ഉള്ളില്‍ മരം പെയ്യുന്നു!

By ഷിബു ഗോപാലകൃഷ്ണന്‍First Published Feb 21, 2018, 7:48 PM IST
Highlights

അഴിഞ്ഞുവീണ നിഴല്‍പ്പൂവുകള്‍ ചൂടി വഴിയിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന നിരവധി മരപ്പൊക്കങ്ങള്‍ ഉണ്ട്. നിഴല്‍ പെയ്തിരുന്നവര്‍, തോരാത്ത മഴയായി ചോര്‍ന്നിരുന്നവര്‍. അവരെല്ലാം കൂടെ ഒരുമിച്ചു നിന്നു പൂക്കുന്ന കാടാവണം ഓര്‍മ. എല്ലാ ഇലകളും മധുരിക്കുന്ന, എല്ലാ തുമ്പുകളും പൂവിടുന്ന, എല്ലാ ചില്ലകളും കിളിക്കൂടുകള്‍ തീര്‍ക്കുന്ന, ഒരിക്കലും പൂട്ടിയിറങ്ങാനാവാത്ത, താഴുകളില്ലാത്ത ഒരു കാട്. ഇപ്പോള്‍ ഇതെഴുതുന്ന ഇടത്തു നിന്നു നോക്കിയാല്‍ ബാല്‍ക്കണിയിലേക്കു ഇറങ്ങിവന്നു ഇടയ്ക്കിടെ തലയാട്ടുന്ന ഒരു മരമുണ്ട്. അതെന്റെ കര്‍സര്‍ തുമ്പിനോട് ഇതുംകൂടെ എഴുതാന്‍ പറയുന്നു.

ചില തണലുകളെ കുറിച്ച്, ഇത്ര തിടുക്കത്തില്‍ അവിടെ നിന്നൊന്നും പുറപ്പെട്ടു പോരേണ്ടിയിരുന്നില്ല എന്നു തോന്നുന്ന ചില ഇടങ്ങളെ കുറിച്ച്.

വറുതിയുടെ ഒരു മഴക്കാലത്ത് പണ്ട് താമസിച്ചിരുന്ന ഒരു വീടുണ്ടായിരുന്നു. തോരാത്ത മഴപ്പെയ്ത്തിനെ ഒരു തോടിനു കുറുകെയുള്ള തടിപ്പാലം വഴി മുറിച്ചുകടന്നാണ് അവിടെ എത്തിയിരുന്നത്. വെള്ളനിറത്തിലുള്ള മണല്‍മുറ്റം മുഴുവന്‍ അപ്പോള്‍ കലങ്ങി മറിഞ്ഞു ചോന്നു കഴിഞ്ഞിരിക്കും. വക്ക് കെട്ടിയിട്ടില്ലാത്ത കിണറിലേക്ക് എത്തിനോക്കി മുറ്റത്തെ പേരമരം പിന്നെയും നിന്നു പെയ്യും. വാതില്‍പ്പടിയില്‍ പുറത്തേക്ക് കാലു ഞാത്തിയിട്ട് ഇരുന്നാല്‍ റോഡിനപ്പുറത്തെ താഴത്തയ്യത്തെ അപ്പൂപ്പന്റെ തൊടിയിലെ വാഴക്കൈയുകള്‍ മഴവീണു പൊട്ടുന്നത് കാണാം. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ നോക്കുന്നിടത്തെല്ലാം എന്തൊരു തോര്‍ച്ചയാണ്. പേരമരത്തിന്റെ പേശീബലമുള്ള ചില്ലകള്‍, കുളിച്ചു ഈറന്‍ തോര്‍ന്ന പേരയിലകള്‍, കഴിഞ്ഞ തവണത്തെ അടിയ്ക്കായി അമ്മ പൊട്ടിച്ചെടുത്ത താഴത്തെ നിലയിലെ കമ്പിന്റെ ഇനിയും ഉണങ്ങാത്ത മുറിവ്, തിണര്‍ത്തുകിടക്കുന്ന എന്റെ കണങ്കാലിലെ ചോന്നുതുടുത്ത പേരയുമ്മ. ആദ്യത്തെ മരച്ചുവട് അതായിരുന്നു. നിഴലു വീണു കമിഴ്ന്നു കിടക്കുന്നതു കണ്ടതും, വെയിലിന്റെ പുള്ളിമാനിനെ കണ്ടു തുള്ളിച്ചാടിയതും, നിന്റെ ചുവട്ടില്‍ വച്ചായിരുന്നു.

ഇളയ അമ്മാവന്റെ വീട്ടുമുറ്റത്തൊരു പ്ലാവുണ്ടായിരുന്നു. അതിന്റെ ചോട്ടില്‍ നിന്നായിരുന്നു ഓണാവധികള്‍ ഓടിപ്പോയിരുന്നത്. ഓണക്കളിയും ഓണത്തല്ലും ഊഞ്ഞാല്‍പ്പാട്ടും, മുറ്റം നിറഞ്ഞു കവിയുന്ന, പഴുത്ത പ്ലാവിലകള്‍ വീണുകിടന്നിരുന്ന, ആ തണല്‍ത്തഴപ്പിനു ഒപ്പമായിരുന്നു തീര്‍ന്നു പോയിരുന്നത്. ആഘോഷത്തിനു ശേഷവും അഴിച്ചുമാറ്റാത്ത പന്തല്‍ പോലെ തണല്‍മുറ്റം സ്‌കൂള്‍വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍ ഊഞ്ഞാലുമായി കാത്തു നിന്നു. പിള്ളേരുസെറ്റിന്റെ നാട്ടുകൂട്ടം ഒരിക്കല്‍ അവിടെ നിന്നും മുറിച്ചുമാറ്റപ്പെട്ടു. അതെന്തിനായിരുന്നു മുറിച്ചു കളഞ്ഞതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ കാലത്തിനു പിന്നെയും ചില്ലകള്‍ പലതു മുളയ്ക്കേണ്ടി വന്നു.

അവരെല്ലാം കൂടെ ഒരുമിച്ചു നിന്നു പൂക്കുന്ന കാടാവണം ഓര്‍മ

തെക്കേവശത്തെ അതിരില്‍ നിന്ന നാട്ടുമാവിന്റെ ചോട്ടിലെ പഴുത്തുവീണ ചുനയുണങ്ങാത്ത മാമ്പഴം സ്വന്തമാക്കാനാണ് ആദ്യമായി അതിരാവിലെ എണീറ്റത്. എങ്കിലും ഒരെണ്ണം കണ്ണില്‍ പെടാതെ എപ്പോഴും കരയിലക്കൂട്ടങ്ങള്‍ ഒളിപ്പിച്ചുവയ്ക്കും. അതും കണ്ടുപിടിച്ചു വരുന്ന എതിരാളികളോട് നാളെ കാണിച്ചുതരാമെന്നു പറഞ്ഞു പിന്നെയും പന്തയം കെട്ടും. അതിലെ ഏറ്റവും വലിയ ചില്ല ഒരുദിവസം വെട്ടേറ്റു ആര്‍ത്തലച്ചു വീണതും, പച്ചയുറുമ്പിന്റെ ഒരു നാഗരികത മുഴുവന്‍ നിലത്തുവീണു തകര്‍ന്നുപോയതും, തറവാട്ടു മുറ്റത്തു ഒരു നീലടാര്‍പ്പാ വലിച്ചുകെട്ടിയ കണ്ണീരിന്റെ ആ രാത്രിക്കു ശേഷമായിരുന്നു. നിറയെ മാങ്ങകള്‍ ഉണ്ടായിരുന്നിട്ടും അന്ന് ഞങ്ങള്‍ ആരും അതെടുക്കാന്‍ പോയില്ല. അമ്മൂമ്മയ്‌ക്കൊപ്പം വെട്ടിക്കീറിയ അതിന്റെ വെളുത്ത പാളികള്‍ ഒരു സന്ധ്യപോലെ കത്തിത്തീര്‍ന്നു. അതിനു ശേഷം പിന്നെ ഒരിക്കലും ആ മാവു പഴയതുപോലെ മാമ്പഴം ചുരന്നില്ല. തായ്ത്തടി നഷ്ടപ്പെട്ട ഒരു പാഴ്മരം പോലെ നിന്നു ചിതല്‍ കൊണ്ടു.

പള്ളിക്കൂടത്തിന്റെ എല്ലാ ഓര്‍മകളും ആരംഭിക്കുന്നതു മെയിന്‍ ഗേറ്റിനോട് ചേര്‍ന്നു നില്‍ക്കുന്ന മഹാഗണിയുടെ വേരുകളിലും, അവസാനിക്കുന്നതു പുറത്തെ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന അതിന്റെ ചില്ലകളിലും ആണ്. അന്ന് തിരിച്ചിറങ്ങും നേരം ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കിയപ്പോള്‍ കൈവീശിക്കാണിച്ചു യാത്രയാക്കിയ മഹാഗണിക്കൈകള്‍. മഴയ്ക്കും കാറ്റിനുമൊപ്പം കൈവിട്ട് മണ്ണില്‍ അടര്‍ന്നുവീണ പൂക്കളും കായ്കളും പെറുക്കിയെടുത്തു പള്ളിക്കൂടസ്മരണകള്‍ക്കു നിറയെ ഞങ്ങള്‍ ചോന്നനിറം തേച്ചുവച്ചു. കോളേജിലെത്തിയപ്പോള്‍ അവിടുത്തെ ഏറ്റവും വലിയ മരച്ചുവട്ടില്‍ ഞങ്ങള്‍ കാത്തുനില്‍ക്കാനും കൂട്ടുകൂടാനും പാട്ടുപാടാനും രോഷംകൊള്ളാനും തുടങ്ങി. എല്ലാ വഴികളും പൊട്ടിപ്പുറപ്പെട്ടിരുന്നതും അവസാനിച്ചിരുന്നതും ആ തണലില്‍ ആയിരുന്നു. മറ്റെല്ലാം പറഞ്ഞുകഴിഞ്ഞിട്ടും പറയാനുറച്ച ഒരുകാര്യം മാത്രം പറയാതെ ഒടുവില്‍ നിന്നോട് യാത്ര പറഞ്ഞു ഇറങ്ങിപ്പോയതും അവിടെവച്ചാണ്.

ഹോസ്റ്റലിന്റെ നടുമുറ്റത്തിനു ഓരം ചേര്‍ന്നു ചോറിവിടെയും കൂറവിടെയും എന്നപോലെ അപ്പുറത്തെ പുരയിടത്തിലേക്കു തലയിട്ടു നിന്നിരുന്ന പേരറിയാത്ത ഒരു മരമുണ്ട്. എല്ലാവരും വീടുകളിലേക്ക് പോകുന്ന വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ വിളിച്ചിരുത്തി ചെറിയ മഞ്ഞപ്പൂവുകള്‍ അടര്‍ത്തിത്തന്നിരുന്ന ഒരു സാന്ത്വനം. നെടുവീര്‍പ്പുപോലെ ഒരു കാറ്റു ഞങ്ങളെ ചേര്‍ത്ത് പിടിച്ചു കടന്നുപോകും. വീണ്ടും പൂക്കള്‍ അടര്‍ന്നു വീഴും. ഇതിലേതെങ്കിലും മരം മുറിച്ചു മാറ്റാത്ത അതിന്റെ തണലുമായി ഇപ്പോഴും ശേഷിക്കുന്നുവോ എന്നറിയില്ല. അവിടുന്നെല്ലാം ഇറങ്ങി നടന്നവരാണ് നമ്മള്‍. അനുവാദം ചോദിക്കാതെ അവിടുന്നെല്ലാം പുറത്താക്കപ്പെട്ടവര്‍.

അഴിഞ്ഞുവീണ നിഴല്‍പ്പൂവുകള്‍ ചൂടി വഴിയിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന നിരവധി മരപ്പൊക്കങ്ങള്‍ ഉണ്ട്. നിഴല്‍ പെയ്തിരുന്നവര്‍, തോരാത്ത മഴയായി ചോര്‍ന്നിരുന്നവര്‍. അവരെല്ലാം കൂടെ ഒരുമിച്ചു നിന്നു പൂക്കുന്ന കാടാവണം ഓര്‍മ. എല്ലാ ഇലകളും മധുരിക്കുന്ന, എല്ലാ തുമ്പുകളും പൂവിടുന്ന, എല്ലാ ചില്ലകളും കിളിക്കൂടുകള്‍ തീര്‍ക്കുന്ന, ഒരിക്കലും പൂട്ടിയിറങ്ങാനാവാത്ത, താഴുകളില്ലാത്ത ഒരു കാട്. ഇപ്പോള്‍ ഇതെഴുതുന്ന ഇടത്തു നിന്നു നോക്കിയാല്‍ ബാല്‍ക്കണിയിലേക്കു ഇറങ്ങിവന്നു ഇടയ്ക്കിടെ തലയാട്ടുന്ന ഒരു മരമുണ്ട്. അതെന്റെ കര്‍സര്‍ തുമ്പിനോട് ഇതുംകൂടെ എഴുതാന്‍ പറയുന്നു.

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നുപോയി. 

click me!