35 -ാം വയസില്‍ ജോലി നഷ്ടപ്പെട്ടു. പെട്ടെന്ന് പിരിച്ചുവിട്ടത് കമ്പനിയുടെ ചെലവ് ചുരുക്കലിന്റെയും മറ്റും ഭാഗമായി. ഇനിയെന്ത് ചെയ്യണം എന്നറിയില്ല, പേടിയുണ്ട്. ഇന്ത്യന്‍ ടെക്കിയുടെ പോസ്റ്റ്.
പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യാനാകും. പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എത്രത്തോളമാണ്. അവയെക്കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് ഒരു 35 -കാരൻ. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെയും മറ്റും ഭാഗമായാണ് ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇദ്ദേഹത്തിന് ജോലി നഷ്ടമായത്. കയ്യിൽ സമ്പാദ്യമൊന്നുമില്ലാതെ, സാമ്പത്തിക ബാധ്യതകൾക്കും ഉത്തരവാദിത്വങ്ങൾക്കും മുന്നിൽ പകച്ചുനിൽക്കുന്ന തന്റെ അവസ്ഥ അദ്ദേഹം വിവരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ ജോലി നഷ്ടപ്പെട്ടത് പ്രകടനത്തിലെ പോരായ്മകൾ കൊണ്ടല്ലെന്നും മറിച്ച് കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദീർഘകാലാടിസ്ഥാനത്തിൽ തൊഴിൽ സുരക്ഷ ലഭിക്കുമെന്ന തന്റെ വിശ്വാസം തെറ്റിയ നിമിഷം വലിയൊരു ആഘാതമായി തോന്നിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഭാര്യയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്നതാണ് തൻറെ കുടുംബം. സ്ഥിരവരുമാനം നിലച്ചതോടെ വീട്ടുവാടക, കുട്ടികളുടെ സ്കൂൾ ഫീസ്, പലചരക്ക് സാധനങ്ങൾ, വായ്പാ തിരിച്ചടവുകൾ എന്നിവ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ചെലവുകൾക്ക് ഒരു മാറ്റവുമില്ല. പക്ഷേ ശമ്പളം വരുന്നത് നിന്നുപോയി, അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.
ഇപ്പോഴത്തെ തൊഴിൽ സാഹചര്യത്തിൽ പുതിയൊരു ജോലി കിട്ടുന്നത് വളരെ കഠിനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളുള്ള 35 വയസുകാരനായ ഒരാൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തുക എന്നത് പ്രയാസകരമാണ്. കുടുംബത്തിന് മുന്നിൽ പതറാതെ നിൽക്കാൻ ശ്രമിക്കുമ്പോഴും ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറയുന്നു.
എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതോടെ നിരവധി പേർ അദ്ദേഹത്തിന് പിന്തുണയുമായി എത്തി. സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ മുൻകൂട്ടി ഒരു എമർജൻസി ഫണ്ട് കരുതി വെക്കേണ്ടതിന്റെ ആവശ്യകതയും മറ്റ് വരുമാന മാർഗങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും കമന്റുകളിലൂടെ പലരും ഓർമ്മിപ്പിച്ചു.


