നിങ്ങളുടെ കുറ്റത്തിന് അപമാനിയ്ക്കപ്പെടുന്നത്  ഞങ്ങളാണ്; മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്

Published : Mar 30, 2017, 08:47 AM ISTUpdated : Oct 04, 2018, 05:49 PM IST
നിങ്ങളുടെ കുറ്റത്തിന് അപമാനിയ്ക്കപ്പെടുന്നത്  ഞങ്ങളാണ്; മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്

Synopsis

ആമുഖക്കുറിപ്പ്: 
മാധ്യമരംഗത്തെ നൈതികതയെക്കുറിച്ച് ആധികാരികമായി ഒരു കുറിപ്പെഴുതാനുള്ള ത്രാണിയുള്ള ആളല്ല ഞാന്‍. കേരളത്തിലെ ടെലിവിഷന്‍ ജേണലിസത്തിന്റെ തുടക്കം മുതല്‍ ഇന്നു വരെ അതിനൊപ്പം നടന്നവര്‍ അതേക്കുറിച്ചെഴുതട്ടെ. ഒരു സ്ത്രീയെന്ന നിലയില്‍, മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഇതെഴുതി മുഴുമിപ്പിയ്ക്കാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി. പലയിടത്തും ശ്വാസംമുട്ടുകയും ചങ്ക് കൊളുത്തിവലിയ്ക്കുകയും ചെയ്തു. മംഗളമെന്ന ചാനല്‍ സംപ്രേഷണം ചെയ്ത ആ ശബ്ദരേഖ പെണ്ണെന്ന നിലയില്‍, മാധ്യമപ്രവര്‍ത്തനം നടത്തി ഉപജീവനം കഴിയ്ക്കുന്ന ഒരുവളെന്ന നിലയില്‍ എന്നെ എങ്ങനെ ബാധിച്ചുവെന്ന് മാത്രമാണ് ഈ കുറിപ്പ്.

.................

NDTV was a happy accident. Happy because we have never, in all these years, ever had a smidgeon of regret, and accident because after 10 years in economics (Prannoy) and in the print media (me), all we wanted back then, in 1988, was to do something different.
Radhika Roy (Forward to ‘More News Is Good News’)


Good journalism, they say, is about talking truth to power. Television journalism was talking forcefully to power all right. Whether it was the truth was unclear. Politicians and bureaucrats continued to dominate the proceedings on the screen, but this time around they normally figured as scamsters or as defenders of corruption. Television was striking back and the political class was at the receiving end.
Sashi Kumar (A potted history of national television, Frontline, February 7, 2014)          

...........................

വാര്‍ത്തകള്‍ നിരന്തരം വായിച്ചുതുടങ്ങിയ ഒരു കാലമുണ്ടായിരുന്നു. നോവലുകളും കഥകളും കവിതകളും കഷ്ടിയായിരുന്നില്ല വീട്ടിലെ പുസ്തകപ്പുരയില്‍. എങ്കിലും അതിരാവിലെ വീട്ടുമുറ്റത്ത് വന്നുവീഴുന്ന പത്രത്തിലെ ഓരോ വാര്‍ത്തയും അരിച്ചുപെറുക്കി വായിച്ചിരുന്നു ഞാന്‍. എന്‍ എസ് മാധവന്റെ 'തിരുത്ത്' വായിയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരു അസ്വസ്ഥത നുരയുകയാണെങ്കില്‍, ബാബ്‌റി മസ്ജിദ് പൊളിയ്ക്കുന്ന ദൃശ്യങ്ങള്‍ നേരിട്ട് കാണുമ്പോള്‍ നമുക്ക് പൊള്ളും. ചുല്യാറ്റിന് പനിച്ച പോലെ നെറ്റി ചുട്ടുനീറും.
 
യാഥാര്‍ഥ്യത്തിന് ഏത് സങ്കല്‍പ്പത്തേയ്ക്കാളും ശക്തിയുണ്ട്.
 
അങ്ങനെ വായിയ്ക്കാന്‍ തുടങ്ങിയ കാലത്താണ് പെണ്‍വാണിഭമെന്ന വാക്ക്, പത്രക്കെട്ടുകള്‍ക്കൊപ്പം എന്റെ മുന്നിലേയ്ക്ക് വന്ന് വീണത്. 2004 ലായിരുന്നു അത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലെന്ന ആ വാര്‍ത്ത എന്റെ നിഘണ്ടുവിലേയ്ക്ക് അതുവരെ കേള്‍ക്കാതിരുന്ന കുറച്ചധികം വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. അമ്മയെന്ന നിശ്ശബ്ദമായ ഒരു സെന്‍സര്‍ ബോര്‍ഡ് വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സൂര്യനെല്ലി, വിതുര, പൂവരണി എന്നീ വാക്കുകളൊന്നും ഒന്‍പതാം ക്ലാസ്സുകാരിയായിട്ടും ഞാന്‍ കേട്ടിരുന്നില്ല. വീട്ടില്‍ കേബിള്‍ കണക്ഷന്‍ ഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചതിന്റെ തലേ ദിവസമായിരുന്നു അത്.
 
പിറ്റേന്ന് ദൂരദര്‍ശന്റെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട വാര്‍ത്തകള്‍ക്കപ്പുറമുള്ള ഒരു ദൃശ്യഭാഷയില്‍ ഇന്ത്യാവിഷനില്‍ ആദ്യമായി ഞാന്‍ വാര്‍ത്തകള്‍ 'കണ്ടു'. അന്ന്, മുടി പറ്റേ വെട്ടിയ, മെലിഞ്ഞ ഒരു പെണ്‍കുട്ടി, വ്യക്തവും കൃത്യവുമായ ഭാഷയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ലീഗുകാര്‍ തല്ലിച്ചതച്ചതിനെക്കുറിച്ച് സംസാരിയ്ക്കുന്നത് കണ്ടു. അവരുടെ പേര് വി എം ദീപ എന്നായിരുന്നു.

വായിയ്ക്കാന്‍ തുടങ്ങിയ കാലത്താണ് പെണ്‍വാണിഭമെന്ന വാക്ക്, പത്രക്കെട്ടുകള്‍ക്കൊപ്പം എന്റെ മുന്നിലേയ്ക്ക് വന്ന് വീണത്

മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി ബ്ലാക്ക് മെയില്‍ ചെയ്ത് ലൈംഗികപീഡനത്തിനിരയാക്കിയ റജീനയുടെ വെളിപ്പെടുത്തലുകളും പല തവണയുള്ള മൊഴിമാറ്റിപ്പറയലുകളും ഞങ്ങള്‍ കുട്ടികള്‍ കണ്ടുനിന്നത് തടയാന്‍ എന്തുകൊണ്ടോ അമ്മ ശ്രമിച്ചില്ല. എന്റെ തലമുറ വളര്‍ന്നത് സ്ത്രീപീഡനക്കേസുകളുടെ ഒരു പരമ്പരയിലൂടെയാണ്. കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ അതികായനും പി ജെ കുര്യനെന്ന  മികച്ച പാര്‍ലമെന്‍േററിയനും ജഗതിയെന്ന അതുല്യനടനും വളരെ എളുപ്പം കോടതിമുറികളില്‍ നിന്ന് ഇറങ്ങി നടന്നപ്പോള്‍ കിളിരൂര്‍, കവിയൂര്‍, പറവൂര്‍ എന്നിങ്ങനെ സ്ഥലപ്പേരുകളിലറിയപ്പെട്ട ഓരോ പെണ്‍കുട്ടിയും ആള്‍ക്കൂട്ടത്തിന്റെ മുഴുവന്‍ നോട്ടങ്ങള്‍ ഭയന്ന് ആയുഷ്‌കാലം മുഴുവന്‍ ഇരുട്ടില്‍ നില്‍ക്കാന്‍ വിധിയ്ക്കപ്പെട്ടു. അവര്‍ക്ക് പേരുകളില്ലാതായി.
 
കടുത്ത സദാചാരബോധങ്ങളിലൂടെയാണ് വീടും നാടും എന്നെ വളര്‍ത്തിയത്.

ആണ്‍കുട്ടികളെ നോക്കുന്നതു പോലും പാപമാണെന്നും പ്രേമം കുറ്റകൃത്യമാണെന്നും ഞാന്‍ വിശ്വസിച്ചുപോന്നു.  പിന്നീട്, സ്വയം തെരഞ്ഞെടുത്ത പുസ്തകങ്ങളും സിനിമകളുമാണ് സദാചാരത്തെക്കുറിച്ച് സമൂഹം പഠിപ്പിച്ചുതന്ന മുന്‍ധാരണകള്‍ തെറ്റായിരുന്നുവെന്ന് എന്നോടു പറഞ്ഞത്. ആ സ്വാതന്ത്ര്യം ഈ നാട്ടില്‍ എത്ര പെണ്‍കുട്ടികള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് എനിയ്ക്കറിയില്ല.
 
ഈ ജോലിയെടുക്കാമെന്ന് തീരുമാനിച്ച് ജേണലിസം പഠിയ്ക്കാനെത്തിയപ്പോഴും കോഴ്‌സിന്റെയവസാനം എഴുതിയ ഡിസര്‍ട്ടേഷനില്‍ വരെ സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സിനെക്കുറിച്ചേ എഴുതാന്‍ തോന്നിയുള്ളൂ.

ഓരോ പെണ്‍കുട്ടിയും ആള്‍ക്കൂട്ടത്തിന്റെ മുഴുവന്‍ നോട്ടങ്ങള്‍ ഭയന്ന് ആയുഷ്‌കാലം മുഴുവന്‍ ഇരുട്ടില്‍ നില്‍ക്കാന്‍ വിധിയ്ക്കപ്പെട്ടു. അവര്‍ക്ക് പേരുകളില്ലാതായി.

മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് പഠിയ്ക്കുമ്പോഴും പറയുമ്പോഴും ഓര്‍ക്കുമ്പോഴും, അതുവരെ കണ്ട ഈ വയലന്‍സുകളെല്ലാം ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിയ്ക്കപ്പെട്ട റജീനയുടെയും മറ്റ് ഇരകളുടെയും കണ്‍സെന്റ് അഥവാ ഉഭയസമ്മതത്തെക്കുറിച്ചുള്ള വഷളന്‍ ചിരിയൊട്ടിച്ചുവെച്ച വര്‍ത്തമാനങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള റേപ്പായി മുന്നില്‍ വന്നുനിന്നു. വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യുമ്പോഴും മികവ് കാണിയ്ക്കുമ്പോഴും, അത് പെണ്ണാണെന്ന ആനുകൂല്യമുളളതുകൊണ്ടാണെന്നും അവിഹിതബന്ധമുള്ളവരാണെന്നും ആരോപിയ്ക്കപ്പെട്ട സ്ത്രീകളെ കേട്ടു. ന്യൂസ് റൂമില്‍ ഉറക്കെച്ചിരിയ്ക്കുകയോ, ഒച്ച വെയ്ക്കുകയോ ചെയ്ത പെണ്ണുങ്ങള്‍ കഞ്ചാവാണോ അതോ തലേന്നത്തെ കെട്ടിറങ്ങാത്തതാണോ എന്ന് നിശ്ശബ്ദമായി അന്വേഷിയ്ക്കുന്നവരെ കണ്ടു. നിലപാടെടുക്കുന്ന സ്ത്രീകളുടെ  'മുഖത്തു തുപ്പുന്ന' മൈനര്‍ മേജര്‍മാര്‍ക്കെതിരെ കലഹിച്ചു.
 
അങ്ങനെ, വയലന്‍സിന്റെ ഒരു കാലം താണ്ടിയാണ് ഇവിടത്തെ ഓരോ മാധ്യമപ്രവര്‍ത്തകയും നില്‍ക്കുന്നതെന്ന് എനിയ്ക്കുറപ്പുണ്ട്, മനുഷ്യരേ.
 

Model: Remya . Photos: PT Milton

അവിടെയെല്ലാം നിങ്ങള്‍ കുറേ പെണ്‍പേരുകളെ ഒരു ദയയുമില്ലാതെ ആക്രമിയ്ക്കുകയായിരുന്നു.

അവിടെ നിന്നാണ് മംഗളത്തിന്റെ ഈ ശബ്ദരേഖയെക്കുറിച്ച് എനിയ്ക്ക് പറഞ്ഞുതുടങ്ങേണ്ടത്.

11.20 ഓടെ മംഗളം ചാനല്‍ വാര്‍ത്താവിസ്‌ഫോടനമെന്ന 'സാഗര്‍ കോട്ടപ്പുറം ടാഗ്‌ലൈനില്‍' ഈ വാര്‍ത്ത പുറത്തുവിടുമ്പോള്‍ സ്‌ക്രീനിലുണ്ടായിരുന്നത് ഒരു സ്ത്രീയാണെന്നതാണ് എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചത്.

ആ ന്യൂസ് റൂമില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയ്ക്കും ഈ ഓഡിയോ ക്ലിപ്പിന്റെ സ്ത്രീവിരുദ്ധത തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ എന്ന ചോദ്യം ഭയപ്പെടുത്തുന്നതായിരുന്നു. മറ്റൊരാളുടെ കിടപ്പുമുറിയിലേയ്‌ക്കൊളിഞ്ഞു നോക്കുന്നതിന്റെ സുഖം വിറ്റുകാശാക്കുന്നതാണ് ഈ ശബ്ദരേഖയെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആരുമുണ്ടായിരുന്നിരിയ്ക്കില്ല. 'നിന്റെ ശബ്ദമിതില്‍ വരില്ല' എന്ന് മുകളിലിരിയ്ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയപ്പോള്‍ ആ പെണ്‍കുട്ടി അത് വിശ്വസിച്ചിരിയ്ക്കണം. ആ ഉറപ്പുണ്ടെങ്കില്‍ തന്റെപേര് ഒരിയ്ക്കലും പുറത്തുവരില്ലെന്നായിരിയ്ക്കണം അവളുടെ ബോധ്യം. ഉദാത്തമാധ്യമപ്രവര്‍ത്തനത്തിന്റെ ഹണിട്രാപ്പ് മാതൃകകളെക്കുറിച്ച് അവരെ പഠിപ്പിച്ചവരാണ് ഏറ്റവും വലിയ ശരിയെന്ന് ആ പെണ്‍കുട്ടി മനസ്സിലാക്കിയിരിക്കണം.
 
ഉച്ചയ്ക്ക് തന്നെ മന്ത്രി രാജി പ്രഖ്യാപിച്ചപ്പോള്‍ മംഗളത്തിന് മിന്നുംതുടക്കമെന്നാക്രോശിച്ചും, 'അതെ, ഞങ്ങളുടെ വാര്‍ത്താ, ഞങ്ങളുടെ വാര്‍ത്താ' എന്നലറിയും ചാനലിലെ അവതാരകര്‍ വിജയമാഘോഷിച്ചു.
 
പിന്നീട് നടന്നതെന്തായിരുന്നു?
ഒരു കൂട്ടം പെണ്‍പേരുകള്‍ പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമായി മുന്നില്‍ വന്നുനിരന്നു. 'ശശീന്ദ്രന്‍ വീണ തേന്‍കുപ്പിയിതാണെ'ന്നായിരുന്നു ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍. തലസ്ഥാനത്തെയും പുറത്തെയും ആണ്‍മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം ഈഗോ തീര്‍ക്കാന്‍ പല പെണ്‍പേരുകള്‍ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു. മംഗളം സിഇഒയും മുന്‍പ് കൈരളിയിലുണ്ടായിരുന്ന ഇപ്പോഴത്തെ മംഗളം ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്ററും ഒരു പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ നോക്കി ശശീന്ദ്രന്‍ ചിരിയ്ക്കുന്ന ചിത്രങ്ങള്‍ നിരത്തിപ്പരത്തി എല്ലാവര്‍ക്കുമയച്ചു. കൊല്ലംകാരിയായ ഇരുപത്തിനാലുകാരിയെന്ന് 'മറുനാട്ടിലെ ആ മലയാളി' മറ്റൊരു പെണ്‍കുട്ടിയെ വിശേഷിപ്പിച്ചു. 

അത് വാക്കുകള്‍ കൊണ്ടുള്ള ബലാത്സംഗമായിരുന്നു.

അവിടെയെല്ലാം നിങ്ങള്‍ കുറേ പെണ്‍പേരുകളെ ഒരു ദയയുമില്ലാതെ ആക്രമിയ്ക്കുകയായിരുന്നു. പല പല പേരുകള്‍ പുറത്തുവിട്ട് ആളുകളുടെ ഒളിഞ്ഞുനോട്ടവാസനയെ ആഘോഷിയ്ക്കുകയായിരുന്നു. അത് കൃത്യമായും ചെയ്ത കുറ്റകൃത്യത്തെ മറയ്ക്കാന്‍ നിങ്ങള്‍ ചെയ്ത ആസൂത്രിതമായ നീക്കമായിരുന്നു.
 
അത് വാക്കുകള്‍ കൊണ്ടുള്ള ബലാത്സംഗമായിരുന്നു.
 
അവിടെയാണ് അല്‍നിമയെന്ന പെണ്‍കുട്ടിയ്ക്ക് മംഗളത്തിലെ ജോലി രാജിവെച്ച് പുറത്തിറങ്ങി എഴുതേണ്ടി വന്നത്. ഒരര്‍ഥത്തില്‍, ഞാനല്ല ആ ഫോണ്‍ സംഭാഷണം നടത്തിയതെന്ന് പറയാതെ പറയേണ്ടി വരികയായിരുന്നു അല്‍നിമ അഷ്‌റഫിന്.

ഇതിനെതിരെ ആ പെണ്‍കുട്ടിയ്ക്ക് നേരെ നടക്കുന്നത് വ്യാപകമായ വ്യക്തിഹത്യയാണ്.

കുഞ്ഞനുജത്തീ: എന്ന് തുടങ്ങുന്ന ഒരു സ്ലട്ട് ഷെയിമിംഗ് കുറിപ്പോടെയായിരുന്നു തുടക്കം.
പിന്നീട്, ഒരു ചാനലിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിയ്ക്കുന്ന ഒരാള്‍, അക്ഷരത്തെറ്റുകള്‍ പോലും തിരുത്താന്‍ മെനക്കെടാതെ (മാധ്യമപ്രവര്‍ത്തകരുടെ ഭാഷയില്‍ അത് ഒരു ക്ലീന്‍ കോപ്പി പോയിട്ട് ചവറ്റുകൊട്ടയിലിടാന്‍ പോലും കൊള്ളാത്ത കോപ്പിയാണ്) ആരോപണങ്ങളോരോന്നായി ആ പെണ്‍കുട്ടിയ്ക്ക് നേരെ, നിരത്തുന്നു. അല്‍നിമയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ഒരു ദേശീയദിനപത്രത്തിലെ ലേഖകന്‍, സ്വാഭാവികമര്യാദയുടെ പേരില്‍, മംഗളത്തിലെ മറ്റൊരു വനിതാറിപ്പോര്‍ട്ടറുടെ അഭിപ്രായം തേടിയതിനെ, ഭീഷണിയെന്ന് ചിത്രീകരിയ്ക്കുന്നു.

ഇതാണ് ഗതികേട്. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ അടിസ്ഥാന നിയമങ്ങള്‍ പോലും തെറ്റിച്ച് പകല്‍നേരത്ത് അശ്ലീലസംഭാഷണം സംപ്രേഷണം ചെയ്ത ന്യൂസ് എഡിറ്റര്‍മാരുടെ ഒരു സംഘത്തിന്റെ വിവരക്കേടിന് തെരുവിലിറങ്ങി മറുപടി പറയേണ്ടി വന്നത് ഒരു പെണ്‍കുട്ടിയ്ക്കാണ്.

ആ പെണ്‍കുട്ടിയ്ക്ക് നേരെ നടക്കുന്നത് വ്യാപകമായ വ്യക്തിഹത്യയാണ്. 

മലപ്പുറത്ത് ടി കെ ഹംസയുടെ 'ഹണിട്രാപ്പാണോ, വല്ല ആണുങ്ങളേം വിട്, പെണ്ണുങ്ങളോട് മിണ്ടാന്‍ കയ്യൂല'യെന്ന വര്‍ത്താനം കേള്‍ക്കേണ്ടി വന്നത് ഒരു മാധ്യമപ്രവര്‍ത്തകയ്ക്കാണ്. 
 
നിങ്ങള്‍ ചെയ്ത കുറ്റത്തിന് ഓരോരോ ഇടങ്ങളില്‍ അപമാനിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നത് ഞങ്ങളാണ്.

അതുകൊണ്ടുതന്നെ, മംഗളം മാനേജ്‌മെന്റിന് ഇതിന്റെ യാഥാര്‍ഥ്യമെന്തെന്ന് പറയാനുള്ള ഉത്തരവാദിത്തമുണ്ട്.

ചോദിയ്ക്കാന്‍ ഞങ്ങള്‍ക്കവകാശവുമുണ്ട്.

....................
ചുരുക്കത്തില്‍:
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്ന് സംസ്ഥാനസര്‍ക്കാര്‍. റിട്ടയേഡ് ജഡ്ജിപി എസ് ആന്റണിയാണ് അന്വേഷണക്കമ്മീഷന്‍. അടുത്ത കാലത്തെ മിക്ക കേസുകളിലെയും ജുഡീഷ്യല്‍ അന്വേഷണചരിത്രം പരിശോധിയ്ക്കുക. എത്രയെണ്ണം കാലാവധി തീരുംമുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്? എത്രയെണ്ണത്തില്‍ കൃത്യമായി റിപ്പോര്‍ട്ടുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്? ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്കും കടന്നുകയറിയ ഒരു സംഭവം നടന്നിട്ടും, മന്ത്രിസഭയിലെ ഒരാളുടെ സ്ഥാനം മണിക്കൂറുകള്‍ക്കകം തെറിച്ചിട്ടും, ജുഡീഷ്യല്‍ അന്വേഷണമെന്ന തണുപ്പന്‍ നയം സര്‍ക്കാര്‍ എന്തിനാണ് സ്വീകരിയ്ക്കുന്നത്? സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്?
 
ഇത് കാണുമ്പോള്‍ എനിയ്‌ക്കോര്‍മ വരുന്നത് കീലേരി അച്ചുവിനെയാണ്.
'എന്നോട് മുട്ടാനാര്‌ണ്ടെടാ' എന്നലറി കത്തികൊണ്ട് മുഖം ചൊറിഞ്ഞ് കവലയിലൂടെ നടക്കുന്ന മംഗളം കീലേരി അച്ചു.
'അയ്യോ, എന്റെ മക്കളെ ഒന്നും ചെയ്യല്ലേ അച്ചൂ.. ' എന്ന് സര്‍ക്കാര്‍.
'ഒന്നും ചെയ്യൂല, കുത്തിക്കൊടലെടുക്ക്വോള്ളൂ കെട്ടാ' എന്ന് അച്ചു.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?