മുസ്‌ലിം സ്ത്രീയുടെ ഇടം: ലിബറലുകളും  ദീനി പാട്രിയാര്‍ക്കുകളും കാണാത്തത്

Published : Dec 07, 2017, 01:17 PM ISTUpdated : Oct 04, 2018, 11:37 PM IST
മുസ്‌ലിം സ്ത്രീയുടെ ഇടം: ലിബറലുകളും  ദീനി പാട്രിയാര്‍ക്കുകളും കാണാത്തത്

Synopsis

പര്‍ദ്ദക്കും ബുര്‍ഖക്കുമുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന മുസ്‌ലിം സ്ത്രീ മുഖ്യ ധാരയിലേക്കു കടന്നു വരേണ്ടതില്ലെന്നതാണ് പൊതു മനം. മെയിന്‍ സ്ട്രീമിലേക്ക് കടന്നു വരുന്ന നമ്മുടെ സങ്കല്‍പത്തിലെ മുസ്ലിം സ്ത്രീ മതഭ്രഷ്ട ആയിരിക്കണമെന്ന നിയമവും ഈ പൊതു ബോധത്തിന്റെ ഭാഗമാണ്. മുസ്ലിം പേരില്‍ കൊടി പിടിക്കുന്നവരോട്, സമൂഹത്തെക്കുറിച്ചു സംസാരിക്കുന്നവരോട് തട്ടം ഊരി വെച്ചും മത ഭ്രഷ്ട ആയും മുന്നില്‍ വന്നാല്‍ അംഗീകരിക്കാം എന്നു പറയുന്നവരുടെ ക്യൂവിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി ലിബറലുകളും മുസ്ലിം പാട്രിയാര്‍ക്കുകളും മത്സരിച്ചു കൊണ്ടേയിരിക്കുകയാണ്. 

സമൂഹ മാധ്യമങ്ങള്‍ മലയാളിയുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായിത്തീര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ എന്ന സങ്കല്‍പ്പത്തെ തന്നെ അടി മേല്‍ മറിച്ചു കൊണ്ട് തല കുനിച്ചിരുന്നു പ്രതികരിക്കാനും ഒച്ചയെടുക്കാനും കഴിയാവുന്ന വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു പോരുന്ന ഘടകം. പേരു പോലെതന്നെ ഒരു പരിധി വരെ ആധുനിക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളും സംവാദങ്ങളും വിവാദങ്ങളുമെല്ലാം സമൂഹത്തിന്റെ വിവിധ ധ്രുവങ്ങളില്‍ ജീവിക്കുന്നവരില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പോസിറ്റീവോ നെഗറ്റീവോ ആയ അനന്തര ഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. 

രാഷ്ട്രീയ സാമൂഹിക സ്വത്വ ബോധ ചര്‍ച്ചകള്‍ക്ക് വ്യത്യസ്തങ്ങളായ മാനങ്ങളുണ്ടാകുന്നതും ഇവിടെയാണ്. രാഷ്ട്രീയ വായനകള്‍ക്ക് ഓഫ്‌ലൈനില്‍ എന്ന പോലെ ഓണ്‍ലൈനിലും ഇടങ്ങളുണ്ട്. ഇത്തരം സ്‌പേസുകളെ ജാതീയ വംശീയ ലൈംഗിക അധിക്ഷേപങ്ങള്‍ക്കുപയോഗിച്ചവരുടെ എണ്ണവും ഒട്ടും ചെറുതല്ല. വിശേഷിച്ചും മുസ്ലിം ന്യൂനപക്ഷത്തിലെ സ്ത്രീകള്‍ക്ക് ഈ സൈബര്‍ ലോകത്ത് നേരിടേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച്, ഇത്ര മേല്‍ പൊളിറ്റിക്കലായി ഈ സ്‌പേസിനെ കാണുന്ന ലിബറലുകളോ മുസ്ലിം സ്ത്രീ ശാക്തീകരണത്തിനായി സമുദായത്തിനകത്തു തന്നെ പ്രവര്‍ത്തിക്കുന്ന ശാക്തീകരണ സംഘടനകളോ ഒട്ടും ബോധവാന്മാരല്ല എന്നതാണ് വാസ്തവം. 

പര്‍ദ്ദക്കും ബുര്‍ഖക്കുമുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന മുസ്‌ലിം സ്ത്രീ മുഖ്യ ധാരയിലേക്കു കടന്നു വരേണ്ടതില്ലെന്നതാണ് പൊതു മനം. മെയിന്‍ സ്ട്രീമിലേക്ക് കടന്നു വരുന്ന നമ്മുടെ സങ്കല്‍പത്തിലെ മുസ്ലിം സ്ത്രീ മതഭ്രഷ്ട ആയിരിക്കണമെന്ന നിയമവും ഈ പൊതു ബോധത്തിന്റെ ഭാഗമാണ്. മുസ്ലിം പേരില്‍ കൊടി പിടിക്കുന്നവരോട്, സമൂഹത്തെക്കുറിച്ചു സംസാരിക്കുന്നവരോട് തട്ടം ഊരി വെച്ചും മത ഭ്രഷ്ട ആയും മുന്നില്‍ വന്നാല്‍ അംഗീകരിക്കാം എന്നു പറയുന്നവരുടെ ക്യൂവിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി ലിബറലുകളും മുസ്ലിം പാട്രിയാര്‍ക്കുകളും മത്സരിച്ചു കൊണ്ടേയിരിക്കുകയാണ്. 

ഇവിടെ വെര്‍ബലി അബ്യുസ് ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം നാമധാരികളെന്നോ ഫോളോവേര്‍സ് എന്നോ നിങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം തരം തിരിക്കാവുന്ന സ്ത്രീകളാണ്. മുസ്ലിം ഐഡന്റിറ്റി ഒഴിച്ചു നിര്‍ത്തി സ്ത്രീ സ്വത്വത്തില്‍ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് സെക്കുലറായി വിചാരണ ചെയ്യപ്പെടേണ്ട ഒരു വിഷയമായി ഇത് തോന്നിയിട്ടില്ല. അതു കൊണ്ട് തന്നെയാവണം ഈ വിഷയം ഇത്ര മേല്‍ അവഗണനക്കു വിധേയമാകുന്നതും. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവള്‍, പാര്‍ശ്വ വത്കരിക്കപ്പെട്ടവള്‍, മതത്തിനുള്ളില്‍ വീര്‍പ്പു  മുട്ടി കഴിയുന്നവള്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ മീഡിയക്ക് അകത്തും പുറത്തും കാലങ്ങളായി മുസ്ലിം സ്ത്രീക്ക് നല്‍കപ്പെട്ടു പോരുന്ന പേറ്റന്റുകളാണ്. 

സ്ത്രീയെ തട്ടമിടീക്കലും തുണിയുടുപ്പിക്കലും  മാത്രമാണ് സദാചാര മൂല്യങ്ങള്‍ എന്നു കരുതുന്നവരുണ്ട്.

മതവിദ്യാഭ്യാസം ടെക്‌സ്റ്റുകള്‍ക്കപ്പുറം കോണ്ടെക്സ്റ്റുകളിലേക്ക് വ്യാപിക്കാത്ത മദ്രസ സിസ്റ്റത്തിന്റെ ഉത്പന്നങ്ങളായതു  കൊണ്ട് തന്നെ ആണധികാരത്തില്‍ അധിഷ്ഠിതമായിരിക്കയാണ് നാം സംസാരിക്കുന്ന ജന്‍ഡര്‍ പൊളിറ്റിക്‌സും സ്ത്രീക്കുള്ള ഇടങ്ങളും. 

കുറച്ചു കൂടി വിശാലമായി മുസ്ലിം സ്ത്രീസ്വത്വത്തെക്കുറിച്ചു  പഠിക്കാനും ശാക്തീകരണ സംഘടനകള്‍ക്കപ്പുറം സ്വയം തിരിച്ചറിയാനും ശാക്തീകരിക്കാനും അവള്‍ മുന്നോട്ടു വരുമ്പോഴാണ് ദീനി പാട്രിയാര്‍ക്കുകള്‍ മതബോധത്തെക്കുറിച്ച് ആകുലപ്പെടുന്നത്. 

മുത്തലാഖ് പ്രശ്‌നമടക്കമുള്ള ശരീഅത് വിധികളെക്കുറിച്ചും ഹാദിയ വിഷയത്തിലെ മുസ്ലിം സ്ത്രീ നേരിടുന്ന അവകാശ ലംഘനങ്ങളെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുസ്ലിം സ്ത്രീ പുരുഷാധിഷ്ഠിത മത വ്യാഖ്യാനങ്ങളുടെ വേലിക്കെട്ടുകള്‍ പൊളിക്കാതെ സൂക്ഷിച്ചു പോരാനുള്ള മുതലെടുപ്പ് യന്ത്രങ്ങളാകുന്നത് . സ്ത്രീ എന്നത് ബാലന്‍സിംഗ് രാഷ്ട്രീയത്തിനുള്ള ഉപാധി മാത്രമാകുന്നത്. 

മുസ്ലിം സ്ത്രീ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക് ഇടുമ്പോള്‍, ഉറക്കെ സംസാരിക്കുമ്പോള്‍, കൊടി പിടിക്കുമ്പോള്‍ ഒക്കെ മാത്രം  സ്വര്‍ഗ്ഗനരകങ്ങളും മരണവുമൊക്കെ ഓര്‍ക്കുന്ന ഒരു പറ്റം ദീനിപ്രഭാഷകരുണ്ടിവിടെ. പൗരോഹിത്യത്തിലമര്‍ന്നു  പോയ മുസ്ലിം സമുദായത്തിന്റെ പാരമ്പര്യമനസ്ഥിതിക്ക് വിഘ്‌നം വരുത്താതെ സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം. എന്നാല്‍ ഇത്തരക്കാരുടെ പ്രസ്താവനകള്‍ പ്രഭാഷണ സദസുകള്‍ക്കോ മൊബൈല്‍ സ്‌ക്രീനിനോ പുറത്ത് ഇരകള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ എത്രയാണെന്ന് ബോധ്യമുണ്ടോ ?

സ്ത്രീയെ തട്ടമിടീക്കലും തുണിയുടുപ്പിക്കലും  മാത്രമാണ് സദാചാര മൂല്യങ്ങള്‍ എന്നു കരുതുന്നവരുണ്ട്. സോഷ്യല്‍ മീഡിയക്ക് പുറത്ത് സാമ്പത്തികമായും മാനസികമായും ശാരീരികമായും വെല്ലുവിളികളനുഭവിക്കുന്ന ധാരാളം സ്ത്രീകളെ നിങ്ങള്‍ക്ക് കാണാം. ഭൂമി തന്നെ നരകമായിപ്പോയവരെ  കുറിച്ച് സംസാരിക്കുക. കണ്മുന്നില്‍ കാണാവുന്ന നരകങ്ങള്‍ ഇവിടെത്തന്നെയുണ്ട്. 

ഇസ്ലാമോഫോബിയ വ്യക്തമായ സംഘ് പരിവാര്‍ അജണ്ടകളോട് കൂടി ചുവടു പിടിച്ചു  വരുന്നതിനൊപ്പം തന്നെ മുസ്ലിം  സമുദായത്തിന്റെ ലേബലില്‍ വെറുപ്പിന്റെ രാഷ്ട്രീയവും ലിംഗവിവേചനങ്ങളും മത്സരിച്ചു പടര്‍ത്തുന്നവര്‍, മാന്യമായും സഭ്യമായും സംസാരിക്കാനും സംവദിക്കാനുമുള്ള ഇത്തരം സ്‌പേസുകള്‍ അന്ധമായ പൗരോഹിത്യ ആണധികാര ബോധ്യങ്ങളിലേക്ക് കൂപ്പുകുത്തി മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തുമ്പോള്‍ പരിണതഫലം ഏതു നിലക്കും വലുതാണെന്നോര്‍ക്കണം.

 

ഷംന കോളക്കോടന്‍: ആ ഒരൊറ്റ ഡാന്‍സുകൊണ്ട് അവര്‍ നരകത്തില്‍  പോവുമെങ്കില്‍, ചിലത് ചോദിക്കാനുണ്ട്!

വിപി റജീന: നൃത്തം ചെയ്താല്‍ ആകാശം  ഇടിഞ്ഞുവീഴുമോ, നല്ലാങ്ങളമാരേ?
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്