മുഴുവന്‍ സീറ്റിലും മത്സരിക്കുന്നത് പെണ്‍കുട്ടികള്‍, ചരിത്രം കുറിച്ച് എസ്.എഫ്.ഐ

By Web TeamFirst Published Aug 9, 2018, 3:50 PM IST
Highlights

ലോകത്താകമാനം സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിലും മുന്നേറ്റത്തിലും പങ്കാളികളാകാനായാണ് എസ്.എഫ്.ഐയും ഈ മാറ്റത്തിന് ഒരുങ്ങിയതെന്ന് എസ്.എഫ്.ഐ വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്‍റ് വിനോദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 
 

ചരിത്രത്തിലാദ്യമായി കോളേജില്‍ മുഴുവന്‍ സീറ്റിലേക്കും പെണ്‍കുട്ടികളെ മത്സരിപ്പിച്ച് വിക്ടോറിയ കോളേജിലെ എസ്.എഫ്.ഐ. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ജനറല്‍ സീറ്റും, റെപ്രസന്‍റേറ്റീവ് സീറ്റുമടക്കം മുഴുവന്‍ സീറ്റുകളിലും മത്സരിക്കുക പെണ്‍കുട്ടികളായിരിക്കുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് സംഘടന വനിതാ പാനലിനെ പരിചയപ്പെടുത്തിയത്. 

130 വര്‍ഷത്തെ ചരിത്രമുണ്ട് വിക്ടോറിയ കോളേജിന്. ഈ 130 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലുമായുള്ള വനിതാ പാനലെന്ന് 'എസ്.എഫ്.ഐ ഗവ.വിക്ടോറിയ കോളേജ്' എന്ന പേജില്‍ വ്യക്തമാക്കുന്നു. ആരുടേയും ഔദാര്യമല്ല, കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ് ഇവര്‍ വിജയിക്കേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിയിരിക്കുന്നത്. എസ്.എഫ്.ഐയുടെ ചെയര്‍ പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി മൂന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥിനി രസിതയും, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിരഞ്ജനയും, മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്ക് ആര്‍ദ്രയുമാണ് മത്സരിക്കുന്നത്. 

സംവരണ സീറ്റുകളിലേക്ക് മാത്രം പെണ്‍കുട്ടികളെ മത്സരിപ്പിക്കുന്ന രീതിക്കാണ് ഇതിലൂടെ മാറ്റമായിരിക്കുന്നത്. ലോകത്താകമാനം സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിലും മുന്നേറ്റത്തിലും പങ്കാളികളാകാനായാണ് എസ്.എഫ്.ഐയും ഈ മാറ്റത്തിന് ഒരുങ്ങിയതെന്ന് എസ്.എഫ്.ഐ വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്‍റ് വിനോദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

'' ആണും, പെണ്ണും, ട്രാന്‍സ് മെനും, ട്രാന്‍സ് വുമണും അങ്ങനെ എല്ലാവരുമടങ്ങുന്നതാണ് ജെന്‍ഡര്‍. അതിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഓരോരുത്തരും മുന്നോട്ട് വന്നാലേ യഥാര്‍ത്ഥ മാറ്റവും മുന്നേറ്റവുമുണ്ടാകൂ. അതിനവസരം നല്‍കിയാല്‍ മതി. അതിനൊരു തുടക്കം മാത്രമാണിത്. ഇതുതന്നെ ഒരുപാട് വൈകിയെടുത്ത തീരുമാനമാണെന്നത് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളുന്നു. 80 ശതമാനവും പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജാണ് വിക്ടോറിയ കോളേജ്. ആ കോളേജിനെ പെണ്‍കുട്ടികള്‍ തന്നെ ഭരിക്കട്ടേ. കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയ ബോധമുള്ളവരെല്ലാം ഈ മാറ്റത്തിനൊപ്പം നില്‍ക്കുന്നത് സന്തോഷം തരുന്നുണ്ട്'' വിനോദ് പറയുന്നു. 

കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പാനലിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച് എസ്എഫ്‌ഐ ചരിത്രം കുറിച്ചിരുന്നു.

 


 

click me!