സിപിഎം ത്രിപുരയില്‍ നിന്ന് എന്തെങ്കിലും പഠിക്കുമോ?

സിന്ധു സൂര്യകുമാര്‍ |  
Published : Mar 05, 2018, 08:23 PM ISTUpdated : Jun 08, 2018, 05:43 PM IST
സിപിഎം ത്രിപുരയില്‍ നിന്ന് എന്തെങ്കിലും പഠിക്കുമോ?

Synopsis

സിന്ധു സൂര്യകുമാര്‍ എഴുതുന്നു ബംഗാളില്‍ നിന്ന് പാഠം പഠിക്കാത്ത സിപിഎം ത്രിപുരയില്‍ നിന്നെങ്കിലും പഠിക്കുമോ?  

ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ് , ഒരൊറ്റ പാര്‍ട്ടി - ബിജെപി ലക്ഷ്യത്തിലേക്ക് തന്നെയാണ് അടുക്കുന്നത്. ലോക്‌സഭയില്‍ മഹാഭൂരിപക്ഷം, അതിനി രാജ്യസഭയിലുമാകും. ബിജെപിയെ ചെറുത്തവശേഷിച്ചിരുന്ന തുരുത്തുകള്‍ കൂടി ഇല്ലാതാകുമ്പോള്‍ ഏകാധിപത്യത്തെ നാം ഭയപ്പെടേണ്ടിവരും. ഇതാണ് ജനാധിപത്യം. ജനാധിപത്യത്തില്‍ ജനവിധിയെ അംഗീകരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ.

മാണിക്യം പോയി ബിപ്ലവ് വന്നു. ത്രിപുരയില്‍ ഇനി വിപ്ലവം ബിജെപി കൊണ്ടുവരും. സിപിഎം തല്‍ക്കാലം കേരളത്തിലൊതുങ്ങും. ബിജെപിക്കും ആര്‍എസ്എസിനും ഇനി എല്ലാ കണ്ണുകളും കേരളത്തിലേക്ക് തുറന്നുവയ്ക്കാം. കോണ്‍ഗ്രസ് ബന്ധം വേണോയെന്ന് തമ്മിലടിച്ച കാരാട്ടിനും യെച്ചൂരിക്കും ഇന്ന് ഒരേയൊരഭിപ്രായം മാത്രം- കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് ചെയ്തതുകൊണ്ട് സിപിഎം തോറ്റു. ഇനി അടവുനയത്തിനും ധാരണയ്ക്കുമൊക്കെ എന്ത് പ്രസക്തി.

ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ് , ഒരൊറ്റ പാര്‍ട്ടി - ബിജെപി ലക്ഷ്യത്തിലേക്ക് തന്നെയാണ് അടുക്കുന്നത്. ലോക്‌സഭയില്‍ മഹാഭൂരിപക്ഷം, അതിനി രാജ്യസഭയിലുമാകും. ബിജെപിയെ ചെറുത്തവശേഷിച്ചിരുന്ന തുരുത്തുകള്‍ കൂടി ഇല്ലാതാകുമ്പോള്‍ ഏകാധിപത്യത്തെ നാം ഭയപ്പെടേണ്ടിവരും. ഇതാണ് ജനാധിപത്യം. ജനാധിപത്യത്തില്‍ ജനവിധിയെ അംഗീകരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ.

ആഞ്ഞുവീശിയ മോദി തരംഗകാലത്ത് 65 ശതമാനം വോട്ട് നേടിയ സിപിഎം ത്രിപുരയില്‍ തോറ്റു. അന്ന് അഞ്ച് ശതമാനം നേടിയ ബിജെപി ഇന്ന് പത്തിരട്ടിയിലേക്ക്. അന്ന് പതിനഞ്ച് ശതമാനം നേടിയ കോണ്‍ഗ്രസിന് രണ്ട് തികയില്ല. വോട്ട് കണക്ക് പറഞ്ഞുകളിക്കുമ്പോള്‍ സിപിഎം ഒന്നോര്‍ക്കണം- എങ്ങനെയാണ് തോറ്റതെന്ന്. ഇടയ്‌ക്കൊന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന്റെ മണ്ടത്തരം ആര്‍എസ്എസ് ആവര്‍ത്തിക്കില്ലെന്നുമറിയണം. ഇനി നമുക്ക് മതേതര അടവുനയത്തെപ്പറ്റി ഒന്നുകൂടി പറയാം. സാക്ഷരതയിലും ആരോഗ്യത്തിലും മുന്നിലുള്ള ത്രിപുര ബിജെപി പിടിച്ചു. അടിയൊഴുക്കു മനസ്സിലാക്കി പിടിച്ചുനിര്‍ത്തുന്നതില്‍ സിപിഎം പരാജയപ്പെട്ടു. വ്യക്തിപരമായ അഴിമതിയാരോപണങ്ങള്‍ ഉണ്ടാക്കാതിരുന്നിട്ടും മണിക്കിന്റെ സര്‍ക്കാരിനെ ജനം തള്ളിപ്പറഞ്ഞു. കാല്‍നൂറ്റാണ്ടു കാലത്തെ ഭരണം സിപിഎമ്മിനെ ആലസ്യത്തിലാക്കിയത് അവര്‍ പോലുമറിഞ്ഞില്ല. കഠിനാധ്വാനത്തിലൂടെ , ആര്‍എസ്എസ് ജനഹൃദയങ്ങളില്‍ സ്ഥാനം നേടി എന്ന് തന്നെ സമ്മതിക്കണം.

ത്രിപുരയില്‍ തോറ്റതിന് സിപിഎം പഴിക്കേണ്ടത് കോണ്‍ഗ്രസിനെയാണോ?

നാഗാലാന്റില്‍ തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടിയെന്ന് ബിജെപിയെപ്പറ്റി ആരോപണം ഉന്നയിക്കാം. പക്ഷെ ജനം വോട്ടു ചെയ്തു എന്ന് മറക്കരുത്. ത്രിപുരയിലും ആദിവാസി സംഘടനയുമായി കൂട്ടുകൂടി ബിജെപി. പക്ഷെ തെരഞ്ഞെടുപ്പിന് തലേന്നത്തെ പണിയല്ല അത്. 2014 മുതല്‍ സുനില്‍ ദേവ്ധര്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ത്രിപുരയിലുണ്ട്. താഴെത്തട്ടില്‍ നിന്നും തുടങ്ങിയ പണിയെടുക്കലാണ്. കോണ്‍ഗ്രസുകാരും കൂട്ടത്തില്‍ ചേര്‍ന്നു. ഓരോ നേതാവും ബിജെപിയിലെത്തിയത് കുറേ പ്രവര്‍ത്തകരുമായി. അസമില്‍ നിന്ന് വടക്കുകിഴക്കന്‍ താരം ഹിമന്ദ ബിശ്വാസ് ശര്‍മ്മ മാസാമാസം പറന്നെത്തി അവലോകനം നടത്തി. കേന്ദ്രമന്ത്രിമാര്‍ ഇടയ്ക്കിടെയെത്തി സാന്നിധ്യമറിയിച്ചു. ആര്‍എസ്എസ് എന്ന കേഡര്‍ സംഘടനയുടെ സ്വഭാവത്തില്‍ തന്നെ. അപ്പോള്‍ സിപിഎം എന്ന മറ്റേ കേഡര്‍ പാര്‍ട്ടി പാരമ്പര്യത്തിലും ചരിത്രത്തിലും അഭിരമിക്കുകയായിരുന്നു. മണ്ണൊലിച്ചു പോകാതിരിക്കാനുള്ള ജനസമ്പര്‍ക്കം പോലും കുറഞ്ഞുതുടങ്ങിയിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് പടലയോടെ ബിജെപിയായി മാറി. മണിക് വീണു, സംഘപ്രവര്‍ത്തകനായ ബിപ്ലവ് ദേബ് ഇനി ത്രിപുരയെ നയിക്കും.

ത്രിപുരയില്‍ തോറ്റതിന് സിപിഎം പഴിക്കേണ്ടത് കോണ്‍ഗ്രസിനെയാണോ? 

ശരിയാണ് 15 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇന്ന് അവിടെ നേതാവും അണികളുമില്ല. ഒന്നടങ്കം ബിജെപിയിലായി. ഇതത്രയും നടന്ന കാലത്ത് സിപിഎം എന്ന പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും  കേഡര്‍ സ്വഭാവമുള്ള അണികളും എന്തുചെയ്യുകയായിരുന്നു?  ഇടതുപക്ഷത്തിന് വന്‍ശക്തിയുള്ളിടത്തും ബിജെപി വളരും. ചെലവാക്കിയ പണം ഒരു ഘടകമായിരിക്കാം. കോണ്‍ഗ്രസുകാര്‍ ചാടിപ്പോയതും ഘടകമാവാം. പക്ഷെ വിദ്യാഭ്യസമുള്ള ജനത്തിന് ആഗ്രഹിക്കുന്ന ജീവിത നിലവാരം കിട്ടുന്നുണ്ടോ? 80 കളിലെ വേതനനിലവാരം തുടരുന്നതെന്താണ്? തൊഴിലുകള്‍ ഉണ്ടാകാത്തതെന്താണ്? ഗോത്ര ആദിവാസി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ പറ്റാത്തതെന്താണ്? ബംഗാളില്‍ നിന്ന് പാഠം പഠിക്കാത്ത സിപിഎം ത്രിപുരയില്‍ നിന്നെങ്കിലും പഠിക്കുമോ? ആദര്‍ശശുദ്ധിയുള്ള നേതാവും ലളിതജീവിതവും മാത്രം പോരാ ജനത്തിന് എന്ന് മനസ്സിലാകുമോ? എന്താണ് ജനങ്ങള്‍ക്കിഷ്ടം എന്ന് അന്വേഷിക്കുമോ?

യെച്ചൂരി, കാരാട്ട് ലൈന്‍ തര്‍ക്കങ്ങള്‍ക്ക് ഇനി പ്രസക്തിയുണ്ടോ?

യെച്ചൂരി, കാരാട്ട് ലൈന്‍ തര്‍ക്കങ്ങള്‍ക്ക് ഇനി പ്രസക്തിയുണ്ടോ? ബംഗാളില്‍ രണ്ട് പാര്‍ട്ടിയും തകര്‍ന്ന് തരിപ്പണമാണ്. ഒന്നിച്ചാലും ഇല്ലെങ്കിലും തൃണമൂലിനും ബിജെപിക്കും താഴെ. ത്രിപുരയില്‍ ഭരിക്കാന്‍ പോകുന്നത് ബിപ്ലവ് ദേബാണ്. വോട്ടുശതമാനം വലിയ കുഴപ്പമില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് നിലനിര്‍ത്താന്‍ എങ്ങനെ പറ്റും? 

പിന്നെയുള്ളത് കേരളം. ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണ്. തെരഞ്ഞെടുപ്പാകുമ്പോള്‍ വെള്ള മുണ്ടിനടിയിലെ കാക്കി തെളിയുന്നത് കാണാനിരിക്കുന്നതേയുള്ളൂ. വെള്ളാപ്പള്ളിയും  കെഎം മാണിയും കുറേ സാംസ്‌കാരിക നായകരും സൂപ്പര്‍ താരങ്ങളും സിവില്‍ സര്‍വീസുകാരുമായി വമ്പന്‍താരനിരയുണ്ടാകും മോദി ആരാധകരായി. റാം മാധവിന്റെ, ഹിമന്ദയുടെ, ദേവ്ധറിന്റെ കുറവ് മാത്രമാണിവിടെയുള്ളത്. അതിനൊരാളെ അമിത് ഷാ അയച്ചോളും. രാജ്യം മുഴുവന്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന, ഒരേ കൊടി പാറുന്ന , ഏകാധിപത്യം പുലരുന്ന സുന്ദരനിമിഷങ്ങള്‍ക്കായി കാത്തിരിക്കാം.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ