Latest Videos

ചൈനയിൽ നിന്നുള്ള അജ്ഞാതവിത്തുകൾ, വെട്ടുക്കിളി ആക്രമണം; മഹാമാരി കൂടാതെ 2020 -ൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ

By Web TeamFirst Published Jan 2, 2021, 8:26 AM IST
Highlights

ജൂൺ മാസത്തിൽ, തെറ്റിദ്ധാരണയുടെ പുറത്ത് പോളിഷ് സൈന്യം ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു ഭാഗം ആക്രമിക്കുകയും ഹ്രസ്വമായി കൈവശപ്പെടുത്തുകയും ചെയ്തു.

2020 സാധാരണഗതിയിലാണ് ആരംഭിച്ചതെങ്കിലും, അപ്രതീക്ഷിതമായി വന്ന കൊവിഡ്-19 എന്ന മഹാമാരി ലോകത്തിന്റെ താളം തെറ്റിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം, സാധാരണമായിരുന്ന ഒരു ജീവിതത്തിൽ നിന്നു തീർത്തും അസാധാരണമായ ഒരു ജീവിതത്തിലേയ്ക്ക് അവർ നയിക്കപ്പെട്ടു. സാമൂഹിക അകലം പാലിക്കാൻ‌ തുടങ്ങിയപ്പോൾ‌ ഒത്തുചേരലുകളും, ആഘോഷങ്ങൾ‌ പിന്തള്ളപ്പെട്ടു. എന്നാൽ, പകർച്ചവ്യാധിയെ കൂടാതെ, 2020 -ൽ വളരെ വിചിത്രമായ വേറെയും നിരവധി വെല്ലുവിളികളും, അനുഭവങ്ങളുമുണ്ടായി. ലോകത്തെ നടുക്കിയ അത്തരം ഏഴ് സംഭവങ്ങളാണ് ചുവടെ.  

ചൈനയിൽ നിന്ന് എത്തിയ അജ്ഞാത വിത്തുകൾ 

ജൂലൈ മുതൽ, 50 സംസ്ഥാനങ്ങളിലെ യുഎസ് നിവാസികൾക്ക് ചൈനയിൽ നിന്ന് പാക്കേജുകളിലായി പേരറിയാത്ത വിത്തുകൾ ലഭിക്കാൻ തുടങ്ങി. ഉടൻ തന്നെ യുഎസ് കാർഷിക വകുപ്പ് മുന്നറിയിപ്പുകൾ നൽകി, രഹസ്യവിത്തുകൾ നട്ടുപിടിപ്പിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.   അവ ഏതെങ്കിലും തരത്തിലുള്ള ആക്രമണകാരികളാണെന്ന് അവർ ഭയന്നു. കടുക്, കാബേജ്, പുതിന, റോസ്മേരി, ലാവെൻഡർ റോസ് എന്നിവ ഉൾപ്പെടെ ചൈനയിൽ നിന്ന് അയച്ച 14 ഇനം വിത്തുകളെ ഓഗസ്റ്റിൽ ഏജൻസി കണ്ടെത്തി. രണ്ടുമാസത്തിനുശേഷം, യു‌എസ് 44 രാജ്യങ്ങളിൽ നിന്ന് വന്ന അയ്യായിരത്തോളം വിത്ത് ഇനങ്ങളെ തിരിച്ചറിഞ്ഞു. എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്നാൽ ആളുകൾ ഓൺലൈനിൽ വിത്തുകൾ ഓർഡർ ചെയ്തു. എന്നാൽ അത് ഒരു വിദേശ രാജ്യത്ത് നിന്നാണ് വരുന്നതെന്ന് അറിഞ്ഞില്ല. അത് കൂടാതെ, ചില കമ്പനികൾ അവരുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനും, പരസ്യത്തിന്റെ ഭാഗമായും അപരിചിതരായ വ്യക്തികൾക്ക് വിത്തിനങ്ങൾ അയച്ചു കൊടുക്കുകയുമുണ്ടായി ഇതാണ് ആശങ്കയ്ക്ക് ഇടനൽകിയത്.   

ഹോർനെറ്റ്സ് യുഎസിനെ ആക്രമിച്ചു

യുഎസിൽ തികച്ചും വിഷമുള്ള ഏഷ്യൻ ഭീമൻ ഹോർനെറ്റ് എന്നറിയപ്പെടുന്ന ഹോർനെറ്റുകളെ കണ്ടെത്തിയത് കഴിഞ്ഞ വർഷമായിരുന്നു. അവ തേനീച്ചകൾക്ക് കടുത്ത ഭീഷണിയായി. ഹോർനെറ്റുകൾ മനുഷ്യർക്കും അപകടമുണ്ടാക്കി. ഒക്ടോബർ അവസാനത്തിൽ, വാഷിംഗ്ടൺ സ്റ്റേറ്റിലെ പ്രാദേശിക ഉദ്യോഗസ്ഥർ രാജ്യത്ത് കണ്ടെത്തിയ ആദ്യത്തെ ഹോർനെറ്റിന്റെ കൂട് നശിപ്പിച്ചു, അവയെ കീഴടക്കി.    

വെട്ടുക്കിളി ആക്രമണം  

യുഎസിലെ ഹോർനെറ്റുകളുടെ ആക്രണമണത്തിന് പുറമെ കഴിഞ്ഞ വർഷം ഇന്ത്യയിൽ വെട്ടുക്കിളി ആക്രമണവുമുണ്ടായി. അറേബ്യൻ ഉപദ്വീപിൽ നിന്ന് ഉയർന്നുവന്ന വെട്ടുക്കിളികളുടെ കൂട്ടം ആഫ്രിക്കയിലും, തെക്ക്-കിഴക്കൻ ഏഷ്യയിലും എത്തി. ഏതാനും പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത രീതിയിൽ രൂക്ഷമായിരുന്നു അവയുടെ ആക്രമണം. വിളകളെ വൻതോതിൽ അവ നശിപ്പിച്ചു. ചൂട് തരംഗങ്ങളുടെയും വിളനാശങ്ങളുടെയും ആശങ്കകൾക്കിടയിൽ, 13 രാജ്യങ്ങളിലായി 2,80,000 ഹെക്ടറിലുള്ള കൃഷിയാണ് അവ വഴി നശിപ്പിക്കപ്പെട്ടത്.

വിചിത്രമായ മോണോലിത്ത്

യൂട്ടായിൽ പ്രത്യക്ഷപ്പെട്ട ചരിഞ്ഞതുപോലുള്ള ഒരു ലോഹഘടന ഭൗമശാസ്ത്രജ്ഞർക്ക് വലിയ തലവേദനയായി. ഈ ഘടന അവിടെ നിന്ന് അപ്രത്യക്ഷമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ, റൊമാനിയ, കാലിഫോർണിയ, സാൻ അന്റോണിയോ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടതും കൂടുതൽ ആശയകുഴപ്പമുണ്ടാക്കി. 

കാണാതായ നക്ഷത്രം

ഒരു നക്ഷത്രം നിശബ്ദമായി അപ്രത്യക്ഷമായി കഴിഞ്ഞ വർഷം. Kinman Dwarf Galaxy അതിന്റെ ആയുസ്സിന്റെ അവസാന ഘട്ടത്തിലാണെന്ന് നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കുന്ന വിവിധ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഈ വലിയ നക്ഷത്രങ്ങൾ എങ്ങനെ അവസാനിക്കുമെന്നറിയാൻ ആഗ്രഹിച്ചുകൊണ്ട്, ഡബ്ലിനിലെ ട്രിനിറ്റി കോളേജ് പിഎച്ച്ഡി വിദ്യാർത്ഥി ആൻഡ്രൂ അലൻ, Kinman Dwarf -നെ നിരീക്ഷിക്കുകയുണ്ടായി. എന്നാൽ, ഒരുദിവസം അത് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്നതിനുപകരം ഇത് തമോദ്വാരത്തിലേക്ക് തകർന്നിരിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. 

ക്രിസ്മസ് നക്ഷത്രം

ഈ വർഷത്തെ വിചിത്രമായ മറ്റൊരു സംഭവം ഡിസംബർ 21 -ന് പ്രത്യക്ഷപ്പെട്ട ക്രിസ്മസ് നക്ഷത്രമാണ്. അന്ന് രാത്രിയിൽ വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ പരസ്പരം അടുത്തു വരികയും, ആകാശത്തു അവ ഏക ഗ്രഹമായി കാണപ്പെടുകയും ചെയ്തു. ജർമൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന John Kepler -ന്റെ നിരീക്ഷണത്തിൽ ഇത്തരമൊരു ഗ്രഹണമാണ് ഈശോയുടെ ജനന സമയത്തു കണ്ടത്. അതിനാലാണ് ശാസ്ത്ര ലോകം ഈ ഗ്രഹണത്തെ ക്രിസ്മസ് നക്ഷത്രം എന്ന് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഗ്രഹങ്ങൾ ഇത്ര അടുത്ത് വന്നിട്ട് 400 വർഷമായി. രാത്രിയിൽ ഇത് സംഭവിച്ചിട്ടു 800 വർഷവും. ഏറ്റവും മികച്ച ആകാശ കാഴ്ചകളിൽ ഒന്നായിരുന്നു അത്. 

പോളണ്ട് ചെക്ക് റിപ്പബ്ലിക്കിൽ തെറ്റായി അധിനിവേശം നടത്തി  

ജൂൺ മാസത്തിൽ, തെറ്റിദ്ധാരണയുടെ പുറത്ത് പോളിഷ് സൈന്യം ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു ഭാഗം ആക്രമിക്കുകയും ഹ്രസ്വമായി കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് ചെയ്‍തത് അബദ്ധമായി എന്ന് ബോധ്യപ്പെട്ടപ്പോൾ ക്ഷമ ചോദിക്കുകയും ചെയ്‌തു. പോളിഷ് സൈനികർക്ക് പോലും അവർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്ന് തോന്നുന്നു. കൊറോണ വൈറസ് നടപടികളുടെ ഭാഗമായി അതിർത്തിയിൽ കാവൽ നിൽക്കുന്ന പോളിഷ് സൈനികർ, അതിർത്തിയിലെ ചെക്ക് ഭാഗത്തുള്ള ഒരു ചാപ്പലിൽ സ്ഥാനം ഉറപ്പിക്കുകയും, സന്ദർശകർ പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു. എന്നാൽ, അത് സൈനികർക്ക് വന്ന ഒരു തെറ്റാണെന്നും, വിശ്വാസികൾക്ക് എപ്പോൾ വേണമെങ്കിലും പള്ളിയിൽ വരാമെന്നും പോളണ്ട് പിന്നീട് വിശദീകരിച്ചു. 

 യു‌എഫ്‌ഒ വീഡിയോകൾ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചു

Pentagon formally releases 3 Navy videos showing "unidentified aerial phenomena" https://t.co/DNtaSBpV0q pic.twitter.com/m2l1D7a1jo

— CBS News (@CBSNews)

 

അജ്ഞാതമായ പറക്കുന്ന വസ്തുക്കളുടെ (യു‌എഫ്‌ഒ) മൂന്ന് നേവി വീഡിയോകൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടത് ഏപ്രിലിലായിരുന്നു. രണ്ട് വീഡിയോകൾ 2017 മുതൽ ഇന്റർനെറ്റിൽ കാണുന്നതാണ്. അതേസമയം മറ്റൊന്ന് 2007 മുതൽ ഉണ്ട്. അവയുടെ ആധികാരികതയെക്കുറിച്ച് പല തർക്കങ്ങളും നിലനിന്നു. എന്നാൽ, മൂന്ന് വീഡിയോകളും യഥാർത്ഥമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന പെന്റഗൺ പുറപ്പെടുവിക്കുകയുണ്ടായി. അവ നിയമാനുസൃതമായ നേവി ഇറക്കിയ വീഡിയോകളാണെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. പക്ഷേ, ആ വീഡിയോകളിൽ എന്താണ് കാണുന്നതെന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. 2004 ലും 2005 ലും നേവി പൈലറ്റുമാർ വീഡിയോകൾ എടുത്തതായി പ്രതിരോധ വകുപ്പ് ഏപ്രിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.

click me!