പെനാല്‍ട്ടി കിക്കിന്റെ രഹസ്യം

ഷാജു വീവി |  
Published : Jun 27, 2018, 05:06 PM ISTUpdated : Oct 02, 2018, 06:40 AM IST
പെനാല്‍ട്ടി കിക്കിന്റെ രഹസ്യം

Synopsis

ഷാജു വീവി എഴുതുന്നു:

ഭൂമിയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ഒരു വശത്തും നമ്മുടെ പ്രാദേശിക ഫുട്ബാളിലെ ഷൂട്ടര്‍ മറുവശത്തുമാണെങ്കിലും മ്യൂസിക് കണ്ടക്ടറപ്പോലെ കൈകള്‍ കൊണ്ട് വായുവില്‍ തുഴയുന്ന കീപ്പര്‍ക്ക് അതു കീപ്പ് ചെയ്യാനാവില്ല. പ്രാദേശിക ഫുട്ബാളറുടെ സ്‌കില്ലിന്റെ പകുതിയും സിരാപടലങ്ങളുടെ സ്വാസ്ഥ്യവും മാത്രം മതി.

അത്രയ്ക്കനായാസമായ തൊന്തരവുണ്ടാക്കുന്ന ചങ്കിടിപ്പാണ് പെനാല്‍ട്ടി കിക്കുകള്‍. മറ്റവന്‍മാര്‍ക്കുള്ള മരണശിക്ഷയെങ്കിലും വാദി അഴിയെണ്ണേണ്ടി വരുന്ന സംഭവ്യതയേറെയുള്ള കളി മുഹൂര്‍ത്തം.

ലോകകപ്പു ഫുട്ബാളില്‍ പെനാല്‍ട്ടി കിക്ക് വലയെയലകടലാക്കുന്നതിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ശരാശരിയേതാണ്ട്  എഴുപതു ശതമാനമാണ്. അതിശയമല്ലേ.

ഗോള്‍ കീപ്പര്‍ക്കധികമൊന്നും ചെയ്യാനില്ലാത്ത നിലയില്ലാനിലയാണ്. കുരിശിലേറിയ ക്രിസ്തുവിന്റെ കൈപ്പടങ്ങളില്‍ പറവ വിരുന്നു വരുന്നു എന്നേയുള്ളൂ. കണ്ണടച്ചു ഷുട്ടിയാലും വലകുലുങ്ങേണ്ടതാണ്.

ലക്ഷ്യം വച്ചിടത്ത് പന്തെത്തിയില്ലെങ്കിലും എത്തിയേടമെല്ലാം ലക്ഷ്യമാവും വിധം ഗോള്‍ പോസ്റ്റ് ആകാശഗംഗ കണക്കിനു വ്യാപിച്ചു കിടക്കുവാണ്. എന്നിട്ടും?

ചരിത്ര പുരുഷന്‍മാരില്‍ പലര്‍ക്കും പാളിയിട്ടുണ്ട്. എന്റെ മാത്രം പിഴയെന്ന് സീക്കോ തലയില്‍ കൈവച്ചത് നാം കണ്ടതാണ്. കാല്‍പ്പാദങ്ങളുടെ സ്വാഭാവികമായ എകസ്റ്റന്‍ഷനായി പന്തിനെ കൊണ്ടു നടന്ന ബാജിയോക്ക് അശ്രു റാലി നടത്തേണ്ടി വന്നിട്ടുണ്ട്.

ഗോള്‍ പോസ്റ്റിനകത്ത് പിതാമഹരുടെ ആഭിചാരമുള്ള മെസി വീണു. അസാധ്യതകളില്‍ മഴവില്ലു രചിക്കുന്ന ക്രിസ്റ്റിയാനോ സുല്ലിട്ടു.

ഭൂമിയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ഒരു വശത്തും നമ്മുടെ പ്രാദേശിക ഫുട്ബാളിലെ ഷൂട്ടര്‍ മറുവശത്തുമാണെങ്കിലും മ്യൂസിക് കണ്ടക്ടറപ്പോലെ കൈകള്‍ കൊണ്ട് വായുവില്‍ തുഴയുന്ന കീപ്പര്‍ക്ക് അതു കീപ്പ് ചെയ്യാനാവില്ല. പ്രാദേശിക ഫുട്ബാളറുടെ സ്‌കില്ലിന്റെ പകുതിയും സിരാപടലങ്ങളുടെ സ്വാസ്ഥ്യവും മാത്രം മതി.

ഫുട്ബാളിന്റെ ശാസ്ത്രം പരതിയതുകൊണ്ടു മാത്രം തിരിയില്ലയിതിന്‍ രഹസ്യം. ഷൂട്ടറുടെ കേളീ ചരിത്രവും അയാളുടെ ശരീരഭാഷയും ഹൃദിസ്ഥമാക്കിയാല്‍പ്പോലും പെനാല്‍ട്ടി തടയുക ദുഷ്‌കരമാണ്...

സീരിയസായി എടുക്കരുത്. നേരമ്പോക്കായി കാണണം. ഞാന്‍ ചില തോന്നലുകള്‍ പറയാം.

ഒഴിഞ്ഞ ഇരിപ്പിടങ്ങളനേകമുള്ള ബസ്സില്‍ കേറിയാലിരിപ്പു കേന്ദ്രം തെരഞ്ഞെടുക്കാനുള്ള അലന്ന, ആക്രാന്തമോടെയുള്ള സ്ഥലജലവിഭ്രമ എരിപൊരി സഞ്ചാരമിവിടെയുമുണ്ട്. വിശാലവിശാലമതിവിശാലമായ ഗോള്‍  പോസ്റ്റിനു കീഴെ പട്ടിണി കിടന്നു മെലിഞ്ഞ ഒരൊറ്റ സംഖ്യ പോലെ ഇര മുമ്പില്‍ നില്‍പ്പുണ്ട്.

അടിപ്പുമനുഷ്യനെ മനശാസ്ത്രപരമായി കീഴ്‌പ്പെടുത്താന്‍ പാദങ്ങളില്‍ സ്പ്രിങ്ങ് ഘടിപ്പിച്ച പാവയെപ്പോലെ അയാള്‍ മരണശിക്ഷക്കു വിധിക്കപ്പെട്ടവന്റെ 
ധീര ന്യത്തം ചവിട്ടുന്നതെല്ലാം വെറും പടമാണെന്നു എല്ലാവര്‍ക്കുമറിയാം.

പക്ഷേ കിളിയുടെ കണ്ണില്‍ അമ്പയക്കുന്നതു പോലെ ശ്രമകരമാണ് മരത്തിലെവിടെയെങ്കിലും ലക്ഷ്യം കണ്ടാല്‍ മതിയെന്ന സാധ്യതയും.

ആളില്ലാത്ത ഗോള്‍ പോസ്റ്റിനു മുമ്പില്‍  മിടുമിടുക്കന്‍മാര്‍ പോലുമമ്പരന്ന് കുന്തം വിഴുങ്ങിപ്പോകുന്നതു നിങ്ങള്‍ കണ്ടിട്ടില്ലേ!

പ്രിവിലേജുകള്‍ ഒരാളെ ലജ്ജിതനും കര്‍മഭീരുവുമാക്കുന്ന സന്ദര്‍ഭം കൂടിയാണത്, 

ചിലപ്പോഴെല്ലാം. പെനാല്‍ട്ടി ഗോളാക്കിയാല്‍ അതു നിങ്ങളുടെ യോഗ്യതയുടെ തെളിവല്ല, പാളിയാല്‍  അതു നമ്മെക്കുറിച്ചേറെ പറയുന്നുമുണ്ട്.

ഗോള്‍കീപ്പര്‍ക്കൊന്നും പോവാനില്ല, തൂക്കുകയര്‍പൊട്ടിയാല്‍ കിട്ടുന്ന ജീവനല്ലാതെ.

സമയത്തിന്റെ ചതിയാണ് മറ്റൊന്ന്. ഷൂട്ടര്‍ക്കു അവധാനതയോടെ പന്തടിക്കാന്‍ ഖജനാവില്‍ ധാരാളം സമയമുണ്ട്.

കളിയെ പോസില്‍ നിര്‍ത്തിക്കൊണ്ടുള്ള കാര്യമാണ് പെനാല്‍ട്ടി ഷൂട്ടൗട്ട്. അധിക സമയത്തിന്റെ അമിത മനോസഞ്ചാരം ഷൂട്ടറെ വിഭ്രമിപ്പിക്കുന്നുണ്ട്. മാത്രമല്ല അന്നേരങ്ങളില്‍ സമയ വാരിധിയില്‍ ലോകത്തിലെ ആകാംക്ഷയുടെ മുഴുവന്‍ കണ്ണുകളും ചേര്‍ന്ന് വാ പിളര്‍ത്തി ആരവമിട്ടു വിഴുങ്ങാന്‍ ഒരുമ്പെട്ടു നില്‍ക്കുന്നത് ഗോളിയെക്കാള്‍ ഭയചകിതനാക്കുന്നത് ഷൂട്ടറെയാണ്.

ലോകകപ്പിനു വെളിയിലുള്ള അന്തര്‍ദ്ദേശീയ ഫുട്ബാളില്‍ പെനാല്‍ട്ടിയുടെ ലക്ഷ്യസാധ്യത കുറേക്കൂടിക്കൂടുതലാണ്.

ക്ലബ് ഫുട്ബാളില്‍ അതിലുമധികം. നോട്ട് ദാറ്റ് പോയിന്റ്. രാജ്യഭാരം ചുമലില്‍ ഏന്തിയ സേനാനായകന്റെ ഉല്‍ക്കണ്ഠയുമതിലുണ്ട്. 

മെസി അല്ലെങ്കില്‍ മറ്റൊരാള്‍ ഒരു പെനാല്‍ട്ടി പാഴാക്കുമ്പോള്‍ ഓര്‍ക്കുക, പന്തു പുറത്തേക്കടിക്കുന്നതു ഒരു മുഴുവന്‍ രാജ്യവും കിറുക്കന്‍ ആരാധകരും ചേര്‍ന്നാണ്.

പിന്നെ. കളിയാണ്. ആകസ്മികതയാണ് കളിയെ കളിയാക്കുന്നത്. മനുഷ്യരാണ്. പ്രത്യേകിച്ചൊരു കാരണവും വേണ്ട,ഒരു പെനാല്‍ട്ടി ലക്ഷ്യം കാണാതിരിക്കാന്‍.

അപശ്രുതി മാപ്പില്ലാത്ത കോപ്പല്ല.

അതു കൊണ്ടു വിട്ടേക്കൂ, എത്രയായാലും മനുഷ്യരല്ലേ...മെസിക്കും ക്രിസ്ത്യാനോക്കും ഇനിയും പെനാല്‍ട്ടി പാഴാക്കാനിരിക്കുന്ന സകല കളിക്കാര്‍ക്കുമൊപ്പം.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ