ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന; വിജയിച്ചില്ലെങ്കില്‍ ക്രൂരമര്‍ദ്ദനവും പിഴയും

By Web TeamFirst Published Dec 7, 2018, 7:32 PM IST
Highlights

പുതുതായി വിവാഹം കഴിച്ചെത്തുന്ന പെണ്‍കുട്ടികളെ, കുറച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അടുത്തുള്ള ലോഡ്ജിലേക്കോ, ഹോട്ടലിലേക്കോ കൊണ്ടുപോകുന്നു. കൂട്ടത്തിലെ സ്ത്രീകള്‍ പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തുന്നു. ശരീരത്തില്‍ മുറിവേല്‍പ്പിച്ച് രക്തം വരുത്താന്‍ കഴിയുന്ന ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്താനാണ് ഈ പരിശോധന. 

രാവിലെ ഒരു കരച്ചില്‍ കേട്ടാല്‍ പ്രിയങ്കക്കും അതുപോലെ ആ നാട്ടിലുള്ളവര്‍ക്കും ഒട്ടും ഞെട്ടലില്ല. അത് പുതിയതായി വിവാഹം കഴിഞ്ഞ വീട്ടില്‍ നിന്നാണെങ്കില്‍ പ്രത്യേകിച്ചും. മഹാരാഷ്ട്രയിലെ കഞ്ചര്‍ഭട്ട് സമുദായത്തില്‍ ഇത് പതിവാണ്. കന്യകാത്വപരിശോധനയില്‍ നവവധു പരാജയപ്പെട്ടാല്‍ അവര്‍ മര്‍ദ്ദനത്തിനിരയാകും. ഈ അനാചാരത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രത്തില്‍ ആദ്യരാത്രിയില്‍ രക്തമുണ്ടോ എന്ന് വരന്‍റെ ബന്ധുക്കള്‍ പരിശോധിക്കും.

400 വര്‍ഷങ്ങളായി സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന  അനാചാരമാണിത്. പ്രിയങ്ക തമൈച്ചിക്കര്‍ എന്ന യുവതിയടങ്ങിയ 40 പേരുള്ള ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഇതിനെതിരെ പ്രതികരിച്ചു തുടങ്ങി. 'Stop The V-Ritual' എന്ന് പേരിട്ടിരിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പാണിത്. 

''ഈ ഗ്രൂപ്പിലൂടെയാണ് ആദ്യമായി ഞാന്‍ ഈ അനാചാരത്തിനെതിരെയുള്ള എന്‍റെ ചിന്തകള്‍ പ്രകടിപ്പിക്കുന്നത്.'' പ്രിയങ്ക പറയുന്നു. 27 വയസുകാരിയായ പ്രിയങ്ക ഇതേ സമുദായത്തില്‍ ഉള്ളയാളാണ്. ഒരുപാട് കാലമായി ഈ അനാചാരം നടക്കുന്നുണ്ടെന്നും അത് പക്ഷെ, ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. 

അതേ സമുദായത്തില്‍ പെട്ടവരുമായിട്ടല്ലാതെ ബന്ധം സ്ഥാപിക്കുന്നതും കര്‍ശനമായി എതിര്‍ക്കപ്പെടുന്നുണ്ട് ഈ സമുദായത്തില്‍. 200,000 ആണ് മഹാരാഷ്ട്രയില്‍ ഈ സമുദായത്തിന്‍റെ ജനസംഖ്യ. 

പുതുതായി വിവാഹം കഴിച്ചെത്തുന്ന പെണ്‍കുട്ടികളെ, കുറച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അടുത്തുള്ള ലോഡ്ജിലേക്കോ, ഹോട്ടലിലേക്കോ കൊണ്ടുപോകുന്നു. കൂട്ടത്തിലെ സ്ത്രീകള്‍ പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തുന്നു. ശരീരത്തില്‍ മുറിവേല്‍പ്പിച്ച് രക്തം വരുത്താന്‍ കഴിയുന്ന ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്താനാണ് ഈ പരിശോധന. ശേഷം വരനെ നീളമുള്ള വെള്ളത്തുണി ഏല്‍പ്പിക്കും. അവസാനം രക്തം പുരണ്ട തുണി പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്‍റെ അമ്മയ്ക്ക് കൈമാറണം. പെണ്‍കുട്ടി കന്യകയാണെന്നുള്ളതിനുള്ള തെളിവായിട്ടാണ് ഇതിനെ കാണുന്നത്.

''പുതുതായി വിവാഹം കഴിയുന്ന ദമ്പതിമാര്‍ക്ക് ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അവരെ പോണ്‍ വീഡിയോ കാണിക്കും. മാത്രമല്ല വരന്‍റെ നേരത്തെ വിവാഹിതരായ ബന്ധുക്കള്‍ ഇവരുടെ മുന്നില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട് കാണിച്ചുകൊടുക്കുകയും ചെയ്യും.'' 28 വയസുകാരനായ വിവേക് തമൈച്ചിക്കര്‍ പറയുന്നു. പ്രിയങ്കയുടെ കസിനും 'സ്റ്റോപ് ദ വി റിച്ച്വല്‍' ഗ്രൂപ്പിന്‍റെ സ്ഥാപകനുമാണ് വിവേക്. ''ഒരു മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്, പ്രത്യേകിച്ച് സ്ത്രീകളുടെ.'' വിവേക് പറയുന്നു. ആദ്യമായി ഇത്തരം അനാചാരങ്ങളെ എതിര്‍ത്ത് വിവാഹിതരായവരില്‍ ഒരാളുമാണ് വിവേക്. 

ബിരുദധാരികളായ ചെറുപ്പക്കാര്‍ മാത്രമല്ല ഈ അനാചാരത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സംഘത്തിലുള്ളത്. ലീലാഭായ് എന്ന 56 വയസുള്ള സ്ത്രീ പന്ത്രണ്ടാമത്തെ വയസില്‍ വിവാഹിതയായതാണ്. പിന്നീട്, വിവാഹമോചനം നേടുകയും ചെയ്തു. 

ലീലാഭായി രണ്ട് കുട്ടികളുടെ മുത്തശ്ശിയാണ്. തന്‍റെ വിവാഹത്തിനും ഈ അനാചാരമുണ്ടായിരുന്നുവെന്നും താനതില്‍ ജയിച്ചിരുന്നുവെന്നും ലീലാഭായ് പറയുന്നു. പക്ഷെ, അവര്‍ ഈ അനാചാരത്തെ ശക്തമായി എതിര്‍ക്കുന്നു. 'അന്ന് നടക്കുന്ന സംഭവങ്ങള്‍ ഒരു സര്‍ക്കസ് പോലെയാണ്. പുരുഷന്മാര്‍ അത് ആഘോഷിക്കും' എന്നും ലീലാഭായ് പറയുന്നു. 

''വിവാഹത്തിന് പിറ്റേദിവസം വധുവും വരനും ബന്ധുക്കളോടും ഗ്രാമത്തിലെ മുഖ്യനുമൊന്നിച്ച് പൊതുസ്ഥലത്ത് എത്തിച്ചേരും. സമുദായത്തിലെ എല്ലാവരും അവിടെയുണ്ടാകും. വരനോട്, നിന്‍റെ സാധനം (വധു) ഉപയോഗിക്കപ്പെട്ടതാണോ എന്ന് ചോദിക്കും. നിങ്ങളെങ്ങനെയാണ് ഒരു സ്ത്രീയെ ഇതുപോലെ ചരക്കായി കാണുന്നത്? നമ്മുടെ സമുദായത്തില്‍‌ സ്ത്രീകള്‍ക്ക് യാതൊരു വിലയുമില്ലേ? എന്തുകൊണ്ട് ആരും ഒരു പുരുഷനോട് അവരുടെ വെര്‍ജിനിറ്റിയെ കുറിച്ച് ചോദിക്കുന്നില്ല? ഞങ്ങളും ഇവിടെ തുല്ല്യരാണ്. '' ലീലാഭായ് രോഷം കൊള്ളുന്നു. 

വധു ഈ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. മാത്രമല്ല വരന്‍റെ വീട്ടുകാര്‍ക്ക് ഒരു ലക്ഷം രൂപ വരെ വധുവിന്‍റെ വീട്ടുകാരോട് ആവശ്യപ്പെടാം. 

ഈ അനാചാരത്തെ അനുകൂലിച്ചും സ്ത്രീകളുടെ മാര്‍ച്ച്

''പരിശോധനയില്‍ പരാജയപ്പെട്ട സ്ത്രീകള്‍ക്ക് പിന്നീട് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരാറുണ്ട്. പലതരത്തില്‍ ഉപദ്രവിക്കപ്പെട്ട സ്ത്രീകളെ തനിക്കറിയാം. അതിന്‍റെ ഗൌരവം ആര്‍ക്കും മനസിലാകാറില്ല. കാരണം, ഉപദ്രവിക്കപ്പെട്ട സ്ത്രീകളാരും ഇതേക്കുറിച്ച് പുറത്ത് പറയാറില്ല.'' 

''പല പെണ്‍കുട്ടികളുടെയും ജീവിതം തന്നെ ഇതിന്‍റെ പേരില്‍ തളക്കപ്പെടാറുണ്ട്. തനിക്കും തന്‍റെ സഹോദരിമാര്‍ക്കും വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടത് ഇതിന്‍റെ പേരിലാണെ''ന്ന് നാല്‍പ്പത്തിയാറുകാരിയായ പദ്മാഭായ് പറയുന്നു. സ്കൂളില്‍ പോയാല്‍ മറ്റ് ആണ്‍കുട്ടികളോട് ഇടപെടുകയും മറ്റും ചെയ്യുമെന്ന ഭയത്താലാണ് ഇവരെ സ്കൂളിലയക്കാത്തത്. പദ്മാഭായ് സമുദായത്തിന് പുറത്തുനിന്നാണ് വിവാഹം കഴിച്ചത്. അതിനാല്‍ തന്നെ ഈ പരിശോധനയിലൂടെ കടന്നുപോകേണ്ടിയും വന്നിട്ടില്ല. 

''സ്ത്രീകള്‍ക്ക് വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നു. ഇതിന് കാരണം കുടുംബമല്ല. മറിച്ച് ജാതിവ്യവസ്ഥയാണ്.'' വിവേക് പറയുന്നു. അവര്‍ക്ക് അവരുടേതായ കോടതികളുണ്ട്. അവരുടേതായ ഭരണഘടനയും. അതില്‍, കന്യകാത്വപരിശോധനയാണ് വിവാഹജീവിതത്തെ നിര്‍ണയിക്കുന്നത്. ഈ പരിശോധനയെ എതിര്‍ക്കുന്നവരെ സമുദായത്തില്‍ നിന്ന് പുറത്താക്കും. അവര്‍ക്കോ, അവരുടെ കുടുംബത്തിനോ സമുദായത്തിലെ പരിപാടികള്‍ക്കോ, വിവാഹങ്ങള്‍ക്കോ, മരണത്തിനോ, ആഘോഷങ്ങള്‍‌ക്കോ ഒന്നും പങ്കെടുക്കാനാകില്ല. 

ഈ ജനുവരിയില്‍ ഒരു വിവാഹസ്ഥലത്ത് വെച്ച് കന്യകാത്വപരിശോധന തടഞ്ഞ സ്റ്റോപ് വി-റിച്ച്വല്‍ പ്രവര്‍ത്തകരായ മൂന്ന് ആക്ടിവിസ്റ്റുകളെ 40 പേര്‍ സംഘം ചേര്‍ന്ന് അക്രമിച്ചതോടെയാണ് സ്റ്റോപ് വി-റിച്ച്വല്‍ വാര്‍ത്തകളിലിടം പിടിച്ചത്. ഈ വര്‍ഷം ആദ്യം പൂനെയില്‍ 200 സ്ത്രീകള്‍ ഈ അനാചാരത്തെ അനുകൂലിച്ച് കൊണ്ട് മാര്‍ച്ച് നടത്തിയിരുന്നു. ഇത് തങ്ങളുടെ ആചാരമാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സ്റ്റോപ് വി റിച്ച്വല്‍ ഗ്രൂപ്പ് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 

''ഞങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് അറിയാം നമുക്ക് മാധ്യമങ്ങളുടേയും രാഷ്ട്രീയനേതാക്കളുടെയും പിന്തുണയുണ്ടെന്ന്. ഈ കന്യകാത്വപരിശോധനയ്ക്കെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനം'' എന്ന് വിവേക് പറയുന്നു. 

ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പക്ഷെ, അതിന് ഏറ്റവും വലിയ വെല്ലുവിളി ഡാറ്റകളുടെ അഭാവമാണ്. ഇത്തരം പരിശോധനകള്‍ കഴിഞ്ഞ സ്ത്രീകളാരും തന്നെ അവ തുറന്നുപറയുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കുന്നില്ല. സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പിക്കപ്പെടുമെന്ന ഭയമാണ് കാരണം. കോടതിയില്‍ സമര്‍പ്പിക്കാനാവശ്യമായ തെളിവുകളും, വിവിധ വീഡിയോകളും സംഘം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. 

സ്റ്റോപ് വി റിച്ച്വലിന് സമാനമായി WeSpeakOutAgainstFGM എന്നൊരു ഗ്രൂപ്പ് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളുടെ ചേലാകര്‍മ്മം തടയുകയും അതിന്‍റെ അനുഭവങ്ങള്‍ തുറന്നുപറയാനുള്ള അവസരം നല്‍കുകയുമാണ് സംഘം ചെയ്യുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലവിലുള്ള ഈ ദുരാചാരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്.

സ്റ്റോപ് വി-റിച്ച്വല്‍ ഏതായാലും പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലാണ്. 60 കുടുംബങ്ങളാണ് അതേ സമുദായത്തില്‍ പ്രിയങ്കയുടെ വീടിനടുത്തായി ഉള്ളത്. അതില്‍ പ്രിയങ്കയുടെ കുടുംബം മാത്രമാണ് ഇതിനെതിരെ സംസാരിക്കാന്‍ മുന്നോട്ട് വരുന്നത്. സമുദായാംഗങ്ങള്‍ അവരെയും വീടും സ്വത്തുമെല്ലാം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, പേടിച്ചോടാനില്ലെന്ന് പറയുന്നു പ്രിയങ്ക. ''എന്‍റെ സമുദായത്തിലെ പെണ്‍കുട്ടികളറിയണം മഹത്വത്തോടെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന്. അതാണ് അവരോടെനിക്ക് പറയാനുള്ളത്'' എന്നും പ്രിയങ്ക പറയുന്നു. 

 

(കടപ്പാട്: BROADLY.)
 

click me!