
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
പറയാനുള്ളത് ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ചാണ്. അവരെക്കുറിച്ചുള്ള നാട്ടുകാരുടെ മനോഭാവം അറപ്പുളവാക്കാറുണ്ട്. സാമാന്യവല്‍ക്കരിക്കുന്നില്ല, എങ്കിലും ന്യൂനപക്ഷമല്ലാത്ത വലിയൊരു വിഭാഗം മനുഷ്യരുണ്ട്. താന്‍ വളച്ചാല്‍ വളയാത്ത പെണ്ണില്ല എന്ന് വിശ്വസിക്കുന്ന ആണുങ്ങളും പെണ്ണിന്റെ മനസ്സാണ് പിടി വിട്ടു പോകാന്‍ എളുപ്പമാണ് എന്ന് പറയുന്ന പെണ്ണുങ്ങളും. നിങ്ങളെ കൂപമണ്ഡൂകങ്ങള്‍ എന്നേ വിളിക്കാനുള്ളൂ. ഏത് കൊടുങ്കാറ്റിലും പിടിച്ച് നില്‍ക്കുന്ന ആഴത്തില്‍ വേരിറങ്ങിയ വന്‍മരങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല .പക്ഷെ കാണാത്തതൊക്കെ ഇല്ലെന്നു വിശ്വസിക്കുന്നത് വിവരമില്ലായ്മയാണ്.
നിറയെ വെള്ളവുമായിരിക്കുന്ന വലിയൊരു പളുങ്കുപാത്രമാണ് കുടുംബമെങ്കില്‍ ആ ഭാരം മുഴുവന്‍ താങ്ങി നിര്‍ത്താന്‍ ഉള്ള കഴിവ് പുരുഷന്റെ കരങ്ങള്‍ക്കുണ്ട്, തുളുമ്പിവീഴാതെ നോക്കാനുള്ള ക്ഷമ സ്ത്രീക്കുമുണ്ട്. അവരെ ഒരു ജീവിതം മുഴുവന്‍ ചേര്‍ത്തു നിര്‍ത്തുന്നത് സ്‌നേഹമെന്ന കാണാച്ചരടാണ്. പരസ്പര വിശ്വാസമെന്ന കല്‍മതില്‍ക്കെട്ടാണ്.
പല സ്ത്രീകളും ഒറ്റപ്പെട്ടുപോകുന്നത് ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് .ഒറ്റയ്ക്ക് മല്ലിടുന്ന പോരാളികളാണവര്‍. ഉണ്ടാകാം നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള സ്ത്രീകള്‍. പക്ഷെ ആരെന്നും എന്തെന്നും അറിയാതെ ഏകീകരിക്കരുത്. ഭര്‍ത്താവ് അടുത്തില്ലാത്ത സ്ത്രീ ഒരു നല്ല വസ്ത്രമണിഞ്ഞാലോ, ആടയാഭരണങ്ങള്‍ ചേര്‍ത്തു വെച്ചാലോ, 'ഇതൊക്കെ ആരെ കാണിക്കാന്‍ ആണെന്ന് ആര്‍ക്കറിയാം' എന്ന് പിറുപിറുക്കന്നവരാണധികവും.
ഒന്ന് പറയാം ഇത് ആരേയും കാണിക്കാനല്ല. അവള്‍ അവളെത്തന്നെ സ്‌നേഹിച്ചതാണ്, സ്വന്തമായി ഒന്ന് സന്തോഷിച്ചതാണ്, ആത്മബലം കൂട്ടിയതാണ്. ഇതിനപ്പുറത്ത് യാതൊരര്‍ത്ഥവും നിങ്ങള്‍ കാണേണ്ടതില്ല.
എസ് ഹരീഷ് എഴുതിയ മീശ എന്ന നോവല്‍ ജാതിമത ചിന്തയില്ലാതെ കണ്ണ് തുറന്നു ഒന്ന് വായിച്ചു നോക്കൂ. സമൂഹത്തിന്റെ പ്രതിച്ഛായയാണത്. നാട്ടിന്‍പുറത്തെ നാല്‍ക്കവലകളും ചായക്കടകളും മുതല്‍ വലിയ വലിയ സ്ഥാപനങ്ങളിലും ഓഫീസുകളിലും വരെ ഇതിന്റെ പല വകഭേദങ്ങള്‍ നമുക്ക് കേള്‍ക്കാം. ജാതി, മതം, സ്ത്രീ ,പുരുഷന്‍, വിദ്യാഭ്യാസം, മറ്റു സാമൂഹ്യചുറ്റുപാടുകള്‍...ഒന്നിന്റയും വേര്‍തിരിവുകളില്ലാതെ തന്നെ.
ആണിന്റെയും പെണ്ണിന്റെയും ജോലികള്‍ ഒറ്റക്ക് ചെയ്യുന്ന സ്ത്രീകളുണ്ട്. കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി മായാതിരിക്കാന്‍, പ്രിയപ്പെട്ടവനോടൊത്ത് കണ്ട സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, ഏറെ ഓടിത്തളര്‍ന്നാല്‍ അറിയാതൊന്ന് വിങ്ങാറുണ്ട്, വാവിട്ട് കരയാറുണ്ട്, പരിസരം മറന്ന് പൊട്ടിത്തെറിക്കാറുണ്ട്. ഇതൊക്കെ നിങ്ങള്‍ കരുതും പോലെ ലൈംഗിക സുഖത്തിന്റെ കുറവല്ല, മറിച്ച് എത്ര വലിച്ചാലും പൊങ്ങാത്ത ഭാരം ചുമക്കുന്നവരുടെ നട്ടെല്ലുവേദന മാത്രമാണ്.
വൃത്തികെട്ട തീക്ഷ്ണ നോട്ടങ്ങളേക്കാള്‍, ബന്ധങ്ങളുടെ വിലയറിയാത്ത കഴുകന്‍മാരേക്കാള്‍ അവളാഗ്രഹിക്കുന്നത്, അവശ്യസമയത്ത് സഹായിക്കുമെന്ന് ഉറപ്പുള്ള ഒരു കൂടപ്പിറപ്പിനെയാണ്.