സമ്പത്തുള്ള പ്രതികളെ മാത്രം സ്നേഹിക്കുന്ന പിണറായി വിജയന്‍റെ പൊലീസ്

By Web DeskFirst Published Apr 17, 2018, 9:34 PM IST
Highlights
  • ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണ്
  • പൊലീസിന് ദരിദ്രരെ, ദളിതരെ കാണുന്പോൾ മാത്രമെന്താണിത്ര ചൊരുക്ക്?

ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ പരാജയമാണ്. പിണറായി വിജയൻ ഒഴികെ നാട്ടിലെല്ലാവർക്കും അത് മനസ്സിലാകുന്നുണ്ട്. പക്ഷെ ഒന്നും മനസ്സിലാകാഞ്ഞിട്ടോ, മനസ്സിലാകുന്നില്ല എന്ന് ഭാവിച്ചോ പിണറായി വിജയൻ ആഭ്യന്തരം ഭരിച്ച് കുളമാക്കുന്നു. നാട്ടിലെ പാവപ്പെട്ടവരും സ്വാധീനമില്ലാത്തവരും കരുതലോടെയിരിക്കണം. പിണറായിയുടെ പൊലീസ് ഏതു സമയത്തും ആരേയും ആളറിഞ്ഞും, ആളുമാറിയും പിടിക്കും, ചവിട്ടിയും ഇടിച്ചും കൊന്നുകളയുകയും ചെയ്യും- സിന്ധു സൂര്യകുമാര്‍ എഴുതുന്നു

വാരാപ്പുഴ ദേവസ്വംപാടത്തുകാരൻ ശ്രീജിത്തിനെ കേരളപൊലീസ് ചവിട്ടിയും ഇടിച്ചും തൊഴിച്ചും കൊന്നുകളഞ്ഞു. ഒരു പൊലീസുകാരനെതിരെയും കൊലക്കേസ് ഇതുവരെ എടുത്തിട്ടില്ല. തൊട്ടപ്പുറത്തെ സ്റ്റേഷനിലേക്ക് അല്പം കഴിഞ്ഞ് മാറ്റിനിയമിക്കാനായി കുറച്ച് പൊലീസുകാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കൊലപാതകികളെന്ന് സംശയിക്കുന്ന മൂന്ന് പൊലീസുകാരെ ചോദ്യം ചെയ്ത് ബഹുമാനത്തോടെ വിട്ടയച്ചു. ഇതാണ് പിണറായി പൊലീസിന്‍റെ ഇരട്ടത്താപ്പ്. 

പിണറായി വിജയൻ ആഭ്യന്തരം ഭരിച്ച് കുളമാക്കുന്നു

ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ സന്പൂർണ പരാജയമാണ്. പിണറായി വിജയൻ ഒഴികെ നാട്ടിലെല്ലാവർക്കും അത് മനസ്സിലാകുന്നുണ്ട്. പക്ഷെ ഒന്നും മനസ്സിലാകാഞ്ഞിട്ടോ, മനസ്സിലാകുന്നില്ല എന്ന് ഭാവിച്ചോ പിണറായി വിജയൻ ആഭ്യന്തരം ഭരിച്ച് കുളമാക്കുന്നു. നാട്ടിലെ പാവപ്പെട്ടവരും സ്വാധീനമില്ലാത്തവരും കരുതലോടെയിരിക്കണം. പിണറായിയുടെ പൊലീസ് ഏതു സമയത്തും ആരേയും ആളറിഞ്ഞും, ആളുമാറിയും പിടിക്കും, ചവിട്ടിയും ഇടിച്ചും കൊന്നുകളയുകയും ചെയ്യും.

വാസുദേവൻ എന്നയാളുടെ ആത്മഹത്യക്ക് പ്രേരകമായെന്ന് സംശയിക്കുന്ന ശ്രീജിത്ത് എന്ന സാധു യുവാവിനെ പാതിരാത്രി വീട്ടിൽച്ചെന്നിറക്കി പിടികൂടി വയറ്റിൽച്ചവിട്ടിയും തൊഴിച്ചും ചോദ്യം ചെയ്ത് കൊന്ന പിണറായി പൊലീസ് ശ്രീജിത്തിന്‍റെ കൊലപാതകികളെന്ന് സംശയിക്കുന്ന പൊലീസുകാരെ ബഹുമാനത്തോടെ ക്ഷണിച്ച് കൊലയെപ്പറ്റി ആദരവോടെ സംശയം ചോദിച്ച് ഇനിയും വരണേയെന്ന് പറഞ്ഞ് സ്നേഹത്തോടെ വീട്ടിൽ തിരിച്ചെത്തിച്ചു. എന്നുവച്ചാൽ കൊലപാതകിയെന്ന് സംശയിക്കുന്നവരോട് പോലും നന്നായി പെരുമാറാൻ പിണറായി പൊലീസിനറിയാം എന്നർത്ഥം. 

ഇവർക്ക് സാധാരണ മനുഷ്യരെ, ദരിദ്രരെ, ദളിതരെ കാണുന്പോൾ മാത്രമെന്താണിത്ര ചൊരുക്ക്?

പക്ഷേ പ്രതികൾ സമ്പത്തുകൊണ്ടോ പദവികൊണ്ടോ സ്വാധീനമുള്ളവരാകണം, അല്ലെങ്കിൽ രാഷ്ട്രീയ മേലാളൻമാരുണ്ടാകണം. സാധാരണ മനുഷ്യർ, ദരിദ്രർ,ദളിതർ ഇവരൊക്കെയാണ്  പൊലീസിന്‍റെ അതിക്രമവും മർദ്ദനവും അനുഭവിക്കേണ്ടിവരുന്നത്. സിപിഎം ഏര്യാകമ്മിറ്റി അംഗമായ പി കെ കുഞ്ഞനന്തന് കൊലക്കേസ് പ്രതിയാണെങ്കിലും ഇഷ്ടംമുള്ളപ്പൊഴൊക്കെ പരോൾ കൊടുക്കുന്ന അതേ ആഭ്യന്തരവകുപ്പ് , ഷെറിൻ എന്ന കൊലപാതകിക്ക് ഇഷ്ടാനുസരണം ജയിൽമാറ്റവും സുഖവാസവുമനുവദിക്കുന്ന അതേ ആഭ്യന്തരവകുപ്പ്, സാധാരണ മനുഷ്യരെ ആളുമാറി പിടികൂടി തച്ചുകൊന്നാലും പൊലീസുപ്രതികളെ ബഹുമാനിക്കുന്ന ആഭ്യന്തരവകുപ്പ്. ഇവർക്ക് സാധാരണ മനുഷ്യരെ, ദരിദ്രരെ, ദളിതരെ കാണുന്പോൾ മാത്രമെന്താണിത്ര ചൊരുക്ക്?

ട്രാഫിക് സിഗ്നലിൽ കാത്തുകിടന്ന് ജനങ്ങൾക്കൊപ്പം നിന്നയാളല്ല ഇന്നത്തെ മുഖ്യമന്ത്രി. വരുന്ന വഴിയിൽ നിന്ന് ജനത്തെ ഓടിച്ചകറ്റുന്നയാളാണ്. ആ ഓടിക്കൽ ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും മറ്റുള്ളവരും നടത്തുന്നു, അത്രേയുള്ളൂ. ഓടുന്നത് മുഴുവൻ നമ്മളാണ്, നമ്മൾ സാധാരണക്കാർ. ചിലർ രക്ഷപ്പെടും, ചിലർ വഴിയിൽ വീഴും, ചിലരെ ഓടിച്ചുകൊല്ലും. എന്നിട്ട് മേലാളൻമാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആർത്തുചിരിക്കും. ഇതാണോ എല്ലാം ശരിയാക്കുന്ന ഭരണം?

അവരൊക്കെ കാക്കിയിടേണ്ടതില്ലാത്ത ഏതെങ്കിലും ആകാശകുസുമം കോ‍ർപ്പറേഷൻ ഭരിച്ചോളും

ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് രമൺശ്രീവാസ്തവ എന്ന അടുത്തൂൺ പറ്റിയ ഉദ്യോഗസ്ഥനാണ്.  എല്ലാ യോഗങ്ങളിലും പങ്കെടുക്കും, ഡിജിപി ലോക്നാഥ് ബെഹ്‍റയെ ഭരിക്കും, സ്ഥലംമാറ്റം തീരുമാനിക്കും. പിന്നെയുള്ളത് ലോക്നാഥ് ബെഹ്‍റ. ഭരണത്തോട് വിധേയത്വം എന്നതിനപ്പുറം മറ്റൊരു വാക്കില്ല വിശേഷിപ്പിക്കാൻ. മറ്റ് പ്രത്യേക ഗുണം ആവശ്യവുമില്ല. വരാനിരിക്കുന്നത് ടോമിൻ തച്ചങ്കരിയാണ്. കസ്റ്റഡി മർദ്ദനം, അനുവാദമില്ലാത്ത വിദേശയാത്രകൾ, വിമാനത്താവളം വഴിയുള്ള കടത്ത്, വരവിൽ കവിഞ്ഞ സ്വത്ത് സന്പാദനം എന്നിങ്ങനെ ഒരുവിധപ്പെട്ട   കുപ്രസിദ്ധമേഖലകളിലെല്ലാം പേര് രേഖപ്പെടുത്തി ഓരോന്നിൽ നിന്നായി പിണറായി വിജയൻ ഊരിയെടുക്കുന്ന തച്ചങ്കരിയാണ് അടുത്ത ലോക്നാഥ് ബെഹ്റ. കേരളപൊലീസിൽ കഴിവുള്ള സത്യസന്ധരായ ഉദ്യോഗസ്ഥർ ധാരാളമുണ്ട്. അവരൊക്കെ കാക്കിയിടേണ്ടതില്ലാത്ത ഏതെങ്കിലും ആകാശകുസുമം കോ‍ർപ്പറേഷൻ ഭരിച്ചോളും. പിണറായിക്ക് വേണ്ടത് വിധേയരെ, ഇഷ്ടമനുസരിക്കുന്നവരെ, നട്ടെല്ലില്ലാത്തവരെയാണ്.

പൊലീസുകാർ ആളെ തച്ചുകൊല്ലുന്നതോ , തല്ലുകൊണ്ട മനുഷ്യർ ആത്മാഭിമാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നതോ പിണറായി വിജയന്‍റെ ഭരണത്തെ ബാധിക്കില്ല. ലോക്കപ്പ് മർദ്ദനം സ്വയം അനുഭവിച്ച ചരിത്രമുള്ള ഒരാളാണ് ആഭ്യന്തരമന്ത്രി എന്നോർക്കുന്പോൾ ഇപ്പോഴത്തെ ഭരണത്തിൽ അത്ഭതും തോന്നുന്നു. എന്തൊരു പൊലീസ് ഭരണമാണിത്? ആഭ്യന്തരം ഭരിക്കാൻ പിണറായി വിജയന് അറിയില്ലെന്ന് വ്യക്തം. അതറിയുന്ന, കഴിവുള്ള ആരെയെങ്കിലും ഏൽപ്പിച്ചുകൊടുക്കുകയാണ് ബുദ്ധി. നില്ല ഭരണാധികാരി എല്ലാം നന്നായി സ്വയം ചെയ്യണം എന്നില്ല, നന്നായി പണിയറിയുന്നവരെ നയിക്കുന്നയാളായാലും മതി. 

ശ്രീജിത്തിന് വേണ്ടി പിണറായി വിജയൻ കണ്ണീരൊഴുക്കണ്ട

ശ്രീജിത്തിന് വേണ്ടി പിണറായി വിജയൻ കണ്ണീരൊഴുക്കണ്ട, ഫെസ്ബുക്ക് പ്രതികരണം വേണ്ട, ആ വീട്ടിലും പോകേണ്ട, ബന്ധുക്കളെ ആശ്വസിപ്പിക്കണ്ട- പിണറായി വിജയൻ ചെയ്യാത്ത രീതികളാണത്. പക്ഷെ നീതിയുറപ്പാക്കാൻ ചുമതലയുണ്ട്. ശ്രീജിത്ത് എന്ന യുവാവിന്‍റെ വയറ്റിൽ ചവിട്ടിയ ആ കൊലപാതകി പൊലീസുകാരനെ ശിക്ഷിക്കാൻ ചുമതലയുണ്ട്. നിയമത്തിന് മുന്നിൽ കൊന്നവർ മാത്രമല്ല കൊല്ലിച്ചവരും എത്തണം. അങ്ങനെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഭ്യന്തരമന്ത്രി പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത് റൂറൽ എസ്പി  എ.വി. ജോർജ് എന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യലാണ്. 

ശ്രീജിത്തിന്റെ കൊലപാതകത്തിൽ എ.വി. ജോർജ്ജെന്ന എസ്പി സംശയിക്കപ്പെടുകപോലും  ചെയ്യാത്തതെന്തുകൊണ്ടാണ്?  എ.വി. ജോർജ് എസ്പിയുടെ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് ശ്രീജിത്തിനെ പിടിച്ചത്, സ്ഥലം സ്റ്റേഷനിലെ പൊലീസുകാരല്ല. ആ ടാസ്ക് ഫോഴ്സിനോട് അറസ്റ്റിന് നിർദ്ദേശിച്ചത് എ.വി. ജോർജ് അല്ലെങ്കിൽ മറ്റാരാണ്? എ.വി. ജോർജിനില്ലാത്ത എന്തുത്തരവാദിത്തമാണ് സിഐ ക്രിസ്പിൻ സാമിനുള്ളത്? ഒന്നുറപ്പ് , താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ കുരുതികൊടുത്ത് മേലാളൻമാർ കസേര സംരക്ഷിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ രാഷ്ട്രീയനേതൃത്വമുണ്ട്. ഭൂമിയിടപാടും ഗുണ്ടാപ്പണിയുംകൊണ്ട് ശക്തനാകുന്ന മധ്യകേരളത്തിലെ ഇടതുനേതാവിന്റെ പേര് വേറെ പല സന്ദർഭത്തിലും പറഞ്ഞിട്ടുള്ളതാണ്. 

സിപിഎമ്മിന് വേണ്ടതുമാത്രം ഐജി ശ്രീജിത്ത് അന്വേഷിക്കും.

അതേ ഉറവിടം ശ്രീജിത്തിന്‍റെ അറസ്റ്റിന് പിന്നിലുമുണ്ട്. പാതിരാത്രി ടാസ്ക്ഫോഴ്സിനെ വിട്ട് ആളെപ്പിടികൂടാൻ എ.വി. ജോർജ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയസംരക്ഷകരുടെ ആവശ്യപ്രകാരമാണ്. പക്ഷെ ഇപ്പറഞ്ഞതൊന്നും ഐജി ശ്രീജിത്ത് അന്വേഷിക്കില്ല, കണ്ടെത്തില്ല. സസ്പെൻഷനിൽ തീരും എല്ലാം. അൽപ്പം കഴിഞ്ഞ് വേറെ സ്റ്റേഷനുകളിൽ ജോലിയും ചെയ്യും. സിപിഎമ്മിന് ആവശ്യമുള്ളിടത്ത് എ.വി. ജോർജ് ജോലി ചെയ്യും. സിപിഎമ്മിന് വേണ്ടതുമാത്രം ഐജി ശ്രീജിത്ത് അന്വേഷിക്കും. മന്ത്രിസഭായോഗത്തിന് ശേഷം ശ്രീജിത്തിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും, ചിലപ്പോഴൊരു ജോലിയും. 

സാധാരണ മനുഷ്യരോടുള്ള സർക്കാരിന്‍റെ ഉത്തരവാദിത്തം അവിടെ തീരും. അടുത്ത നിരപരാധിക്ക് പൊലീസ് മർദ്ദനമേൽക്കും വരെ, അടുത്ത കസ്റ്റഡിമരണം ഉണ്ടാകും വരെ നമ്മളും എല്ലാം മറക്കും.  പിണറായി പൊലീസ് അഴിഞ്ഞാടട്ടെ, ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞുകിടക്കട്ടെ, സാധാരണക്കാരും ദരിദ്രരും ദളിതരും പൊലീസിനെ ഭയപ്പെട്ട് ജീവിക്കട്ടെ. സന്പന്നരും സവർണരും രാഷ്ട്രീയ സ്വാധീനമുള്ളവരും ആഭ്യന്തരവകുപ്പിനെ സ്വാധീനിക്കട്ടെ. എല്ലാം ശരിയാകും, ശരിയാകാതെ എവിടെപ്പോകാൻ.

click me!