കണ്ണൂര്‍, കരുണ; പിണറായി സര്‍ക്കാരിന്‍റെ ഉഡായിപ്പിന് മീതെ പറന്ന കോടതി

Web Desk |  
Published : Apr 09, 2018, 03:43 PM ISTUpdated : Jun 08, 2018, 05:51 PM IST
കണ്ണൂര്‍, കരുണ; പിണറായി സര്‍ക്കാരിന്‍റെ ഉഡായിപ്പിന് മീതെ പറന്ന കോടതി

Synopsis

സ്വാശ്രയമുതലാളിക്ക് ഒത്താശ പാടിയ പിണറായി വിജയൻ തലകുനിച്ച് നിൽക്കട്ടെ സ്വാശ്രമുതലാളിമാരെ വിജയൻസർക്കാരും പ്രതിപക്ഷവും ചേർന്ന് സംരക്ഷിച്ചു

സഖാവ് ജയ്ക് സി തോമസും സഖാവ് എം വിജിനും കുറച്ച് എസ്എഫ്ഐ പ്രവർത്തകരുമായി ക്ലിഫ് ഹൗസിന് മുന്നിലോ സെക്രട്ടറിയേറ്റിന് മുന്നിലോ എത്തി "പുഷ്പനെ അറിയാമെ,,, ഞങ്ങടെ പുഷ്പനെ അറിയാമോ ' എന്ന് ഉറക്കെപ്പാടിയെങ്കിലും സങ്കടം തീർക്കണം; കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഇടത് സര്‍ക്കാരിന്‍റെ കള്ളക്കളികള്‍- സിന്ധു സൂര്യകുമാര്‍ എഴുതുന്നു

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഇടതുസർക്കാരിന്റെ കള്ളക്കളി സുപ്രീംകോടതി പൊളിച്ചു. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളെ പുറത്താക്കി. പിണറായിയും രമേശും ചേർന്നുള്ള ഉഡായിപ്പൊന്നും ഇനി നടക്കില്ല. വളപട്ടണത്തെ വ്യാപാരി ജബ്ബാർ ഹാജിയും, നദ്‍വത്തുൽ മുജാഹിദ്ദീൻ ജനറൽ സെക്രട്ടറി ഉണ്ണിഹാജിയും ആദ്യം സർക്കാരിനെ വെല്ലുവിളിച്ചു പിന്നെ പാട്ടിലാക്കി. എല്ലാ ഉഡായിപ്പുകൾക്കും മീതെ നിയമവും കോടതിയും പറന്നു. സ്വാശ്രയമുതലാളിക്ക് ഒത്താശ പാടിയ പിണറായി വിജയൻ തലകുനിച്ച് നിൽക്കട്ടെ. കൈകോർത്ത ചെന്നിത്തലയും തലതാഴ്ത്തട്ടെ.

സഖാവ് ജയ്ക് സി തോമസും സഖാവ് എം വിജിനും കുറച്ച് എസ്എഫ്ഐ പ്രവർത്തകരുമായി ക്ലിഫ് ഹൗസിന് മുന്നിലോ സെക്രട്ടറിയേറ്റിന് മുന്നിലോ എത്തി "പുഷ്പനെ അറിയാമോ,  ഞങ്ങടെ പുഷ്പനെ അറിയാമോ ' എന്ന് ഉറക്കെപ്പാടിയെങ്കിലും സങ്കടം തീർക്കണം. സ്വാശ്രയമുതലാളിമാർക്കെതിരെ അടിയും വെടിയും ഭയക്കാതെ പോരാടി മിടുക്കനായി എംഎൽഎ സ്ഥാനം നേടിയ എം സ്വരാജും, ടി വി രാജേഷുമൊക്കെ കയ്യടിച്ച് പാസാക്കിയ നിയമമുണ്ട്. സർക്കാര് പുല്ലാണ് എന്നുറക്കെ പറഞ്ഞ് , സർക്കാരിനെതിരെ കേസ് കൊടുത്ത കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളുടെ നിയമവിരുദ്ധപ്പണികൾ സ്വരാജിന്‍റെയും ടി വി രാജേഷിന്റെയും ഷാഫി പറന്പിലിന്റെയും സാന്നിധ്യത്തിൽ  പിണറായി വിജയനും രമേശ് ചെന്നിത്തലയും തോളോട് തോൾ ചേർന്ന് സബൂറാക്കിക്കൊടുത്തു.

പിരിച്ചുവച്ച കോടികളുടെ തവവരിപ്പണത്തിൽ കുറേ സ്വാശ്രയമുതലാളിമാർ വേണ്ടപ്പെട്ടവർക്ക് ചെലവാക്കിയെന്നുറപ്പ്

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ നിയമവിരുദ്ധമായി, അടിസ്ഥാന മാർക്കുപോലും ഇല്ലാതെ , പ്രവേശനപരീക്ഷ പാസ്സാക്കാതെ അഡ്മിഷൻ നേടിയവരുണ്ട്. വീട്ടുകാർക്ക് നല്ല പണമുണ്ട്, രേഖകളില്ലാതെ എംബിബിഎസ് പഠിപ്പിക്കാൻ കണ്ണൂർ , കരുണ കോളേജുകളുണ്ട്. പിണറായിയും രമേശ് ചെന്നിത്തലയും കൈകോർത്തുപിടിച്ച് ഈ അയോഗ്യരെ ഡോക്ടർമാരാക്കും.   ഈ രണ്ടിടത്തേയും പ്രവേശനം നിയമവിരുദ്ധമാണെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തി. ഇവർ വൻതുക തലവരി വാങ്ങിയെന്ന് മെഡിക്കൽ കൗൺസിലും. പ്രവേശനം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യസർവകലാശാല പറഞ്ഞു. രണ്ടു കോളേജുകളുടെയും അപേക്ഷ ഹൈക്കോടിതിയും സുപ്രീംകോടതിയും തള്ളി. പക്ഷെ കാശു വാങ്ങിയ മുതലാളിമാരെ സംരക്ഷിച്ചേ പറ്റൂ എന്ന് പിണറായിയും ചെന്നിത്തലയും. പിരിച്ചുവച്ച കോടികളുടെ തവവരിപ്പണത്തിൽ കുറേ സ്വാശ്രയമുതലാളിമാർ വേണ്ടപ്പെട്ടവർക്ക് ചെലവാക്കിയെന്നുറപ്പ്. കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് മെരിറ്റും മാർക്കുമുള്ള അർഹരായവർ. 

കമാന്നു മിണ്ടാൻ നട്ടെല്ലില്ലാത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വങ്ങൾ

അവരെ മാത്രം മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. ആ കുറച്ചുപേരുടെ മറവിൽ അവരുടെ തോളിൽ താങ്ങി , നഗ്നമായ നിയമലംഘനം നടത്തിയ സ്വാശ്രമുതലാളിമാരെ വിജയൻസർക്കാരും പ്രതിപക്ഷവും ചേർന്ന് സംരക്ഷിച്ചു.  എന്തൊരു ഒരുമ, എന്തൊരൈക്യം, എന്തൊരു താത്പര്യം. കമാന്നു മിണ്ടാൻ നട്ടെല്ലില്ലാത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വങ്ങൾ. നാണമില്ലാത്തവർ. കുട്ടികൾ ആത്മഹത്യ ചെയ്താൽ ആരു സമാധാനം പറയുമെന്നൊരു ചോദ്യവും. തലവരിപ്പണം കൊടുത്ത് അർഹതയില്ലാത്ത കുട്ടികളെ കാശിന്റെ ബലത്തിൽ പഠിപ്പിക്കാൻ വിട്ട രക്ഷിതാക്കളും കാശുണ്ടെങ്കിൽ എന്തും നടക്കുമെന്ന് വീന്പിളക്കുന്ന സ്വാശ്രയമുതലാളിമാരും ഉത്തരം പറഞ്ഞോളും. ആത്മഹത്യാ ഭീ ഷണി പറയുന്പോഴൊക്കെ നിയമലംഘനങ്ങൾ അംഗീകരിക്കുമെങ്കിൽ, എല്ലാ പ്രതിഷേധക്കാർക്കും പരീക്ഷിച്ചുനോക്കാം. ഭീഷണിക്ക് പുറമെ നല്ല കൈക്കൂലി  അണിയറയിലും കൈമാറിയാൽ കാര്യം നടക്കും. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!