
മോഹന്‍ ലാലിന് സ്വര്‍ണ്ണപ്പണയം വെക്കേണ്ടി വന്നിട്ടുണ്ടാവുമോ ഒരിക്കലെങ്കിലും?
അതും അഞ്ചോ പത്തോ ആയിരം രൂപയുടെ അത്യാവശ്യത്തിനായി
എന്നിട്ടും അയാള്‍ പറയുന്നതു കേട്ട് സ്വന്തം കെട്ടിയോളുടെ ഒന്നരപണത്തൂക്കത്തിന്റെ കമ്മലും ഊരിയെടുത്ത് ആളുകള്‍ പണയം വെക്കാന്‍ മണപ്പുറം ഫൈനാന്‍സിലേക്ക് ഓടുന്നത് എന്തു കൊണ്ടാവും?
പലതവണ പണ്ടം പണയം വെച്ചും അത് ലേലം പോയും പരിചയമുള്ള അയല്‍ വക്കത്തെ കുടിയന്‍ കുഞ്ഞിരാമേട്ടന്റെ അഭിപ്രയമാവില്ലേ മോഹന്‍ ലാലിന്റേതിനേക്കാള്‍ മെച്ചമായ കണ്‍സള്‍ട്ടന്‍സി അയാള്‍ക്ക് മേല്‍ പറഞ്ഞ കാര്യത്തില്‍?
നാളിതു വരെ ഒരു അടിപ്പാവാട പോലും വെട്ടിത്തയ്ച്ചിട്ടുണ്ടാവുമോ കാവ്യാമാധവന്‍?
ആയമ്മക്കുള്ള ഉടുപ്പുകള്‍ തന്നെ തലയുള്ള ആരോ ഡിസൈന്‍ ചെയ്തും തയ്ച്ചും കൊടുക്കുന്നതണെന്നും നമുക്കറിയാവുന്നതല്ലേ?
എന്നാലും കാവ്യാമാധവന്റേത് എന്ന ഒറ്റക്കാരണത്താല്‍ പെണ്ണുങ്ങളൊക്കെയും ഉടുപ്പ് വാങ്ങാന്‍ കാക്കനാട്ടെ 'ലക്ഷ്യ'യിലേക്ക് പോകുകയോ പോകാനാഗ്രഹിക്കുകയോ ചെയ്യുന്നത് എന്തു കൊണ്ടാകും.
ശരിക്കുമാലോചിച്ചാല്‍ കാവ്യമാധവനേക്കാള്‍ ഇന്ദ്രന്‍സിനല്ലേ അത്തരമൊരു കട തുടങ്ങാനുള്ള കൂടുതല്‍ അവകാശം.
നൗഷാദോ പഴയിടം മോഹനനോ ഒരു ഭക്ഷണക്കട തുടങ്ങുന്നത് മനസിലാക്കാം.
ദിലീപിന്റേതാണ് എന്ന ഒറ്റക്കാരണത്താല്‍ 'ദേ പുട്ട്' എന്ന കടയില്‍ പോയിരുന്ന് മലയാളികള്‍ എടുത്തുകൂട്ടിയ സെല്‍ഫികള്‍ക്ക് വല്ല കണക്കുമുണ്ടോ?
കാവ്യമാധവനേക്കാള്‍ ഇന്ദ്രന്‍സിനല്ലേ അത്തരമൊരു കട തുടങ്ങാനുള്ള കൂടുതല്‍ അവകാശം.
ജീവിതം മുഴുവന്‍ അടുക്കളയില്‍ മെഴുകുന്ന മേരിക്കുട്ടി ചേച്ചിയല്ല ശ്വേതാ മേനോനാണ് പറയുന്നത്, വെക്കാനും വിളമ്പാനും നോള്‍ട്ടയാണ് നല്ലത് എന്ന്.
നടനും, മേളക്കാരനും,ആനക്കാരനുമായ ജയറാമിന് വാര്‍ക്ക കമ്പിയുമായി എന്താവും ബന്ധം?
ഐസ്‌ക്രീം നല്ലതാണ് എന്ന് പറയാനുള്ള മഞ്ജു വാര്യരുടെ അവകാശം നമുക്ക് മനസിലാവും. പക്ഷേ നാം ജൈവ കൃഷി ചെയ്യണമെങ്കിലും ആയമ്മ തന്നെ പറയണം എന്ന് വരുന്നത് എന്തുകൊണ്ടാവും?
അടാട്ട് പാടത്ത് നെല്‍കൃഷി തുടങ്ങിയിട്ട് കാലമെത്രയായിട്ടുണ്ടാവും? എന്നാലും ശ്രീനിവാസന്‍ വന്നു പറയുമ്പോഴേ നമുക്ക് അടാട്ട് മട്ട കഞ്ഞി വെക്കാന്‍ നല്ലതാണ് എന്ന് തോന്നുകയുള്ളൂ.
സൗന്ദര്യവ്യവസായത്തിന്റെ ഭാഗമായവര്‍ എന്ന നിലക്ക് നടീ നടന്മാര്‍ അത്തരം വസ്തുക്കളുടെ വക്താക്കളാകുന്നതില്‍ തെറ്റില്ലെന്ന് വിചാരിക്കാം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബൂസ്റ്റിനേക്കുറിച്ച് പറയുന്നതില്‍ തെറ്റില്ലെന്നതു പോലെ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇരുമ്പുകമ്പി മുതല്‍ ബിരിയാണി അരി വരെയുള്ള കാര്യങ്ങളില്‍ ഇവരുടെ വാക്കുകള്‍ക്ക് എന്താണ് കാര്യം?
അത് ,അങ്ങനെ ആലോചിക്കുമ്പോഴാണ് മറ്റ് കലാകാരന്മാരില്‍ നിന്നും വിത്യസ്ഥമായി സിനിമക്കാര്‍ക്ക് സാധാരണക്കാരായ പ്രേക്ഷകര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ചില ആനുകൂല്യങ്ങളെക്കുറിച്ച് നമുക്ക് ഓര്‍മ്മ വരിക.
എല്ലാ മനുഷ്യരിലും ഒരഭിനേതാവുണ്ട് എന്നതു കൊണ്ട് തന്നെ അവസരങ്ങളുടെ ആനുകൂല്യങ്ങള്‍കൊണ്ട് പ്രശസ്തരായവരാണ് ഈ നടീനടന്മാരില്‍ പലരും എന്ന് നമുക്കറിയാത്തതല്ലല്ലോ. ചെസ്സോ കായികമത്സരങ്ങളോ പോലെ ആ മേഖലയില്‍ പൂര്‍ണമായും എക്‌സല്‍ ചെയ്ത് വരുന്നവരല്ല ഈ താരങ്ങള്‍ എന്ന് ചുരുക്കം.
സിനിമ അതിലെ ആളുകള്‍ക്ക് നല്‍കുന്ന ഒരു മാന്ത്രിക പരിവേഷമുണ്ട്. അനുവാചകര്‍ക്കും ആസ്വാദകര്‍ക്കും പകരം അവിടെ ആരാധകരാണ്. ഒരുപാട് മനുഷ്യര്‍ ഒരാളെ ആരാധിക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ സ്വാഭാവികമായും അവര്‍ക്ക് മുകളിലാകുകയാണ്.
താരങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്,അവര്‍ ഉണ്ടാവുകയല്ല. യഥാര്‍ത്ഥത്തില്‍ നമ്മള്‍ പാവം സാധാരണക്കര്‍ അവരെ നിര്‍മ്മിക്കുകയാണ്.
ഹൈ ആംഗിളില്‍ നിന്ന് മാത്രം മറ്റ് മനുഷ്യരെ കാണുന്ന അവര്‍ക്ക് അവരെ ചെറു ജീവികളെ പോലെ തോന്നുന്നത് സ്വാഭാവികമാണ് താനും. അവര്‍ക്ക് ചുറ്റും വന്നു ചേരുന്ന ഉപജാപകരും സ്തുതി പാഠകരും കാര്യങ്ങള്‍ കുറച്ചുകൂടി വഷളാക്കും.
താരങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്,അവര്‍ ഉണ്ടാവുകയല്ല യഥാര്‍ത്ഥത്തില്‍ നമ്മള്‍ പാവം സാധാരണക്കര്‍ അവരെ നിര്‍മ്മിക്കുകയാണ്.
അവര്‍ നിസ്സാരരെന്ന് കരുതുന്ന സാധാരണക്കാരാല്‍ നിര്‍മ്മിതമായതാണ് അവരെ നമ്മെ പുച്ഛിക്കാന്‍ പ്രാപ്തരാക്കുന്ന ആ സിംഹാസനം എന്നതാണ് അതിലെ വിരോധാഭാസം.
ജനങ്ങള്‍ വാരിക്കോരിക്കൊടുത്ത ആരാധനയുടെ പുരമുകളില്‍ കയറി നിന്നു കൊണ്ടാണ് നടന്‍ ശ്രീനിവാസന്‍ 'ആരാണീ പൊതുജനം..?'എന്ന് അവരെ പരിഹസിക്കുന്നത്. അയാളുടെ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ കണ്ട് കയ്യടിച്ചവരുടെ ചിലവിലാണ് അയാള്‍ സരോജ് കുമാറായി മാറി അവരെ പരിഹസിക്കുന്നത് എന്ന് സാരം.
ആ ആരാധന കൊണ്ടാണ് അവര്‍ ആ ഇരുമ്പ് കമ്പി നല്ലതാണ് എന്ന് പറയുമ്പോള്‍ 'അത് നിങ്ങള്‍ക്കെങ്ങനെ അറിയാം എന്ന് തിരിച്ചു ചോദിക്കാത്തത്.
പണ്ടം പണയത്തിന് അയാള്‍ പറഞ്ഞ ബ്ലേഡ് കമ്പനിയിലേക്ക് ഓടുന്നത്. മീന്‍ മസാല നല്ലതാണെന്ന് പ്രിയ നടി പറയുമ്പോള്‍ ഇവള്‍ അതിന് അടുക്കളയില്‍ കയറാറുണ്ടോ എന്ന് സംശയിക്കാത്തത്.
കൊട്ടക്കണക്കിന് കാശുവാങ്ങിയിട്ടാണ് ഇവര്‍ നിങ്ങളോട് ഈ വിശേഷമൊക്കെ പറയുന്നത് എന്ന് നിങ്ങള്‍ക്കറിയാഞ്ഞിട്ടൊന്നുമല്ല. പക്ഷേ നമ്മളത് ഓര്‍ക്കില്ല ,ആരാധന കണ്ണില്ലാത്ത ഒരു വികാരമാണ്. പ്രണയം പോലെ തന്നെയാണ് അതും. തലച്ചോറിന് വലിയ റോളൊന്നുമില്ലാത്ത ഒരിടം.
താരങ്ങള്‍ എന്ന വാക്ക് എത്ര അര്‍ത്ഥവത്താണെന്നോ അവര്‍ക്ക്. പൊന്‍ ദ്യുതി വിതറി തിളങ്ങി നില്‍ക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലല്ല അത്. അകലെ നിന്ന് നോക്കിയാല്‍ മാത്രം പ്രകാശമുള്ളതായി തോന്നുന്നവര്‍ എന്ന നിലയില്‍.
നമ്മളീ കാണുന്ന അവരേ അല്ല ശരിക്കുള്ള അവര്‍.
അവരുടെ ചെളിക്കുണ്ടുകളേയും, ഇരുട്ടിനേയും,വിഷവാതകങ്ങളേയും പ്രകാശം എന്ന് തെറ്റായി തര്‍ജ്ജമ ചെയ്യുന്നത് അകലമാണ്.
ചേനപ്പൂവിന്റെ ചിത്രം കാണും പോലെയാണ് അത്, നേരില്‍ ഇടപഴകുമ്പോഴാണ് എത്ര നാറ്റം ആ സൗന്ദര്യത്തിന് എന്ന് നമുക്ക് വെളിവായിക്കിട്ടുക.
നമ്മളീ കാണുന്ന അവരേ അല്ല ശരിക്കുള്ള അവര്‍.
അന്തം വിട്ട മട്ടില്‍ മുകേഷ് ക്ഷോഭിക്കുമ്പോള്‍, പത്രസമ്മേളന വേദിയില്‍ നിന്ന് കുക്കു പരമേശ്വരന്‍ എന്ന ഏക പെണ്‍തരി തൊള്ള തുറന്ന് കൂവുമ്പോള്‍, സംശയത്തിന്റെ മുനയിലുള്ളവര്‍ ഇരയെ വീണ്ടും വീണ്ടും പരിഹസിക്കുമ്പോള്‍, ആരാണീ ജനം എന്ന് ശ്രീനിവാസന്‍ ഹാസ്യം പറയുമ്പോള്‍ ഒക്കെ ഈ അകലം കുറേശേ കുറയുകയാണ്.
സുഗന്ധം എന്ന് നമ്മള്‍ തെറ്റായി ധരിച്ചു വെച്ചിരുന്ന അവരുടെ ദുര്‍ഗന്ധം അവര്‍ തന്നെ സ്വയം വെളിവാക്കുകയാണ്.
ആരാധനയുടെ ആ മായക്കണ്ണാടി നാമൊന്ന് അഴിച്ചു വെക്കുകയേ വേണ്ടൂ. പാല്‍പായസമെന്ന് നാം കരുതിയ പാത്രത്തില്‍ പുഴുക്കള്‍ നുരക്കുന്നത് നമുക്ക് കാണാം
നമുക്ക് സ്വതവേ മതിപ്പില്ലാത്ത നമ്മേക്കാള്‍ എത്ര ചെറിയവരാണ് ഈ പൊയ്ക്കുതിരകള്‍ എന്ന് നമുക്ക് വ്യക്തമായി കാണാം.
അമ്മ എന്ന താര സംഘടനയുടെ ചെയ്തികളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തിനാണീ വേവലാതി?
നിങ്ങള്‍ എന്ത് സാമൂഹ്യ പ്രതിബന്ധതയാണ് അത്തരമൊരു അരാഷ്ട്രീയ സംഘടനയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? ഏത് മുന്നനുഭവങ്ങളാണ് ഇവര്‍ നല്ലവരായിരിക്കും എന്ന ഒരു പ്രതീക്ഷയിലേക്ക് നിങ്ങളെ എത്തിച്ചത്?
അവനവനിസത്തിന്റെ അപ്പോസ്തലന്മാരായ ഈ സ്വപ്നലോകത്തെ ബാലഭാസ്‌കരന്മാര്‍ ആരോട് ഐക്യപ്പെടും എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?
സത്യം പറയട്ടെ, ഇരയോടൊപ്പം എന്നതു പോലെ അവര്‍ ദിലീപിനൊപ്പവും ഇല്ല എന്നതാണ് വാസ്തവം. നമ്മേക്കാള്‍ കൂടുതല്‍ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണവര്‍. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും എന്ന മട്ടിലുള്ള പ്രസ്താവനകളൊക്കെ മറുകണ്ടത്തേക്ക് ഇപ്പോഴേ ഇട്ടു വെക്കുന്ന ചില പാലങ്ങളാണ്
വീണു കിട്ടും വരെയേ ഉള്ളൂ ഈ ഐക്യദാര്‍ഢ്യം,വീണുകഴിഞ്ഞാല്‍ കാണാം യഥാര്‍ത്ഥ നാടകങ്ങള്‍.
ജനപ്രതിനിധികളല്ലേ അതിന്റെ പക്വത കാണിക്കണ്ടേ എന്ന അഭിപ്രായമൊക്കെ തമാശയാണ്.
അമ്മയില്‍ അത്രയേ പ്രതീക്ഷിക്കേണ്ടൂ, അവനവന്റെ അമ്പലത്തില്‍ മാത്രം പൂജ ചെയ്യുന്ന അല്‍പന്മാരുടെ സംഘമാണത്.
ജനപ്രതിനിധികളല്ലേ അതിന്റെ പക്വത കാണിക്കണ്ടേ എന്ന അഭിപ്രായമൊക്കെ തമാശയാണ്. 'നിങ്ങള്‍ക്കറിഞ്ഞു കൂടായിരുന്നോ നിങ്ങളെന്തിന് ഇവരെയൊക്കെ പ്രതിനിധികളാക്കി ..?'എന്ന ചോദ്യം ജനങ്ങളോട് ചോദിക്കുകയാണ് വേണ്ടത്.
അത് എന്ത് തരം സംഘടനയാണ് എന്നാണ് നിങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്? ഡേറ്റിനായി സംവിധായകരും നിര്‍മ്മാതാക്കളും കാത്തു കെട്ടിക്കിടക്കുന്ന സൂപ്പര്‍ താരങ്ങളും ,റോളിനായി പ്രൊഡക്ഷന്‍ കണ്‍ട്രോാളര്‍ മാരുടെ കരുണ തേടുന്ന സാധുക്കളും ഒരേ ബാനറില്‍ എങ്ങനെയാണ് ഒന്നിക്കുക?
നമ്മള്‍ കാണുന്നതല്ലേ, ഒരു സംഘടനയുടെ ജനറല്‍ ബോഡിയാണ്. സമന്മാരായാണോ അവിടെ എല്ലാവരും? ആരാധകരേക്കാള്‍ വിനീതരാണ് പലരും.
സൂപ്പര്‍ താരങ്ങളോടൊപ്പം അവര്‍ ഒരു സെല്‍ഫി എടുക്കുകയല്ല. താരങ്ങള്‍ അവര്‍ക്കായി ഒരു സെല്‍ഫിക്ക് നിന്നു കൊടുക്കുകയാണ്. (മമ്മൂക്കക്കും ലാലേട്ടനുമൊന്നും ഒരു അഹംഭാവവുമില്ല കേട്ടോ, സെല്‍ഫിക്കൊക്കെ നിന്നു തരും).
സിനിമയിലെ പെണ്‍കൂട്ടായ്മ ഒരു നല്ല ആശയമാണ്. തലയേക്കാള്‍ മുലകള്‍ പ്രസക്തമാകുന്ന ഒരു ചുറ്റുപാടില്‍നിന്ന് തല കൂടിയുള്ള മുലകള്‍ ഓരം ചേരുന്നു എന്നതാണ് അതിന്റെ യാദാര്‍ത്ഥ്യം.
നിങ്ങള്‍ എന്തു കൊണ്ട് തിരുത്തല്‍ ശക്തിയായില്ല എന്ന് അവരോട് ആക്രോശിക്കരുത്. പൊടിച്ചു തുടങ്ങിയ ഒരു ആലിന്‍ കുഞ്ഞിനോട് എവിടെ തണല്‍ എന്ന് തിരക്കുകൂട്ടരുത്. അത് പൊടിച്ചു നില്‍ക്കുന്നു എന്നതില്‍ സന്തോഷിക്കൂ. സിനിമയെന്നാല്‍ ദന്തഗോപുരവാസമാണെന്ന മിഥ്യാ ബോധമെങ്കിലും ഇല്ലാത്തവരാണവര്‍
സമൂഹത്തെക്കുറിച്ച് അല്‍പമെങ്കിലുമൊക്കെ ആശങ്കകളുള്ളവര്‍
പുരുഷന്മാരുടേയും മന്ദബുദ്ധികളായ അവരുടെ സ്ത്രീ ആരാധികമാരുടേയും അഹങ്കാര നൃത്തങ്ങളില്‍ പെട്ട് ആ കൂട്ടായ്മ കൂമ്പടയാതിരിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അമ്മയുടെ ചെയ്തികളെ ന്യായീകരിക്കുന്ന ചില പെണ്മക്കളുണ്ട്. അവരോട് അരിശപ്പെടാതിരിക്കൂ. മറിച്ച് അവരോട് നാം സഹതപിക്കുകയാണ് വേണ്ടത്
അടിമത്തത്തെ ആസ്വദിക്കുകയും അത് നല്‍കുന്ന ചില്ലറ മധുരങ്ങളെ ആഘോഷിക്കുകയും ചെയ്യുന്നു എന്നത് അവരുടെ തലച്ചോറിന്റെ പരിമിതിയാണ്.
പക്ഷേ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോട് നിങ്ങള്‍ സഹതാപം കാണിക്കരുത്. വ്യാജ കണ്ണീരു പൊഴിയുന്ന നിങ്ങളുടെ അഭിമുഖങ്ങളില്‍ ഇനി അവളെ 'ഇര 'എന്ന് പരാമര്‍ശ്ശിക്കരുത്.
അവള്‍ ആക്രമിക്കപ്പെട്ടവളാണ് പക്ഷേ കീഴടങ്ങിയവളല്ല. അവള്‍ അതിജീവിച്ചവളാണ്, സമൂഹം നല്‍കിയിട്ടുണ്ടാവുമായിരുന്ന എത്രയോ ഉപദേശങ്ങളെ തിരസ്‌കരിച്ചുകൊണ്ട് പൊരുതാന്‍ തുനിഞ്ഞവളാണ്.
ഇര എന്ന പേര് അവള്‍ക്ക് ചേരില്ല, ഇരകള്‍ നിങ്ങളില്‍ ചിലരാണ്.
പലതരം അപമാനങ്ങളെ സഹിക്കേണ്ടിവരുമ്പോഴും ചിരിച്ചു കൊണ്ട് അതിന് കീഴ്‌പ്പെട്ട് നില്‍ക്കുന്നവര്‍.
ഇര എന്ന പേര് അവള്‍ക്ക് ചേരില്ല, ഇരകള്‍ നിങ്ങളില്‍ ചിലരാണ്.
ദീര്‍ഘമാകുന്നു എന്നതിനാല്‍ ഈ കുറിപ്പ് ഞാന്‍ അവസാനിപ്പിക്കുകയാണ്.
നമ്മുടെ മേല്‍ ഇവരിങ്ങനെ കുതിരകയറുന്നതിന് നമ്മള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കുകയാണ്.
കേരളത്തില്‍ ആദ്യത്തേയോ അവസാനത്തേയോ സ്ത്രീപീഡനമല്ല ഇത് എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഇതിനേക്കാള്‍ സാമൂഹ്യ പ്രാധാന്യമുള്ള കൊട്ടിയൂര്‍ പീഡനക്കേസ് ഉല്‍പ്പെടെയുള്ളവയേക്കാള്‍ നമ്മുടെ മാധ്യമങ്ങള്‍ ഈ വിഷയം നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതും, പാതിരാചര്‍ച്ചകള്‍ക്ക് വരെ ഉറക്കമിളച്ച് നാം കേള്‍വിക്കാരാവുന്നതും ഇവര്‍ സിനിമാക്കാര്‍ ആയതു കൊണ്ടു തന്നെയാണ്.
സാമൂഹ്യ പ്രതിബദ്ധത ,ഇരക്കൊപ്പം എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ക്ക് പിന്നാലെ വരുന്ന പേജുകളില്‍ പ്രത്യക്ഷമായേക്കാവുന്ന ഗോസിപ്പുകള്‍ രസിക്കുന്ന നമ്മുടെ വികല മനസുകള്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട്.
സിനിമാക്കാലം മറന്നു തുടങ്ങിയ ബൈജു കൊട്ടാരക്കരയേയും അലി അക്ബറിനേയുമൊക്കെ വിളിച്ചു വരുത്തി രാപകലില്ലാതെ ചര്‍ച്ച നടത്തുന്ന ചാനലുകളും ഉപയോഗപ്പെടുത്തുന്നത് സിനിമയുടെ ഈ ജനപ്രിയതയാണ്.
നമ്മേക്കാള്‍ കൂടുതല്‍ അതറിയാവുന്നത് സിനിമാക്കാര്‍ക്കാണ്. അതു കൊണ്ടു തന്നെയാണ് അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം തുടങ്ങുന്നു എന്ന അത്ഭുത വാര്‍ത്തയിലേക്ക് അവര്‍ പത്രങ്ങളെ ക്ഷണിക്കുന്നതും.
പന്ത്രണ്ട് ലക്ഷം കുടുംബങ്ങള്‍ താമസിക്കാന്‍ ഒരു മേല്‍ക്കൂരയില്ലാതെ കഴിയുന്ന കേരളം പോലൊരു സംസ്ഥാനത്ത് 'എന്റെ മകന്‍ ഒറ്റമുറിയിലുറങ്ങിയിരുന്ന ഒരു കുട്ടിയായിരുന്നു ..'എന്ന് ഒരു താരം സങ്കടപ്പെടുമ്പോള്‍ എന്തായിരുന്നു നിങ്ങള്‍ അതു കൊണ്ട് ഉദ്ദേശിച്ചത് എന്ന ഒരു മറു ചോദ്യം ചോദിക്കാന്‍ അവര്‍ അശക്തരായതിന്റെ കാരണവും വേറെ തിരയേണ്ടതില്ല.
പുതിയ ചിത്രത്തിന്റെ പടുകൂറ്റന്‍ പോസ്റ്ററുകളില്‍ ജനപ്രിയ നായകന്‍ എന്ന് ഇപ്പോഴും എഴുതി വെക്കാന്‍ മുതലാളിയെ പ്രാപ്തനാക്കുന്നതും പൊതുജനം കഴുതയാണ് എന്ന ആ ആപ്തവാക്യം തന്നെയാവണം.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.