ബീഹാറിലെ കതിഹാർ ജംഗ്ഷനിൽ വെച്ച് ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ഭയാനകമായ അനുഭവമുണ്ടായി. ടോയ്‌ലറ്റിലായിരുന്ന യുവതിയെ ഒരു കൂട്ടം പുരുഷന്മാർ പുറത്തിറങ്ങാൻ സമ്മതിക്കാതെ വാതിലിൽ മുട്ടി. പിന്നാലെ ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായം തേടി.
സുരക്ഷിതമല്ലാത്ത ട്രെയിന്‍ യാത്രകൾ പ്രത്യേകിച്ചും സ്ത്രീകൾക്ക് ഉണ്ടാക്കുന്ന ട്രോമകൾ ചെറുതല്ല. അത്തരമൊരു കഠിനമായ അനുഭവത്തിലൂടെ കടന്ന് പോകേണ്ടി വന്നതിന്‍റെ നടുക്കുന്ന ഓർമ്മകൾ ഒരു സ്ത്രീ പങ്കുവച്ചപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ ബീഹാറിലെ കതിഹാർ ജംഗ്ഷനിൽ ട്രെയിന്‍ നിർത്തിയപ്പോഴുണ്ടായ അനുഭവമാണ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ വിവരിച്ചത്. ‘യാത്രയ്ക്കിടെയുള്ള സുരക്ഷാ ആശങ്കകൾ ഇത്ര യഥാർത്ഥമായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഇന്ന് എനിക്ക് മനസ്സിലായെന്ന്’ കുറിച്ച് കൊണ്ടാണ് യുവതി തന്‍റെ കുറിപ്പ് ആരംഭിച്ചത് തന്നെ.
അങ്ങേയറ്റം ഭയാനകമായ അനുഭവം
ട്രെയിൻ കതിഹാർ ജംഗ്ഷനിലെത്തിയപ്പോൾ യുവതി ടേയ്‍ലറ്റിലായിരുന്നു. സ്റ്റേഷനിൽ വച്ച് അസാധാരണമായ രീതിയില്‍ ആളുകൾ ട്രെയിനിലേക്ക് ഇടിച്ച് കുത്തിക്കയറി. ഈസമയം ടോയ്‍ലറ്റിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ച യുവതി കണ്ടത് വാതിക്കൽ നിന്ന് ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്ന 30 - 40 ഓളം വരുന്ന ആണുങ്ങളെ. പിന്നാലെ ഭയന്ന് പോയ യുവതി പെട്ടെന്ന് തന്നെ ടോയ്‍ലറ്റിന്‍റെ വാതിൽ അടയ്ക്കുകയും അകത്ത് ഇരിക്കുകയും ചെയ്തു.
ഇതിനിടെ ചിലര്‍ ടോയ്‍ലറ്റിന്‍റെ വാതിലിന് ഇടി തുടങ്ങിയിരുന്നു. ഒടുവിൽ, യുവതി രക്ഷപ്പെടാനായി റെയിൽവേ ഹെൽപ്പ് ലൈനിലേക്ക് വിളിക്കുകയും അവർ ആർപിഎഫിനെ യുവതിക്ക് സമീപത്തേക്ക് അയക്കുകയുമായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥരെത്തി യുവതിയെ സുരക്ഷിതമായി ട്രെയിൻ ടോയ്‍ലറ്റിൽ നിന്നും പുറത്തിറക്കുകയായിരുന്നു. അങ്ങേയറ്റം ഭയാനകമായ അനുഭവമെന്നായിരുന്നു യുവതി സംഭവത്തെ കുറിച്ച് എഴുതിയത്. അടഞ്ഞ ടോയ്‍ലറ്റ് ഡോറിന്‍റെ വീഡിയോ ദൃശ്യത്തിൽ വാലിന് പുറത്ത് നിന്നും കൂക്കിവിളിക്കുകയും പലതരം ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ആണുങ്ങളുടെ ശബ്ദം കേൾക്കാം.
പ്രതികരണവുമായി നെറ്റിസെന്‍സ്
ഇന്ത്യയിൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ സുരക്ഷാ ഭീഷണിയെ കുറിച്ച് യുവതിയുടെ കുറിപ്പ് വലിയ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. അടുത്ത മാസം ഒന്ന് രണ്ട് യാത്രകളുണ്ടെന്നും ഇത് വായിച്ച് ഇപ്പോൾ തന്നെ ഭയം തോന്നുന്നെന്നും ഒരു യുവതി മറുകുറിപ്പായി എഴുതി. ചിലർ യുവതി ബീഹാറിലെ മാന്യന്മാരായ ആണുങ്ങളെ അപമാനിച്ചെന്ന് തമാശയായി കുറിച്ചു. മറ്റ് ചിലര്‍ യുവതിയ്ക്ക് പെട്ടെന്ന് തന്നെ സഹായം തേടാൻ തോന്നിയതിനെയും യാത്രക്കാർക്ക് ഒരാവശ്യം വന്നപ്പോൾ ഓടിയെത്തിയ ആർപിഎഫിനെയും മറ്റ് ചിലര്‍ അഭിനന്ദിച്ചു. വടക്കേ ഇന്ത്യയിൽ, സ്ത്രീ സുരക്ഷ ഒരു തമാശയാണെന്നും ഏറ്റവും മോശം കാര്യം, ടിക്കറ്റില്ലാത്തവരെക്കൊണ്ട് ട്രെയിനുകളിൽ നിറയുകയും റിസർവേഷൻകാർ പുറത്താകുകയും ചെയ്യുമെന്നതാണെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. ഇന്ത്യൻ റെയിൽവേയ്ക്ക് ഇപ്പോൾ വന്ദേ ഭാരതും ആഡംബര ഉദ്ഘാടനങ്ങളും മതി. അവർ ഒരു പ്രധാന ജംഗ്ഷനിലെ യാത്രക്കാരുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാൻ തയ്യാറല്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.


