മുഖ്യമന്ത്രിക്ക് ഓര്‍മ്മയുണ്ടോ വെടിയേറ്റ്  തലപിളര്‍ന്നുമരിച്ച സിറാജുന്നീസയെ?

Published : Apr 12, 2017, 06:06 PM ISTUpdated : Oct 05, 2018, 03:48 AM IST
മുഖ്യമന്ത്രിക്ക് ഓര്‍മ്മയുണ്ടോ വെടിയേറ്റ്  തലപിളര്‍ന്നുമരിച്ച സിറാജുന്നീസയെ?

Synopsis

ഇപ്പോഴുമുണ്ടെങ്കില്‍ അവള്‍ക്ക് വയസ്സ് 24. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചുവിന്റെ അതേ പ്രായം. എല്‍ ഡി സി സ്വപ്നങ്ങളുമായി അപേക്ഷ അയച്ചു കാത്തിരിക്കുന്ന ലക്ഷങ്ങളില്‍ ഒരുവള്‍.

ചിലപ്പോള്‍ വിക്‌ടോറിയയില്‍ നിന്നോ മേഴ്‌സിയില്‍ നിന്നോ പിജി ഒക്കെ കഴിഞ്ഞ് മിഷന്‍ സ്‌കൂളിലോ മോയന്‍ ഗേള്‍സിലോ മറ്റോ ഗെസ്റ്റ് ലക്ചറായി പോയേനേ ആ പത്രാസുകാരി. അതുമല്ലെങ്കില്‍, ഒരു പക്ഷെ മേപ്പറമ്പിലേയോ അരിക്കാരി തെരുവിലേയോ ഒരു മിടുക്കന്‍ റാവുത്തറുടെ ഭാര്യയായിട്ടുണ്ടാവും ആ സുന്ദരിക്കുട്ടി. ഈ പറഞ്ഞതൊക്കെ എങ്കില്‍ എന്ന പദത്തിന്റെ സാങ്കേതിക സൗകര്യത്തിന്റെ മറ പറ്റിയാണ്. ഇതൊന്നും സംഭവിക്കില്ലെന്ന് നമുക്കെല്ലാം അറിയാം. എന്തെന്നാല്‍ അധികാര ഗര്‍വ്വും വെറുപ്പും ഘനീഭവിച്ച് ഒരു വെടിയുണ്ടയായെത്തി ആ കുഞ്ഞുജീവിതത്തിന് പൂര്‍ണ്ണവിരാമമിട്ടിട്ട് വര്‍ഷങ്ങള്‍ പതിമൂന്ന് കഴിഞ്ഞു. പഴയ വര്‍ത്തമാന പത്രങ്ങള്‍ക്കൊപ്പം നമ്മള്‍ തൂക്കിവിറ്റ ഓര്‍മകള്‍ക്കിടയിലെവിടെയോ മടങ്ങി കിടക്കുന്നുണ്ടാവും അവളെ കുറിച്ചുള്ള താളുകള്‍. 

അവള്‍ സിറാജുന്നീസ. ലോകത്തിന്റെ കാപട്യങ്ങളെ കുറിച്ചറിയാതെ കലാപത്തിന്റെ കാര്‍ക്കശ്യങ്ങള്‍ ഓര്‍ക്കാതെ വീട്ടുമുറ്റത്ത് മണ്ണുവാരി കളിക്കവെ ഭരണകൂടത്തിന്റെ വേട്ടനായ്ക്കള്‍ കടിച്ചു കീറിയ കുഞ്ഞരി പ്രാവ്.

അവള്‍ മണ്ണ് കൊണ്ട് ചോറ് വെച്ച് ഇലകള്‍ കറിയാക്കി ചിരട്ടയില്‍ വിളമ്പി കളിച്ചു കൊണ്ടേയിരുന്നു

പുതുപ്പള്ളി തെരുവിലെ ചെറുപ്പക്കാര്‍ സിറാജുന്നീസയെ കുറിച്ചും ഡിസംബര്‍ 15 ന് നടന്ന സംഭവത്തെ കുറിച്ചും ഓര്‍ത്തുപറയാന്‍ മടിച്ചു. സന്തോഷ് ട്രോഫി ടീമിലെ പാലക്കാടന്‍ രോമാഞ്ചങ്ങളെ പറ്റി എഴുതണമെന്നും അതിനു വേണ്ടി എന്തുസഹായവും ചെയ്യാമെന്നും ഏറ്റു. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ തുറന്നു പറഞ്ഞു. വേണ്ട അണ്ണാ, പറഞ്ഞാല്‍ ഒരുപാട് പറയേണ്ടിവരും. പുതിയ ഡിജിപി ഇവിടെ സൂപ്രണ്ടായിരിക്കുമ്പോഴാണ് പ്രശ്‌നങ്ങളൊക്കെ സംഭവിച്ചത്. അന്ന് നടന്നതൊക്കെ ഓര്‍ക്കാന്‍ പോലും പേടിയാവുന്നു. ഇന്ന് അയാള്‍ കേരള പോലീസ് സേനയുടെ തലവനാണ്. എന്തും സംഭവിക്കാം. മരിച്ചു പോയവള്‍ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവള്‍ തന്നെ. പക്ഷെ അപരിചിതനായ ഒരാളോട് അതൊക്കെ പറഞ്ഞ് അബദ്ധം വരുത്തിവെക്കാനില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. 

പക്ഷെ സുലൈമാന് അങ്ങനെ പറ്റില്ലല്ലോ. പെങ്ങള്‍ നഫീസയുടെ മകള്‍ സിറാജു അയാള്‍ക്ക് ഹൃദയത്തിന്റെ ഭാഗമായിരുന്നു. ഓട്ടോ ഓടി രാത്രി വരുമ്പോള്‍ ചക്കരമുത്തവുമായി വാതില്‍ക്കല്‍ കാത്തുനിന്നിരുന്നവള്‍. മാമന്‍ കൊണ്ടുവരുന്ന തീപ്പെട്ടി പടത്തിനും പോപിന്‍സ് മിഠായിക്കും വേണ്ടി കൂടപ്പിറപ്പുകളുമായി കലപില കൂട്ടിയവള്‍.തന്റെ കുഞ്ഞു സിറാജുവിന്റെ വേര്‍പാട് ഇന്നലെ സംഭവിച്ചതു പോലെ ഓര്‍ക്കുന്നു സുലൈമാന്‍.

അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഏകത യാത്രയുടെ രഥചക്രങ്ങള്‍ക്ക് പിന്നാലെയാണ് ശാന്തവും സൗഹാര്‍ദ്ദ പൂര്‍ണവുമായിരുന്ന പാലക്കാടിന്റെ തെരുവുകളില്‍ വിദ്വേഷം മുളപൊട്ടിയത്. ചിലയിടങ്ങളില്‍ അത് കല്ലേറിലേക്കും കൊള്ളയിലേക്കും വളര്‍ന്നിരുന്നുവെന്നത് നേര്. അതിനിടെ മേപ്പറമ്പിലും ചുണ്ണാമ്പുതറയിലും മറ്റും ആളുകള്‍ സംഘടിച്ചു നില്‍ക്കുന്നുവെന്ന് വാര്‍ത്ത പരന്നു. ടൗണിലാകെ റോഡുകള്‍ ബ്‌ളോക്കായതോടെ സുലൈമാന്‍ ഓട്ടം നിറുത്തി വീട്ടിലേക്ക് വന്നു. ഞായറാഴ്ച ഊണിന്റെ ആലസ്യത്തില്‍ വര്‍ത്തമാനം പറഞ്ഞിരിക്കെയാണ് ഇതെല്ലാം സംഭവിച്ചത്.

'എനിക്ക് മൃതശരീരം വേണമെന്ന' വയര്‍ലെസ്സിലൂടെ ആക്രോശിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍

ലോകം പിടിച്ചടക്കാന്‍ അവര്‍ നടത്തുന്ന യുദ്ധങ്ങളെ കുറിച്ചു സിറാജുവിന് എന്തറിയാന്‍? അവള്‍ മണ്ണ് കൊണ്ട് ചോറ് വെച്ച് ഇലകള്‍ കറിയാക്കി ചിരട്ടയില്‍ വിളമ്പി കളിച്ചു കൊണ്ടേയിരുന്നു. ഉത്തര മേഖല ഡി ഐ ജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഉത്തരവു പ്രകാരം ഷൊര്‍ണൂര്‍ എ എസ്.പി ആയിരുന്ന ബി. സന്ധ്യയാണ് വെടിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. 'എനിക്ക് മൃതശരീരം വേണമെന്ന' വയര്‍ലെസ്സിലൂടെ ആക്രോശിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍. പുതുപ്പള്ളി തെരുവില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സിറാജുവിന്റെ മരണത്തിലാണ് വെടിവെപ്പ് കലാശിച്ചത്. തലപിളര്‍ന്ന് തെറിച്ചുവീണ കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്കോടിയ അയല്‍വാസി മുഹമ്മദിനും സുലൈമാനുമൊക്കെ കിട്ടി പോലീസ് വക പൊതിരെ തല്ല്. ഏറെ ക്‌ളേശിച്ച് പോലീസ് ജീപ്പില്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഉയിരറ്റിരുന്നു. സിറാജ് എന്നാല്‍ വിളക്ക് എന്നാണ് അര്‍ത്ഥം. അവള്‍ ഈ വീടിന്റെ മണിവിളക്കായിരുന്നു. അത് അവര്‍ തല്ലിക്കെടുത്തി -സുലൈമാന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.

പ്രൊഫസര്‍ ഈച്ചരവാര്യരെ പറ്റി ചായമക്കാനിക്കാരന്‍ മുസ്തഫക്ക് ഒന്നുമറിയില്ല. പക്ഷേ ഈ അഛന്‍മാര്‍ തമ്മില്‍ ഒരുപാടുണ്ട് സമാനതകള്‍. നമ്മള്‍ വാനോളം പ്രകീര്‍ത്തിക്കുന്ന നമ്മുടെ നീതി ന്യായ വ്യവസ്ഥയാല്‍ പകല്‍ വെളിച്ചത്തില്‍ പലവട്ടം വഞ്ചിക്കപ്പെട്ടവരാണ് ഇരുവരുമെന്നത് തന്നെ പ്രധാന സാദൃശം. കലാപകാരിയായ നക്‌സലൈറ്റെന്നാരോപിച്ചായിരുന്നു ഈച്ചരവാര്യരുടെ മകന്‍ രാജനെ ഭരണകൂടം വേട്ടയാടി കൊന്നത്. എന്നാല്‍ മുസ്തഫയുടെ മകള്‍ സിറാജുന്നീസയെയാകട്ടെ വെടിവെച്ചു കൊന്ന ശേഷം ഭീകര യുവതിയെന്ന് മുദ്രകുത്തുകയായിരുന്നു. പുതുപ്പള്ളി തെരുവിലെ അക്രമാസക്തരായ മുന്നോറോളം പേരടങ്ങുന്ന സംഘത്തെ നയിച്ചത് സിറാജുന്നീസയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.

തൊണ്ടിക്കുളം യുപി സ്‌കൂളിലെ ആറാം ക്‌ളാസുവിദ്യാര്‍ത്ഥയായിരുന്നു ഈ പതിനൊന്നുകാരിയെന്നോര്‍ക്കണം. ഏതോ രഹസ്യ സങ്കേതത്തില്‍ മകന്‍ മരിച്ചതറിയാതെ അവന് വേണ്ടി കാത്തിരുന്ന് ഓര്‍മ്മവറ്റും കാലം വരെ അവനെയോര്‍ത്ത് കരഞ്ഞ് ഒടുവില്‍ ഈ ലോകം വിട്ടു രാജന്റെ അമ്മ. സിറാജന്നീസയുടെ ഉമ്മ നഫീസയാകട്ടെ പൊന്നുമകള്‍ ചോരയില്‍ കുളിച്ച് പിടയുന്ന കാഴ്ചയില്‍ തകര്‍ന്നുപോയി. അതു വേദനയും താളപ്പിഴയുമായി. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുനീറി അവരും യാത്രയായി. സ്വന്തം മക്കള്‍ നിരപാരാധികളായിരുന്നുവെന്ന സത്യം തെളിയിക്കാന്‍ നിയമത്തിന്റെ കാവലാളന്‍മാര്‍ക്കു പിന്നാലെ കെഞ്ചിനടക്കേണ്ടി വന്നു ഈ അച്ഛന്‍മാര്‍ക്ക്. ലോകപരിചയവും വിദ്യാഭ്യാസവും അഡ്വ. രാംകുമാര്‍ എന്ന ആത്മാര്‍ത്ഥതയുള്ള അഭിഭാഷകനും കൂട്ടിനുണ്ടായിരുന്നു വാരിയര്‍ക്ക്. ആകയാല്‍ പരമോന്നത നീതി പീഠം വരെ കയറി നിന്ന് സത്യം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. ഇവയൊന്നും കൂട്ടിനില്ലാത്തതിനാല്‍ മുസ്തഫയുടെ മകളുടെ കൊലപാതകത്തിന് തുമ്പില്ലാതെയുമായി. അപകടത്തില്‍ മരിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഇന്‍ഷൂറന്‍സ് തുക (10,000) സിറാജുന്നീസയുടെ കുടുംബത്തിന് ലഭിച്ചത് മരണത്തിന്റെ ഒമ്പതാം വര്‍ഷത്തിലാണ്. എന്ത്‌കൊണ്ടാണന്നല്ലേ, ഇക്കാലമത്രയും പോലീസ് രേഖകളില്‍ ക്രിമിനലായിരുന്നു ആ പെണ്‍കുട്ടി. ഈ ലോകത്ത് മറ്റൊരു പിതാവിനും അത്തരമൊരു ദുര്‍വിധിയുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുക.

പ്രൊഫസര്‍ ഈച്ചരവാര്യരെ പറ്റി ചായമക്കാനിക്കാരന്‍ മുസ്തഫക്ക് ഒന്നുമറിയില്ല.

പോലീസുകാരേക്കാളേറെ സുലൈമാന്‍ വെറുക്കുന്ന ഒരു കൂട്ടരുണ്ടിന്ന്  രാഷ്ട്രീയക്കാര്‍. തെരെഞ്ഞെടുപ്പ് കാലങ്ങളില്‍ പരസ്യപ്പലകയായിരുന്നു സിറാജുന്നീസ. സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാക്കളൊക്കെ സുലൈമാന്റെ പടി കയറി വന്നു (സുലൈമാന്റെ വീടിനു പിറകിലായാണ് സിറാജുന്നീസയും കുടുംബവും പാര്‍ത്തിരുന്നത്). നീതി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു ചിലരൊക്കെ. മറ്റു ചിലര്‍ പത്രക്കാരൊത്തു വന്ന് പടം എടുപ്പിച്ച് മടങ്ങി. പിന്നെയും പലരും വന്നു. നീതി മാത്രം ആ വാതില്‍ പടി കടന്നത്തെിയില്ല. കുറ്റവാളികളോട് പെരുമാറുന്നതു പോലെയാണ് പോലീസ് ഈ കുടുംബത്തോട് ഇടപഴകിയത്. ഈ അവസരത്തില്‍ കൊളക്കാടന്‍ മൂസഹാജി കൊടുത്ത സ്വകാര്യന്യായമാണ് കേസ് മുന്നോട്ടു കൊണ്ടു പോയത്. 

സാധ്യമായ വഴികളിലെല്ലാം കേസ് തേച്ചുമായ്‌ച്ചൊതുക്കാന്‍ പോലീസ് ശ്രമിച്ചു. നിരക്ഷരരായ കുടുംബാംഗങ്ങളെ കൊണ്ട് ഒരു കെട്ട് പേപ്പറുകളില്‍ ഒപ്പിടുവിച്ചു. സിറാജുന്നീസയുടെ വീടിനരികെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് ആരുമറിയാതെ അധികൃതര്‍ മാറ്റി സ്ഥാപിച്ചു. ഈ പോസ്റ്റ് വെടിയുണ്ട തട്ടി തകര്‍ന്ന് തെറിച്ച ചീളുകളേറ്റാണ് പെണ്‍കുട്ടി മരിച്ചെതെന്നായിരുന്നു യോഹന്നാന്‍ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ സംഭവം നടന്ന സമയത്ത് സിറാജുവിന്റെ വീട്ടിനുമുന്നില്‍ ഈ പോസ്റ്റുണ്ടായിരുന്നില്ല. വെടിവെപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് പോസ്റ്റ്  സ്ഥാപിച്ചത്. പോസ്റ്റിന്റെ നിര്‍മ്മാണ തിയ്യതി ചായമടിച്ച് മാറ്റുകയും ചെയ്തിരുന്നു.

ആ കൊച്ചു പെണ്‍കുട്ടിയെ വീണ്ടും വീണ്ടും ഇഞ്ചിഞ്ചായി കൊല്ലുകയാണ് നാമേരോര്‍ത്തരും. 

ഉത്തരേന്ത്യന്‍ കലാപ കഥകളിലും അധോലോക സിനിമകളിലും മാത്രം നാം കേട്ടു ശീലിച്ച മട്ടില്‍ ഒരു ജനസമൂഹത്തിന്റെ മൃതദേഹങ്ങള്‍ക്കായി ആക്രോശിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായില്ല. അന്വേഷണങ്ങള്‍ തുടങ്ങും മുമ്പേ ഒതുങ്ങി. ഐ.എസ്.ആര്‍.ഒ ചാരക്കേസിലും കുറ്റാരോപിതനായെങ്കിലും വിശിഷ്ട സേവാമെഡല്‍ നല്‍കി ആദരിക്കാന്‍ അതൊന്നും തടസ്സമായില്ല. മിണ്ടിയാലും അനങ്ങിയാലും പ്രസ്താവനകള്‍ ഇറക്കി പത്രത്താളുകള്‍ മലിനമാക്കുന്ന പ്രസ്ഥാനങ്ങളൊന്നും പുതിയ ഡിജിപിയുടെ നിയമനത്തില്‍ അസ്വസ്ഥരല്ല. ഈ നീചമായ നിസ്സംഗതയും നിശബ്ദതയും കൊണ്ട് ആ കൊച്ചു പെണ്‍കുട്ടിയെ വീണ്ടും വീണ്ടും ഇഞ്ചിഞ്ചായി കൊല്ലുകയാണ് നാമേരോര്‍ത്തരും. 

ഇവിടെ പിഴക്കുന്നത് നമ്മടെ മനസ്സാക്ഷികള്‍ക്കാണ്. കൊച്ചു കുഞ്ഞുങ്ങളെ രക്തവും മാംസവും വേദനയും വികാരങ്ങളുമുള്ള മനുഷ്യരായി കാണാന്‍ നാം ഇനിയും ശീലിച്ചിട്ടില്ല. ദുസ്സ്വാധീനങ്ങള്‍ക്കും മാറ്റിത്തിരുത്തലുകള്‍ക്കും അവസരമില്ലാത്ത അനിഷേധ്യ നീതിയുടെ പൂങ്കാവനത്തില്‍ തേനുണ്ട് പാറിപ്പറക്കുന്ന ആ കുഞ്ഞു മകളുടെ ആത്മാവ് നമുക്ക് പൊറുത്ത് തരട്ടെ.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?