പരിസ്ഥിതി പ്രവര്‍ത്തകര്‍  ഏതു പക്ഷത്താണ്?

സോണി ആര്‍കെ |  
Published : May 04, 2018, 07:05 PM ISTUpdated : Jun 08, 2018, 05:48 PM IST
പരിസ്ഥിതി പ്രവര്‍ത്തകര്‍  ഏതു പക്ഷത്താണ്?

Synopsis

കീഴാറ്റൂര്‍ സമരം മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതി രാഷ്ട്രീയം സോണി ആര്‍കെ എഴുതുന്നു

ഇത്തരത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ 'സൈബര്‍ പോരാളികളുടെയും' ക്രമമായ ഇടപെടലുകള്‍ പരിസ്ഥിതിപ്രവര്‍ത്തനവും പ്രവര്‍ത്തനവും വികസനപ്രവര്‍ത്തങ്ങള്‍ക്ക് ഇടങ്കോലിടുന്നതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ പറ്റിയിട്ടുണ്ട്. ഇത് മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം പരിസ്ഥിതി പ്രവര്‍ത്തകരുടെ മൂല്യബോധത്തെപ്പറ്റിയാണ്. എന്തായിരിക്കണം പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍വ്യാജം കൊണ്ടുനടക്കേണ്ട മൂല്യത്തിന്റെ അടിസ്ഥാനം? 

പരിസ്ഥിതി പ്രവര്‍ത്തനത്തിന് ലോകമെമ്പാടും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1960 മുതലിങ്ങോട്ട് നോക്കിയാല്‍ പാരിസ്ഥിതിക ഇടപെടലുകളുടെയും ആശയസംവാദങ്ങളുടെയും രൂപവും ഭാവവും മാറിയിരിക്കുന്നു. ഇത് പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ചുള്ള ചിന്തയുടെ വ്യാപ്തിയിലും സമരങ്ങളുടെ രീതികളിലും ഒക്കെ പ്രതിഫലിച്ചു കാണാം. കേരളവും ഇതില്‍നിന്നും വ്യത്യസ്തമല്ല.

1980കളില്‍ സൈലന്റ് വാലി സമരത്തിനോട് ചേര്‍ന്നാണ് പരിസ്ഥിതി ചിന്ത കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നത്. അന്നുതൊട്ടിന്നോളം പലതരം പരിസ്ഥിതി സമരങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും കേരള സമൂഹം സാക്ഷ്യം വഹിക്കുകയുണ്ടായി. മാവൂര്‍ ഗ്രാസിം റയോണ്‍സിനെതിരെയുള്ള സമരം, ഏലൂര്‍ സമരം, കാതിക്കുടം സമരം, കൊക്കൊകോള വിരുദ്ധ സമരം,  എന്നിങ്ങനെ കേരളം അങ്ങോളമിങ്ങോളം ചര്‍ച്ചചെയ്ത സമരങ്ങളും അത് കൂടാതെ മറ്റു പല പ്രാദേശിക സമരങ്ങളും കേരളത്തില്‍ കഴിഞ്ഞ മുപ്പത് കൊല്ലക്കാലത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. കാട്-ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, വ്യവസായമലിനീകരണത്തിനും ജലചൂഷണത്തിനും എതിരെയുള്ള സമരങ്ങളിലൂടെ സഞ്ചരിച്ചു വളരെ സമഗ്രമായി പ്രകൃതിയെയും അതിന്റെ സുസ്ഥിരതയെയും നോക്കിക്കാണാന്‍ പറ്റുന്ന തരത്തിലുള്ള വളര്‍ച്ചയായിരുന്നു അത്.  അവിടെനിന്നും ജൈവകൃഷി, ഭക്ഷ്യപരമാധികാരം,  സുസ്ഥിരവികസനം തുടങ്ങിയ അജണ്ടകളിലേക്കാണ് ഇന്ന് കേരളത്തിന്റെ പാരിസ്ഥിതിക വ്യവഹാരം എത്തിനില്‍ക്കുന്നത്. സൈലന്റ് വാലിയില്‍ തുടങ്ങിയത് എന്ന് പറഞ്ഞുവെങ്കിലും അതിനു മുമ്പേ ചീമേനിയിലെ തോലും വിറകും സമരത്തിലും, കാടകം വന സത്യാഗ്രഹത്തിലുമൊക്കെ മുളച്ചുപൊന്തിയ പാരിസ്ഥിതിക അവബോധത്തിന്റെ ഏറ്റവും പുതിയ ഏടാണ് വയലും, കൃഷിയും, ജലവും സംരക്ഷിക്കണമെന്ന മുദ്രാവാക്യം മുന്നോട്ടു വച്ചുകൊണ്ട് ഒരു പറ്റം സാധാരണ മനുഷ്യര്‍ കീഴാറ്റൂരില്‍ നടത്തിവരുന്ന സമരം.

കീഴാറ്റൂര്‍ സമരം അതില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ആളുകളെ സംബന്ധിച്ചും അതിനെ എതിര്‍ക്കുന്ന പൊതുബോധത്തെ സംബന്ധിച്ചും ഒക്കെ വളരെയേറെ പ്രത്യേകതകളുള്ള ഒന്നാണ്. ഭരണ-പൊതുബോധത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇതാദ്യമായിട്ടല്ല വികസന ആവശ്യത്തിനുവേണ്ടി വയല്‍ നികത്തുന്നത്. നികത്തപ്പെടുന്ന വയലിന്റെ വിസ്തൃതിയാകട്ടെ താരതമ്യേന വളരെ കുറവും. പോരെങ്കില്‍ ഭൂമി നഷ്ടപ്പെടുന്ന സ്വകാര്യവ്യക്തികള്‍ക്ക് സാധാരണയിലും കവിഞ്ഞ നഷ്ടപരിഹാരവും കൊടുക്കാമെന്നു പറയുന്നുണ്ട്. സാമാന്യമായി കേരളത്തിലെ മധ്യവര്‍ഗ്ഗബോധത്തിന്റെ രോഷമകറ്റാന്‍ പറ്റിയതൊക്കെയും ഔദ്യോഗിക ഭാഷ്യങ്ങളിലുണ്ടെങ്കിലും അതൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ ആ സമരം ഏറ്റെടുത്തത്. കേരളം കീഴാറ്റൂരിലേക്ക് എന്ന ബഹുജനമാര്‍ച്ച്  ഈ ഏറ്റെടുക്കലിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു.

കീഴാറ്റൂര്‍ സമരത്തിലേക്ക് കേരളത്തിലെ പൊതുസമൂഹം ശ്രദ്ധതിരിയേണ്ടതിനു വേറെയും കാരണങ്ങളുണ്ട്. മുമ്പ് നടന്ന പരിസ്ഥിതി സമരങ്ങളില്‍നിന്നും വ്യത്യസ്തമായി സര്‍ക്കാരിനൊപ്പം ഭരിക്കുന്ന പാര്‍ട്ടിയുടെ മെഷിനറി കൂടി ചേര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരെയും പരിസ്ഥിതി മുന്നേറ്റങ്ങളെയും താറടിച്ചു കാണിക്കാനും ഇല്ലാതാക്കാനും നടന്ന പരിശ്രമങ്ങള്‍ അതിന്റെ ഉച്ചസ്ഥായില്‍ കാണാന്‍ കഴിയുന്നത് കീഴാറ്റൂരിലാണ്. കീഴാറ്റൂര്‍ സമരത്തെ മുന്‍നിര്‍ത്തി ഉയര്‍ന്നു വന്ന വ്യത്യസ്ത വ്യവഹാരങ്ങളെക്കുറിച്ച് ചിന്തിക്കാനും അതോടൊപ്പം കേരളത്തിന്റെ പാരിസ്ഥിതിക ചിന്ത എന്തായിരിക്കണം, എങ്ങനെയായിരിക്കണം, കാലികമായി അത് എങ്ങനെയാണ് നവീകരിക്കപ്പെടേണ്ടത് എന്നന്നുള്ള ഒരു ചര്‍ച്ച മുന്നോട്ടു വയ്ക്കാനുമാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തനത്തിന് ലോകമെമ്പാടും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതു പക്ഷത്താണ്?
കീഴാറ്റൂരില്‍ ഉയര്‍ന്നുകേട്ട വലിയ ഒരു പ്രശ്‌നം സമരം ചെയ്യുന്നവരുടെ പൊളിറ്റിക്കല്‍ ഐഡിയോളജിയുമായി ബന്ധപ്പെട്ടാണ്. വയല്‍ക്കിളികള്‍ ആരും ബിജെപിക്കാരോ, കോണ്‍ഗ്രസുകാരോ, മാവോയിസ്‌റ്റോ അല്ല. നല്ല രാഷ്ട്രീയബോധമുള്ള ഇടതുപക്ഷമാണ് അവര്‍. ഇത് വയല്‍ക്കിളികളെക്കാള്‍ നന്നായി അറിയുന്നത് അവരെ എതിര്‍ക്കുന്ന സിപിഎമ്മിനാണ്. വയല്‍ സംരക്ഷണത്തെപ്പറ്റിയും, കുടിവെള്ളത്തെക്കുറിച്ചും വളരെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന തിരുത്തല്‍ ശക്തികളാണ് വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ കൂട്ടംകൂടിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ കാര്യവും അങ്ങനെ തന്നെ. അതില്‍  നേരിട്ട് പരിചയമുള്ള കുറേയേറെപ്പേര്‍ ഇടതുപക്ഷം ഹൃദയപക്ഷമാണ് എന്നു വിശ്വസിക്കുന്നവരാണ്. ബി.ജെ.പി നേതാക്കളായ കുമ്മനം രാജഖേരനും കെ. സുരേന്ദ്രനും തങ്ങളില്‍കൂടി നുഴഞ്ഞുകയറി സമരത്തെ ഹൈജാക്ക് ചെയ്യുമോയെന്നു ആവലാതിപ്പെടുന്നവര്‍. അങ്ങനെയൊരു അവസ്ഥയ്ക്ക് എന്തിനാണ് കമ്മ്യുണിസ്റ്റ്് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഒരു ഗവര്‍മെന്റ്് ഇടം കൊടുക്കുന്നത് എന്നു ആശങ്കപ്പെടുന്നവര്‍. ഇവരൊക്കെ ചിലരുടെ കണ്ണിലെങ്കിലും ഒറ്റുകാരും, ജനവിരോധികളും ഒക്കെ ആയിത്തീരുന്നുണ്ടെങ്കില്‍ അവിടെ അടിസ്ഥാനപരമായ പോരായ്മ ഉണ്ട്. അത് നീയോലിബറല്‍ പ്രോജക്ട് ബേസ്ഡ് വികസനമാതൃക അപ്പാടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അത് നേതൃത്വം കൊടുക്കുന്ന ഗവണ്‍മെന്റിന്റെയും സമീപനത്തില്‍ ആണ്. അല്ലാതെ ജനങ്ങളുടേതല്ല. ഒരു വെള്ളക്കെട്ട് കാണുമ്പോ അവിടെ ഹൗസ് ബോട്ടുകളും വിനോദസഞ്ചാരവും കൂറ്റന്‍ മാളുകളും സ്വപ്നം കാണുന്ന ജനപ്രതിനിധികളാണ് തിരുത്തേണ്ടത്. അത്തരം ഒരു തിരുത്തലിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതാണ് കീഴാറ്റൂര്‍ നല്‍കുന്ന പാഠങ്ങളില്‍ ഒന്ന്.

ജനകീയസമരങ്ങള്‍ നടക്കുമ്പോള്‍ അത് ഹൈജാക്ക് ചെയ്യാനും ഏറ്റെടുക്കാനും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മറ്റു അവസരവാദികളും എത്തുക പതിവാണ്. അതു പൊക്കിപ്പിടിച്ചുള്ള മറുപക്ഷത്തിന്റെ (ഓര്‍ഗനൈസ്ഡ് പാര്‍ട്ടി/മത/വര്‍സീയ ശരീരങ്ങളുടെ) കേവല വാചാടോപങ്ങളെ പ്രതിരോധിച്ച് പരിസ്ഥിതിവാദികള്‍ സമയം കളയേണ്ട കാര്യമില്ല. എന്നിരുന്നാലും ആ വിമര്‍ശനങ്ങളുടെ വസ്തുത പരിശോധിച്ച് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇവിടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ഇടപെടേണ്ടതും തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ- ഇക്കോളജിക്കല്‍ സമഗ്രതയുടെ രാഷ്ട്രീയത്തെ- അതിന്റെ വ്യവഹാരങ്ങളെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുക എന്നതിലാണ്. അതിനെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയ ബ്യൂറോക്രസിയുടെ കുഴലൂത്തുകാര്‍ക്ക് പിടികൊടുക്കാതിരിക്കുകയും അവരില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് അവരുടെ ധര്‍മ്മം. വന്നുപോകുന്നവര്‍ പോട്ടെ. അവരുടെ രാഷ്ട്രീയ ദുഷ്ടലാക്കുകളെ മനസ്സിലാക്കാന്‍ കഴിയാത്തയത്രയും ബാലാരിഷ്ടതയോ പ്രത്യയശാസ്ത്ര ശോഷണമോ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കില്ല. അവരുടെ agency പലതരത്തിലുള്ള ഹെജിമോണിക്ക് വ്യവഹാരങ്ങള്‍ക്കു വഴങ്ങി എളുപ്പം അതിനു കര്‍തൃത്വപ്പെടുന്നതുമല്ല. 

കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ സമഗ്രാധിപത്യമുള്ള (വിരലില്‍ എണ്ണാന്‍ പറ്റുന്നത്രയും മാത്രം മറ്റു പാര്‍ട്ടിക്കാരുള്ള എന്ന് സുരേഷ് കീഴാറ്റൂരിന്റെ ഭാഷയില്‍) ഒരു സ്ഥലത്ത് (ഇപ്പോള്‍ പുറത്താക്കപ്പെട്ട) ഏതാനും കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് അവിടെ സമരം നടത്തുന്നത്. ഒരുപാട് പേരുടെ പിന്തുണ തുടക്കത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ഗണ്യമായി കുറഞ്ഞു. വളരെ ശ്രദ്ധയോടെ മറ്റുള്ളവരെ അതില്‍നിന്നും പിന്നോട്ട് വലിക്കാന്‍ പാര്‍ട്ടിക്കു സാധിച്ചു എന്നതാണ് അതിനു കാരണം. സമരം ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം കുറഞ്ഞതും നഷ്ടമാകുന്ന നെല്‍വയലിന്റെ വിസ്തൃതിയിലുള്ള കുറവും ഈ സമരം അനാവശ്യമാണ് എന്ന ഒരു ബോധം ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാരിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സഹായകരമായി. അതോടൊപ്പം തന്നെ മറ്റു സ്വാര്‍ത്ഥതാല്പര്യങ്ങളാണ് ഈ സമരത്തിന് പിറകില്‍ എന്ന വാദം സമര്‍ത്ഥമായി മുന്നോട്ടു വയ്ക്കാനും കഴിഞ്ഞു. 

ഇത്തരത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ 'സൈബര്‍ പോരാളികളുടെയും' ക്രമമായ ഇടപെടലുകള്‍ പരിസ്ഥിതിപ്രവര്‍ത്തനവും പ്രവര്‍ത്തനവും വികസനപ്രവര്‍ത്തങ്ങള്‍ക്ക് ഇടങ്കോലിടുന്നതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ പറ്റിയിട്ടുണ്ട്. ഇത് മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം പരിസ്ഥിതി പ്രവര്‍ത്തകരുടെ മൂല്യബോധത്തെപ്പറ്റിയാണ്. എന്തായിരിക്കണം പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍വ്യാജം കൊണ്ടുനടക്കേണ്ട മൂല്യത്തിന്റെ അടിസ്ഥാനം? 

പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ അടിത്തറ തന്നെ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് ഇന്ന് നിലനില്‍ക്കുന്ന മൂല്യബോധത്തില്‍ അടിസ്ഥാനപരമായി മാറ്റം ഉണ്ടാകണം എന്നതിലാണ്. പാരിസ്ഥിതിക മൂല്യബോധത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ എന്തൊക്കെയാണ് അതില്‍ ഉള്‍ക്കൊള്ളുന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ കൊണ്ടുനടക്കുന്ന മൂല്യബോധം എന്താണ് എന്ന അറിവ് ഇവിടെ പ്രധാനമാണ്. അത് വന്യജീവികളുടെ സംരക്ഷണം ആകാം, കാടിന്റെ സംരക്ഷണം ആകാം, എല്ലാവര്‍ക്കും വിഷമയമല്ലാത്ത ഭക്ഷണം കിട്ടുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്‌നം ആകാം. അങ്ങനെ നമ്മുടെ ചുറ്റുപാടിനെ, പരിസ്ഥിതിയെ, ഭൂമിയെ ഒക്കെ സംബന്ധിക്കുന്ന പലതും ആകാം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഈ മനുഷ്യര്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ മറ്റു പലതിനെയും അപേക്ഷിച്ച് പരിസ്ഥിതിക്ക്, അതിന്റെ  സംരക്ഷണത്തിന്, ഉയര്‍ന്ന പ്രാധാന്യം കൊടുക്കുന്നു എന്നര്‍ത്ഥം. പക്ഷെ ഇതിനുപരിയായി- ഉയര്‍ന്ന പ്രാധാന്യത്തിനുപരിയായി നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ പുതിയ പരിസ്ഥിതി വിനാശ കാലഘട്ടത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം മാത്രമേ ഗുണകരമാകൂ എന്ന് ചിന്തിക്കുന്ന ഒരു പറ്റം ആള്‍ക്കാരുമുണ്ട്. സുസ്ഥിരതയിലൂന്നിയ ജീവിതശൈലിയാണ് ഈ അടിസ്ഥാനപരമായ മാറ്റം. ജനങ്ങള്‍ അവരുടെ ജീവിതക്രമം പരിസ്ഥിതിക്ക് അനുയോജ്യമായി മാറ്റുക മാത്രമല്ല അതിന്റെ നൈതികതയില്‍ അടിസ്ഥാനമാക്കിയുള്ള ഒരു പൊതു ജീവിതക്രമം രൂപപ്പെടുത്തുക, അത് എല്ലാവരും പിന്തുടരുക എന്നതും കൂടിയാണ് ഈ അടിസ്ഥാനപരമായ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നാലുവരി ദേശീയപാതയോ തണ്ണീര്‍ത്തടമോ എന്ന ചോദ്യത്തിന് തണ്ണീര്‍ത്തടം എന്ന ഉത്തരത്തിലേക്ക് എത്തിക്കുന്നത് സുസ്ഥിരതയിലൂന്നിയ  മൂല്യബോധമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളപ്പോള്‍ത്തന്നെ അത്യധികം ഉപഭോഗലോലുപമായ ജീവിത ശൈലി നയിക്കുന്ന കേരളസമൂഹത്തിലേക്ക് ഈ സുസ്ഥിരതയിലൂന്നിയ പാരിസ്ഥിക മൂല്യബോധം എത്തിക്കുന്നതിന് കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പട്ട ചര്‍ച്ചകള്‍ സഹായകമായിട്ടുണ്ട്. ഈ മൂല്യബോധം തന്നെയാണ്, കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നും കീഴാറ്റൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചെറുപരിപാടിക ള്‍നടത്താനും, കേരളം കീഴാറ്റൂരിലേക്ക് എന്ന് വിളിച്ച മാര്‍ച്ച് വിജയിപ്പിക്കാനും വേണ്ടി എത്തിച്ചേരാന്‍ പ്രേരിപ്പിച്ചത്.

ജനകീയ പരിസ്ഥിതി സമരങ്ങളിലെ രാഷ്ട്രീയ ജാഗ്രതക്കുറവ്, അല്ലെങ്കില്‍ സമരപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കേണ്ടുന്ന ശ്രദ്ധ എന്നീ വിഷയങ്ങളും കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്നിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനം എന്ന പേര് പറഞ്ഞു തീവ്രവലതുപക്ഷത്തിന് ഗ്രാമീണശുദ്ധിയുള്ള മനസ്സുകളിലേക്ക് നുഴഞ്ഞു കയറാന്‍ ചൂട്ടു കാണിക്കുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ബിജെപിയോടൊപ്പം വേദി പങ്കിട്ടതിന് വയല്‍ക്കിളികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. പിന്നീട് സുരേഷ് കീഴാറ്റൂര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ, പറ്റിയ തെറ്റ് ഏറ്റു പറയുകയും ചെയ്തു. മൊത്തത്തില്‍ ഇത്തരത്തിലുള്ള ജനകീയ പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ യാതൊരു നിലപാടുമില്ലാത്ത കക്ഷിരാഷ്ട്രീയക്കളികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഈ ചര്‍ച്ചകള്‍ സഹായിച്ചിട്ടുണ്ട്. ഒപ്പം എന്തായിരിക്കണം പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നോട്ടുവയ്‌ക്കേണ്ട രാഷ്ട്രീയ പരിപ്രേക്ഷ്യം എന്ന് പുനര്‍വിചിന്തനം നടത്താന്‍കൂടി ഈ ചര്‍ച്ചകള്‍ പ്രേരണയാകും. കീഴാറ്റൂര്‍ ് എക്‌സ്പ്രസ്സ് എന്ന മനോഹരമായ ആശയം മുന്നോട്ട് വച്ച്, കേരളം കീഴാറ്റൂരിലേക്ക് എന്ന ബഹുജന മാര്‍ച്ചിന് ഗതിയും വേഗതയും ഉണ്ടാക്കിയ കെ സഹദേവന്‍ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനവും, സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ സമരവേദി കയ്യേറിയതിനെ എതിര്‍ത്തും അപലപിച്ചും എഴുതിയ കുറിപ്പുകളും ഇനിവരുന്ന സമരങ്ങളില്‍ ജാഗ്രതപാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ കൊണ്ടുനടക്കുന്ന മൂല്യബോധം എന്താണ്?

മാവോയിസ്റ്റ് ബന്ധം
ജനകീയ സമരപ്രവര്‍ത്തകരെ അപ്പാടും, പരിസ്ഥിതി പ്രവര്‍ത്തകരെ വിശേഷിച്ചും മാവോയിസ്റ്റ് ബന്ധം ചാര്‍ത്തിക്കൊടുക്കുക എന്നത് ഏതു സര്‍ക്കാരിനും തരാതരം പോലെ എടുത്തുപയോഗിക്കാനുള്ള ഒരു നിഘണ്ടു വാക്കാണ്. ജനകീയ സമരങ്ങളെ ഇത്തരത്തിലുള്ള ദേശദ്രോഹ, വിധ്വംസക പ്രവര്‍ത്തക രീതിയുടെ ചാപ്പകുത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാം എന്നുമാണ് എല്ലാക്കാലത്തും ഭരണകൂടങ്ങള്‍ കരുതിപ്പോകുന്നത്. ഈ പച്ചകുത്തല്‍ ഫാസിസറ്റു സ്വഭാവമുള്ള സര്‍ക്കാരുകളില്‍ വളരെ പെട്ടെന്ന് സംഭവിക്കുകയും ചെയ്യും. അതുകൊണ്ടാണ് മോദി വന്നയുടനെ, ഇന്ത്യയിലെ പരിസ്ഥിതിപ്രവര്‍ത്തന മേഖലയില്‍ ഇടപെടുന്ന ഗ്രീന്‍പീസ് അടക്കമുള്ള സംഘടനകള്‍ ഹിറ്റ് ലിസ്റ്റില്‍ വരുന്നത്. രാജ്യത്തിന്റെ വികസനത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതായിരുന്നു ആരോപണം. ഗ്രീന്‍പീസിന്റെ ക്ലൈമറ്റ് ആന്‍ഡ് എനര്‍ജി കാമ്പയിനിലെ സീനിയര്‍ കാമ്പയിനറായ പ്രിയാ പിള്ളയെ വിമാനത്താവളത്തില്‍വച്ചു തടഞ്ഞതും കൂടി ഇതോടൊപ്പം ഓര്‍ക്കാം. ജീവിക്കാനുള്ള സമരം എങ്ങനെ ദേശദ്രോഹമാകും (2015 ഫെബ്രുവരി 15-21, മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്നാണു പ്രിയപിള്ള ഇതിനെക്കുറിച്ച് ചോദിച്ചത്. ജീവിക്കാനുള്ള സമരങ്ങളെല്ലാം രാജ്യദ്രോഹവും മാവോയിസ്റ്റ്് ഇടപെടലും ആയിത്തീരുന്ന വിരോധാഭാസമാണ് നാം കുറച്ചുവര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ മാവോയിസ്റ്റ് വിധ്വംസക ബന്ധ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല എന്ന് പൊതുസമൂഹത്തിന്റെ ബോധ്യത്തിനു ഉറപ്പു കൂട്ടുന്നതിനു കീഴാറ്റൂര്‍ സമരം സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. അതിനു കാരണം സമരം ചെയ്യുന്നവരും സമരത്തെ എതിര്‍ത്തവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിരുന്നു എന്നതാണ്. അവര്‍ കമ്മ്യുണിസ്റ്റുകാരായിരുന്നു എന്ന് മാത്രമല്ല അതുറക്കെ വിളിച്ചുപറയാന്‍ സുരേഷ് കീഴാറ്റൂരും നംബ്രാടത്ത് ജനകിയമ്മയും അടക്കമുള്ള സമരപ്രവര്‍ത്തകര്‍ എല്ലാ വേദികളും ഉപയോഗിച്ചു എന്നതും ഇവിടെ പ്രധാന്യമര്‍ഹിക്കുന്നു. സമരപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നുണപ്രചരണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും പാര്‍ട്ടിയിലുള്ള വിശ്വാസത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും തള്ളിപ്പറയാന്‍ തയ്യാറാവാതെ പാര്‍ട്ടിയുടെ നയങ്ങളിലുള്ള വ്യതിയാനങ്ങളെ ചൂണ്ടിക്കാട്ടി അതിനെ നിരന്തര വിമര്‍ശനത്തിനു വിധേയമാക്കാന്‍കഴിഞ്ഞത്  വയല്‍ക്കിളികളുടെ വിശ്വാസ്യത പൊതുസമൂഹത്തിനു മുന്നില്‍ ഊട്ടിയുറപ്പിക്കാന്‍ കാരണമായി.

സമരത്തില്‍ ഇടപെട്ട മറ്റുള്ളവരാകട്ടെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനങ്ങളുടെ ഇടയില്‍ നേരിട്ട് ഇടപെട്ട് പൊതുപ്രവര്‍ത്തങ്ങള്‍ നടത്തുന്നവരാണ്. സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന നോബിള്‍ പൈക്കടയെക്കെതിരെ ഉള്ള ആരോപണങ്ങളൊക്കെ പച്ചക്കള്ളമാണ് എന്ന് നിമിഷ നേരം കൊണ്ട് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ സമരപ്രവത്തകര്‍ക്ക് കഴിഞ്ഞു. പുറത്തുനിന്ന് ആളുകള്‍വന്നു കുഴപ്പമുണ്ടാക്കുന്നു എന്നുള്ള സ്ഥിരം ആരോപണം മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചില്‍ കേരളത്തില്‍നിന്നടക്കമുള്ള പല നാട്ടില്‍നിന്നും പോയവര്‍കൂടി വിജയിപ്പിച്ചതാണ് എന്ന സത്യത്തിനു മുന്നില്‍പൊലിഞ്ഞില്ലാതായി. ഇത്തരത്തില്‍ ജനകീയ പരിസ്ഥിതി സമരങ്ങളില്‍ മാവോയിസ്റ്റ്-തീവ്രവാദബന്ധ ആരോപണങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ കീഴാറ്റൂര്‍ സമരം ഒരു പരിധിവരെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന് മതത്തിനെ കൂട്ടുപിടിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല

പച്ചയിലെ കാവിക്കറ
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഹിന്ദുത്വം ഇന്ത്യയുടെ സാംസ്‌കാരിക മുഖമായിത്തീര്‍ന്നിട്ടുണ്ട്. രാഷ്ട്രീയപരമായി യാതൊരു യോജിപ്പുമില്ലാതിരുന്ന ചെറുരാഷ്ട്രങ്ങളെ ഒന്നിച്ചു ചേര്‍ക്കാനാണ് ഈ സാംസ്‌കാരിക ദേശീയത മുന്നോട്ടുവച്ചത്. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ബിജെപി ഈ സാംസ്‌കാരിക ദേശീയതയെ മുതലാക്കി രാഷ്ട്രീയ വിജയം നേടുകയും അത് ഹിന്ദു ദേശീയതയായി പരിവര്‍ത്തനം ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ബിജെപിയുടെ മതാത്മക ദേശീയത രാഷ്ട്രീയമായി ശക്തി നേടിയപ്പോള്‍, പ്രത്യേകിച്ച് മോദിയുടെ വരവോടു കൂടി അത് എല്ലാത്തരം പുതിയ അറിവുകളെയും, സയന്‍സ്, ചരിത്രം എന്നിങ്ങനെയുള്ള എല്ലാ അറിവുകളെയും ഇല്ലായ്മ ചെയ്യാനോ തങ്ങളുടേതാക്കാനോ ശ്രമിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭാരതമാതാവ് ഇന്ത്യാ രാജ്യത്തിന്റെ ഐക്യത്തിന്റെ അടയാളമായി മാറുന്നത് അങ്ങനെയാണ്. ദേശീയപ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ രൂപം കൊണ്ട ഒറ്റക്കെട്ടായതും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ (thick and inclusive) ഒരു ദേശീയത നേരിയതും പുറന്തള്ളലിന്റെതുമായ (thin and exclusive) ദേശീയതയായി മാറുന്നത് അങ്ങനെയാണ്. 

ഇത് നാനാവിധ ജാതിമത ചിന്തകള്‍ പിന്തുടരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ താല്‍പര്യങ്ങളെ മറികടന്നുകൊണ്ടാണ് സംഭവിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളെ ഈ ഹിന്ദുദേശീയതയുടെയും സംസ്‌ക്കാരത്തിന്റെയും ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ശക്തമായ പുനരവതരണം കാണാന്‍ കഴിയുന്നത് ഗംഗയുടെ മനുഷ്യപദവിയുമായി ബന്ധപ്പെട്ട ഉത്തരാഘണ്ഡ് ഹൈക്കോടതി വിധിയോടു കൂടിയാണ്. കോടതി വിധിയില്‍ഒരു വലിയ socio-ecological system ആയ ഗംഗാനദിയെ ഹിന്ദുമിത്തിക്കല്‍ കഥാപാത്രമായ ഗംഗാ മാതാവ് ആക്കി മാറ്റുന്നതും വിധിപ്രഖ്യാപനത്തിലുടനീളം ഹിന്ദു ആരാധനയും മറ്റും ഉദ്ധരിക്കുന്നതും ഇതാദ്യമായിട്ടായിരിക്കും. കേരളത്തില്‍ ചെറിയതോതില്‍ ഇത്തരത്തില്‍ ഹിന്ദു ആശയത്തിലൂന്നി പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുപോന്നിരുന്നുവെങ്കിലും അതിനു വ്യക്തമായ ഒരു രാഷ്ട്രീയമാനം കൈവന്നത് ആറന്മുള വിമാനത്തവളത്തിനെതിരെയുള്ള സമരത്തിലെ ബിജെപിയുടെ ഇടപെടലോടെയാണ്.

പരിസ്ഥിതി സംരക്ഷണത്തിന് മതത്തിനെ കൂട്ടുപിടിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നത് കേരളത്തിന്റെ നേരനുഭവമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാവുകള്‍ ആ അനുഭവത്തിന് സാക്ഷിപറയും. കേരളത്തിലെ മിക്ക കാവുകളും ഹിന്ദുമതവുമായി ബന്ധപ്പെട്ടും അതിന്റെ ആചാരങ്ങളെ ചേര്‍ത്തുനിര്‍ത്തിയും നിലനില്‍ക്കുന്നവയാണ്. മാധവ് ഗാഡ്ഗില്‍ അടക്കമുള്ള ഇക്കോളജിസ്റ്റുകള്‍ കേരളത്തിലെ കാവുകളെക്കുറിച്ചും അത് മതപരവും ആത്മീയവുമായ കൂട്ടായ്മകള്‍വഴി സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചും ഊറ്റം കൊണ്ടവരുമാണ്. 

എന്നാല്‍ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി കേരളത്തിലെ കാവുകള്‍ പുനപ്രതിഷ്ഠയുടെയും ആരാധനാമൂര്‍ത്തികളുടെ ശക്തിക്ഷയത്തിന്റെയും പേരില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറിയത് നമ്മുടെ മുന്നിലുള്ള നടുക്കുന്ന ഒരു സത്യമാണ്. കാവുകള്‍ക്കുള്ളിലെ ജൈവവൈവിധ്യത്തെ അപ്പാടെ ഉന്മൂലനം ചെയ്തുകൊണ്ടാണ് ഈ കോണ്‍ക്രീറ്റ്‌വല്‍കരണം നടന്നത്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ബോധ്യമുള്ള കാര്യമാണിത്. ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് തന്നെ ഉത്തര കേരളത്തിലെ വിശുദ്ധവനങ്ങള്‍ എന്ന പുസ്തകത്തില്‍ ഡോ: ഇ ഉണ്ണികൃഷ്ണന്‍ കാവുകളുടെ ആര്യവല്‍ക്കരണ പ്രവണത കൂടി വരുന്നിതിനെക്കുറിച്ചും അത് കാവുകളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതിനെക്കുറിച്ചും നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കീഴാറ്റൂരില്‍ ബിജെപിയോ ആര്‍എസ്എസ്സോ സഹായഹസ്തവുമായി വരുമ്പോള്‍ അതിലെ ചതിക്കുഴികള്‍ മനസ്സിലാക്കാനും പാരിസ്ഥിതിക നൈതികതയിലൂന്നിയ ഒരു ഒരു ഇക്കോളജിക്കല്‍ പ്രത്യയശാസ്ത്രബോധം കൊണ്ട് മത-വര്‍ഗ്ഗീയ നിലപാടുകളുടെ നുഴഞ്ഞുകയറ്റങ്ങളെ തടഞ്ഞുനിര്‍ത്താനും ഹരിതകുലം പ്രാപ്തരാണ്. 

കീഴാറ്റൂരില്‍ സംഭവിച്ചത് ഒരു പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെയൊക്കെ ഒന്നിച്ചുകൊണ്ടുവന്നു എന്നത് മാത്രമാണ്. അതിന്റെ  അര്‍ഥം പരിസ്ഥിതി പ്രത്യയശാസ്ത്രത്തെ അടിയറവുവച്ചു എന്നല്ല. ശക്തമായ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ മറ്റു പാര്‍ട്ടികളെ ഒരു പൊളിറ്റിക്കല്‍ ടൂള്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്നിടത്ത് മാത്രമേ ഇനിയുള്ള പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയും പുതിയ മാനവും കൈവരികയുള്ളൂ. ഒരു പരിധിവരെ സയലന്റ് വാലി സമരത്തിലും, ആറന്മുള സമരത്തിലും, അട്ടക്കുളങ്ങരയിലെ ബസ്ബേ നിര്‍മ്മാണത്തിനെതിരെയുള്ള ഇടപെടലിലും ഇത്തരത്തില്‍ ഇടപെടാന്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആറന്മുള സമരത്തില്‍ ജനങ്ങള്‍ ഒപ്പിട്ട കത്ത് കേന്ദ്രഗവണ്‍മെന്റിന് അയക്കുമ്പോള്‍, കെ മുരളീധരനും ബലറാമും അടക്കമുള്ള എംഎല്‍എമാര്‍, കാമ്പയിന് നേതൃത്വം കൊടുത്ത പരിസ്ഥിതിപ്രവര്‍ത്തകരെ വിളിച്ചു തങ്ങള്‍ക്കുകൂടി അതില്‍ ഭാഗഭാക്കാകാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശക്തമായും സ്ട്രാറ്റജിക്കായും മുന്നോട്ട് വച്ചാല്‍ ഭരണവര്‍ഗ്ഗത്തിന് അതില്‍നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല എന്നതിന് ഉദാഹരണമാണ് ഈ സംഭവം. നിലനില്‍പിന് വേണ്ടിയുള്ള രാഷ്ട്രീയസമരങ്ങളില്‍ അധികാരകേന്ദ്രങ്ങളുടെ സഹായം ഉപയോഗിക്കാനും അതോടൊപ്പം അവസരവാദ രാഷ്ട്രീയത്തെ പടിക്കുപുറത്തു നിര്‍ത്താനും കീഴാറ്റൂര്‍ സമരാനുഭവങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരെ ശക്തിപ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിശാല പരിസ്ഥിതി ഐക്യസമരങ്ങള്‍ മുന്നോട്ടുവയ്ക്കാനുള്ള ഊര്‍ജ്ജമാണ് കീഴാറ്റൂര്‍ സമരത്തിന്റെ വിജയത്തെ നിര്‍ണ്ണയിക്കുന്നത്.

വിശാല പരിസ്ഥിതി വ്യവഹാരം
കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ ആര്‍ട്ടിക്കുലേഷനിലും (articulation) ഫ്രെയ്മിങ്ങിലും (Framing) ഉണ്ടായി വരുന്ന മാറ്റം ചെറുസമരങ്ങളില്‍പ്പോലും പ്രകടമായി വരുന്നു എന്നതാണ് കീഴാറ്റൂര്‍ സമരം കാണിക്കുന്നത്. കേരളത്തിലെ ആദ്യകാല പരിസ്ഥിതിസമരങ്ങളുടെ ഫ്രെയിമിങ്ങ് (framing)  അത് ഇടപെടുന്ന പ്രശ്‌നത്തിന്റെ മാത്രം കേന്ദ്രീകരിച്ചുള്ള ഇടുങ്ങിയ  ഫ്രെയിമിങ്ങായിരുന്നു. എല്ലാ സമരങ്ങളും അത് മുന്നോട്ടുവയ്ക്കുന്ന പ്രകടമായ വിഷയത്തെ/വ്യവഹാരത്തെ മാത്രം കേന്ദ്രീകരിച്ചായിരിക്കും ഫ്രെയിം ചെയ്തിരിക്കുന്നത്. 

ഉദാഹരണത്തിന് സയലന്റ വാലി സമരം കേന്ദ്രീകരിച്ചിരിക്കുന്നത് ജൈവവൈവിധ്യ സംരക്ഷണം എന്ന വ്യവഹാരത്തിലൂന്നിയാണ് എന്നു പറയാം. കാതിക്കുടം പുഴയുടെ മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. അതിനെ വ്യവസായമലിനീകരണം എന്ന വലിയ വ്യവഹാരത്തിനകത്തും പെടുത്താം. എന്നാല്‍ രണ്ടായിരാമാണ്ടിനു ശേഷം പരിസ്ഥിതി സമരങ്ങളുടെ ഫ്രെയിമിങ്ങിലും ആര്‍ട്ടിക്കുലേഷനിലും വ്യതാസം വന്നിരിക്കുന്നതായി കാണാം. ഇത് പ്രകടമാകുന്നത് വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിലാണ്.  തീരദേശത്തെ പരിസ്ഥിതിപ്രശ്നങ്ങള്‍ ഒരു മുഖ്യ പാരിസ്ഥിതിക പ്രശ്നമായി കേരളത്തിലെ പരിസ്ഥിതി വ്യവഹാരത്തില്‍ വന്നുകണ്ടിട്ടില്ല. വളരെ ശക്തമായ മുന്നേറ്റങ്ങള്‍ ഭൂമിയുടെ വിതരണവുമായും വിഭവവിതരണവുമായും ബന്ധപ്പെട്ട്  സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തില്‍ ഉണ്ടായിരുന്നിട്ടുണ്ടെങ്കില്‍പ്പോലും അത് മുഖ്യധാരയില്‍ വരാതിരുന്നതിന് ഒരു കാരണം, പരിസ്ഥിതിപ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും  പൊതുസമൂഹവും ചിന്തിച്ചു തുടങ്ങിയിട്ടില്ലായിരുന്നത് കൊണ്ടാണ്. അത് കൊണ്ട് തീരാദേശത്തിന്റെ പരിസ്ഥിതി പ്രശ്‌നം തീരദേശത്തിന്റേതു മാത്രമായും, പശ്ചിമഘട്ടത്തിന്റെ പ്രശ്‌നം അതിന്റെ മാത്രമായും കണ്ടുപോന്നു. എന്‍ഡോസള്‍ഫാന്‍സമരം കീടനാശിനി ഫ്രെയിമില്‍നിന്ന്, ആരോഗ്യത്തിലേക്കും പിന്നീട് ഫുഡ്സോവറിനിറ്റിയിലേക്കും ഒക്കെ വ്യാപിച്ചുവെങ്കിലും, പ്രാദേശികമായ ഒരു പാരിസ്ഥിതികപ്രശ്‌നത്തെ വലിയൊരു ജ്യോഗ്രഫിക്കല്‍ സ്‌കെയിലില്‍ തുടക്കത്തില്‍തന്നെ ചിന്തിച്ചു തുടങ്ങുന്നത് വിഴിഞ്ഞം സമരത്തിലാണ്. 

വിഴിഞ്ഞത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് കടലോരത്തെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതോടൊപ്പം തന്നെയാണ് മുക്കുന്നിമലയുടെയും പശ്ചിമഘട്ടത്തിന്റെയും നാശത്തെപ്പറ്റി പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു തുടങ്ങിയത്. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരടക്കം സമഗ്രതയുടെ ഈ ജൈവികബന്ധങ്ങള്‍ പറഞ്ഞുതുടങ്ങിയത് ഈ സമയത്താണ്. കീഴാറ്റൂര്‍ സമരം മുന്നോട്ടുവയ്ക്കുന്നതും ഈ പാരിസ്ഥിതിക സമഗ്രതയുടെ സമീപനമാണ്. രണ്ടോ മൂന്നോ അല്ലെങ്കില്‍ അറുപതോ ആളുകളുടെ കൃഷിസ്ഥലമോ വയലോ നഷ്ടപ്പെടുന്ന, കേവലമായ ഒരു വിഭവവിതരണത്തിന്റെ പ്രശ്നമായിട്ടല്ല സാധാരണക്കാരായ കീഴാറ്റൂര്‍വാസികള്‍പോലും ഈ സമരത്തെ മുന്നോട്ടുവച്ചത്. അത് മുന്നോട്ടുവച്ച ആശയം, തണ്ണീര്‍ത്തടങ്ങളുടെ നാശം, കാര്‍ഷികവൃത്തിയുടെ വിനാശം, ജലക്ഷാമം, പശ്ചിമഘട്ടത്തിന്റെ നാശം എന്നിവയെയൊക്കെ കുറിച്ചുള്ള ആന്തലുകള്‍ ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പരിസ്ഥിതിചിന്തയുടെ സമഗ്രമായ വീക്ഷണമോ അവതരണമോ ആണ് അതിന്റെ ഉള്ളടക്കം. 

ജോണ്‍സിയും സതീഷ്ചന്ദ്രനും അടക്കുമുള്ള കേരളത്തിലെ പരിസ്ഥിതി ചിന്തയുടെ നെടുംതൂണുകള്‍ മുന്നോട്ടുവച്ച, കേരളത്തിലെ പൊതുസമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിച്ച ആ സമഗ്രവീക്ഷണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കീഴാറ്റൂരിലെ വയല്‍നികത്തുന്നതിനു എതിരെയുള്ള സമരം. അതുകൊണ്ട് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടയിലെങ്കിലും കീഴാറ്റൂര്‍ ഒരു കേവല രാഷ്ട്രീയ പകിടകളിയുടെ പ്രശ്നമാകരുത്. ഏതു പാര്‍ട്ടിക്കാരന്‍ പിന്തുണച്ചു എന്നതല്ല കീഴാറ്റൂര്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം. മറിച്ച് വരുംകാലത്തേക്ക് മനുഷ്യകുലത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ള  പാരിസ്ഥിതിക ജാഗ്രതയാണ് അതിന്റെ രാഷ്ട്രീയം. കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് വിശാല പരിസ്ഥിതി ഐക്യസമരങ്ങള്‍ മുന്നോട്ടുവയ്ക്കാനുള്ള ഊര്‍ജ്ജമാണ് കീഴാറ്റൂര്‍ സമരത്തിന്റെ വിജയത്തെ നിര്‍ണ്ണയിക്കുന്നത്.

വളരെക്കുറച്ചു ആളുകളുടെ വയല്‍ നഷ്ടപ്പെടുമെന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ട ഒരു സമരത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയ പ്രാധാന്യം ഇന്ന് വളരെ വലുതാണ്.

പരിസ്ഥിതി സമരങ്ങള്‍ക്ക് കീഴാറ്റൂര്‍ നല്‍കുന്ന സന്ദേശം 
പരിസ്ഥിതി മുന്നേറ്റങ്ങള്‍ സുസ്ഥിരതയിലേക്കുള്ള പാതകള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. സമരത്തിന്റെ ലക്ഷ്യം ആത്യന്തികവിജയത്തില്‍ എത്തിയാലും ഇല്ലെങ്കിലും ജനകീയസമരങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ പ്രാധാന്യം ഇല്ലാതാവുന്നില്ല. കീഴാറ്റൂര്‍ സമരം ഇതിന് ഉദാഹരണമാണ്. വളരെക്കുറച്ചു ആളുകളുടെ വയല്‍ നഷ്ടപ്പെടുമെന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ട ഒരു സമരത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയ പ്രാധാന്യം ഇന്ന് വളരെ വലുതാണ്. അത് മുന്നോട്ടുവയ്ക്കുന്നത് ഒരു പുതിയ നൈതികതയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ബഹുവിധങ്ങളായ രാഷ്ട്രീയ സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങളെ കേരളത്തിലെ പൊതു സമൂഹത്തിന്റെ ചര്‍ച്ചാമണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കീഴാറ്റൂര്‍ സമരത്തിനു കഴിഞ്ഞിട്ടുണ്ട്. 

ജലത്തിന്റെയും, ഇടനാടന്‍ ചെങ്കല്‍കുന്നുകളുടെയും, പശ്ചിമഘട്ടത്തിന്റെയാകെയും, സംഘപരിവാര്‍ പാരിസ്ഥിതിക ദേശീയതയുടെയും ഒക്കെ ചര്‍ച്ചകളെ മുന്നോട്ടുവയ്ക്കുന്നതില്‍ കീഴാറ്റൂര്‍ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ആറന്മുളയിലെ ബിജെപി സിപിഎം ബാന്ധവം അന്ന് ചര്‍ച്ചചെയ്തതിനെക്കാള്‍ ഏറെ വയല്‍ക്കിളികളുടെ സമരവുമായി ബന്ധപ്പെട്ട്  ചര്‍ച്ച ചെയ്യപ്പെട്ടു. ജനകീയ മുന്നേറ്റങ്ങളില്‍ അവശ്യം വേണ്ട രാഷ്ട്രീയ ജാഗ്രത വളരെയേറെ പ്രാധാന്യത്തോടെ സമരപ്രവര്‍ത്തകരെയും പൊതുജനത്തെയും ചിന്തിപ്പിക്കുന്നതിനു കീഴാറ്റൂര്‍ സമരം പ്രേരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു പ്രാദേശിക പാരിസ്ഥിതിക പ്രശ്‌നത്തെ വിശാലമായ ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തി, ഇനിയുള്ള പരിസ്ഥിതി സമരങ്ങളില്‍ അത്തരത്തിലുള്ള ഇടപെടലുകളുടെ ആവശ്യകതയാണ് കീഴാറ്റൂര്‍. അതുതന്നെയാണ് കീഴാറ്റൂര്‍ സമരം പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് വേണ്ടി  തുറന്നുവച്ചു കൊടുത്ത സാധ്യതകളുടെ കാതല്‍. 

കൂടുതല്‍ ജാഗ്രതയോടെ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍വയ്ക്കാനും, യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി പരിസ്ഥിതിക നൈതികതയിലൂന്നിയ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഹരിതകുലത്തിനു ഒരു നവഉന്മേഷം നല്‍കാന്‍ കീഴാറ്റൂരിലെപ്പോലുള്ള ചെറിയ സമരങ്ങള്‍ക്ക്, വയല്‍ക്കിളികളെപ്പോലെയുള്ള ചെറുകൂട്ടായ്മകള്‍ക്ക്  കഴിയുന്നുണ്ട് എന്നതൊരു പ്രതീക്ഷയാണ്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!