ഇനി കുരുവില്ലാത്ത ലിച്ചിപ്പഴവും; 19 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ കുരുവില്ലാത്ത ലിച്ചിപ്പഴം വികസിപ്പിച്ച് കര്‍ഷകന്‍

By Web TeamFirst Published Jan 11, 2020, 3:02 PM IST
Highlights

കുരുവില്ലാത്ത ലിച്ചിപ്പഴം വികസിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് ഇവിടെ നടന്നത്. വ്യാവസായികമായി കൃഷി ചെയ്യാന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റിലെത്തിക്കാനുള്ള രീതിയില്‍ കൃഷി ചെയ്യാനുള്ള ശ്രമങ്ങളിലാണ് ഡിക്‌സണ്‍.

19 വര്‍ഷത്തെ നിരന്തരമായ പ്രയത്‌നത്തിലൂടെ ആസ്‌ട്രേലയിലെ കര്‍ഷകനായ ടിബ്ബി ഡിക്‌സണ്‍ ആദ്യത്തെ കുരുവില്ലാത്ത ലിച്ചിപ്പഴം വികസിപ്പിച്ചെടുത്തിരിക്കുന്നു. സാധാരണ കര്‍ഷകര്‍ പഴങ്ങള്‍ക്ക് വേണ്ടിമാത്രം കൃഷി ചെയ്യുകയെന്ന രീതി അവലംബിക്കുമ്പോള്‍ ടിബ്ബി അല്‍പം മാറിച്ചിന്തിക്കുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരു ലിച്ചിയുടെ ചെടിയില്‍ നിന്നാണ് ഇദ്ദേഹം കുരുവില്ലാത്ത ലിച്ചിപ്പഴം ഉണ്ടാക്കിയെടുത്തത്.

ഇടത്തരം വലുപ്പമുള്ളതും വളരെ സുഗന്ധമുള്ളതുമാണ് ഈ പഴം. ഒരിത്തിരി പൈനാപ്പിളിന്റെ രുചിയും കൂടി അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നതാണ് പ്രത്യേകത.

എങ്ങനെയാണ് കുരുവില്ലാത്ത പഴം ഉത്പാദിപ്പിക്കുന്നത്?

വളരെക്കാലത്തെ പ്രയത്‌നവും വൈദഗ്ദ്ധ്യവും കൊണ്ടാണ് കുരുവില്ലാത്ത പഴം വികസിപ്പിച്ചത്. സെലക്ടീവ് ബ്രീഡിങ്ങ് അഥവാ ആവശ്യമുള്ള ഗുണഗണങ്ങളുള്ള ചെടി മാത്രം തെരഞ്ഞെടുക്കുകയാണ് ഇതിന്റെ ആദ്യപടി. പൂക്കളില്‍ പരപരാഗണം നടത്തി അനുയോജ്യമായ ഗുണങ്ങളുള്ളവ മാത്രം വികസിപ്പിക്കുന്ന രീതിയാണിത്.

 

'കുരുവില്ലാത്ത പഴങ്ങള്‍ വികസിപ്പിക്കാനായി വളരെ നല്ല പോഷകഗുണമുള്ള കൃഷിസ്ഥലം തിരഞ്ഞെടുക്കണം. അതിനുശേഷം പരപരാഗണം നടത്തണം' ഡിക്‌സണ്‍ തന്റെ രീതി വിശദമാക്കുന്നു. ചെറിയ വിത്തുകളുള്ള ലിച്ചിയുടെ ഇനങ്ങള്‍ കണ്ടെത്തിയാല്‍ വീണ്ടും പരപരാഗണം നടത്തണം. അങ്ങനെ അങ്ങനെ കുരുവില്ലാത്ത ലിച്ചിയിലേക്കുള്ള യാത്ര പൂര്‍ണമാകും. പൂമ്പൊടി അഥവാ പരാഗരേണുവിനെ ലിച്ചിയുടെ ആണ്‍പുഷ്പത്തില്‍ നിന്നും കൈ കൊണ്ട് പെണ്‍പുഷ്പത്തിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ലിച്ചിയുടെ വ്യത്യസ്തമായ ഇനത്തിലുള്ള പെണ്‍പുഷ്പമാണ് വേണ്ടത്.

കുരുവില്ലാത്ത ലിച്ചി വിപണിയിലേക്ക്?

കുരുവില്ലാത്ത ലിച്ചിപ്പഴം വികസിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് ഇവിടെ നടന്നത്. വ്യാവസായികമായി കൃഷി ചെയ്യാന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റിലെത്തിക്കാനുള്ള രീതിയില്‍ കൃഷി ചെയ്യാനുള്ള ശ്രമങ്ങളിലാണ് ഡിക്‌സണ്‍.

തായ്‍വാനില്‍   നിന്നുള്ള പുതിയ ഇനങ്ങള്‍

സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡില്‍ ലിച്ചിയുടെ കൂടുതല്‍ മികച്ച ഇനങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. തായ്‍വാനില്‍ നിന്നുള്ള ആറ് പുതിയ ഇനങ്ങള്‍ സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡിലെ ഇയാന്‍ ഗ്രോവ്‌സ് എന്ന കര്‍ഷകന്‍ നട്ടുവളര്‍ത്തുന്നുണ്ട്. തായ്‍വാനില്‍ വളരെ കുറച്ച് കൃഷിഭൂമി മാത്രമേയുള്ളൂ. അതിനാല്‍ അവര്‍ ആസ്‌ട്രേലിയയുടെ സഹായം തേടുകയാണ്. ഒരു വ്യാവസായിക വിളയായി ലിച്ചി മാറാന്‍ ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ വേണ്ടിവരും.

നമ്മള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത നിരവധി രുചിഭേദങ്ങളില്‍ ലിച്ചിപ്പഴം ലഭ്യമാക്കും. തായ്‍വാന്‍ ഉഷ്ണമേഖലപ്രദേശങ്ങളില്‍ വളരുന്ന പഴങ്ങള്‍ വിജയകരമായി ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. തായ്‍വാനിലെ ഒരു കര്‍ഷകന്റെ ശരാശരി കൃഷിഭൂമി വെറും ഒരു ഹെക്ടര്‍ മാത്രമാണ്.

ആസ്‌ട്രേലിയയും തായ്‍വാനും തമ്മില്‍ 2016 -ലാണ് ലിച്ചിപ്പഴത്തിന്റെ വിവിധ ഇനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണെന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും ആസ്‌ട്രേലിയയിലെ ലിച്ചി വളര്‍ത്തുന്നവരുടെ അസോസിയേഷന്റെ പ്രസിഡണ്ടായ ഡെറിക് ഫോളി പറയുന്നു.

ലിച്ചിപ്പഴത്തിന്റെ ഉപയോഗങ്ങള്‍

ലിച്ചി ചെറുതായി കൊത്തിയരിഞ്ഞതും ലിച്ചിയുടെ ചാറും ഒരു ശതമാനം പെക്റ്റിനും സിട്രിക് ആസിഡും ചേര്‍ത്ത് ജെല്ലി ഉണ്ടാക്കാം. ജീവകം സി ധാരാളമുള്ളതാണ് ലിച്ചി. ഒരു ദിവസം ശരാശരി ഒന്‍പത് ലിച്ചിപ്പഴങ്ങള്‍ ഒരാള്‍ക്ക് കഴിക്കാം.

ആയിരം മീറ്ററിന് മുകളില്‍ ഉയരമുള്ള തണുപ്പുള്ള സ്ഥലങ്ങളിലാണ് ലിച്ചിപ്പഴങ്ങള്‍ നന്നായി വിളയുന്നത്.

 

ലിച്ചിപ്പഴം സാധാരണ രണ്ടുവര്‍ഷം വരെ ഉണക്കി സൂക്ഷിക്കാം. രണ്ടാഴ്ച വരെ നിറം മങ്ങാതിരിക്കാന്‍ ഇലകളും കടലാസുകഷ്‍ണങ്ങളും പഞ്ഞിയും നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ സൂക്ഷിച്ചാല്‍ മതി. നനവില്ലാത്ത ശീതീകരിച്ച സാഹചര്യങ്ങളില്‍ രണ്ടുവര്‍ഷം കേടാകാതെയിരിക്കും.

സാധാരണ പാതി പഴുത്ത നിറമെത്തിയ പഴങ്ങളാണ് ദൂരസ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താന്‍ തയ്യാറാക്കുന്നത്. 500 ലിച്ചിപ്പഴങ്ങള്‍ അഞ്ചുവര്‍ഷം പ്രായമായ ഒരു മരത്തില്‍ നിന്ന് കിട്ടും.


 

click me!