
എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ ചിലപ്പോഴെങ്കിലും ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ടഭിപ്രായമായിരിക്കും. അപ്പോഴെന്ത് ചെയ്യും? പലപ്പോഴും സഹോദരനോ, സഹോദരിയോ ഇല്ലെങ്കില്‍ ഒറ്റക്കുട്ടികള്‍ തനിച്ചായിപ്പോകുമെന്ന ചിന്ത രണ്ടാമത്തെ കുട്ടിയിലെത്തി നില്‍ക്കാറാണ് പതിവ് . 'ദ ടെലഗ്രാഫ് ലൈഫ് സ്റ്റൈല്‍/ഫാമിലി'യില്‍ ലൂയിസ് ചാപ്മാന്‍ എഴുതിയ ലേഖനത്തിന്‍റെ സ്വതന്ത്രാഖ്യാനം : ബാബു രാമചന്ദ്രന്‍
ഞാനും എന്റെ കൂട്ടുകാരിയും ഞങ്ങളുടെ അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങളുടെ കൂടെ അവരുടെ നഴ്‌സറിയിൽ ഒരു ആക്ടിവിറ്റിക്ക് വന്നതായിരുന്നു. ടീച്ചർമാർ പാട്ടുപാടിക്കൊണ്ടിരുന്നു. ഞങ്ങളുടെ കുരുന്നുകൾ കയ്യടിച്ചു കൂടെപ്പാടിക്കൊണ്ടിരുന്നു. അവർക്ക് ഉത്സാഹം പകരാനായി കൂടെ ഞങ്ങളും. അതിനിടയിലാണ് എന്റെ ചെവിയിൽ അവൾ ആ ബോംബ് നിക്ഷേപിച്ചത്. " എനിക്ക് പിന്നേം വിശേഷമുണ്ട്.." എന്റെ കണ്ണങ്ങു നിറഞ്ഞുപോയി പെട്ടെന്ന്. അവളുടെ സന്തോഷത്തിലുള്ള സന്തോഷംകൊണ്ട്. എന്റെ സങ്കടത്തിലുള്ള സങ്കടം കൊണ്ട്. രണ്ടാമതൊരു കുഞ്ഞിനെപ്പറ്റി ഞാനും നൈജലും പലവട്ടം പരസ്പരം സംസാരിച്ചിട്ടുണ്ട്. ഒരു തീരുമാനത്തിലെത്താൻ ഇന്നുവരെ കഴിഞ്ഞിരുന്നില്ല. എനിക്കൊരു കുഞ്ഞിനെക്കൂടി വേണം.അവനാണെങ്കിൽ വേണ്ട..
നാലുവർഷത്തെ കൊടുമ്പിരിക്കൊണ്ട പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. രണ്ടുവർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ട, അടിച്ചുപൊളിക്കാം എന്ന ഞങ്ങളുടെ തീരുമാനത്തെ നൈസായി പൊളിച്ചുകൊണ്ടാണ്, മോൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അവളെ ഗർഭം ധരിച്ചിരുന്ന കാലവും, പ്രസവവും, പിന്നെ ഈ അഞ്ചു വയസ്സു വരെ അവളെ വളർത്തിക്കൊണ്ടു വന്നതും ഒക്കെ സംഭവബഹുലമായ ഒരു നീണ്ട എപ്പിസോഡാണ്. എന്റെയും അവന്റെയും നിദ്രാവിഹീനങ്ങളായ ഒരുപാട് രാത്രികൾ നിറഞ്ഞ ഒന്ന്. വിചാരിച്ചതിലും നാലാഴ്ച മുന്നേ തന്നെ ഞങ്ങൾക്കിടയിലേക്ക് ഇറങ്ങി വരാൻ തീരുമാനിച്ച അവളെ, കുറച്ചുനാൾ ഇൻകുബേറ്ററിന്റെ ചൂടിൽ അടയിരുത്തേണ്ടി വന്നെങ്കിലും, പിന്നീടങ്ങോട്ട് ഒരു വെടിമരുന്നു തന്നെയായിരുന്നു ഞങ്ങളുടെ കുഞ്ഞുകാന്താരി. ഒരുപാടു രാത്രികളിൽ അവളുടെ അച്ചയെ അവൾ ഉറങ്ങാൻ വിട്ടില്ല. തോളത്തെടുത്ത് പുറത്തു തട്ടിത്തട്ടി ബെഡ്‌റൂമിൽ തലങ്ങും വിലങ്ങും നടന്നു, അവളൊന്നുറങ്ങിക്കിട്ടാൻ വേണ്ടിയവൻ. അങ്ങനെ ഒരുവിധം അഞ്ചു വയസ്സായിക്കിട്ടിയതാണ്.
എനിക്ക് വയസ്സ് മുപ്പത്തിനാലാവുന്നു. സമപ്രായക്കാരായ എന്റെ കൂട്ടുകാർക്കെല്ലാം രണ്ടോ അതിൽ കൂടുതലോ കുഞ്ഞുങ്ങളായിക്കഴിഞ്ഞു. അവരിൽ പലരുടെയും ഭർത്താക്കന്മാർ രണ്ടാമതൊരു കുഞ്ഞുവേണ്ടാ എന്ന് വാശിപിടിച്ച് ഒടുവിൽ ഭാര്യമാരുടെ നിർബന്ധത്തിന് വഴങ്ങിയവരാണ്. നൈജലും എന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് ഒരുനാൾ വഴങ്ങുമെന്ന് ഞാൻ ആശ്വസിച്ചു.
മോൾ സ്‌കൂളിൽ പോയിത്തുടങ്ങിയതോടെ എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി. " വൈകി... വൈകി... " എന്നെന്റെ മനസ്സെന്നോട് വീണ്ടും വീണ്ടും പറഞ്ഞു. ഒരു ദിവസം രാത്രി കിടക്കയിലേക്ക് വീഴുമ്പോൾ, ഞാൻ നൈജലിനോട് പരമാവധി ദൈന്യഭാവത്തിൽ പറഞ്ഞുനോക്കി.. "എന്റെ മോൾക്കൊരു അനുജനെ വേണം എനിക്ക്..." അവന്റെ മറുപടി വളരെ ദയാഹീനവും നിർവികാരവുമായിരുന്നു. "എനിക്കെങ്ങും വയ്യ ഈ നാൽപതു വയസ്സിൽ ഒരിക്കൽക്കൂടി അച്ഛനാവാൻ... "
അവനെ സ്വാധീനിക്കാൻ ഞാൻ പരമാവധി ശ്രമിച്ചുനോക്കി. ഈ പ്രക്രിയയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ തന്നെ വഹിച്ചോളാമെന്ന് ആണയിട്ടു പറഞ്ഞു നോക്കി. അവൻ ഏറെ നേരം എന്റെ പായാരം കേട്ടുകൊണ്ട് നിന്നു. എന്നിട്ട് വീണ്ടും പഴയ നിർവികാരതയോടെ മറുപടി പറഞ്ഞു.. "നിനക്ക് വേണമെങ്കിൽ ആയിക്കോ, എന്റടുത്തുനിന്നും ഇനിയൊന്നിനെ നോക്കണ്ട..."
എനിക്ക് നല്ല കലി വന്നു. ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. ഒച്ചയുണ്ടാക്കാതെ കരഞ്ഞു. അവൻ വഴങ്ങാൻ പോവുന്നില്ലെന്ന് എനിക്കുറപ്പായി.
കുഞ്ഞിന് ആറുമാസമായപ്പോൾ ഉണ്ടായ ഒരു 'അപസ്മാര' ഭീതി
എനിക്കറിയാം, അവൻ രണ്ടാമതൊന്നിന് വിസമ്മതിക്കുന്നതിന്റെ കാരണം. അത്രമാത്രം വിഷമങ്ങൾ ഞാൻ എന്റെ കന്നിപ്രസവത്തിൽ അനുഭവിച്ചിരുന്നു. നാലാം മാസത്തിൽ തന്നെ, കുഞ്ഞിന് വേണ്ടത്ര രക്തപ്രവാഹം കുഞ്ഞിന് കിട്ടുന്നില്ല എന്നും പറഞ്ഞ് അവർ എന്‍റേത് 'ഹൈ റിസ്ക് പ്രഗ്നൻസി' എന്ന് ചാപ്പകുത്തിയിരുന്നു. അതിനും പുറമെ, ഏഴാം മാസത്തിൽ വന്നുകേറിയ ഡെങ്കിപ്പനി.. ഐസിയുവിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ചെലവിട്ട ഏഴു ദിവസം. പ്രസവിച്ചന്ന് മ്യൂക്കോണിയം ഇൻഹേൽ ചെയ്ത് അവൾ കാണിച്ച വേല. പിന്നെ സിസേറിയൻ കഴിഞ്ഞ് പത്താം നാൾ വീട്ടിലെത്തി അന്നുതന്നെയുണ്ടായ ഹെവി ബ്ലീഡിങ്ങ്. തിരിച്ച് ആസ്പത്രിയിലേക്കോടിയ ഓട്ടം. കുഞ്ഞിന് ആറുമാസമായപ്പോൾ ഉണ്ടായ ഒരു 'അപസ്മാര' ഭീതി. പിന്നെ നാട്ടിലുള്ള ന്യൂറോളജിസ്റ്റുകളെയെല്ലാം മാറിമാറിക്കണ്ട് കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കും വരെ ഞങ്ങൾ രണ്ടും അനുഭവിച്ച മനോവേദന. അവനെ ഞാൻ കുറ്റം പറയില്ല. എന്നാലും എനിക്ക് ഒരു കുഞ്ഞുകൂടി വേണമെന്ന് മനസ്സുപറഞ്ഞുകൊണ്ടിരുന്നു.
അവൻ ഇക്കാര്യത്തിലുള്ള തന്റെ നിർദ്ദയമുള്ള മറുപടിയും ഉദാസീനമായ സമീപനവും തുടർന്നപ്പോൾ, കുറേക്കഴിഞ്ഞ് ഞാനും എന്റെ നിർബന്ധത്തിന് അയവുവരുത്തി. ആദ്യമൊക്കെ അവനോട് കെറുവിച്ച് ഞാൻ മുഖം കൊടുക്കാതെ മാറിനിന്നെങ്കിലും പിന്നെ അവന്റെ പശ്ചാത്താപവിവർണ്ണമായ മുഖം കണ്ട് എനിക്കു മനസ്സലിവു തോന്നി. ഞാൻ കീഴടങ്ങി. എന്റെ വിധി, മോളുടെയും എന്നാശ്വസിക്കാൻ ശ്രമിച്ചു. എന്നാലും, രണ്ടു കുഞ്ഞുങ്ങളുമായി വരുന്ന ഏതെങ്കിലും കുടുംബത്തെ കണ്ടാലോ, അല്ലെങ്കിൽ പരസ്പരം സ്നേഹത്തോടെ പരിചരിക്കുന്ന കുഞ്ഞുങ്ങളെക്കണ്ടാലോ ഒക്കെ വീണ്ടും എന്റെ സങ്കടം അണപൊട്ടും.
എനിക്കവനെ ഒരുപാടിഷ്ടമാണ്. ആദ്യമായി അവനെ കണ്ട അന്ന് മുതൽക്കിങ്ങോട്ട്, എല്ലാം അറിഞ്ഞു പ്രവർത്തിച്ചിട്ടുള്ളവനാണ്. എനിക്കിഷ്ടമാണെന്ന് അങ്ങോട്ട് പറയാനോങ്ങി നിന്നപ്പോഴേക്കും വന്ന്, "എന്നെ കുറച്ചധികം നാൾ സഹിക്കാനാവുമോടീ നിനക്കെ'ന്ന് ചോദിച്ചെന്നെ അമ്പരപ്പിച്ചവനാണ്. ആദ്യത്തെ ഗർഭകാലത്ത് എന്റെ ഓരോ ആഗ്രഹവും ചോദിച്ചറിഞ്ഞ് സാധിച്ചു തന്നവനാണ്. എന്റെ വിശപ്പുപോലും കണ്ടറിഞ്ഞ് എനിക്കുവേണ്ടതെല്ലാം അക്കാലത്ത് എന്നെയൂട്ടിയവനാണ്. കുഞ്ഞിന്റെ കാര്യത്തിൽ അത്രയ്ക്കും ശ്രദ്ധയുള്ളവൻ. അവളൊന്നു ചെറുതായി തുമ്മിയാൽപ്പോലും വെരുകിനെപ്പോലെ മുറിയിൽ ഉലാത്തി ഉറക്കം കളയുന്നവൻ. എന്റെ മനസ്സിന്റെ ഓരോ തുടിപ്പും അറിഞ്ഞു പ്രവർത്തിക്കുന്ന അവന്, ഈയൊരു കാര്യത്തിൽ മാത്രം എന്റെ മനസ്സു കാണാൻ കഴിയാത്തതെന്താവും...?
"നമ്മൾ രണ്ടിനും വയസ്സായി, നമ്മളങ്ങു മരിച്ചുപോയാൽ, പിന്നെ, മോൾക്ക് കൂട്ടിനാരുണ്ടാവും അല്ലേ..?"
കീഴടങ്ങാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാനും മോളും കൂടി ഗൂഢാലോചന കടുപ്പിച്ചു. അവൾ വഴിയായി എന്റെ അടുത്ത ഓപ്പറേഷൻ. അച്ചക്കുട്ടിയായ അവൾ അവന്റെ താടിയിലെ രോമങ്ങളിൽ തിരുപ്പിടിപ്പിച്ചുകൊണ്ട് അവന്റെ മടിയിൽ കിടക്കുമ്പോഴെപ്പോഴോ അവനോട് സങ്കടം പറഞ്ഞു, " അച്ചേ.. ക്‌ളാസിൽ എല്ലാർക്കും സിബ്ലിങ്സ് ഉണ്ട്.. എനിക്ക് മാത്രമെന്താ ഇല്ലാത്തെ..? " അവൻ തിരിഞ്ഞ് എന്നെ നോക്കി.. ആ നാട്ടുകാരിയേ അല്ലെന്ന മട്ടിൽ ഞാൻ മുഖം തിരിച്ചു. ഞാൻ അതിരഹസ്യമായി അവളെ ഒരു പുതിയ പാട്ടുപഠിപ്പിച്ചു. അവനു കേൾക്കാൻ വേണ്ടി അവൾ അതെന്നും ഉറക്കെപ്പാടി നടന്നു. " അച്ചേ..അച്ചേ.. അച്ചേ.. നമ്മുടെ അടുത്ത കുഞ്ഞാവ എപ്പോ വരും....? " ഒടുവിൽ ഞാൻ എന്റെ ബ്രഹ്മാസ്ത്രം പുറത്തെടുത്തു. ഒരു ദിവസം അവളുറക്കം പിടിച്ചുവന്നപ്പോൾ അവനോടു മെല്ലെപ്പറഞ്ഞു. "നമ്മൾ രണ്ടിനും വയസ്സായി, നമ്മളങ്ങു മരിച്ചുപോയാൽ, പിന്നെ, മോൾക്ക് കൂട്ടിനാരുണ്ടാവും അല്ലേ...? പാവം അവളൊറ്റയ്ക്കായിപ്പോവും..."
മോളെ അത്രകണ്ട് സ്നേഹിച്ചിരുന്ന അവന്റെ നെഞ്ചിനുള്ളിൽ അന്ന് ഞാനിട്ട തീപ്പൊരി ഫലം കണ്ടു. ഇടയ്ക്കിടെ അതിനെ ഊതിയൂതി ഒരു കാട്ടുതീയായി ഞാൻ വളർത്തി. ഒടുവിൽ വിശ്വാമിത്ര മഹർഷിയുടെ തപസ്സിളകി. രണ്ടാമതൊരു കുഞ്ഞിന് അവൻ സമ്മതം മൂളി. അടുത്തവർഷം കിന്റർ ഗാർട്ടനിലെ മറ്റൊരു പ്ളേ ആക്ടിവിറ്റിയിൽ കുഞ്ഞുങ്ങൾക്കൊപ്പം താളത്തിൽ കൈ കൊട്ടിക്കൊണ്ടിരിക്കെ എന്റെ കൂട്ടുകാരിയുടെ കാതിൽ ഞാനും മന്ത്രിച്ചു." എനിക്ക് വിശേഷമുണ്ടെടീ..."