
ധന്‍ബാദ്: ഈ കാടിനെ രക്ഷിക്കാന്‍ ഇവരുണ്ട്. ഈ കാടാണ് അവരുടെ ജീവനും ജീവിതവും. അതുകൊണ്ടുതന്നെ അവരതിനെ പ്രാണനെപ്പോലെ കാക്കുകയും ചെയ്യും. ബംഗാളിലെ ജാര്‍ഖണ്ഡിലുള്ള സാന്താളി വിഭാഗത്തില്‍പ്പെട്ട വനവാസികള്‍ കാടിനെ വിളിക്കുന്നത് 'അമ്മ'യെന്നാണ്. അമ്മയെപ്പോലെ കാണുന്ന കാടിനെ കാക്കാന്‍ കറിക്കത്തിയും, കമ്പുകളുമായി അണിനിരക്കുകയാണ് ഈ ആദിവാസി സ്ത്രീകള്‍.
ലോകത്തെല്ലായിടത്തും വന്യമൃഗവേട്ടയും, മരം മുറിക്കലുമെല്ലാം കാടിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. അങ്ങനെയൊരു കാലത്ത്, ബംഗാളിലെ സാന്താളുകളുടെ പ്രധാന ഗ്രാമങ്ങളില്‍ ഒന്നായ ഹക്കിം സിനാമിനെ രക്ഷിച്ചെടുത്തതും, വനം കൊള്ളക്കാരെ തുരുത്തി ഓടിച്ചതും സിനാമിന്‍ സ്ത്രീകളുടെ കൂട്ടായ്മയാണ്.
കാടുമായി ബന്ധപ്പെട്ടതായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗം. വിറകും, പച്ചമരുന്നുകളും, പഴങ്ങളും, തേനുമൊക്കെ ശേഖരിച്ചാണ് സാന്താളുകളില്‍ മിക്കവരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇങ്ങനെ ജീവിക്കുന്നതിനിടയിലേക്കാണ് വേട്ടക്കാരെത്തിയത്. അവരുടെ ഉപദ്രവം കൂടിയതോടെ വനവിഭവങ്ങള്‍ ലഭിക്കുന്നതില്‍ തടസമുണ്ടായി. മാത്രമല്ല, വ്യാപകമായ തോതില്‍ വനവിഭവങ്ങള്‍ കൊള്ള ചെയ്യപ്പെട്ടു. ഗ്രാമത്തിലെ പുരുഷന്‍മാരും കൂടി ഈ കൊള്ളക്കാര്‍ കൂടെ കൂടി.
ഇതിനെ പ്രതിരോധിക്കുക എന്നുള്ളത് സ്ത്രീകളുടെ ആവശ്യമായി മാറി. ആയിടെ, ഗ്രാമപഞ്ചായത്ത് പ്രധാന്‍ സ്ത്രീകളുടെ കൂട്ടായ്മ എന്ന ആശയം മുന്നോട്ടു വച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പിന്തുണയോടെ 'വുമണ്‍ സെല്‍ഫ് ഗ്രൂപ്പി'ന് ഗ്രാമത്തിലെ വനിതകള്‍ രൂപം നല്‍കി. ആദ്യം അവര്‍ക്കിയിലൊരു ഒത്തൊരുമ ഉണ്ടായി. പക്ഷെ, വൈകാതെ കൂട്ടായി തന്നെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും അവ വില്‍ക്കുന്നതിനും ഇതുവഴി സ്വയം പര്യാപ്തത നേടുന്നതിനും സ്ത്രീകള്‍ക്ക് കഴിഞ്ഞു. ഇത്രയുമായതോടെയാണ് തങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്ന വനം കൊള്ളയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
ഇതോടെ ഗ്രാമത്തിലെ സ്ത്രീകള്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് രാത്രിയും പകലും വനത്തിന് കാവല്‍ നിന്നു. ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. കൊള്ളക്കാര്‍, സ്ത്രീകളെ കായികമായി നേരിട്ടു. ചിലരുടെ കഴുത്തില്‍ കത്തി വച്ച് കൊലപാതക ഭീഷണി മുഴക്കി. കാവല്‍ നില്‍ക്കാനെത്തിയവരെ രാത്രിയില്‍ കൊള്ളക്കാര്‍ വിരട്ടിയോടിച്ചു. പക്ഷെ, തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. കുറച്ച് സ്ത്രീകള്‍ എന്‍ജിഒയുടെ സഹായത്തോടെ വനം വകുപ്പിനെ സമീപിച്ചു. നിയമപരമായ രീതിയിലും വനം കൊള്ളക്കാരെ നേരിട്ടുതുടങ്ങി. വൈകാതെ സാന്താളി സ്ത്രീകളുടെ സഹായത്തോടെ വനം കൊള്ളക്കാരെ പിടികൂടാന്‍ വനം വകുപ്പ് തയ്യാറായി.
കൊള്ളക്കാര്‍ അറസ്റ്റു ചെയ്യപ്പെട്ടു തുടങ്ങി. അമ്മയും ദേവിയും ആരാധാനാമൂര്‍ത്തിയുമെല്ലാമായ വനം സംരക്ഷിക്കാനുള്ള ഈ പെണ്‍ ദൗത്യം പകുതി വിജയിച്ചു. ഇപ്പോഴും ഭീഷണിയുണ്ട്. എങ്കിലും ഒറ്റക്കെട്ടായി നമ്മളതിനെ നേരിടുമെന്ന ആത്മവിശ്വാസം ഈ സാന്താള്‍ സ്ത്രീകള്‍ക്കുണ്ട്. ആ ആത്മവിശ്വാസമാണ് അവരെ നയിക്കുന്നതും.