന്‍ പട്ടികുഞ്ഞിനു മുടിചീകി കൊടുക്കുന്ന കൊച്ചമ്മയല്ല ഫെമിനിസ്റ്റ്. അതൊരു തിരിച്ചറിവിന്റെ ഉറച്ച പ്രഖ്യാപനമാണ്. കണ്ണിന്റെ മുന്‍പില്‍ ജീവിതം പാമ്പന്‍ പാലത്തിന്റെ ഉറപ്പോടെ, ചോദ്യചിഹ്നം പോലെ നില്‍ക്കുമ്പോള്‍ അതിന്റെ മുന്‍പില്‍ തളരാതെ നിന്ന് നേടിയെടുക്കുന്ന ചെറിയ ചെറിയ ചില വിജയങ്ങളുണ്ട്. പുച്ഛിച്ചവരുടെ മുന്‍പില്‍ 'ഇതൊക്കെ എന്ത്' എന്ന ചെറു ചിരിയോടെ നില്‍ക്കുന്ന സ്ത്രീകളുടെ വിജയങ്ങള്‍. നിങ്ങളെങ്ങനെ വ്യാഖ്യാനിച്ചാലും അതൊരു ഫെമിനിസ്റ്റ് പ്രഖ്യാപനമാണ്. 

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ ആഞ്ഞടിച്ച 'ഓഖി' ആണല്ലോ 'ഫെമിനിസവും,ഫെമിനിച്ചികളും കുലസ്ത്രീകളും. 'സ്ലീവ്‌ലെസ് ബ്ലൗസും, ഉച്ചിയിലൊരു കൂളിംഗ് ഗ്ലാസ്സും, സദ്യക്ക് പായസം പോലെ ഒരു പഴങ്കഞ്ഞി കെട്ടിയോനും'- ഇങ്ങനെയൊക്കെയാണ് ഒരു കൂട്ടര്‍ ഓണ്‍ലൈനില്‍ 'ഫെമിനിച്ചി' എന്നൊരു പേരുമിട്ട് ഫെമിനിസ്റ്റുകളെ അടയാളപ്പെടുത്തുന്നത്. 

സംശയിക്കേണ്ട, പണ്ടൊരു വനിതാ മാസികയില്‍ കാര്‍ട്ടൂണിസ്റ്റ് ടോംസ് വരച്ചു വെച്ച അതേ വാര്‍പ്പുമാതൃക. പിന്നീട് സിനിമകളിലും കോമഡി ഷോകളിലുമൊക്കെയായി നിരന്തരം അടയാളപ്പെടുത്തപ്പെട്ട 'കേരള മോഡല്‍'. അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ അടിച്ചിരുത്താന്‍ എല്ലാ കാലത്തും ആണധികാര വ്യവസ്ഥ മുന്നോട്ടുവെച്ച പുച്ഛം കലര്‍ന്ന രൂപം. ലോകം ഇത്രയേറെ മാറിയിട്ടും, ഓണ്‍ലൈന്‍ ഇടങ്ങള്‍ സ്ത്രീ ആവിഷ്‌കാരങ്ങളുടെ അപാര സാദ്ധ്യതകള്‍ തുറന്നിട്ടും, തന്‍േറടവും കാര്യബോധവുമുള്ള പുതു തലമുറ പെണ്‍കുട്ടികള്‍ ഇമ്മാതിരി വാര്‍പ്പുരൂപങ്ങളെ 'ഓടെടാ കണ്ടം വഴി' എന്ന് ആട്ടുമ്പോഴും, ചിലര്‍ക്കിപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് തെളിയിക്കുന്നു ഈ സംവാദവും. 

ഇപ്പോഴും നേരം വെളുക്കാതെ, ഫെമിനിച്ചി എന്നും പറഞ്ഞ് കിതച്ചുകൊണ്ടുവരുന്ന പുരുഷാരത്തോട് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. 

അതേ, അണ്ണന്‍മാരേ, കസേരപ്പുറത്തു കാലിന്മേല്‍ കാലും കയറ്റിവച്ചു ഭര്‍ത്താവിനെ ക്ഷ, ണ്ണ വരപ്പിച്ചു പൊമറേനിയന്‍ പട്ടികുഞ്ഞിനു മുടിചീകി കൊടുക്കുന്ന കൊച്ചമ്മയല്ല ഫെമിനിസ്റ്റ്. അതൊരു തിരിച്ചറിവിന്റെ ഉറച്ച പ്രഖ്യാപനമാണ്. കണ്ണിന്റെ മുന്‍പില്‍ ജീവിതം പാമ്പന്‍ പാലത്തിന്റെ ഉറപ്പോടെ, ചോദ്യചിഹ്നം പോലെ നില്‍ക്കുമ്പോള്‍ അതിന്റെ മുന്‍പില്‍ തളരാതെ നിന്ന് നേടിയെടുക്കുന്ന ചെറിയ ചെറിയ ചില വിജയങ്ങളുണ്ട്. പുച്ഛിച്ചവരുടെ മുന്‍പില്‍ 'ഇതൊക്കെ എന്ത്' എന്ന ചെറു ചിരിയോടെ നില്‍ക്കുന്ന സ്ത്രീകളുടെ വിജയങ്ങള്‍. നിങ്ങളെങ്ങനെ വ്യാഖ്യാനിച്ചാലും അതൊരു ഫെമിനിസ്റ്റ് പ്രഖ്യാപനമാണ്. 

എല്ലാ സ്ത്രീകളുടെയും ഉള്ളിന്റെയുള്ളില്‍, നിങ്ങളാക്ഷേപിക്കുന്ന 'ഫെമിനിച്ചി'യുണ്ട്

നാട്ടിലും കുടുംബത്തുമുള്ള സകല സദാചാര ജഡ്ജിമാരുടെയും വിധിപ്രഖ്യാപനത്തിനു കാത്തുനില്‍ക്കാതെ സ്വന്തം തീരുമാനങ്ങള്‍ അന്തസ്സോടെ ചെയ്തു തീര്‍ക്കുന്ന സ്ത്രീകളുണ്ട്. പകല്‍മാന്യന്മാരുടെ മുഖത്തുനോക്കി നല്ല നാല് മലയാളം പറഞ്ഞു കൊടുത്തു ദീര്‍ഘനിശ്വാസം വിടുന്നവരുണ്ട്. ജോലി ചെയ്ത് സ്വന്തമായുണ്ടാക്കുന്ന വരുമാനത്തില്‍നിന്നും കുടുംബം നോക്കുന്നവരുണ്ട്, വരുമാനം പങ്കുവെക്കുന്നവരുണ്ട്. അറിഞ്ഞോ അറിയാതെയോ അവരെല്ലാം നടത്തുന്നത് സ്ത്രീവാദ രാഷ്ട്രീയത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങള്‍ തന്നെയാണ്. നിലനില്‍പ്പിന്റെ രാഷ്ട്രീയം. 

എല്ലാ സ്ത്രീകളുടെയും ഉള്ളിന്റെയുള്ളില്‍, നിങ്ങളാക്ഷേപിക്കുന്ന 'ഫെമിനിച്ചി'യുണ്ട്. അതറിയണമെങ്കില്‍ നിങ്ങളുടെ വീടിന്റെ ഉള്ളിലേക്കൊന്നു നോക്കിയാല്‍ മതി.  കുഞ്ഞിപ്പെങ്ങളെ നുള്ളിയതിന് നല്ല പെട തന്ന അമ്മ, പെണ്ണുങ്ങളെ ആവശ്യമില്ലാതെ ചീത്ത പറയുന്നവരെയും തല്ലുന്നവരെയും കണ്ടാല്‍ നല്ല നാല് വര്‍ത്തമാനം പറഞ്ഞു കൊടുക്കുന്ന സ്വന്തം അമ്മൂമ്മ.  ബസില്‍ പിറകില്‍ നിന്ന് തോണ്ടിയ ചേട്ടന്റെ കാലില്‍ ഹീല്‍സ് ഇട്ടു ചവിട്ടി കയ്യില്‍ കിട്ടിയ പിന്‍ ഊരി കുത്തിയ പെങ്ങള്‍ കുട്ടി. ജോലിസ്ഥലത്തും ബസ്‌സ്റ്റോപ്പിലും സല്‍സ്വഭാവ പ്രകടനം നടത്തിയവനെ നാലെണ്ണം പൊട്ടിച്ചാലേ സമാധാനം കിട്ടൂ എന്ന് പറഞ്ഞ ഭാര്യ. നിങ്ങളുടെ  തോളൊപ്പം ചേര്‍ന്ന് നിന്ന് ലോകം കാണേണ്ടവള്‍, നിങ്ങളുടെ തെറ്റ് തിരുത്തിത്തരുന്നവള്‍,  നിങ്ങളെ ശാസിക്കുന്ന, നിങ്ങളുടെ ശാസനകള്‍ സ്വീകരിക്കുന്നവള്‍,  നിങ്ങളുടെ അഭിമാനമാകുന്നവള്‍, നിങ്ങളിലെ നന്മ പഠിച്ചു പകര്‍ത്തുന്നവള്‍...

ഇവരെല്ലാം നിങ്ങള്‍ ആക്ഷേപിക്കുന്ന 'ഫെമിനിച്ചി'കളാണ് സാര്‍. അറിഞ്ഞോ അറിയാതെയോ ആണധികാര വഴികളെ ജീവിതം കൊണ്ട് മറികടക്കുന്നവര്‍. 

ആത്മാഭിമാനത്തോടെ 'ഇവള്‍ എന്റെ മകള്‍' എന്ന് പറഞ്ഞു നാം വളര്‍ത്തിയ മക്കള്‍,  'പെണ്ണാണ്; അത് പാടില്ല, ഇത് പാടില്ല' എന്ന് പറയാതെ വളര്‍ത്തിയ മക്കള്‍,തന്നോളം വളരും മുന്‍പേ തന്റൊപ്പം ചേര്‍ത്ത് പിടിച്ച ആങ്ങളമാരുടെ പെങ്ങന്മാര്‍.  സ്വന്തം ആത്മാഭിമാനത്തിന്മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ പെണ്ണുങ്ങളൊക്കെ ഫെമിനിച്ചികള്‍ അല്ലാതെ മറ്റാരാണ് സാര്‍?
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്