ഇനി വരുന്ന നടിമാര്‍ക്കും ഇപ്പോഴുള്ള നടിമാര്‍ക്കും സ്വന്തം നിലപാട്  പറയാനും 'നോ' പറയാനും ധൈര്യം കൊടുക്കുന്നതാണ്  ഇന്നത്തെ രാജി എന്ന കാര്യത്തില്‍ സംശയമില്ല.  അടിമുടി പുരുഷമേധാവിത്വം  നിറഞ്ഞ ഒരിടത്തുനിന്ന് മലയാളത്തിലെ നാല് നടിമാര്‍ ആര്‍ജ്ജവത്തോടെ എടുത്ത ഈ തീരുമാനത്തിന് സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമുണ്ടാകുമെന്നുറപ്പ്. അസ്മിത കബീര്‍ എഴുതുന്നു

സിനിമ എന്നും സാധാരണക്കാരനെ മോഹിപ്പിക്കുന്ന മേഖലയായിരുന്നു. അത്രയെളുപ്പം കയ്യെത്തിപ്പിടിക്കാനാവാത്ത ആകാശം. അതുകൊണ്ടാവണമല്ലോ അഭിനേതാക്കളെ 'താരങ്ങള്‍' എന്ന് വിളിച്ചത്. പക്ഷേ ആ ആകാശത്തിലെ 'പെണ്‍ താരകങ്ങളുടെ' നിലനില്‍പ്പിനെ കുറിച്ച് എവിടെയും ചര്‍ച്ചകളുണ്ടായില്ല. വളരെ അടുത്ത കാലത്ത് മാത്രമാണ് സിനിമയില്‍ നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ അവരിലൊരാള്‍ കൊച്ചിയില്‍ വച്ച് ഓടുന്ന കാറിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷം. മലയാള ചലച്ചിത്ര രംഗത്തെ മാത്രമല്ല, മുഴുവന്‍ കേരളസമൂഹത്തെയും ആ സംഭവം പിടിച്ചുലച്ചു. ഇത്രയും പ്രശസ്തയായ ഒരു നടിക്ക് സംഭവിച്ചെങ്കില്‍ എന്തുകൊണ്ട് നമുക്കും സംഭവിച്ചുകൂടെന്ന് സമൂഹം ചോദിച്ചു തുടങ്ങി. നിര്‍ണ്ണായകമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഏതാണ്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷം നടന്‍ ദിലീപ് അറസ്റ്റിലായി. 

പക്ഷേ ചോദ്യം, ഇത് ഒരു നടിയുടെയും ഒരു ദിലീപിന്റെയും മാത്രം വിഷയമാണോ എന്നതാണ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സിനിമയിലെ സ്ത്രീകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ്' എന്ന സംഘടന നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം, സിനിമ എന്നത് എത്രമാത്രം പുരുഷകേന്ദ്രീകൃത മേഖലയാണ് എന്നത്. ലോകമെന്നത് തന്നെ  പുരുഷന്‍ നിയന്ത്രിക്കുന്ന ഒറ്റ ഓഫീസാകുമ്പോള്‍ സിനിമയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. നായകനെ മാത്രം കേന്ദ്രീകരിക്കുന്നവയായിരുന്നു ഒരുകാലത്ത് മലയാള സിനിമകള്‍. നായകനില്‍ തുടങ്ങി നായകനില്‍ അവസാനിക്കുന്നതിനിടയില്‍ എപ്പോഴോ വന്നു പോകാനുള്ളവര്‍ മാത്രമായിരുന്നു മലയാള സിനിമയിലെ നായികമാര്‍. സിനിമകളിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് പുതുതായി എന്ത് പറയാനാണ്.  പറഞ്ഞും കേട്ടും തഴമ്പിച്ചിട്ടും ഇപ്പോഴും കയ്യടി വാങ്ങിയെടുക്കാന്‍ മലയാള സിനിമയ്ക്ക്  സ്ത്രീവിരുദ്ധ ഡയലോഗുകളുണ്ടാവേണ്ടത്  നിര്‍ബന്ധമാണ്. ഏറ്റവും ഒടുവില്‍ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ വരെയെത്തി നില്‍ക്കുന്നു ആ സ്ത്രീവിരുദ്ധത. 

അമ്മയുടെ സ്റ്റേജ് ഷോ വരെയെത്തി നില്‍ക്കുന്നു ആ സ്ത്രീവിരുദ്ധത. 

വന്ന് അഭിനയിച്ച് തിരിച്ച് പോവുക. ഇതായിരുന്നു സിനിമയില്‍ നടിമാരുടെ അവസ്ഥ. എത്ര മികച്ച അഭിനേത്രി ആയിരുന്നാലും ഒരു നിശ്ചിത കാലയളവിനപ്പുറത്ത് സിനിമയില്‍ തുടരുക അസാധ്യമായിരുന്നു. വിവാഹം കഴിഞ്ഞും സിനിമയില്‍ തുടരുന്ന അപൂര്‍വ്വം നടിമാരേ മലയാളത്തിലുള്ളൂ. അഭിനയിക്കാന്‍ തന്നെ എന്തെല്ലാം വിട്ടു വീഴ്ചകള്‍. കാസ്റ്റിങ് കൗച്ച് മലയാളത്തിലുണ്ട് എന്ന് നടിമാര്‍ തുറന്ന് പറഞ്ഞിട്ട് അധിക കാലമായിട്ടില്ല. സിനിമ കിട്ടാനും സിനിമയില്‍ തുടരാനും കുറച്ചൊന്ന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും എന്നത് സിനിമാ രംഗത്തെ അലിഖിത നിയമമാണ്. 

മറ്റ് തൊഴില്‍ മേഖലകള്‍ പോലെയല്ല, സംഘടിക്കലും നിലപാടുകള്‍ ഉണ്ടാവലുമെല്ലാം സ്ത്രീകളെ സംബന്ധിച്ച്  തൊഴില്‍ രംഗത്ത് നിന്നും പൂര്‍ണ്ണമായും തുടച്ച് നീക്കപ്പെടാന്‍ മതിയായ കാരണങ്ങളാണ്. അവയെല്ലാം അതിജീവിച്ചുകൊണ്ടാണ് WCC പോലൊരു സംഘടന രൂപം കൊണ്ടത് എന്നത് മാത്രം മതിയാകും അവരുടെ  പ്രാധാന്യം വ്യക്തമാകാന്‍. താര സംഘടനയായ അമ്മയുടെ ചരിത്രത്തില്‍ ഇതുവരെയും പ്രസിഡന്റ്, സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് ഒരുസ്ത്രീയെ പോലും  പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

സിനിമാ മേഖലയെ ഒരിക്കലും സ്ത്രീ സൗഹാര്‍ദ്ദപരമാക്കാന്‍ 'അമ്മ' ശ്രമിച്ചിട്ടേയില്ലെന്നും കൂടി ഇവര്‍ പറയുന്നുണ്ട്. 

ഇങ്ങനെയെല്ലാമായിരിക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസില്‍ 'അമ്മ' പുറത്താക്കിയിരുന്ന ദിലീപിനെ സംഘടന തിരിച്ചെടുക്കുന്നതായി  വാര്‍ത്തകള്‍ വന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ WCC യുടെ  ഔദ്യോഗിക പേജില്‍ ഈ  തീരുമാനത്തോട്  ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടു. വൈകാതെ അമ്മയെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തി. ഇന്നിതാ ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്ന് രാജി വച്ചിരിക്കുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എത്രത്തോളം ധൈര്യവും നിലപാടും ഉണ്ടായിരിക്കണം ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍ എന്നത് ചിന്തനീയമാണ്. 'അമ്മ' പോലൊരു സംഘടനയില്‍ നിന്നുള്ള രാജി വയ്ക്കല്‍ അത്ര എളുപ്പപ്പണിയല്ല. അമ്മയിലെ അംഗമായിരിക്കുക എന്ന അവസ്ഥ നല്‍കുന്ന മുഴുവന്‍ പ്രിവിലേജുകളും ഒറ്റ നിമിഷം കൊണ്ട് വേണ്ടെന്ന് വച്ചാണ് 'അവള്‍ക്കൊപ്പം' എന്നവര്‍ പറയുന്നത്. അഥവാ അവള്‍ക്കൊപ്പമായിരിക്കലും അമ്മയിലുണ്ടായിരിക്കലും ഒരുപോലെ സാധ്യമല്ലെന്ന ബോധ്യം കൂടിയാണത്. ദിലീപിനെ തിരിച്ചെടുത്തത്  മാത്രമല്ല രാജിയ്ക്ക് പിന്നിലെന്ന് നാല് നടിമാരും പറയുന്നു. അമ്മ എന്ന സംഘടയുടെ ഒട്ടുമിക്ക  നിലപാടുകളും നിരുത്തരവാദപരമാണെന്നും സിനിമാ മേഖലയെ ഒരിക്കലും സ്ത്രീ സൗഹാര്‍ദ്ദപരമാക്കാന്‍ 'അമ്മ' ശ്രമിച്ചിട്ടേയില്ലെന്നും കൂടി ഇവര്‍ പറയുന്നുണ്ട്. 

പഴയ കാല നടി രഞ്ജിനി തന്റെ ഫേസ്ബുക്ക് പേജില്‍ കൃത്യമായി കുറിക്കുന്നുണ്ട്, മലയാള സിനിമയുടെ ആണധികാര അഹന്തകളെക്കുറിച്ച്. രാജി വച്ച നാല് നടിമാര്‍ക്കും ആശംസകളറിയിക്കുന്ന രഞ്ജിനി ഈ മെയില്‍ഷോവനിസത്തെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് താന്‍ അമ്മയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന്  കൂടി കൂട്ടിച്ചേര്‍ക്കുന്നു. മറ്റേത് തൊഴിലിടങ്ങളിലും നടക്കുന്നത്രയോ അതിലധികമോ ചൂഷണം സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് രഞ്ജിനി തുറന്ന് പറയുകയാണ്. നിലനില്‍പ്പിന്റെ പ്രശ്‌നം തന്നെയാണ് ഇവിടെയും നടിമാരെ നിശ്ശബ്ദരാക്കുന്നത്. മലയാള സിനിമയിലെ ആണഹങ്കാരങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ നേരമായെന്ന് തന്നെയാണ് ഈ കൂട്ട രാജി പറയുന്നത്. സിനിമയിലെ സ്ത്രീ അരങ്ങില്‍ മാത്രമല്ല, അണിയറയിലും കരുത്താര്‍ജ്ജിച്ച് കഴിഞ്ഞു. ഇനി വരുന്ന നടിമാര്‍ക്കും ഇപ്പോഴുള്ള നടിമാര്‍ക്കും സ്വന്തം നിലപാട്  പറയാനും 'നോ' പറയാനും ധൈര്യം കൊടുക്കുന്നതാണ്  ഇന്നത്തെ രാജി എന്ന കാര്യത്തില്‍ സംശയമില്ല.  അടിമുടി പുരുഷമേധാവിത്വം  നിറഞ്ഞ ഒരിടത്തുനിന്ന് മലയാളത്തിലെ നാല് നടിമാര്‍ ആര്‍ജ്ജവത്തോടെ എടുത്ത ഈ തീരുമാനത്തിന് സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമുണ്ടാകുമെന്നുറപ്പ്. തീര്‍ച്ചയായും  ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും, മാറേണ്ടതുണ്ട്. എംഎന്‍ വിജയന്‍മാഷുടെ പ്രതികരണം പോലെ, രാജി ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. 

 

click me!