ഓസ്‌ട്രേലിയൻ കാട്ടുതീ: ഇര്‍വിന്‍റെ കുടുംബം രക്ഷിച്ചത് പരിക്കേറ്റ  90,000 മൃഗങ്ങളെ...

By Web TeamFirst Published Jan 11, 2020, 3:27 PM IST
Highlights

എനിക്ക് ഒരു കോലയെയോ, മുതലയെയോ, കംഗാരുവിനെയോ  രക്ഷിക്കേണ്ടിവന്നാൽ എൻ്റെ ജീവൻ അപായപ്പെടുത്തിയായാലും ഞാൻ അത് ചെയ്യുമെന്ന് പറഞ്ഞ സ്റ്റീവ് ഇർവിൻ്റെ അതേ പാരമ്പര്യം പിന്തുടരുകയാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ  കുടുംബം.

സ്റ്റീവ് ഇർവിൻ.. പാമ്പുകളെ മാലയായി കഴുത്തിലിട്ടും, മുതലയെ കെട്ടിപ്പിടിച്ചും അദ്ദേഹം വൈൽഡ് ലൈഫ് ചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ അന്തംവിട്ട് മിഴിച്ചിരുന്നവരാണ് നമ്മൾ. അദ്ദേഹത്തിൻ്റെ അഗാധമായ മൃഗസ്നേഹവും, അനുകരിക്കാനാകാത്ത ധൈര്യവും ഒരുപാട് പേരെ ഹരം കൊള്ളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ ചിത്രീകരണത്തിനിടെ 2006 സെപ്റ്റംബർ നാലിന് സ്റ്റിംഗ്രേ എന്ന കടൽജീവിയുടെ കുത്തേറ്റാണ് അദ്ദേഹം മരണപ്പെട്ടത്. എനിക്ക് ഒരു കോലയെയോ, മുതലയെയോ, കംഗാരുവിനെയോ രക്ഷിക്കേണ്ടിവന്നാൽ എൻ്റെ ജീവൻ അപായപ്പെടുത്തിയായാലും ഞാൻ അത് ചെയ്യുമെന്ന് പറഞ്ഞ സ്റ്റീവ് ഇർവിൻ്റെ അതേ പാരമ്പര്യം പിന്തുടരുകയാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ  കുടുംബം.

ഓസ്‌ട്രേലിയൻ കാട്ടുതീ വന്യജീവികൾക്ക് മരണഭൂമിയാകുമ്പോൾ, നിസ്സഹായരായ മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇർവിൻ്റെ കുടുംബം മുൻകൈയെടുക്കുകയാണ്. തങ്ങളുടെ കുടുംബത്തിൻ്റെ വൈൽഡ്‌ലൈഫ് ഹോസ്പിറ്റൽ 90,000 മൃഗങ്ങളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്തതായി ഇർവിൻ്റെ 21 വയസ്സുള്ള മകൾ ബിന്ദി ഇർവിൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. ബിന്ദിയുടെ സഹോദരൻ റോബർട്ട് ഇർവിൻ ഒല്ലി എന്ന പ്ലാറ്റിപസിനെ ശിശ്രുഷിക്കുന്ന  ചിത്രം പോസ്റ്റ് ചെയ്യുകയും, അത് അവരുടെ ആശുപത്രിയിലെ  90,000 -ാമത്തെ ചികിൽത്സയിൽ കഴിയുന്ന മൃഗമാണെന്നും പറഞ്ഞു.  



അദ്ദേഹത്തിൻ്റെ കുടുംബം ഇപ്പോൾ അദ്ദേഹത്തിൻ്റെ സ്വപ്നങ്ങളെ പിൻതുടരുകയാണ്. അദ്ദേഹത്തിൻ്റെ മകനും മകളും മൃഗസംരക്ഷണത്തിനായി, പ്രത്യേകിച്ച് വന്യജീവികളെ സംരക്ഷിക്കുന്നതിനായി, ജീവിതം തന്നെ സമർപ്പിച്ചിരിക്കയാണ്. മൃഗങ്ങളെ സംരക്ഷിക്കുന്നതിലും, രക്ഷിക്കുന്നതിലും ഇർവിൻ്റെ കുടുംബം കാണിക്കുന്ന അർപ്പണബോധം ആരുടെയും മനസ്സലിയിപ്പിക്കും.  “ഓസ്‌ട്രേലിയയ്ക്കുള്ളിൽ നടന്ന വിനാശകരമായ തീപിടുത്തങ്ങളിൽ നാശനഷ്ടം സംഭവിച്ച ആളുകളെയും, ജീവൻ പൊലിഞ്ഞ വന്യജീവികളെയും കുറിച്ചോർക്കുമ്പോൾ എൻ്റെ ഹൃദയം തകരുന്നു” ബിന്ദി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. അവരുടെ ആശുപത്രിയിൽ  “എന്നത്തേക്കാളും തിരക്കുള്ള” ഒരവസ്ഥയാണെന്നും ഇവിടെ ചികിത്സിക്കുന്ന എല്ലാ മൃഗങ്ങളെയും തീർത്തും സുരക്ഷിതരാണെന്നും അവർ പരാമർശിച്ചു.  

ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ 24 പേർ മരിക്കുകയും, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് മാത്രം 1,300 വീടുകൾ നശിക്കുകയും ചെയ്തു. ആ നാടിനെ വിഴുങ്ങിയ കാട്ടുതീ ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ ജീവനാണ് അപഹരിച്ചത്.

click me!