
റിയാലിറ്റി ഷോകള്‍, കൂണു പോലെയുള്ള കരോക്കെ സംഘങ്ങള്‍, റെക്കോര്‍ഡ് ചെയ്ത സംഗതികള്‍ക്ക് ചുണ്ടനക്കുന്നവര്‍ സൃഷ്ടിച്ച വിശ്വാസരാഹിത്യങ്ങള്‍ തുടങ്ങി, നമ്മുടെ പാട്ടരങ്ങുകള്‍ക്ക് സംഭവിച്ച മാറ്റങ്ങളില്‍ ജോയ് പീറ്ററിന്റെ സ്ഥാനമെവിടെയായിരുന്നു?
പാട്ട് ഒരു കേള്‍വിയായിരുന്നു ബാല്യത്തില്‍. ആകാശവാണിയാണ് സ്ഥിരമായ പാട്ടനുഭവം. സിനിമ കാണാറുണ്ടെങ്കിലും അതിലെ പാട്ടു രംഗങ്ങള്‍ രസം കൊല്ലികളായാണ് തോന്നിയിരുന്നത്. സ്റ്റണ്ട് രംഗങ്ങള്‍ എത്രയുണ്ടെന്നതായിരുന്നു കുട്ടിക്കാലത്തെ സിനിമാക്കാഴ്ചയുടെ മാനദണ്ഡം. ഇഷ്ടനടന്മാര്‍ തമ്മില്‍ ഇടി നടത്തിയാല്‍ ആരാണ് വിജയിക്കുക എന്നത് ഞങ്ങളുടെ സ്‌കൂള്‍ കാലത്തെ 'സില്മാ'ക്കഥാ നേരങ്ങളിലെ ഒരിക്കലും അവസാനിക്കാത്ത തര്‍ക്കമായിരുന്നു.
സ്‌കൂള്‍ കലോത്സവത്തിനും കലാസമിതി വാര്‍ഷികങ്ങള്‍ക്കും ലളിതഗാന മത്സരങ്ങള്‍, ഗാമീണ ഗാനസദസ്സുകള്‍ എന്നിവയുണ്ടായി. തുടയില്‍ കൈ കൊണ്ടോ കാല്‍പാദങ്ങള്‍ കൊണ്ടോ താളം പിടിക്കുന്നതിനപ്പുറം നിശ്ചല ദൃശ്യങ്ങളായിരുന്നു ഓരോ ഗായകനും ഗായികയും. മുന്നില്‍ നില്‍ക്കുന്ന കാണിക്കൂട്ടങ്ങളുടെ 'നരകത്തില്‍ നിന്നെന്നെ കരകേറ്റീടണേ' എന്ന നിശ്ശബ്ദ പ്രാര്‍ത്ഥന പോലെ അവരെല്ലാം മുകളിലെവിടെയോ പകച്ച മിഴികള്‍ നട്ടു പാട്ടു പാടി തീര്‍ത്തു.
ഈ ബാല്യവും പിന്നിട്ട് കൗമാരമെത്തിയപ്പോള്‍ കാഴ്ചകള്‍ വികസിച്ചു. ചെണ്ടപ്പുറത്ത് കോലുവീഴുന്ന തെറപ്പറമ്പുകള്‍ തെണ്ടി നടക്കുന്ന കൗമാരം . കണ്ടു തീര്‍ത്ത പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും ആടിത്തിമര്‍ത്ത ഗാനമേളകള്‍ക്കും എണ്ണമില്ല. പാട്ട് കേള്‍വി മാത്രമല്ല, കാഴ്ച കൂടിയാണെന്ന് അനുഭവിപ്പിച്ച ഓര്‍ക്കസ്ട്രകള്‍. കോയമ്പത്തൂര്‍ മല്ലിശേരി, കൊച്ചിന്‍ ഹരിശ്രീ.. തുടങ്ങി അക്കാലത്തു ഏതോ ദൂര ദേശത്തു നിന്നും വന്നു അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ആ ഗായകസംഘങ്ങള്‍ വന്നും പോയുമിരുന്നു.
അകലം കൂടുംതോറും കൗതുകം കൂടുമെന്നത് പ്രൊഫഷണല്‍ കലയിലെ ഒരു അന്ധവിശ്വാസമാണ്. തിരുവനന്തപുരമെന്നും കൊച്ചിനെന്നും അങ്കമാലിയെന്നും പേരുള്ള നാടക/ഗായക സംഘങ്ങള്‍ക്ക് മുന്‍പില്‍ വാ പൊളിച്ചു നിന്ന നാട്ടുകാര്‍ പലപ്പോഴും നാട്ടിലെ കലാസംഘങ്ങളെ വകവയ്ക്കാറില്ലെന്നു തോന്നുന്നു. പക്ഷേ ആ മുന്‍വിധിയെ തകര്‍ത്തു കൊണ്ട് ഒരു ചെറുപ്പക്കാരന്‍ തലശ്ശേരിയില്‍ നിന്നു വന്നു ഞങ്ങളുടെ കൗമാരത്തിന്റെ ഞരമ്പുകളില്‍ തീ പകര്‍ന്നു.
അല്‍പം ഇറക്കി വളര്‍ത്തിയ മുടി. താടി...ആത്മവിശ്വാസത്തോടെ കാണികളെ നോക്കുന്ന കണ്ണുകളിലെ പുഞ്ചിരി...
അനൗണ്‍സര്‍ പറയുന്നു. 'അടുത്തതായി ജെന്റിില്‍മാന്‍ എന്ന ചിത്രത്തിലെ ചിക് പുക് ചിക് പുക് റെയിലെ എന്ന ഗാനവുമായി എത്തുന്നു....ജോയ് പീറ്റര്‍'
പാട്ടിന്റെ കയറ്റിറക്കങ്ങളോട് തരിമ്പ് ഒത്തുതീര്‍പ്പില്ലാത്ത ആലാപനം. ഏറ്റവും ഊര്‍ജ്ജ സ്വലമായ നൃത്തം..ഇങ്ങനെ പാട്ട്, കാഴ്ചയാവുന്ന കലാവിരുതിന്റെ ആദ്യ ആവിഷ്‌കാരവും അനുഭവവുമായിരുന്നു ഞങ്ങള്‍ക്ക് ജോയ് പീറ്റര്‍.
ഗാനമേള നടക്കുന്ന വയലുകളിലും ഉത്സവപറമ്പുകളിലും വടം കൊണ്ടും മുളകൊണ്ടും വേര്‍തിരിച്ച ഇടങ്ങളില്‍ നിന്നും തിമര്‍ത്തു നൃത്തം ചെയ്ത ചെറുപ്പക്കാര്‍, സ്ത്രീകളുടെ ഭാഗത്ത് നിന്നും ആരെങ്കിലുമൊക്കെ തങ്ങളുടെ നൃത്തം ഒളികണ്ണാല്‍ നോക്കുന്നതായും, നാണം പുരണ്ട ചിരിയോടെ കൂട്ടുകാരികളോട് തന്നെക്കുറിച്ച് പറയുന്നതായും സങ്കല്‍പിച്ചു. അതവരുടെ കൈകാലുകള്‍ക്ക് കൂടുതല്‍ ചടുലത പകര്‍ന്നു. തമ്മില്‍ തട്ടിപ്പോയപ്പോള്‍ ഊറ്റത്തോടെ വഴക്കിട്ടു. കയ്യാങ്കളിയുണ്ടായി. സംഘം തിരിഞ്ഞു തമ്മില്‍തല്ലി.
കൊടിയിറങ്ങിയ ഒരു കാലത്തിന്റെ ഉത്സവമായിരുന്നു, ജോയ് പീറ്റര്‍.
റിയാലിറ്റി ഷോകള്‍, കൂണു പോലെയുള്ള കരോക്കെ സംഘങ്ങള്‍, റെക്കോര്‍ഡ് ചെയ്ത സംഗതികള്‍ക്ക് ചുണ്ടനക്കുന്നവര്‍ സൃഷ്ടിച്ച വിശ്വാസരാഹിത്യങ്ങള്‍ തുടങ്ങി, നമ്മുടെ പാട്ടരങ്ങുകള്‍ക്ക് സംഭവിച്ച മാറ്റങ്ങളില്‍ ജോയ് പീറ്ററിന്റെ സ്ഥാനമെവിടെയായിരുന്നു? അന്വേഷിച്ചില്ല. കലാബോധത്തില്‍, ആനന്ദങ്ങളില്‍, സൗന്ദര്യ സങ്കല്‍പങ്ങളില്‍ ഒക്കെയുണ്ടായ മാറ്റങ്ങള്‍ കൊണ്ട് മനസ്സിലെ ഉത്സവപ്പറമ്പുകള്‍ കാടുമൂടിയിട്ട് കാലം കുറച്ചായി.
കാറ്റൊഴിഞ്ഞ ബലൂണുകളോ, കുപ്പിവളക്കഷ്ണങ്ങളോ, നിലക്കടലത്തോടോ കണ്ടേക്കുമെവിടെ, കയറി നോക്കാറില്ല.
ഒരു കാലത്തെ ത്രസിപ്പിച്ച സുഹൃത്തേ, തീവണ്ടിത്താളത്തില്‍ അവസാന ഗാനം പാടി നിര്‍ത്തിയ നിന്നെയും ആ ഓര്‍മ്മകളുടെ കാട്ടുതൊടിയില്‍ ഞാന്‍ അടക്കംചെയ്യുന്നു.
ജോയ് പീറ്റര്‍. പഴയ കാലത്തുനിന്നും ഒരു ഫോട്ടോ.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.